ജി.എസ്. പണിക്കർ | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി
കത്തി നിൽക്കുന്ന കാലത്തു മാത്രം പുകയുന്നതാണ് സിനിമയിൽ പേരും പെരുമയും. അതു കഴിഞ്ഞാൽ ഈ കലാകാരൻമാരെ മൂലയിൽ ഇരുത്താറാണ് പതിവ്. രാജ്യത്തെ പ്രമുഖ സിനിമ പഠനകേന്ദ്രമായ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങി പ്രശസ്തിയിലെത്തിയവർ നിരവധി. പഠനം പൂർത്തിയാക്കി സിനിമാരംഗം ഉപേക്ഷിച്ചവരും കുറവല്ല. ജി.എസ്. പണിക്കർ എന്ന സംവിധായകൻ ഈ രണ്ടു ഗണത്തിലും പെടും.
ഏഴു സിനിമകൾ അദ്ദേഹം സ്വന്തമായി നിർമ്മിച്ചു, സംവിധാനം ചെയ്തു. രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ 'ഏകാകിനി'(1976) ആയിരുന്നു ആദ്യചിത്രം. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. പിന്നീടുള്ള സിനിമകളും ശ്രദ്ധിക്കപ്പെട്ടു. 1986-ൽ സാഹിത്യകാരൻ സേതുവിന്റെ പാണ്ഡവപുരം സിനിമയാക്കി. അതിനു ശേഷം ചില ടെലിഫിലിമുകൾ. തുടർന്നങ്ങോട്ട് 25 വർഷമായി പണിക്കർ മൗനത്തിലാണ്.
'എനിക്കറിയാവുന്ന മികച്ച ജോലിയാണ് സംവിധാനം. സിനിമാലോകം ഒരിക്കലും എന്നെ ഭ്രമിപ്പിച്ചിട്ടില്ല. നല്ല സിനിമയാണ് ഇപ്പോഴും മനസ്സിൽ. വൈകിയാലും മികച്ച സിനിമയുമായി ഞാൻ വരും'- പണിക്കർ മുമ്പൊരിക്കൽ പറഞ്ഞു.
ഏകാകിനിയുടെ പിറവി
ചെറുപ്പത്തിൽ ധാരാളം വായിക്കുകയും കവിതകൾ എഴുതുകയും ചെയ്തിരുന്നു. ചിറയിൻകീഴിൽ സ്വന്തമായി അമച്വർ നാടക ട്രൂപ്പുണ്ടായിരുന്നു. നാടകം എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. സ്കൂളിൽ പഠിക്കുമ്പോൾ നാട്ടിലെ ഖദീജ തിേയറ്ററിൽ എല്ലാ വെളളിയാഴ്ചയും മോണിങ് ഷോ കാണും. സത്യത്തിൽ ആദ്യത്തെ സിനിമാ പാഠശാല അവിടെയായിരുന്നു. ബിരുദപഠനത്തിനു ശേഷം സിനിമ പഠിക്കാൻ ഒരു വർഷം ചെന്നൈയിലുണ്ടായിരുന്നു. രക്ഷപ്പെടില്ലെന്നു മനസ്സിലാക്കി നാട്ടിലേക്കു മടങ്ങി. അടുത്ത വർഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചു. സംവിധാനം എന്ന കല പഠിച്ചിറങ്ങിയപ്പോൾ മനസ്സിൽ നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എൻ.എഫ്.ഡി.സിയുടെ കീഴിൽ സിനിമ ചെയ്യാൻ വേണ്ടി ഏതാനും തിരക്കഥകൾ സമർപ്പിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം.
'പിന്നീട് കാനഡയിൽ ടെലിവിഷൻ മേഖലയിൽ ജോലി ചെയ്തു. മൂന്നു വർഷത്തെ സമ്പാദ്യവുമായി നാട്ടിൽ തിരിച്ചെത്തി. അങ്ങനെയാണ് 'ഏകാകിനി' പിറക്കുന്നത്. എം.ടി. വാസുദേവൻ നായരുടെ കറുത്ത ചന്ദ്രൻ എന്ന ചെറുകഥയാണ് സിനിമയാക്കിയത്. ഞാനും ചിത്രസംയോജകൻ രാമൻ നായരും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഒരു പക്ഷേ, എം.ടി.യുടെ കഥയ്ക്ക് മറ്റൊരാൾ തിരക്കഥ രചിക്കുന്നത് തന്നെ ആദ്യമായിരിക്കും. അദ്ദേഹത്തിന് ഞങ്ങളിൽ വിശ്വാസമുണ്ടായിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രവിമേനോൻ സഹപാഠിയായിരുന്നു. രവി വേഷം ചെയ്യാൻ സമ്മതിച്ചു. ശോഭയും അഭിനയിക്കാമെന്നേറ്റു. സുഹൃത്തായ ദിവാകരമേനോനായിരുന്നു ഛായാഗ്രാഹകൻ. ഒന്നേകാൽ ലക്ഷം രൂപയായിരുന്നു ഏകാകിനിയുടെ നിർമ്മാണച്ചെലവ്. ശേഭയുടെ മരണത്തോടെ ചിത്രം തിയറ്ററുകളിലും ശ്രദ്ധിക്കപ്പെട്ടു. മുടക്കുമുതലും അതിൽക്കൂടുതലും തിരിച്ചു പിടിക്കാൻ സാധിച്ചു.'
ഇന്ന് പലരും റോഡ് മൂവി എന്ന പേരിൽ പടമെടുക്കുന്നുണ്ട്. ഒരു പക്ഷേ, മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി 'ഏകാകിനി'യായിരിക്കും. ഭാര്യയും ഭർത്താവും ചേർന്നുള്ള ഒരു യാത്രയായിരുന്നു ഈ സിനിമയുടെ പ്രമേയം. സിനിമയ്ക്ക് ആദിമധ്യാന്തമുള്ള കഥ വേണമെന്ന നിയമമുണ്ടായിരുന്ന കാലത്താണ് കഥയില്ലാത്ത 'ഏകാകിനി' ഒരുക്കിയത്. 'ഏകാകിനി'യിൽ സംഭവങ്ങൾക്കായിരുന്നു മുൻതൂക്കം.
ഇക്കിളിപ്പെടുത്തി വാസരശയ്യ
പലപ്പോഴും മറ്റുള്ളവർ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവനാണ് സംവിധായകൻ എന്നാണ് പണിക്കരുടെ പക്ഷം. നല്ല സിനിമകൾ മാത്രം മനസ്സിൽ കൊണ്ടുനടക്കുകയും പാതയിൽനിന്ന് വ്യതിചലിക്കേണ്ടിയും വരുമ്പോഴാണ് പ്രേക്ഷകരുടെ നിലവാരം കൂടി മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഏകാകിനി'ക്കു ശേഷം സംവിധാനം ചെയ്ത ചിത്രം കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട 'പ്രകൃതി മനോഹരി' എന്ന രാഷ്ട്രീയ സിനിമയായിരുന്നു. പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. ഇന്ത്യൻ പനോരമയിൽ ചിത്രം ഇടം നേടി. തുടർന്ന് 1982-ൽ വൈലോപ്പിളളി ശ്രീധരമേനോന്റെ 'സഹ്യന്റെ മകൻ' എന്ന കവിതയെ അവലംബിച്ച് ബാലചിത്രം സംവിധാനം ചെയ്തു. ഇതിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.
അടുത്ത സിനിമ 1985-ൽ പുറത്തിറങ്ങിയ 'രോമാഞ്ചന' എന്ന കന്നഡ ചിത്രമായിരുന്നു. റാണിപദ്മിനിയും ശിവകുമാറുമായിരുന്നു അഭിനേതാക്കൾ. ഈ ചിത്രത്തിന് ഗാനമെഴുതി ഈണം പകർന്നത് ജ്ഞാനപീഠ പുരസ്കാര ജേതാവ് ചന്ദ്രശേഖര കമ്പാർ ആയിരുന്നു. തുടർന്ന് 1986-ൽ സേതുവിന്റെ പ്രശസ്ത നോവൽ 'പാണ്ഡവപുരം' സിനിമയാക്കി. മുരളി മേനോനും ജമീല മാലിക്കുമായിരുന്നു അഭിനേതാക്കൾ. ഇന്ത്യൻ പനോരമയിലും വിവിധ ചലച്ചിത്ര മേളകളിലും ഇത് പ്രദർശിപ്പിച്ചു. എല്ലാ ചിത്രങ്ങളും പണിക്കർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്തു.
എന്നാൽ, 1990-ൽ നിർമ്മിച്ചു സംവിധാനം ചെയ്ത 'വാസരശയ്യ' പരീക്ഷണ ചിത്രമായിരുന്നെങ്കിലും ലൈംഗിക ദൃശ്യങ്ങളുടെ പേരിൽ രാജ്യം മുഴുവനുള്ള തിയറ്ററുകളിൽ തകർത്തോടി. ഡോക്യുഫിക്ഷൻ രീതിയിലായിരുന്നു ചിത്രം തയ്യാറാക്കിയത്. ജനനം മുതൽ മരണം വരെ മനുഷ്യ മനസ്സിലുണ്ടാക്കുന്ന ലൈംഗിക ചോദനകളായിരുന്നു പ്രമേയം. ശാസ്ത്രീയമായ രീതിയിലാണ് ഇതിനെ സമീപിച്ചിരുന്നത്. ഇതിൽ സെക്സുണ്ടായിരുന്നു. ഒരിക്കലും അതിരുവിട്ടുള്ള ഒരു രംഗം പോലും ചേർക്കാൻ ശ്രമിച്ചില്ല. എന്നാൽ, തിയേറ്ററുകളിൽ എത്തിയപ്പോൾ ആവശ്യമുള്ള ചേരുവകൾ ചേർത്താണ് ചിത്രം പ്രദർശിപ്പിച്ചത്.
