
ഹൈദരാബാദില്‍ വെള്ളിയാഴ്ച ഉച്ച മുതല്‍ തുടങ്ങിയ അതിനാടകീയമായ രംഗങ്ങള്‍ക്ക് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് താത്ക്കാലിക തിരശ്ശീല വീണിരിക്കുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത തെലുങ്ക് നടന്‍ അല്ലു അര്‍ജുന് ജയിലില്‍ കഴിയേണ്ടി വന്നത് ഒരു രാത്രി. പുഷ്പ-2 സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിലാണ് അല്ലുവിനെ ഹൈദരാബാദ് സ്‌പെഷ്യല്‍ ടാസ്‌ക് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ ചെയ്ത് ഉത്തരവിട്ടു. എന്നാല്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലുവിനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി താരത്തിന് നാലാഴ്ചത്തെ ജാമ്യം അനുവദിച്ചു.
പക്ഷേ അതിനൊന്നും അല്ലുവിന്റെ ജയില്‍വാസത്തെ തടുക്കാന്‍ കഴിഞ്ഞില്ല. ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് രാത്രി 11 മണിയോടെയാണ് ജാമ്യ ഉത്തരവ് ലഭിച്ചത്. എന്നാല്‍ തടവുപുള്ളികളെ രാത്രി വൈകി മോചിപ്പിക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കിയതോടെ അല്ലുവിന് ഒരു രാത്രി ജയിലിനുള്ളില്‍ കഴിച്ചു കൂട്ടേണ്ടി വന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് മുമ്പ് താരം ജയില്‍മോചിതനായി. നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസില്‍ ആദ്യം എത്തിയ അല്ലു അവിടെ നിന്ന് വീട്ടിലേക്ക്. ഏറെ വൈകാരികമായ രംഗങ്ങളാണ് വീടിന് മുന്നിലുണ്ടായത്. ഭാര്യ സ്‌നേഹ റെഡ്ഡി കണ്ണീരോടെ താരത്തെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. അരികിലേക്ക് ഓടിയെത്തിയ മക്കളെ അല്ലു വാരിയെടുത്തു. ഇതെല്ലാം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.
ഇതിന് പിന്നാലെ ഈ അറസ്റ്റിന്റെ യാഥാര്‍ഥ്യവും നാടകീയതയും ആളുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. അല്ലു രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ഈ അറസ്റ്റ് നാടകമെന്നും ചിലര്‍ വാദിച്ചു. പുഷ്പ-2വിന്റെ ഡല്‍ഹിയിലെ വിജയാഘോഷത്തിനിടെ അല്ലു നടത്തിയ പ്രസംഗവും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും ഈ വാദത്തെ ന്യായീകരിക്കാനായി ചിലര്‍ കൂട്ടുപിടിച്ചു. ഇത് പുതിയ ഇന്ത്യയാണെന്നും ഇത് നിലച്ചുപോവുകയോ ആര്‍ക്കും മുമ്പില്‍ തല കുനിക്കുകയോ ഇല്ലെന്നായിരുന്നു അല്ലുവിന്റെ പ്രസംഗത്തിലെ വാചകങ്ങള്‍. ''സംഖ്യകള്‍ താത്ക്കാലികമാണ്. സ്‌നേഹമാണ് ഹൃദയത്തിലെന്നും നിലനില്‍ക്കുക. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഇപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പക്ഷേ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഈ റെക്കോഡ് തകരും. അത് തെലുങ്കോ തമിഴോ ഹിന്ദിയോ ഏത് ഭാഷയെന്നത് പ്രശ്‌നമല്ല. അതാണ് വളര്‍ച്ചയുടെ അടയാളം. ഇന്ത്യ മുന്നേറുകയാണ് എന്നാല്‍ അതിനര്‍ഥം. എത്രയും പെട്ടെന്ന് ഈ റെക്കോഡ് തകരട്ടെ. ഭാവിയില്‍ ലോകത്തെ നയിക്കുക ഇന്ത്യയാണെന്ന് ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യ തലസ്ഥാനത്ത് നിന്ന് പറയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.'- ഇതായിരുന്നു അല്ലു ഡല്‍ഹിയില്‍ പ്രസംഗിച്ചത്. എന്നാല്‍ അല്ലു അര്‍ജുന്റെ ടീം ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളി രംഗത്തെത്തിയിരുന്നു.

ഇതിനൊപ്പം കൊനിഡേല കുടുംബവും അല്ലു കുടുംബവും തമ്മിലുള്ള അസ്വാസര്യങ്ങളും ഈ അറസ്റ്റിലേക്ക് നയിച്ചതായും വിലയിരുത്തലുകളുണ്ട്. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ളവരാണ് എഴുത്തുകാരനും നടനുമായ അല്ലു രാമലിംഗയ്യയും എഴുത്തുകാരനായ കൊനിഡേല വെങ്കട് റാവുവും. അല്ലു രാമലിംഗയ്യയുടെ മക്കളാണ് സുരേഖയും അല്ലു അരവിന്ദും. കൊനിഡേല വെങ്കട് റാവുവിന്റെ മക്കളാണ് നടന്‍മാരായ ചിരഞ്ജീവിയും നാഗേന്ദ്ര ബാബുവും പവന്‍ കല്ല്യാണും. ഈ രണ്ട് കുടുംബങ്ങളേയും ബന്ധിപ്പിക്കുന്ന കണ്ണി സുരേഖയാണ്. സുരേഖയെ വിവാഹം ചെയ്തത് ചിരഞ്ജീവിയാണ്.
അല്ലു കുടുംബവും കൊനിഡേല കുടുംബവുമാണ് തെലുങ്ക് സിനിമയുടെ നട്ടെല്ല്. അല്ലു അരവിന്ദിന്റെ മക്കളായ അല്ലു അര്‍ജുനും അല്ലു സിരീഷും നടന്‍മാരാണ്. അല്ലു വെങ്കടേഷ് മാത്രമാണ് ബിസിനസിലേക്ക് വഴിമാറിയത്. അതുപോലെ ചിരഞ്ജീവിയും സഹോദരങ്ങളായ നാഗേന്ദ്ര ബാബുവും പവന്‍ കല്ല്യാണുമാണ് തെലുങ്ക് സിനിമയെ ഭരിക്കുന്നത്.
എന്നാല്‍ ഈ കുടുംബങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയത് പവന്‍ കല്ല്യാണ്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ്. ബിജെപിയുടെ പിന്തുണയോടെയാണ് പവന്‍ കല്ല്യാണിന്റെ പാര്‍ട്ടി ജനസേന നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചത്. പിതാപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച പവന്‍ കല്ല്യാണ്‍ ആന്ധ്രാ പ്രദേശിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. എന്നാല്‍ അതേ ദിവസം സായ് തേജ്, അല്ലു അര്‍ജുനേയും ഭാര്യ സ്നേഹ റെഡ്ഡിയേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലും ഹൈദരാബാദില്‍ നടത്തിയ വിജയാഘോഷത്തിന്റെ ഭാഗമായുള്ള പാര്‍ട്ടിയിലും അല്ലു അര്‍ജുനും കുടുംബവും പങ്കെടുത്തിട്ടില്ല.
രാഷ്ട്രീയപരമായി അല്ലു എതിര്‍ ചേരിയില്‍ നില്‍ക്കുന്നതുകൊണ്ടാണ് ഈ പ്രശ്നങ്ങളുണ്ടായതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശില്‍പ രവിചന്ദ്ര കിഷോര്‍ റെഡ്ഡിയുടെ നന്ദ്യാലയിലെ പ്രചാരണത്തിന് അല്ലു അര്‍ജുനും പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തായതിനാലാണ് താന്‍ പ്രചാരണത്തിന്റെ ഭാഗമായതെന്ന് അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അല്ലു കുടുംബത്തിന് എപ്പോഴും താത്പര്യം വൈഎസ്ആര്‍ കോണ്‍ഗ്രസിനോടാണെന്നും അതിനാലാണ് അല്ലു പ്രചാരണത്തില്‍ പങ്കെടുത്തതെന്നുമാണ് ജനസേനാ പാര്‍ട്ടി കരുതുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തെലങ്കാന ബിആര്‍എസില്‍ നിന്ന് രാജിവെച്ച് അല്ലുവിന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നിട്ടും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അല്ലുവിനെ അറസ്റ്റ് ചെയ്യാന്‍ കൂട്ടുനിന്നത് എങ്ങനെയാണെന്നും ആരാധകര്‍ ചോദ്യമുന്നയിക്കുന്നു. അതേസമയം തെലങ്കാനയില്‍ പ്രതിപക്ഷത്തുള്ള ബിആര്‍എസ് അല്ലുവിന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
അല്ലുവിന്റെ ഭാര്യാപിതാവ് കോണ്‍ഗ്രസുകാരനാണെങ്കിലും തെലങ്കാനയില്‍ അല്ലു കുടുംബത്തിന് ചായ്‌വ് ബിആര്‍എസിനോട് ആണെന്നും ഇത് കോണ്‍ഗ്രസിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതുപോലെ ആന്ധ്രാ പ്രദേശിലെ വൈസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയായ വൈഎസ്ആര്‍ ശര്‍മിളയാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ്. ഈ രാഷ്ട്രീയ വൈരാഗ്യവും കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായി അല്ലു മാറാന്‍ കാരണമായിട്ടുണ്ടാകാം.
Content Highlights: any politics involved in allu arjuns arrest
Published: 14 Dec 2024, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented