നവരാത്രിക്കാലം പ്രിയപ്പെട്ട ഒരു പാട്ടുകാരന്റെ കൂടി ഓര്‍മ്മയാണെനിക്ക്; ഇടവാ ബഷീറിന്റെ

To advertise here,

തു പോലൊരു ദുര്‍ഗ്ഗാഷ്ടമി നാളിലാണ് ബഷീര്‍ക്ക ആദ്യമായി വീട്ടില്‍ വന്നതും എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ദേവീ സ്തുതിഗീതം പാടിത്തന്നതും: 'ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി അഭയം തവപദ കമലം കല്ലായ് മറഞ്ഞാലും കരളില്‍ തെളിയുമീ കരുണാസാഗരമേ....'

നാല് പതിറ്റാണ്ടോളമായി സ്വന്തം ഗാനമേളകള്‍ക്ക് ബഷീര്‍ക്ക തുടക്കം കുറിച്ചിരുന്നത് ആ പാട്ട് പാടിയാണ്. ആത്മാവിന്റെ ആഴങ്ങളില്‍ നിന്ന്  'അമ്മേ' എന്ന് മനമുരുകി വിളിച്ചുകൊണ്ട് ബഷീര്‍ക്ക ആ ഗാനം പാടിത്തുടങ്ങുമ്പോള്‍ നിറഞ്ഞ സദസ്സുകള്‍ വീര്‍പ്പടക്കി കേട്ടുനില്‍ക്കും. അതൊരു കാലം. ഗാനമേളകളുടെ സുവര്‍ണ്ണ കാലം. 'ആദ്യം കേട്ട നിമിഷം തൊട്ട് എന്റെ മനസ്സിനെ പിടിച്ചുലച്ച പാട്ടാണത്.' --   ബഷീര്‍ക്കയുടെ വാക്കുകള്‍. 'ദാസേട്ടന്‍ അത് പാടിക്കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ നിറയും. അത്രയും ഹൃദയസ്പര്‍ശിയാണ് ആലാപനം.'

ഉത്സവവേദികളില്‍ ഗാനമേള അവതരിപ്പിക്കാന്‍ എത്തുന്ന സംഗീതാലയ ട്രൂപ്പിന്റെ  വാഹനത്തിനു ചുറ്റും കൗതുകത്തോടെ ചുറ്റിക്കറങ്ങിയ ബാല്യത്തെ കുറിച്ചുള്ള മധുരസ്മരണകള്‍ പങ്കുവെച്ചിട്ടുണ്ട് സുരേഷ് ഗോപി: 'ആരൊക്കെ വന്നിട്ടുണ്ട്, ഏതൊക്കെ സംഗീതോപരണങ്ങള്‍ ആണ് ഇത്തവണ അവര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നൊക്കെ അറിയാന്‍ വേണ്ടിയുള്ള ആകാംക്ഷയാണ്. മൈക്കിലൂടെ ഓരോ ഉപകരണത്തിന്റെയും ശബ്ദം കേള്‍ക്കുന്നത് തന്നെ ഒരു ത്രില്ലായിരുന്നു. കാത്തിരിപ്പിന് ഒടുവില്‍ അതാ കോട്ടണ്‍ മില്ലിലെ സൈറണ്‍ പോലൊരു ശബ്ദം. ഗാനമേള തുടങ്ങുന്നതറിയിച്ചു കൊണ്ടുള്ള  കേളികൊട്ടാണ്. ഉത്സവപ്പറമ്പിലായാലും പെരുന്നാള്‍ സ്ഥലത്തായാലും മറ്റെല്ലാ ബഹളവും ആ ശബ്ദത്തില്‍ അലിഞ്ഞു അപ്രത്യക്ഷമാകും.

തൊട്ടു പിന്നാലെ  യേശുദാസിനെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദത്തില്‍ ഇടവാ ബഷീറിന്റെ ആകാശരൂപിണി ഉയരുകയായി. സ്റ്റേജില്‍ നില്‍ക്കുന്ന ചെറിയ മനുഷ്യനാണ് ഇത്രയും ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ പാടുന്നതെന്ന് വിശ്വസിക്കുക  പ്രയാസം. ചെറിയൊരു അസൂയയും തോന്നും അപ്പോള്‍. സദസ്സിലെ സുന്ദരിമാരെല്ലാം  ഗായകനെ നോക്കി സ്വയം മറന്ന് ഇരിക്കുകയല്ലേ? സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നു ബഷീറിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടുണ്ട് അന്നെല്ലാം.''

placeholder
ഇടവ ബഷീര്‍ എസ് ജാനകിക്കൊപ്പം | Photo: Mathrubhumi Archives

അമ്പലങ്ങളില്‍ മാത്രമല്ല ക്രിസ്തീയ ദേവാലയങ്ങളിലും മുസ്ലിം പള്ളികളിലുമെല്ലാം മുഴങ്ങി ബഷീറിന്റെ ശബ്ദം. മറക്കാനാവാത്ത അനുഭവങ്ങളിലൊന്ന്  മാരാമണ്‍ കണ്‍വെന്‍ഷനില്‍ പാടിയതാണ്. ലക്ഷത്തോളം വരുന്ന ആസ്വാദകര്‍ക്ക് മുന്നില്‍ പാടുമ്പോഴത്തെ ആത്മസംതൃപ്തി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ ഏകാന്തമൂകതയില്‍ നിന്നപ്പോള്‍ പോലും ലഭിച്ചിട്ടില്ലെന്ന് പറയാറുണ്ട് വാണിജയറാമിനോടൊപ്പം 'മുക്കുവനെ സ്‌നേഹിച്ച ഭൂതം'' എന്ന സിനിമയില്‍  'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍'' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പാടിയ ബഷീര്‍. 

'ഹിന്ദു ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം ഗാനമേളകള്‍ അവതരിപ്പിച്ച അഹിന്ദു ഗായകന്‍ ഞാനായിരിക്കണം''-- ബഷീര്‍ക്ക ഒരിക്കല്‍ പറഞ്ഞു. 'ആയിരക്കണക്കിന്  ഭക്തിഗാനമേളകള്‍ നടത്തിയിട്ടുണ്ടാകും ക്ഷേത്ര സന്നിധികളില്‍. ശിവരാത്രിക്കാലത്ത് ദിവസം മൂന്നും നാലും  അമ്പലങ്ങളില്‍ വരെ പാടിയിട്ടുണ്ട്. അവസാന ഗാനമേളക്ക് തിരശ്ശീല വീഴുമ്പോഴേക്കും സൂര്യന്‍ ഉദിച്ചിരിക്കും. പല്ലു തേച്ചുകൊണ്ട് പാട്ടുകള്‍ ആസ്വദിച്ച് നില്‍ക്കുന്നുണ്ടാകും ആളുകള്‍. അതൊരു കാലം..''

placeholder
ഇടവ ബഷീർ പ്രേം നസീറിനൊപ്പം | Photo: Mathrubhumi Archives

എല്ലാ ദേവീദേവന്മാരുടെയും സന്നിധിയില്‍ മുഴങ്ങി ആ  നാദം.  ഗുരുവായൂര്‍, ശബരിമല, കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതീ ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രം,  അയ്യപ്പന്‍കാവ്.... അങ്ങനെയങ്ങനെ ഗാനമേളയുമായി ബഷീര്‍ കടന്നുചെല്ലാത്ത ചെറുതും വലുതുമായ അമ്പലങ്ങള്‍ കുറവ്. നിറഞ്ഞ സദസ്സുകള്‍ക്ക് മുന്നില്‍ അതത് ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികളെ സ്തുതിച്ചുകൊണ്ടുള്ള  പാട്ടുകളാണ് പാടുക. ശിവക്ഷേത്രമെങ്കില്‍ ശിവഭക്തിഗാനങ്ങള്‍; ദേവീ ക്ഷേത്രമെങ്കില്‍ ദേവീ സ്തുതികള്‍....  ക്ഷേത്രഭാരവാഹികള്‍   പ്രത്യേകമായി എഴുതി തയ്യാറാക്കിയ  ഗാനങ്ങള്‍ പാടാന്‍ ആവശ്യപ്പെടുന്ന പതിവുമുണ്ട്. അത്തരം രചനകള്‍ തത്സമയം ട്യൂണിട്ട് പാടും. 

1968 ലായിരുന്നു ബഷീറിന്റെ ആദ്യ പ്രൊഫഷണല്‍ ഗാനമേള. കൊല്ലത്തും പരിസരത്തുമുള്ള അമ്പലങ്ങളിലാണ് തുടക്കത്തില്‍  പാടിയത്. അതു കഴിഞ്ഞ്  ശബരിമല ഉള്‍പ്പെടെയുള്ള മഹാക്ഷേത്രങ്ങളില്‍.  'ഇന്നത്തെയത്ര എളുപ്പമല്ല അന്ന് ശബരിമല യാത്ര. നാഴികകളോളം നടന്നു വേണം മലകയറാന്‍. ഹാര്‍മോണിയവും തബലയുമൊക്കെ തലയില്‍ ചുമന്നുള്ള യാത്ര. പതിനായിരങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും സന്നിധാനത്ത്  പാട്ടു കേള്‍ക്കാന്‍. ശാന്തമായ ആ അന്തരീക്ഷത്തിന്റെ വിശുദ്ധി ഉള്‍ക്കൊണ്ട്  ഹരിവരാസനം പോലുള്ള കൃതികള്‍  പാടുമ്പോള്‍ ഭക്തര്‍ വികാരപരവശരായിക്കണ്ടിട്ടുണ്ട്.''-- ബഷീര്‍.  അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തിയ  ജയചന്ദ്രന്‍  ഒരിക്കല്‍ 'അതിഥിഗായക''നായി ഓര്‍ക്കസ്ട്രക്കൊപ്പം ചേര്‍ന്നത് മറക്കാനാവാത്ത അനുഭവങ്ങളില്‍ ഒന്ന്.

ഗുരുവായൂരില്‍ ഗാനമേളകള്‍ അവതരിപ്പിക്കുന്ന കാലത്ത്  മേല്‍പ്പുത്തൂര്‍  ഓഡിറ്റോറിയം നിര്‍മ്മിക്കപ്പെട്ടിട്ടില്ല.  കിഴക്കേ നടയ്ക്കല്‍ കെട്ടിയുയര്‍ത്തിയ താല്‍ക്കാലിക പന്തലിലാണ് പരിപാടി അരങ്ങേറുക. നിറഞ്ഞ സദസ്സ് രാത്രി വൈകുവോളം ഉറക്കമിളച്ചിരുന്ന്  പാട്ടുകള്‍ ആസ്വദിക്കും.  'പരിപാടിക്ക് ശേഷം ക്ഷേത്ര ഭാരവാഹികള്‍ പൊന്നാട അണിയിക്കുന്ന പതിവുണ്ട്. അഭിമാന മുഹൂര്‍ത്തങ്ങളായിരുന്നു അതൊക്കെ. സിനിമയില്‍ പാടിത്തുടങ്ങിയിരുന്നില്ലാത്ത ഉണ്ണിമേനോനും ഉണ്ടായിരുന്നു ഒരിക്കല്‍ സദസ്സില്‍. വളര്‍ന്നു വരുന്ന ഗായകന്‍ എന്നു പറഞ്ഞ് ആരോ ഉണ്ണിയെ പരിചയപ്പെടുത്തിത്തന്നത് ഓര്‍മ്മയുണ്ട്.'' -- ബഷീര്‍ പറയുന്നു.

പള്ളുരുത്തിയിലെ ഒരമ്പലത്തില്‍ നടന്ന ഗാനമേള മറക്കാനാവില്ല. പതിനായിരക്കണക്കിനാളുകളാണ് പരിപാടിക്കെത്തിയത്. ക്ഷേത്ര പരിസരത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വലിയ ജനതതി. 'വേദിയില്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചകലെ നിന്ന് വല്ലാത്തൊരു ശബ്ദം. ആളുകളുടെ തള്ളിക്കയറ്റത്തില്‍ പത്തുപന്ത്രണ്ടടി ഉയരമുള്ള ക്ഷേത്രമതില്‍ തകര്‍ന്നുവീണതാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നും ഉള്‍ക്കിടിലം തോന്നും ആ രാത്രിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍.''  

മലയാലപ്പുഴ, ഓമല്ലൂര്‍, ഓച്ചിറ, ഹരിപ്പാട്.... അങ്ങനെ കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള അമ്പലങ്ങളില്‍ പാടി ബഷീര്‍. പല ക്ഷേത്രങ്ങളുടെയും ഊട്ടുപുരകളില്‍ ഭക്തര്‍ക്കൊപ്പമിരുന്ന് ഊണു കഴിച്ചു. ചോറും സാമ്പാറും അവിയലും മോരുമൊക്കെ കൂട്ടിയുള്ള അസ്സല്‍ വെജിറ്റേറിയന്‍ ശാപ്പാട്. 'അന്യമതസ്ഥരുടെ ദേവാലയങ്ങളില്‍ പാടിയതിന്റെ പേരില്‍ ഒരിക്കലും ആരും കുറ്റപ്പെടുത്തിക്കേട്ടിട്ടില്ല.  അത്തരം വിവാദങ്ങള്‍  കലാരംഗത്തെ, പ്രത്യേകിച്ച് സംഗീതലോകത്തെ ബാധിച്ചിരുന്നില്ല എന്നതാണ് സത്യം. എല്ലാ മതസ്ഥരും അന്യ മതവിശ്വാസികളുടെ ഗാനങ്ങള്‍ ആസ്വദിക്കുകയും ഏറ്റുപാടുകയും ചെയ്തിരുന്ന കാലം.''

രണ്ടു വര്‍ഷം മുന്‍പൊരു മെയ് 28 ന് ഗാനമേളാവേദിയില്‍ കുഴഞ്ഞുവീണു മരിച്ച ബഷീര്‍ക്ക എന്റെ ഓര്‍മ്മകളില്‍ ഇതാ ഈ നിമിഷവും പാടിക്കൊണ്ടേയിരിക്കുന്നു: 'സാമഗാനപ്രിയേ നിന്റെ തലോടലില്‍ പൂ ചൂടും തീമണല്‍ക്കാടും, നാദമായ് രൂപമായ് ജീവതരംഗമായ് തൂവുന്നു നിന്‍ ദയാപുഷ്പം...'