ഒമ്പതു ലക്ഷം രൂപയ്ക്കാണ് ചിത്രം നിർമ്മിച്ചത്. വിതരണക്കാർക്ക് 90 ലക്ഷം രൂപ ലാഭം കിട്ടി. ചെന്നൈയിൽ മാത്രം 18 ലക്ഷം രൂപ കളക്ഷൻ നേടി. പല ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തി. 1991-ൽ തുർഗിനോവിന്റെ നോവലിനെ ആസ്പദമാക്കി 'നീലവസന്തം' എന്ന ടെലിഫിലിം ചെയ്തു. അതിനു ശേഷം വലിയ ഇടവേളയായിരുന്നു.
ഉൾക്കൊള്ളാനാവാത്ത മാറ്റങ്ങൾ
സംവിധാനരംഗത്തു നിന്നും തത്‌കാലം മാറിനിന്നെങ്കിലും രണ്ടരപ്പതിറ്റാണ്ടു കാലം ജി.എസ്. പണിക്കർ സിനിമയിലെ മാറ്റങ്ങൾ കൃത്യമായി പിന്തുടർന്നിരുന്നു. മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും പുറത്തിറങ്ങുന്ന പുതിയ സിനിമകൾ കാണും. സാങ്കേതികതയെക്കുറിച്ചും പഠനം നടത്തുന്നുണ്ട്. വായന മുറിഞ്ഞുപോകാതെ സൂക്ഷിക്കുന്നു. വർഷത്തിൽ ഒരു തിരക്കഥയെങ്കിലും എഴുതി പൂർത്തിയാക്കും. മനസ്സിൽ സിനിമകൾ രൂപപ്പെട്ടു കൊണ്ടേയിരിക്കുമെന്നാണ് പണിക്കർ പറഞ്ഞിരുന്നത്. സിനിമയിൽ മാറ്റങ്ങൾ നല്ലതിനാണ്. എന്നാൽ പലതും ദഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
"ഞാൻ സിനിമയെടുത്തിരുന്ന സമയത്ത് മിക്ക സംവിധായകരും നടീനടൻമാർക്ക് അഭിനയിച്ചു കാട്ടുമായിരുന്നു. അതുകൊണ്ടു തന്നെ അഭിനേതാക്കൾക്ക് കഴിവു തെളിയിക്കാനുള്ള പൂർണസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ഇപ്പോഴത്തെ സംവിധായകർ അഭിനയിച്ചു കാട്ടുന്നത് വിരളമാണ്. അതോടെ അഭിനേതാക്കളും സ്വതന്ത്രരായി. അഭിനയം കൂടുതൽ സ്വാഭാവികമാകാനുള്ള കാരണവും ഇതാണെന്നാണ് തോന്നുന്നത്. പണ്ടത്തെപ്പോലെയല്ല, പണ്ട് സംവിധായകരെ നിർമ്മാതാക്കൾ അന്വേഷിച്ചു പോകുമായിരുന്നു. ഇന്ന് പണക്കാരെ ചാക്കിടാൻ കഴിയുന്ന ആർക്കും സംവിധായകനാവാമെന്ന അവസ്ഥയാണ്. താരങ്ങളുടെ ആധിപത്യവും സിനിമയെ ബാധിച്ചു. ടെലിവിഷൻ ചാനലുകൾ അധികരിച്ചതോടെ അവർ സിനിമകൾക്ക് വിലയിടാൻ തുടങ്ങി. താരങ്ങളുടെ നിരക്ക് നിർണയിക്കുന്നതു പോലും ചാനൽ മാർക്കറ്റിന്റെ അടിസ്ഥാനത്തിലായി. ഇത്തരം കോക്കസുകൾ നശിപ്പിക്കുന്നത് നല്ല സിനിമകളെയാണ്. കഴിവുള്ള ഒരു പറ്റം കലാകാരൻമാരെയാണ്. നിർമ്മാതാക്കളെ ചാക്കിടാനായി പലരും കഥകൾ ഭംഗിയായി അവർക്കു മുന്നിൽ അവതരിപ്പിക്കും. നന്നായി കഥ പറയുന്ന ഒരാൾക്ക് ചിലപ്പോൾ നന്നായി സംവിധാനം ചെയ്യാൻ സാധിക്കണമെന്നില്ല. എത്ര പരീക്ഷണങ്ങൾ അവകാശപ്പെടുന്ന ചിത്രമായാലും സിനിമയുടെ ഗ്രാമർ പരിധി വിട്ട് തെറ്റിച്ചാൽ അത് സിനിമയാവില്ല എന്നു കൂടി മനസ്സിലാക്കണം." ജി.എസ്. പണിക്കർ ഒരിക്കൽ പറഞ്ഞു.
ഷീലയാണ് ഭാര്യ. മകൻ സാനിൽ പണിക്കർ. കലാമണ്ഡലത്തിൽനിന്നു പഠിച്ചിറങ്ങിയ മകൾ സനിത നർത്തകിയാണ്.
(പുന:പ്രസിദ്ധീകരണം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..