
'തനിമലയാളി പെൺകുട്ടി' ടാഗ് പൊളിച്ചെഴുതുകയാണ് ദുർഗാ കൃഷ്ണ, ഇനി പുത്തൻ ഗെറ്റപ്പുകളിൽ സിനിമയിലും ദുർഗ എത്തും
പേര് ദുർഗ കൃഷ്ണ എന്നാണെങ്കിലും ആളൊരു കൃഷ്ണഭക്തയും കടുത്ത മോഹൻലാൽ ആരാധികയുമാണ്. പൃഥ്വിരാജിനൊപ്പം വിമാനം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിയ അഭിനേത്രി, മോഹൻലാലിനൊപ്പം റാം എന്ന സിനിമയുടെ ഭാഗമാണിപ്പോൾ. മേക്ക് ഓവർ ഫോട്ടോഷൂട്ടിലൂടെ മലയാളിത്തനിമയുള്ള പെൺകുട്ടി ഇമേജ് ദുർഗ ബ്രേക്ക്‌ചെയ്യുകയാണ്. ''ഹോട്ട് ആകണമെന്ന് കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല. വെസ്റ്റേൺ ഔട്ട്ലുക് എന്നത് മാത്രമായിരുന്നു പ്ലാൻ. അടുത്തിടെ വന്ന ഗൃഹലക്ഷ്മി ഫോട്ടോ ഷൂട്ടിലൂടെയായിരുന്നു ഗ്ലാമറസ് ലുക്കിലേക്ക് മാറ്റിപ്പിടിക്കാൻ ചെറുതായി ശ്രമിച്ചത്. അതിനെത്തുടർന്ന് ഫോട്ടോഗ്രാഫർ വിഷ്ണു വ്യക്തമായ റഫറൻസുമായി വന്നപ്പോൾ അവർക്കൊപ്പം നിന്നു. ഗ്ലാമറസ് എന്നതിലുപരി ബോൾഡ് ആൻഡ് ബ്യൂട്ടി എന്നതായിരുന്നു ഞങ്ങളുടെ കൺസെപ്റ്റ്.
'റാം' എന്ന ചിത്രത്തിനുവേണ്ടി ഞാൻ നന്നായി തടികുറച്ചിരുന്നു. അത് ഈ ഷൂട്ടിന്റെ ലുക്കിനും ഏറെ ഗുണകരമായി. അഖില മാത്യു, മാളവിക, വഫാ എന്നിവരുടെ കോസ്റ്റ്യൂംസും വികാസ് സുബി ടീമിന്റെ മേക്കപ്പും ചേർന്നപ്പോൾ ഗംഭീരമായി. ഫോട്ടോഷൂട്ടിന് മുൻപ് ട്രയൽ മേക്കപ്‌ചെയ്ത് പലതവണ മാറ്റംവരുത്തിയാണ് ഫൈനൽ ഫോട്ടോഷൂട്ട് ചെയ്തത്. ഞാൻ ഇത്രയും ഹോംവർക്ക്‌ചെയ്ത മറ്റൊരു ഷൂട്ട് ഉണ്ടായിട്ടില്ല. ലോക്ഡൗണിനുശേഷം കിട്ടിയ ഇടവേളയിൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ സേഫായാണ് ഫോട്ടോഷൂട്ട് ചെയ്തത്. ശരീരപ്രദർശനം ഇല്ലാതെ നന്നായി വെസ്റ്റേൺ വേഷമണിയാം എന്ന് അതിലൂടെ കാണിക്കാനായി.
എല്ലാം മോഹങ്ങൾക്കുമപ്പുറം
അഭിനയമോഹവുമായി വന്ന ആളല്ല ഞാൻ. സിനിമയിൽ എത്തിയതിനുശേഷമാണ് ആ ഫീൽഡിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. ആ ഇഷ്ടത്തിന് പുറത്തുള്ള സിനിമായാത്രയാണ് പിന്നീട് സംഭവിച്ചത്. സത്യംപറഞ്ഞാൽ വ്യക്തമായ ലക്ഷ്യത്തോടെയല്ല എന്റെ യാത്ര. എനിക്കിഷ്ടമായ വഴിയിലൂടെ സഞ്ചരിക്കുകയാണ്. അതെവിടേക്കാണെന്നോ, എവിടംവരെ എത്തുമെന്നോ അറിയില്ല. ഓരോ പടിയും കയറുമ്പോഴാണ് അടുത്തതെന്താണെന്ന് തിരിച്ചറിയുന്നത്. മോഹൻലാലിനെ നേരിൽ കാണാൻകഴിയുന്നതുതന്നെ വലിയ ഭാഗ്യമെന്ന് കരുതിയ എനിക്ക് ഏട്ടനൊപ്പം ഒരു സിനിമ ചെയ്യാൻകഴിഞ്ഞത് മഹാഭാഗ്യം. സിനിമ കാണാൻതുടങ്ങിയ കാലംമുതൽ ലാലേട്ടന്റെ ആരാധികയാണ്. ആരാധന എന്നതിലപ്പുറം പറഞ്ഞറിയിക്കാനാകാത്ത ഒരു ഇഷ്ടം എന്ന് പറയുന്നതാകും നല്ലത്. അദ്ദേഹം സിനിമയിൽ അവതരിപ്പിച്ച രസകരമായ കഥാപാത്രങ്ങൾ കണ്ട് തോന്നിയ ഇഷ്ടമാണത്. അന്നും ഇന്നും ഞാൻ ലാലേട്ടനെ ഏട്ടാ എന്നാണ് വിളിക്കുന്നത്.
റാം എന്റെ മോഹസാഫല്യം
ലാലേട്ടനുമായി നീണ്ടകാലത്തെ സൗഹൃദമുണ്ട്. എന്നാൽ ഓരോതവണ കാണുമ്പോഴും ആദ്യം കാണുന്നതുപോലുള്ള ആകാംക്ഷയും വിസ്മയവുമാണ്. റാമിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ ഒന്നും ചെയ്യാനാവാതെ സന്തോഷത്താൽ സ്തംഭിച്ച് നിന്നുപോകുമോ എന്ന് പേടിച്ചിരുന്നു. ലാലേട്ടനുമായി പരിചയമുള്ളതിനാൽ റാമിന്റെ സെറ്റിലെത്തിയപ്പോൾ ഒരു ബന്ധുവീട്ടിൽ പോകുന്ന സന്തോഷവും ഫ്രീഡവും തോന്നി.
ഒന്നിച്ച് അഭിനയിച്ചപ്പോൾ ഒരുപാട് ടിപ്സുകൾ അദ്ദേഹം ഷെയർചെയ്തു. ഒരു ആർട്ടിസ്റ്റ് സെറ്റിൽ സഹപ്രവർത്തകരോട് എങ്ങനെ പെരുമാറണമെന്ന് ഞാൻ നേരിട്ട് കണ്ടു. എന്തുകൊണ്ട് മോഹൻലാൽ എന്ന നടൻ എന്നും സൂപ്പർസ്റ്റാറായി നിൽക്കുന്നു എന്ന ചോദ്യത്തിന് ഉത്തരംകൂടിയാണത്. ഒരു സീനിൽ അഭിനയിക്കുമ്പോൾ സഹതാരങ്ങളെയും ചുറ്റുമുള്ളവരെയും ലാലേട്ടൻ നിരീക്ഷിക്കാറുണ്ട്. ഞാനും ഏട്ടനും കാറിൽ ഹോസ്പിറ്റലിൽ പോകുന്ന സീൻ ചിത്രീകരിക്കുന്ന സമയം. ഡയറക്ടർസാർ ആ സീൻ ഓക്കെ പറഞ്ഞിട്ടും, അത് ശരിയായില്ലെന്ന് ലാലേട്ടൻ പറഞ്ഞു. കാരണം ഷോട്ട് ചിത്രീകരിക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ പാസ്‌ചെയ്യേണ്ട ജൂനിയർ ആർട്ടിസ്റ്റ് കടന്നുപോയില്ല. അതുപോലും ലാലേട്ടൻ ശ്രദ്ധിച്ചിരുന്നു. അഭിനയിക്കുന്നതിനൊപ്പം ചുറ്റും എന്ത് നടക്കുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതെന്നെ ശരിക്കും ഞെട്ടിച്ചു. എല്ലാതരത്തിലും റാമിന്റെ സെറ്റ് എനിക്കൊരു അഭിനയക്കളരിയായി.
മിക്കദിവസവും ലാലേട്ടന്റെയും സംവിധായകൻ ജിത്തുസാറിന്റെയും വീട്ടിൽനിന്ന് സെറ്റിലേക്ക് ഭക്ഷണമുണ്ടാക്കി കൊണ്ടുവരും. അത് ഞങ്ങൾക്കെല്ലാം തരും. ഷൂട്ടിങ് തീർന്ന ദിവസം ഏട്ടൻ ഞങ്ങളെയെല്ലാം വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചു. ഷൂട്ടിങ് ഷെഡ്യൂൾ പാക് അപ് ചെയ്തപ്പോൾ വളരെവിഷമത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്.
ഈ യാത്രയിൽ മത്സരമില്ല
അഭിനയത്തെ മത്സരമായി കാണുന്നവർക്കാണ് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടായി തോന്നുന്നത്. കിട്ടുന്ന ചാൻസ് ആസ്വദിച്ച് ചെയ്താൽ അതൊന്നും അത്ര പ്രശ്‌നമല്ല. ഒരു നടിയെന്ന നിലയിൽ വലിയ ലക്ഷ്യങ്ങളൊന്നും സെറ്റ്‌ചെയ്ത് മുന്നോട്ടുപോകുന്നയാളല്ല ഞാൻ. അതുകൊണ്ടെനിക്ക് ആരോടും പരാതിയും പരിഭവവുമില്ല.
തമിഴ് വന്ന് വിളിച്ചപ്പോൾ
വിമാനം ചെയ്യുന്നസമയത്ത് തമിഴിൽനിന്ന് രണ്ടുമൂന്ന് അവസരങ്ങൾ വന്നു. അന്നൊക്കെ അഭിനയം ഒരു പ്രൊഫഷനായി എടുത്തിരുന്നില്ല. വിമാനത്തിനുശേഷം എല്ലാം തീരുമാനിക്കാമെന്നായിരുന്നു ധാരണ. ചിത്രം പുറത്തിറങ്ങിയപ്പോൾ തമിഴിൽനിന്ന് പിന്നീട് നല്ല അവസരങ്ങളൊന്നും വന്നില്ല. മലയാളത്തിൽ ഒരു നല്ല എൻട്രി എനിക്ക് കിട്ടിയിട്ടുണ്ട്. അത്തരമൊന്ന് തമിഴിൽനിന്ന് കിട്ടിയാൽ തീർച്ചയായും അഭിനയിക്കും.

കൃഷ്ണനാണ് ശക്തി
ശിവ - കൃഷ്ണ സങ്കല്പങ്ങൾക്കപ്പുറത്ത് നമ്മളെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. വർഷങ്ങൾക്കുമുമ്പ് ഗുരുനാഥന്റെ ഭാര്യ, എന്റെ പിറന്നാളിന് ഒരു ഉണ്ണിക്കൃഷ്ണന്റെ പ്രതിമ സമ്മാനിച്ചു. എവിടെ പോകുമ്പോഴും ഒരു ആത്മധൈര്യമായി ഞാനത് കൊണ്ടുപോകും. പ്രാർഥിക്കുമ്പോൾ ഞാൻ കൃഷ്ണനോട് സംസാരിക്കാറുണ്ട്. വിമാനത്തിന്റെ ആദ്യ ഷോട്ടിനായി മേക്കപ്‌ചെയ്ത് പുറത്തിറങ്ങുമ്പോൾ ഞാനെന്റെ കൃഷ്ണനോട് പറഞ്ഞു, 'അഭിനയിക്കാൻപോകാണ്, കൂടെയുണ്ടാവണം ട്ടോ' അത് പറഞ്ഞ് അമ്മയുടെ കൈയിലേക്ക് കൃഷ്ണനെ ഏൽപ്പിച്ചു.
ആദ്യസീനിൽ പൃഥ്വിരാജിനൊപ്പം കാറിൽ സഞ്ചരിക്കുന്നതാണ്. അതിനായി കാറിൽ കയറിയപ്പോൾ അതിന്റെ ഡാഷ്‌ബോർഡിൽ കൃഷ്ണൻ ഇരിക്കുന്നത് കണ്ട് ഞാൻ ഞെട്ടി. ചിത്രത്തിലെ ആർട്ട് ഡയറക്ടർ അമ്മയുടെ കയ്യിലെ കണ്ണനെ കണ്ട്, അത് കൊണ്ടുപോയി ഡാഷ് ബോർഡിൽ വയ്ക്കുകയായിരുന്നു. കൂടെയുണ്ടാവണം എന്ന് പറഞ്ഞയാൾ എന്നെക്കാൾ മുന്നിൽ കയറി ഇരിക്കുന്നത് കണ്ട മുഹൂർത്തം മറക്കാൻകഴിയില്ല.
പ്രതീക്ഷയുടെ നാളുകൾ
ഡാൻസറാണെങ്കിലും അത് കാര്യമായി ഉപയോഗപ്പെടുത്തുന്ന സിനിമ കിട്ടിയിട്ടില്ല. കിങ്ഫിഷ്, കൺഫഷൻ ഓഫ് കുക്കു, റാം എന്നീ ചിത്രങ്ങളാണ് ഇനിയുള്ള പ്രതീക്ഷകൾ. കൺഫഷൻ ഓഫ് കുക്കു ഏറെ കാലികപ്രസക്തിയുള്ള വിഷയമാണ് കൈകാര്യംചെയ്യുന്നത്.
അതിൽ നന്നായി പെർഫോംചെയ്യാനുള്ള അവസരവും ഉണ്ടായിട്ടുണ്ട്. തിയേറ്ററിൽ നൂറുദിവസം ഓടിയില്ലെങ്കിലും നടിയെന്നനിലയിൽ ആ ചിത്രം എനിക്ക് ഗുണംചെയ്യുമെന്ന് ഉറപ്പുണ്ട്.
( 2020 സെപ്തംബർ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈയിലിൽ പ്രസിദ്ധീകരിച്ചത് )
Content Highlights : Durga Krishna Interview On New Movies Mohanlal Photoshoots Star And Style
Published: 09 Nov 2020, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented