നഗോയ: ഐച്ചി-നാഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ക്രൂരമായ മത്സരക്രമീകരണവും മോശം താമസ-യാത്രാ സൗകര്യങ്ങളും കളിക്കാർക്കിടയിൽ വലിയ അമർഷത്തിന് കാരണമാകുന്നു. ശനിയാഴ്ച മിക്ക താരങ്ങളും ഉറങ്ങാൻപോയ സമയത്ത്, ഞായറാഴ്ച പുലർച്ചെ 12:07-നാണ് ഇന്ത്യയുടെ പി.വി. സിന്ധുവും ജപ്പാന്റെ ടോമോക മിയാസാക്കിയും തമ്മിലുള്ള മൂന്നാം റൗണ്ട് മത്സരം ആരംഭിച്ചത്. ഇരു താരങ്ങളുടെയും അന്നത്തെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. എങ്കിലും ജാപ്പനീസ് താരത്തെ 21-9, 21-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തി സിന്ധു ജയം നേടി. എന്നാൽ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1 മണിക്ക് ലോക നാലാം നമ്പർ താരം ചെൻ യുഫെയ്ക്കെതിരായ സിന്ധുവിന്റെ ക്വാർട്ടർ ഫൈനൽ മത്സരം തത്സമയ സംപ്രേക്ഷണ സൗകര്യം പോലുമില്ലാത്ത കോർട്ട് 4-ലാണ് സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിൽ സിന്ധു പരാജയപ്പെടുകയും ചെയ്തു.

To advertise here,

ഒരു ദിവസം രണ്ട് സിംഗിൾസ് മത്സരങ്ങളാണ് താരങ്ങൾക്ക് കളിക്കേണ്ടി വരുന്നത്. ഇതിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ടീം ഇനങ്ങൾ സെപ്റ്റംബർ 20 മുതൽ 24 വരെയും വ്യക്തിഗത ഇനങ്ങൾ സെപ്റ്റംബർ 25 മുതൽ 29 വരെയുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒക്ടോബർ നാല് വരെ ഏഷ്യൻ ഗെയിംസ് നീണ്ടുനിൽക്കുമെങ്കിലും ബാഡ്മിന്റൺ മത്സരങ്ങൾ സെപ്റ്റംബർ 29-ഓടെ തിടുക്കത്തിൽ അവസാനിപ്പിക്കാനുള്ള നീക്കമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ഇതിന്റെ ഭാഗമായി സെപ്റ്റംബർ 26 ശനിയാഴ്ച സിംഗിൾസ് താരങ്ങൾക്ക് ഒറ്റദിവസം തന്നെ രണ്ട് മത്സരങ്ങളിൽ കളിക്കേണ്ടിവന്നു. ഒരു പ്രധാന മൾട്ടി-സ്‌പോർട്‌സ് ടൂർണമെന്റിൽ സിംഗിൾസ് താരങ്ങൾക്ക് ഒറ്റ ദിവസം രണ്ട് മത്സരങ്ങൾ വരുന്നത് അപൂർവവും ക്രൂരവുമാണെന്ന് കളിക്കാരും നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയ്ക്ക് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിത്തന്ന എച്ച്.എസ്. പ്രണോയ് ഗെയിംസ് സംഘാടനത്തിന്റെ നിലവാരത്തെ വിമർശിച്ചു. ടീം ഇനത്തിന് ശേഷം രാത്രി 11:15-നാണ് താരങ്ങൾക്ക് സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞതെന്നും, താമസസ്ഥലത്തേക്ക് ഒരു മണിക്കൂർ യാത്ര ഉള്ളതിനാൽ രാത്രി 12:30 കഴിഞ്ഞാണ് ഭക്ഷണം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടടുത്ത ദിവസം രാവിലെ 9 മണിക്ക് മത്സരമുണ്ടായിരുന്ന ധ്രുവ്, തനിഷ തുടങ്ങിയ താരങ്ങൾക്ക് ഇത് കടുത്ത ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പ്രണോയ് പറഞ്ഞു.

കൂടാതെ പ്രത്യേക ഗെയിംസ് വില്ലേജ് ഒരുക്കാത്തതിനെയും പ്രണോയ് വിമർശിച്ചു. ഇച്ചിനോമിയ സിറ്റി മുൻസിപ്പൽ ജിംനേഷ്യത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. താരങ്ങൾക്ക് ഐച്ചി-നാഗോയയിലെ ഹോട്ടലുകളിലും തുറമുഖത്ത് നങ്കൂരമിട്ട ക്രൂയിസ് കപ്പലിലെ താത്കാലിക കണ്ടെയ്നറുകളിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. ഇത് ഏഷ്യൻ ഗെയിംസ് പോലെ അനുഭവപ്പെടുന്നില്ലെന്നും ജപ്പാൻ ഓപ്പൺ ടൂർണമെന്റ് കളിക്കുന്നത് പോലെയാണെന്നും പ്രണോയ് അഭിപ്രായപ്പെട്ടു. 2023-ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസ് അനുഭവം ഗംഭീരമായിരുന്നുവെങ്കിൽ ഇത്തവണ കാര്യങ്ങൾ വളരെ മോശമായതായി അദ്ദേഹം കൂട്ടിചേർത്തു.