
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധി നേരിടാൻ ചെറിയ ബഡ്ജറ്റിലുള്ള സിനിമകൾ ഉണ്ടാക്കുക എന്നതാണ് പ്രായോഗികമായ മാർഗ്ഗമെന്ന് സംവിധായകൻ ജീത്തു ജോസഫ്. ലോക്ക് ഡൗൺ കഴിഞ്ഞാലുള്ള സിനിമാക്കാലത്തെപ്പറ്റി ക്ലബ്ബ് എഫ്.എമ്മിൽ ആർ.ജെ.വൈശാഖ് അവതരിപ്പിക്കുന്ന 'കലക്കൻ റീച്ചാർജ്ജ്' പരിപാടിയിലാണ് 'ദൃശ്യം' സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണക്കാരന് സിനിമ ഒരു അവശ്യവസ്തു അല്ല. അതുകൊണ്ടുതന്നെ തിയേറ്ററുകൾ തുറന്നാലും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരാൾ എത്രമാത്രം സിനിമ കാണാൻ പണം മുടക്കും എന്ന് പറയാൻ കഴിയില്ല. അപ്പോൾ ഇതുവരെ കിട്ടിക്കൊണ്ടിരുന്ന കളക്ഷൻ കുറച്ചുകാലത്തേക്ക് എന്തായാലും പ്രതീക്ഷിക്കാൻ കഴിയില്ല. തിയേറ്റർ കളക്ഷൻ, അതിനുശേഷം ഒ .ടി.ടി. പ്ലാറ്റ് ഫോമിലും സാറ്റലൈറ്റ് അവകാശങ്ങളിലും കിട്ടുന്ന വരുമാനം എന്നിവ ചേർത്ത് നിർമ്മാതാവിന് നഷ്ടം വരാത്ത രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ നടന്മാരും ടെക്‌നീഷ്യന്മാരും അടക്കം എല്ലാവരും പ്രതിഫലത്തിന്റെ കാര്യത്തിലടക്കം വിട്ടുവീഴ്ച ചെയ്‌തേ പറ്റൂ. തമിഴ് നടൻ കാർത്തിയോട് സംസാരിച്ചപ്പോൾ കോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ല എന്നറിയാൻ കഴിഞ്ഞു. അതേസമയം നടൻമാർ നിർമാണ പങ്കാളികൾ ആകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. പ്രതിഫലം കുറച്ചു പകരം ലാഭത്തിന്റെ വിഹിതം എടുക്കുന്നതുവഴി നിർമ്മാതാവിന് മുതൽമുടക്ക് കുറയ്ക്കാൻ കഴിയും.
സിനിമ എങ്ങനെ റിലീസ് ചെയ്യണമെന്നത് നിർമ്മാതാവിന്റെ അവകാശം
സിനിമ ഉള്ളിടത്തോളം കാലം തിയേറ്ററുകൾ പൂട്ടിപ്പോവാൻ പോകുന്നില്ല. മുൻപ് വീഡിയോ കാസറ്റ് വന്നപ്പോഴും ഡിവിഡി വന്നപ്പോഴും ഇത് കേട്ടിരുന്നു. സിനിമ, തിയേറ്ററുകളിൽ പോയി തന്നെ കാണാനാണ് ആളുകൾ ആഗ്രഹിക്കുന്നത്. പക്ഷേ ചില ചെറിയ സിനിമകൾ, നല്ല സിനിമകൾ ആയിരുന്നിട്ടും തിയേറ്ററുകളിൽ ഓടാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അത്തരം സിനിമകളുടെ നിർമ്മാതാക്കൾ തിയേറ്ററുകളിൽ ഇറക്കാതെ ഓ.ടി.ടി. യെ ആശ്രയിച്ചാൽ തെറ്റുപറയാൻ പറ്റില്ല.
അതേസമയം വലിയ സിനിമകൾ തിയേറ്ററുകളിൽ ഓടാതെ ലാഭമുണ്ടാക്കാൻ കഴിയില്ല. പ്രത്യേകിച്ച് മലയാളം പോലെ ഒരു ചെറിയ മാർക്കറ്റിൽ. ഉദാഹരണത്തിന്, 'മാലിക്ക്' എന്ന ആന്റോ ജോസഫ് നിർമ്മിച്ച ഫഹദ് ഫാസിൽ ചിത്രത്തിന് 27 കോടി രൂപയാണ് ചിലവായത്. അമിതാഭ് ബച്ചനെ നായകനാക്കിയ ഹിന്ദി ചിത്രത്തിന് പോലും ആ തുകയേ ഓൺലൈൻ റിലീസിന് കിട്ടിയുളളൂ. ഞാൻ സംവിധാനം ചെയ്യുന്ന 'റാം' ഒരു വലിയ ബഡ്ജറ്റിലുള്ള സിനിമയാണ്. ഒരു കാരണവശാലും 'റാം' ഓ.ടി.ടി. പ്ലാറ്റ്ഫോമിൽ മാത്രമായി റിലീസ് ചെയ്യാൻ കഴിയില്ല. ലോക്ക്ഡൗൺ കാരണം ഏറ്റവും പ്രതിസന്ധിയിലായവർ സിനിമയിലെ ദിവസ വേതന തൊഴിലാളികളും തിയേറ്ററുകളും ആണ്. അതുകൊണ്ട് അവരെയും നമ്മൾ ഈ സമയത്ത് പിന്തുണച്ചേ പറ്റൂ. എല്ലാവരും പരസപരം വിട്ടുവീഴ്ചാ മനോഭാവത്തോടെ മുന്നോട്ട് പോയാൽ മാത്രമേ ഈ വ്യവസായത്തിന് മുന്നോട്ട് പോവാൻ കഴിയുകയുള്ളൂ.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴു മുതൽ പത്ത് വരെ ക്ലബ്ബ് എഫ് എമ്മിൽ 'കലക്കൻ റീചാർജ്ജ്' കേൾക്കാം
Content Highlights: Jeethu Joseph talks about Cinema, Covid 19, Lock down crisis
Published: 04 Jun 2020, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented