
2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത് ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് എന്ന ചിത്രമായിരുന്നു. ഒരു ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളും അവര്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷവുമായിരുന്നു പ്രമേയം. ഇപ്പോള്‍ ലഭിച്ച പുരസ്കാരം വ്യത്യസ്തമായ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം നല്‍കുന്നതാണെന്ന് പറയുകയാണ് ജിജോ ആന്റണി. ഒപ്പം അടിത്തട്ടിന് പിന്നിലെ ചില അറിയാക്കഥകളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് ഈ യുവസംവിധായകന്.
പുരസ്കാരത്തില്‍ വലിയ സന്തോഷം
'അടിത്തട്ടി'ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വ്യത്യസ്തമായ സിനിമകള്‍ ആലോചിക്കാനുള്ള ഊര്‍ജമാണ് ഇത്തരം പുരസ്കാരങ്ങള്‍.

പൂര്‍ണമായും കടലിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം എന്ന ആശയം
എന്റെ നാട് കൊല്ലമാണ്. പൂര്‍ണമായും കടലില്‍, ബോട്ടില്‍ ഒരു സിനിമ ചെയ്യണമെന്ന് നേരത്തേമുതല്‍ ആഗ്രഹിക്കുന്നതാണ്. ലോക്ഡൗൺ കാലത്ത് കരയില്‍ സിനിമാ ചിത്രീകരണത്തിന് അനുവാദമില്ലാതിരുന്ന സമയത്താണ് ഇങ്ങനെയൊരു ആശയം വരുന്നത്. ആ സാഹചര്യമായതുകൊണ്ടാണ് കാര്യങ്ങള്‍ പെട്ടന്ന് നടന്നത്. തല എന്ന സിനിമ ചെയ്തുനില്‍ക്കുകയായിരുന്നു തിരക്കഥാകൃത്ത് ഖൈസ് മിലന്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ബന്ധപ്പെട്ട് അദ്ദേഹം കൊച്ചിയിലുണ്ടായിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ ഓരോ പ്ലോട്ടൊക്കെ ചര്‍ച്ച ചെയ്യും. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്.
കടലിലെ ഷൂട്ടിങ്ങിന്റെ തയ്യാറെടുപ്പുകള്‍
തിരക്കഥ പൂര്‍ത്തിയാക്കിയതിനു ശേഷം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയിരുന്നു. ഒന്നു രണ്ട് ട്രിപ്പൊക്കെ പോയി എന്തെല്ലാം, എങ്ങനെയൊക്കെയാണ് എന്നൊക്കെ നോക്കിയിട്ടാണ് തിരിച്ചുവരുന്നതും ഭാവികാര്യങ്ങള്‍ പദ്ധതിയിടുന്നതും. പ്ലാന്‍ ചെയ്ത സമയത്ത് കടലില്‍ വലിയ തിരയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ചിത്രീകരണസമയത്ത് നേരെ തിരിച്ചായിരുന്നു. അത്രയും അപകടം മുന്നില്‍ക്കണ്ടായിരുന്നു ഷൂട്ടിങ്. സിനിമയിലെ സംഭാഷണങ്ങള്‍ മത്സ്യത്തൊഴിലാളികളെ കേള്‍പ്പിച്ച് യഥാര്‍ഥ ജീവിതത്തില്‍ അതെങ്ങനെ പറയുമെന്ന് അവരെക്കൊണ്ടുതന്നെ പറയിപ്പിച്ച് നോക്കിയിരുന്നു.

ഒരു ഷോട്ട് പോലും എടുക്കാന്‍ പറ്റില്ലെന്ന് തോന്നിയിട്ടുണ്ട്
22 ദിവസങ്ങള്‍കൊണ്ട് ഷൂട്ടിങ് തീര്‍ത്തിരുന്നു. കടലിലേക്കും തിരിച്ചും വന്നുംപോയുമായിരുന്നു ചിത്രീകരണം. കാലാവസ്ഥയൊന്നും നോക്കാതെ പോവേണ്ടി വന്നിരുന്നു. അപ്പോഴത്തെ ആവേശത്തിന് കൂടുതല്‍ പഠിക്കാനൊന്നും നിന്നില്ല. പിന്നീടാണ് കടലിന്റെ കാഠിന്യം മനസിലായത്. ആദ്യത്തെ തവണ പോയപ്പോള്‍ ഒരു ഷോട്ടുപോലും എടുക്കാന്‍ പറ്റില്ലെന്നായിരുന്നു കരുതിയത്. തിരമാലയില്‍പ്പെട്ട് ബോട്ട് ആടിക്കൊണ്ടിരിക്കുകയാണല്ലോ. ബോട്ടില്‍ എങ്ങനെ ബാലന്‍സ് ചെയ്ത് നില്‍ക്കണം എന്ന് നടന്മാരും അണിയറപ്രവര്‍ത്തകരും പ്രാക്ടീസ് ചെയ്ത ശേഷമാണ് ചിത്രീകരണം നടത്തിയത്. കടലിലേക്ക് പോകുമ്പോള്‍ ബോട്ടില്‍ നില്‍ക്കുകയും നടക്കുകയുമൊക്കെ ചെയ്തായിരുന്നു പരിശീലനം. ഒരു ദിവസം കാണുന്ന രീതിയിലായിരിക്കില്ല പിറ്റേ ദിവസം കടല്‍.
കരയില്‍ ചെയ്യുന്ന പോലെ കടലില്‍ ഷൂട്ട് ചെയ്യാന്‍ പറ്റില്ല
എപ്പോള്‍ വേണമെങ്കിലും അപകടം പറ്റാവുന്ന സ്ഥിതിയായിരുന്നു. സത്യം പറഞ്ഞാല്‍ എല്ലാവരും രക്ഷപ്പെട്ടു വരികയായിരുന്നു. കരയില്‍ ചെയ്യുന്ന പോലെ കടലില്‍ ഷൂട്ട് ചെയ്യാന്‍ പറ്റില്ല. താരമൂല്യം ഒന്നും നോക്കാതെയാണ് സണ്ണി വെയ്നും ഷൈന്‍ ടോം ചാക്കോയുമെല്ലാം ഈ ചിത്രത്തോട് സഹകരിച്ചത്. സഹായികള്‍ പോലുമില്ലാതെയാണ് അവര്‍ വന്നത്. കൂടെ നിന്ന് സഹായിച്ചതു കൊണ്ടാണ് ഈ ചിത്രം എനിക്ക് തീര്‍ക്കാന്‍ പറ്റിയത്. സാധാരണ സിനിമ പോലെയല്ല ചെയ്തത്. ബോട്ടില്‍ക്കയറി കടലില്‍ എത്തിയാല്‍പ്പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമൊന്നും മാറിയിരിക്കാനുള്ള ഇടമില്ലല്ലോ. 26 പേരായിരുന്നു ആകെ ഷൂട്ടിനുണ്ടായിരുന്നത്.

മത്സ്യത്തൊഴിലാളികളെയായിരുന്നു ആദ്യം അഭിനയിപ്പിക്കാനിരുന്നത്
രണ്ട് ബോട്ടുണ്ടായിരുന്നു. കൊല്ലത്തുനിന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നു. ജോസഫ് എന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുണ്ട്, പുള്ളി സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹം വഴിയാണ് ബോട്ടെടുത്തത്. മീന്പിടിത്തക്കാരെത്തന്നെ അഭിനയിപ്പിക്കാന്‍ ഉദ്ദേശിച്ച സിനിമയായിരുന്നു ഇത്. വേറൊരു മൂഡില്‍ ചെയ്യാം എന്നൊക്കെ വിചാരിച്ച് തുടങ്ങിയതാണ്. പിന്നീടാണ് സിനിമാതാരങ്ങളെ വെയ്ക്കാം എന്ന് തീരുമാനിച്ചത്. ഒരാവേശത്തിന്റെ പുറത്ത് എല്ലാവരും വന്ന് അഭിനയിക്കുകയായിരുന്നു. മുഴുവന്‍ കടലിലാണ്, കടലില്‍ പോകാം എന്നൊക്കെ കേട്ടപ്പോള്‍ത്തന്നെ സണ്ണി വെയ്നിനും ഷൈന്‍ ടോം ചാക്കോയ്ക്കും ഇതൊരു പുതിയ ചിന്തയാണല്ലോ എന്ന് തോന്നിയിരിക്കാം. നമ്മളാരും മുമ്പങ്ങനെ പോയിട്ടില്ലല്ലോ. സണ്ണി പക്ഷേ കൂതറ എന്ന പടത്തിനുവേണ്ടി കടലില്‍പ്പോയി ഷൂട്ട് ചെയ്തിട്ടുണ്ട്.
കടലില്‍പ്പോയി ശരിക്ക് മീന്‍ പിടിച്ചു
കൊല്ലത്തായിരുന്നു 'അടിത്തട്ടി'ന്റെ ഷൂട്ട്. കരയില്‍നിന്ന് മൂന്നു നാലു മണിക്കൂര്‍ ദൂരത്തൊക്കെ കടലില്‍ പോയി ചിത്രീകരിച്ചിട്ടുണ്ട്. കടലില്‍നിന്ന് ശരിക്ക് മീന്‍ പിടിച്ചു. രണ്ട് ബോട്ടിലും മത്സ്യത്തൊഴിലാളികള്‍ നമുക്കൊപ്പം എപ്പോഴുമുണ്ടാവും. അവരില്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. കടലില്‍നിന്ന് വല പിടിച്ചു കയറ്റുന്നതൊന്നും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ല. ഭയങ്കര ബുദ്ധിമുട്ടുള്ള ജോലിയാണിത്. നല്ല ആരോഗ്യം വേണം. കരയില്‍വെച്ച് ഒരു ഷോട്ടെടുത്ത് അതിന്റെ മറ്റൊരാംഗിളില്‍ ഉള്ള ഷോട്ട് എടുക്കുന്നത് കടലില്‍ ബുദ്ധിമുട്ടാണ്. അവസാന ദിവസങ്ങളിലാണ് സംഘട്ടനരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. എല്ലാം കഴിഞ്ഞപ്പോഴായിരുന്നു എല്ലാം ഭയങ്കര അപകടമായിരുന്നല്ലോ എന്ന് ആലോചിച്ചത്. സാധാരണ ഒരു സിനിമ ചെയ്യുന്നതുപോലെയേ അല്ലായിരുന്നു. ജീവന്മരണ പോരാട്ടമായിരുന്നു സത്യത്തില്‍. അതിന്റെയെല്ലാം ഫലമാണ് ഇപ്പോള്‍ പുരസ്കാരരൂപത്തില്‍ തേടിയെത്തിയിരിക്കുന്നത്.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍
ഐ.എഫ്.എഫ്.കെയില്‍ ഇന്ത്യന്‍ പനോരമയില്‍ ചിത്രം വന്നില്ലായിരുന്നു. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു ഇത്രയും കഷ്ടപ്പെട്ടിട്ട് ഒരംഗീകാരവും തേടിയെത്തിയില്ലല്ലോ എന്ന്. ഇപ്പോള്‍ സംസ്ഥാന പുരസ്കാരം ലഭിച്ചതില്‍ സന്തോഷം. മെല്‍ബണ്‍ അടക്കമുള്ള ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു. കുറച്ച് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ആത്മവിശ്വാസം തരുന്നതാണ് ഇപ്പോഴത്തെ പുരസ്കാരം. പുതിയ സിനിമകളുടെ സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
Content Highlights: adithattu movie director jijo antony interview, kerala state film awards 2022
Published: 24 Jul 2023, 04:26 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented