
കുട്ടികൾക്ക് കുട്ടിത്തം ഉണ്ടാകുന്നത് നല്ലതല്ലേ? പെരുമാറ്റത്തിലെങ്കിലും?
നിർഭാഗ്യവശാൽ കുട്ടിത്തമുള്ള കുട്ടികളെ കണ്ട കാലം മറന്നു സിനിമയിൽ. പൊതുവെ രണ്ടു തരക്കാരാണ് നമ്മുടെ ബാലകഥാപാത്രങ്ങൾ. ഒന്നുകിൽ 'അകാലവാർധക്യം' ബാധിച്ചവർ. സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം പ്രായത്തിനതീതമായ പക്വത കാണിക്കുന്നവർ. പിന്നൊരു കൂട്ടർ 'കൊഞ്ചിക'ളാണ്: പ്രായമേറിയിട്ടും കൊഞ്ചൽ കൈവിടാത്തവർ. രണ്ടും ഒരുപോലെ അരോചകം, അസഹനീയം.
അപവാദങ്ങൾ ഇല്ലെന്നല്ല. പക്ഷേ കുറവാണ്. ഇവിടെയാണ് 'സർക്കീട്ട്' എന്ന സിനിമയിലെ ജെപ്പു എന്ന ജഫ്രോൺ വ്യത്യസ്തനാകുന്നത്. ഇത്രയും സ്വാഭാവികതയോടെ, തന്മയത്വത്തോടെ സ്വന്തം വേഷം അഭിനയിച്ച മറ്റൊരു കുട്ടിത്താരത്തെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സത്യത്തിൽ സർക്കീട്ട് എന്ന സിനിമയുടെ ആത്മാവ് തന്നെ ജെപ്പുവായി അഭിനയിച്ച ഓർഹാൻ ഹൈദറാണ്. അഭിനയവും ജീവിതവും തമ്മിലുള്ള അതിർ രേഖകൾ മാഞ്ഞുപോകുന്ന നിമിഷങ്ങൾ ഏറെയുണ്ട് സർക്കീട്ടിലെ ജെപ്പുവിന്റെ പ്രകടനത്തിൽ.
എഡിഎച്ച്ഡി (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) എന്ന പ്രത്യേക അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടിയാണ് സർക്കീട്ടിലെ ഏഴുവയസ്സുകാരൻ ജെപ്പു. പ്രവചനാതീതമായ പെരുമാറ്റത്തിന്റെ ഉടമ. തൊട്ടതിനും പിടിച്ചതിനുമെല്ലാം കലഹിക്കും അവൻ. കൂടെ നിൽക്കുന്നവർക്ക്, അച്ഛനമ്മമാർക്ക് പോലും, ആ പെരുമാറ്റം ഉൾക്കൊള്ളുക എളുപ്പമാവില്ല.
അത്തരം പെരുമാറ്റപ്രശ്‌നങ്ങളുള്ളവരുമായി നിത്യജീവിതത്തിൽ ധാരാളം ഇടപഴകിയിട്ടുള്ളത് കൊണ്ടാവാം, ഓർഹാന്റെ അഭിനയം മനസ്സിനെ തൊട്ടു. അതിഭാവുകത്വം കൊണ്ട് പാളിപ്പോകാനിടയുള്ള രംഗങ്ങളിൽ പോലും നിയന്ത്രിതമായ അഭിനയം കാഴ്ച്ചവെക്കുന്നു ഈ തിരുവല്ലക്കാരൻ കുട്ടി. സർക്കീട്ടിന്റെ സംവിധായകൻ തമാർ കെ വിക്ക് വേണം നന്ദി പറയാൻ. ഒപ്പം സ്വന്തം വേഷങ്ങൾ ഭംഗിയാക്കിയ ആസിഫ് അലി, ദിവ്യപ്രഭ, ദീപക് പറമ്പോൽ എന്നിവർക്കും. അനവസരത്തിൽ കടന്നുവരുന്ന ഗാനങ്ങൾ ഒഴിച്ചുനിർത്തിയാൽ കാണാൻ കൊള്ളാവുന്ന ഒരു കൊച്ചുപടം.
Published: 14 Jan 2026, 08:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented