
ഒരു കാലത്ത് ഇന്ത്യയിലും യൂറോപ്പിലും മരണത്തിന്റെ ഭീതി വിതച്ച ചാള്‍സ് ശോഭ്‌രാജ്. കൊന്നും കവര്‍ച്ച ചെയ്തും കിട്ടുന്ന സമ്പത്ത് ആഡംബര ജീവിതത്തിനായി ഉപയോഗിച്ച കൊടുംകുറ്റവാളി. 1972-നും 1976-നും ഇടയില്‍ പന്ത്രണ്ട് പേരെ ശോഭ്‌രാജ് കൊന്നുതള്ളിയെന്നാണ് ഔദ്യോഗിക കണക്കുകളില്‍. എന്നാല്‍ മൂപ്പതിലേറെയാളുകള്‍ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍ പറയുന്നത്. 1976-ല്‍ ഇന്ത്യ ശോഭ്‌രാജിനെ 21 വര്‍ഷം തടവിനു ശിക്ഷിച്ചു. പുറത്തിറങ്ങി ഫ്രാന്‍സിലേക്കു കടന്നു. 2003-ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ നേപ്പാളിലെത്തിയപ്പോഴാണ് പിടിയിലായത്.
ഇരുപത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ശോഭ്‌രാജ് നേപ്പാളില് നിന്ന് സ്വതന്ത്രനാകുമ്പോള്‍ ഇനിയുള്ള കാലം ഇയാളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ആശങ്ക തോന്നുന്നുവെങ്കില്‍ അതിനെ ഒരിക്കലും തള്ളിക്കളയാനാകില്ല. അതുകൊണ്ടു തന്നെയാണ് ശോഭ്‌രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ദ സെര്‍പന്റ്' എന്ന വെബ് സീരീസ് വീണ്ടും ചര്‍ച്ചയാകുന്നത്. ടോം ഷാങ്ക്ലാന്‍ഡ്, ഹാന്‍സ് ഹെര്‍ബോട്ട്സ് എന്നിവര്‍ സംവിധാനം ചെയ്ത ഈ വെബ്സീരീസ് 8 എപ്പിസോഡുകളായാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. തഹര്‍ റഹിം, ജെന്ന കോള്‍മാന്‍, അമേഷ് എഡീശ്വര, ബില്ലി ഹൗലെ എന്നിവരാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭ്‌രാജിന്റെ അസാധാരണമായ ജീവിതത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും വെളിച്ചം വീശുകയാണ് ദ സര്‍പ്പന്റ്
ആരാണ് ചാള്‍സ് ശോഭ്‌രാജ്?
വിയറ്റ്‌നാമിലെ സൈഗോണില്‍ ഇന്ത്യക്കാരനായ പിതാവിന്റെയും വിയറ്റ്‌നാമുകാരിയായ മാതാവിന്റെയും മകനായി 1944-ല്‍ ആയിരുന്നു ചാള്‍സ് ശോഭ്‌രാജിന്റെ ജനനം. സൈഗോണിലെ തെരുവുകളിലായിരുന്നു ബാല്യകാലം. എന്നാല്‍, അമ്മ ഒരു ഫ്രഞ്ച് ആര്‍മി ഓഫീസറെ വിവാഹം കഴിച്ചതോടെ അയാളുടെ ജീവിതം അപ്പാടെ മാറി. അവര്‍ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭ്‌രാജിനെ ഒരു ഫ്രഞ്ച് ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍നിന്നു പുറത്തിറങ്ങിയ ശോഭ്‌രാജ് തന്റെ കുറ്റകൃത്യ ജീവിതത്തിനു തുടക്കമിടുകയാണ് ചെയ്തത്.
1960-കളുടെ തുടക്കത്തില്‍ മോഷണക്കേസുകളില്‍ പലവട്ടം പോലീസ് ശോഭ്‌രാജിനെ അറസ്റ്റു ചെയ്തു. ചാന്റല്‍ കോംപാഗ്നോണ്‍ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭ്‌രാജ് ഒരു പുതിയ മനുഷ്യനാവാന്‍ ശ്രമിച്ചു. എന്നാല്‍, അങ്ങനെ മാറാന്‍ ശോഭ്‌രാജിനാവുമായിരുന്നില്ല. മോഷണവും കള്ളക്കടത്തും തുടര്‍ന്നു. ഒടുവില്‍ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശോഭ്‌രാജ് മേരി ആന്‍ഡ്രീ ലെക്ലെര്‍ക്ക് എന്ന കനേഡിയന്‍ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.
1970-കളിലാണ് ശോഭ്‌രാജ് യൂറോപ്പില്‍ മരണത്തിന്റെ ഭീതിവിതച്ചത്. 1972-നും 1976-നും ഇടയില്‍ ശോഭ്‌രാജ് കൊന്നുതള്ളിയത് രണ്ടു ഡസന്‍ മനുഷ്യരെയാണ്. ആദ്യകാലത്ത് ബിക്കിനി കില്ലര്‍ എന്നായിരുന്ന ശോഭ്‌രാജിന്റെ അപരനാമം. ക്രൂരന്‍, വഞ്ചകന്‍, സാത്താന്‍ തുടങ്ങിയ അര്‍ഥം വരുന്ന 'ദി സെര്‍പന്റ്'. എന്ന പേരും ശോഭ്‌രാജിനു ചാര്‍ത്തിനല്‍കി. 1976-ലാണ് ശോഭ്‌രാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാല്‍, അന്ന് ശോഭ്‌രാജ് സമര്‍ഥമായി ജയില്‍ചാടി.
അതിനു ശേഷം പല രാജ്യങ്ങളില്‍ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവില്‍ തന്റെ തട്ടിപ്പുപരിപാടികള്‍ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭ്‌രാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യന്‍ പോലീസ് കുറ്റം ചുമത്തി. ഒടുവില്‍ ഇത് ശോഭ്‌രാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാല്‍, 1986-ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍നിന്നു ശോഭ്‌രാജ് സമര്‍ഥമായി രക്ഷപ്പെട്ടു. എന്നാല്‍, ഒരുമാസത്തിനു ശേഷം പിടിയിലായി.
ജയില്‍ ചാടിയതിന്റെ ശിക്ഷകള്‍ കൂടി അനുഭവിച്ച ശേഷം 1997-ല്‍ ശോഭ്‌രാജ് പുറത്തിറങ്ങുന്നത്. തുടര്‍ന്ന് പാരീസിലേക്കു പോയ ഇയാള്‍ അവിടെ ആഡംബര ജീവിതം നയിച്ചു. ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല 2003-ല്‍ ശോഭ്‌രാജ് നേപ്പാളില്‍വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975-ല്‍ കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്. ആ കേസില്‍ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. 2004-ല്‍ ജയില്‍ ചാടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
2008-ല്‍ ശോഭ്‌രാജ് നേപ്പാളി വനിത നിഹിത ബിശ്വാസുമായുള്ള വിവാഹം പ്രഖ്യാപിച്ചു. അമേരിക്കന്‍ കണ്ടക്ടര്‍ ഡേവിഡ് വുഡാര്‍ഡ് ദി ഹിമാലയന്‍ ടൈംസിന് അയച്ച കത്തിലാണ് ഈ ബന്ധത്തിന്റെ ആധികാരികത സ്ഥിരീകരിച്ചത്. വൈകാതെ ബ്രോണ്‍സിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയര്‍ എന്ന കനേഡിയനെ കൊന്ന കുറ്റത്തിന് ചാള്‍സ് ശോഭ്‌രാജിന് വിചാരണ നേരിടേണ്ടി വന്നു. വാര്‍ധക്യസഹജമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശോഭ്‌രാജ് ജയില്‍ മോചിതനാകുമ്പോള്‍ ഇനി എന്തെല്ലാം സംഭവവികാസങ്ങള്‍ക്ക് ലോകം സാക്ഷി വഹിക്കേണ്ടി വരും? താന്‍ ചെയ്ത കാര്യങ്ങള്‍ തെറ്റായിരുന്നുവെന്നും തന്റെ ക്രൂരതയില്‍ ഞെരിഞ്ഞില്ലാതായ ജീവിതങ്ങള്‍ക്ക് വിലയുണ്ടെന്നും അയാള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നത് തന്നെ അതിന് കാരണം.
Content Highlights: Charles Sobhraj, serial killer freed, the serpent web series, Netflix
Published: 23 Dec 2022, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented