ലോകസിനിമയിൽ ആദ്യമായി ഗോത്രവർഗത്തിൽപ്പെട്ടവർ മാത്രം അഭിനയിച്ച, പൂർണ്ണമായും ഇരുള ഭാഷയിൽ ഒരുക്കിയ ചിത്രം, അതാണ് 'ധബാരി ക്യൂരുവി'. ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള, അമേരിക്കയിലെ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങി അനേകം ചലച്ചിത്രമേളകളിൽ തിളങ്ങിയ ചിത്രമാണ് 'ധബാരി ക്യൂരുവി'.

To advertise here,

സിനിമ തനിക്ക് സ്വപ്നം മാത്രമായിരുന്നുവെന്നും ഈ ജന്മം സിനിമയിലെത്തും എന്ന് കരുതിയിരുന്നില്ലെന്നും ഇപ്പോൾ ഒത്തിരി സന്തോഷമുണ്ടെന്നും ചിത്രത്തിലെ നായിക മീനാക്ഷി പറയുന്നു. ധബാരി ക്യൂരുവി എൻ്റെ സമൂഹത്തിൻ്റെ കഥയാണ്. മീനാക്ഷി പറയുന്നു. ആദിവാസി പെൺകുട്ടികൾ സ്കൂൾ പഠന കാലത്ത് ഗർഭിണിയാവുന്ന സംഭവമാണ് ചിത്രം പറയുന്നത്. അച്ഛനില്ലാതെ കുട്ടികളെ പ്രസവിക്കേണ്ടിവരുന്ന ആദിവാസി പെൺകുട്ടികളുടെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഗോത്ര ആചാരങ്ങളും സംസ്കാരങ്ങളും ചിത്രം ഒപ്പിയെടുത്തുണ്ട്. സ്കൂൾ വിദ്യാർത്ഥിയായ 'പാപ്പാത്തി'യായിട്ടാണ് മീനാക്ഷി സിനിമയിലെത്തുന്നത്.

placeholder
പിതാവിനും സഹോദരിക്കുമൊപ്പം മീനാക്ഷി | ഫോട്ടോ: അറേഞ്ച്ഡ്

ആദിവാസി മിത്തുകളിൽ അച്ഛനില്ലാത്ത പക്ഷിയായി കരുതുന്ന ധബാരി ക്യൂരുവിയുടെ പേര് തന്നെയാണ് ചിത്രത്തിനും. അവിവാഹിതമാരായ ആദിവാസി അമ്മമാർ ഇന്നും ഞങ്ങളുടെ സമൂഹത്തിലുണ്ട്. അത് വലിയ വേദനയാണ്. കരഞ്ഞ് തീരാത്ത കണ്ണീരാണ്. വലിയ ഒരു സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
 
അട്ടപ്പാടി പൊട്ടിക്കല്ലാണ് മീനാക്ഷിയുടെ വീട്. രണ്ട് ചേച്ചിമാരും അമ്മയും അച്ഛനുമാണുള്ളത്. രാജീവ്‌ ഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി. എ മലയാളം അവസാനവർഷ വിദ്യാർത്ഥിനിയാണ് മീനാക്ഷിയിപ്പോൾ. അച്ഛനും അമ്മയും സാധാരണ കൂലിപ്പണിക്കാർ. ഒരു സാധാരണ വീട്ടിൽ നിന്നും വരുന്ന പെൺകുട്ടിയായ മീനാക്ഷിക്ക് പാട്ടുകാരിയും നടിയും ആവണമെന്നായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹം. അതൊന്നും തനിക്ക് അവാൻ  പറ്റില്ല എന്നായിരുന്നു മീനാക്ഷി എപ്പോഴും ചിന്തിച്ചിരുന്നത്. കാരണം തന്റെ നാട്ടിൽ ആരും ഇതുപോലെ നടിയും പാട്ടുകാരിയും ആയിട്ടില്ല എന്നതുതന്നെ.

placeholder
സംവിധായകൻ പ്രിയനന്ദനും നഞ്ചിയമ്മയ്ക്കുമൊപ്പം മീനാക്ഷി | ഫോട്ടോ: അറേഞ്ച്ഡ്

"എന്റെ പ്ലസ്‌ വൺ കാലത്താണ് ഒരു സിനിമാ ഷൂട്ടിം​ഗ് അട്ടപ്പാടിയിൽ നടന്നത്. അന്ന് നഞ്ചിയമ്മ എന്ന എന്റെ അട്ടപ്പാടിയിലെ മുത്തശ്ശി ഒരു പാട്ടുപാടി. അന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു ആ മുത്തശ്ശിയെ കാണണം, സംസാരിക്കണം എന്നെല്ലാം. പക്ഷേ അത് ഒരിക്കലും നടക്കില്ല  എന്നുതോന്നി. അങ്ങനെ ഞാൻ അതെല്ലാം മറന്ന് എന്റെ പ്ലസ്‌ ടു പഠനം പൂർത്തിയാക്കി. അവസാനത്തെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ വന്നതിന്റെ പിറ്റേന്ന് ഒരു ഫോൺ കാൾ വന്നു. നോക്കിയപ്പോൾ എനിക്ക് പരിചയമുണ്ടായിരുന്ന സിബിച്ചൻ മാഷായിരുന്നു. അന്ന് എന്നെ വിളിച്ചു പറഞ്ഞ കാര്യം ഇന്നും എന്റെ മനസ്സിൽ ഉണ്ട്. 'നിനക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റുമോ?, രണ്ട് ആദിവാസി പെൺകുട്ടികളെ ആവശ്യമുണ്ട്, നിനക്ക് പോകൻ പറ്റുമോ' എന്നായിരുന്നു മാഷ് ചോദിച്ചത്. സമ്മതംമൂളിയ അപ്പോൾ തന്നെ മാഷ് എന്നെ പുഴയുടെ കരയിൽ കൊണ്ട് പോയി ഒരു പരിചയപ്പെടുത്തൽ വീഡിയോ എടുത്ത് ഓഡിഷന് അയച്ചു."

ഈ ഓഡിഷനിൽ വിജയിച്ചതോടെയാണ് മീനാക്ഷി ധബാരി ക്യൂരുവിയിലെ നായികയായത്. എന്തു പറയണം എന്ന് അറിയില്ലായിരുന്നു എന്നതാണ് സത്യമെന്ന് മീനാക്ഷി പറയുന്നു. തന്നിലെ നടിയെ പുറത്ത് കൊണ്ട് വന്നത് സംവിധായകൻ പ്രിയനന്ദനൻ ആണെന്നും അഭിനയമല്ല ജീവിതമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്നും മീനാക്ഷി പറഞ്ഞു. എല്ലാവരും സത്യത്തിൽ ജീവിക്കുകയായിരുന്നു. സിനിമയുടെ ടീം നല്ല പിന്തുണയാണ് തന്നത്. ഒത്തിരി സന്തോഷമുണ്ട്. നമ്മൾ ഉറച്ച വിശ്വാസത്തോടെ ആഗ്രഹിച്ചാൽ അതുനേടിയെടുക്കാനാവും എന്നതാണ് തൻ്റെ ധബാരി ക്യൂരുവി അനുഭവമെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.