'ഒറ്റ സിനിമ ചെയ്ത് നിര്‍ത്താനായിരുന്നു പ്ലാന്‍. പക്ഷേ ഇപ്പോള്‍ ചെയ്തുചെയ്ത് 30 സിനിമയോളമായി.' പറയുന്നത് ശ്രുതി ജയനാണ്. താന്‍ സിനിമയില്‍ വരുന്നത് ഇഷ്ടമില്ലാതിരുന്ന വീട്ടുകാരെ ഒരുവിധം സമ്മതിപ്പിച്ചാണ് ശ്രുതി സിനിമയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. അതും ലിജോ ജോസ് പെല്ലിശ്ശേരി എന്ന, ആരാധകരേറെയുള്ള, സംവിധായകന്റെ ചിത്രത്തിലൂടെ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആ അഭിനയയാത്ര ഇപ്പോള്‍ തെലുങ്കും ബോളിവുഡുമെല്ലാം എത്തിനില്‍ക്കുന്നു. നര്‍ത്തകികൂടിയായ ശ്രുതിക്ക് ഉള്ളില്‍ അടക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്വപ്‌നംകൂടിയുണ്ട്. സമീപഭാവിയില്‍ അത് നിറവേറ്റുമെന്നാണ് ശ്രുതി അടിയുറച്ച് വിശ്വസിക്കുന്നത്. ആ സ്വപ്‌നത്തേക്കുറിച്ചും തീയേറ്ററിലെത്തിയ പുതിയ ചിത്രമായ കുറുക്കനേക്കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമുമായി മനസുതുറക്കുകയാണ് ശ്രുതി.

To advertise here,

കോണ്‍സ്റ്റബിളില്‍ നിന്ന് പ്രൊമോഷന്‍ കിട്ടി എസ്.ഐ ആയി

തിരക്കഥാകൃത്ത് മനോജ് രാംസിംഗ് സാറാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നതും കാസ്റ്റ് ചെയ്യുന്നതും. വിനീതേട്ടനൊക്കെയായുള്ള ചര്‍ച്ചയ്ക്കൊടുവിലാണ് അത് സംഭവിക്കുന്നത്. എന്റെ സിനിമാഭിനയം തുടങ്ങുന്നത് അങ്കമാലി ഡയറീസിലെ പോലീസ് വേഷത്തിലൂടെയാണ്. അതില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. ജനമൈത്രി എന്ന ചിത്രത്തിലും പോലീസ് വേഷം തന്നെയായിരുന്നു. കുറുക്കനിലേത് മൂന്നാമത്തെ പോലീസ് വേഷമാണ്. അന്ന് കോണ്‍സ്റ്റബിള്‍ ആയിരുന്നെങ്കില്‍ ഇന്ന് പ്രൊമോഷന്‍ കിട്ടി എസ്.ഐ ആയി. 

ഞാന്‍ കണ്ട, എനിക്കറിയാവുന്ന പോലീസ് ഉദ്യോഗസ്ഥര്‍

എനിക്ക് ഒരുപാട് പോലീസ് സുഹൃത്തുക്കളുണ്ട്. അത്യാവശ്യം കേസുകളുമൊക്കെയായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടുള്ളയാളുമാണ്. സിനിമയില്‍ കാണിക്കുന്ന ഇമേജല്ല ഞാന്‍ എന്റെ സുഹൃത്തുക്കളായിട്ടുള്ളവരും ഞാന്‍ കണ്ടിട്ടുള്ളവരുമായ പോലീസുകാര്‍ക്കുള്ളത്. അവരും മനുഷ്യരാണ്. ചില തീരുമാനങ്ങളെടുക്കുമ്പോഴാണല്ലോ അവര്‍ സ്വന്തം ശക്തി കാണിക്കുന്നത്. നമ്മുടെ നാട്ടിലെ സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ ശരീരഭാഷയാണ് ഞാന്‍ കുറുക്കനില്‍ അവതരിപ്പിച്ചത്. വിനീതേട്ടന്‍ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം വലിയ വിവരമൊന്നും ഇല്ലാത്തയാളാണ്. കൂടെയുള്ളവര്‍ക്കാകട്ടെ അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുപോലും അറിയില്ല. മേലുദ്യോഗസ്ഥന്‍ പറയുന്നത് മാത്രമാണ് ഡ്യൂട്ടി എന്ന് പല പോലീസ് സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമൊന്നും ഇവര്‍ക്ക് ഒരു പോലീസ് സ്‌റ്റേഷനിലുമില്ല. തിരക്കഥാകൃത്തും സംവിധായകനും കഥാപാത്ര രൂപീകരണസമയത്ത് കണ്ടത് ഇക്കാര്യങ്ങളാവാം.

ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളില്‍ കോമഡി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു

കോമഡി ചെയ്യാന്‍ തീരെ എളുപ്പമല്ല. കുറച്ച് സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യുന്നയാളാണ് ഞാന്‍. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ജോളി ടൈപ്പാണ്. പക്ഷേ ഞാനും വിനീതേട്ടനും അശ്വതുമായിട്ടുള്ള ടീം വര്‍ക്ക് വളരെ നല്ലതായിരുന്നു. ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളില്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അവര്‍ രണ്ടുപേരുമായൊക്കെ ചര്‍ച്ച ചെയ്തിട്ടാണ് കോമഡി രംഗങ്ങള്‍ ചെയ്തത്. മുമ്പ് ചെയ്ത ജനമൈത്രിയിലും കോമഡി കലര്‍ന്ന പോലീസ് വേഷമായിരുന്നു. കുറുക്കനില്‍ സംഭാഷണങ്ങള്‍ക്ക് പകരം വളരെ സൂക്ഷ്മമായ ഭാവങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. ഒതുങ്ങിയ രീതിയില്‍ തമാശ ചെയ്ത് ഫലിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. വിനീതേട്ടന്‍ വേറെ ഒരു ഷെയ്ഡിലാണ് നില്‍ക്കുന്നത്. അശ്വതും അങ്ങനെ തന്നെ. ഞാനും ഒന്ന് മാറിപ്പോയാല്‍ ആകെ പാളിപ്പോകുമായിരുന്നു. മൂന്ന് പേരും കൃത്യം മീറ്ററില്‍ ചെയ്തില്ലെങ്കില്‍ ഉദ്ദേശിച്ച രീതിയില്‍ വരുമായിരുന്നില്ല.

തമാശ ജീവിതത്തിന്റെ ഭാഗമാക്കിയ ശ്രീനിവാസന്‍ സാര്‍

ശ്രീനിവാസന്‍ സാര്‍ വന്നതിനേക്കാള്‍ ആരോഗ്യം മെച്ചപ്പെട്ടാണ് സെറ്റില്‍ നിന്ന് പോയത്. ഞാന്‍ ഒരു നര്‍ത്തകി കൂടിയാണ്. ചെന്നൈ കലാക്ഷേത്രയിലാണ് പഠിച്ചത്. കല എങ്ങനെയാണ് ഒരു മനുഷ്യനെ സുഖപ്പെടുത്തുന്നത് എന്ന് നേരിട്ടറിയാം. സിനിമ ഇത്രയും സ്വാധീനിച്ച ഒരാള്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും വരുന്നതും പഴയപോലെ അതേ ജോലി ചെയ്യുന്നതുമെല്ലാം നേരില്‍ക്കണ്ടു. ഒരു നൈസര്‍ഗികമായ കഴിവുകളുള്ള നടനാണ് അദ്ദേഹം. എത്ര വയ്യെങ്കിലും ചിരിച്ചുകൊണ്ട്, ഓരോരോ കൗണ്ടറുകള്‍ അടിച്ചുകൊണ്ടേയിരിക്കും. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അസുഖത്തെയൊന്നും പുള്ളി വകവെയ്ക്കുന്നില്ലെന്ന് തോന്നുന്നു.

'മായ മിസ്സി'ല്‍ നിന്ന് ചെറുതായി പുറത്തുവന്നിട്ടുണ്ട്

ജൂണിലെ മായ മിസ്സില്‍ നിന്ന് ചെറുതായി പുറത്തുവന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും അതുതന്നെയാണ്. പിന്നെ അടുത്തയാഴ്ച കൊറോണ ധവാന്‍ എന്ന ചിത്രമൊക്കെ വരുന്നുണ്ട്. അതുംകൂടിയാകുമ്പോള്‍ മായ മിസ് എന്ന കഥാപാത്രത്തിന്റെ ഇമേജില്‍ നിന്ന് പുറത്തുകടക്കാനാവുമെന്ന് തോന്നുന്നു. ഇപ്പോഴും കണ്ടാല്‍ മായ മിസ്സ് എന്ന് വിളിക്കുന്നവരുണ്ട്. എന്റെ പേര് ആളുകള്‍ക്ക് അത്ര അറിയില്ല.

എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹം

എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അടുത്തിടെ ഒരു വെബ്‌സീരീസിനുവേണ്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്തു. രാജീവ് ഗാന്ധി വധം ആസ്പദമാക്കി ഹിന്ദിയിലാണ് ഈ സീരീസ് ചെയ്തത്. ഞാനൊരു ഡയറക്ടേഴ്‌സ് ആക്ടറാണോ എന്ന് അറിയില്ല. എന്റെ വ്യക്തിത്വം എന്നും കാത്തുസൂക്ഷിക്കണമെന്നും അടയാളപ്പെടുത്തണമെന്നും ആഗ്രഹിക്കുന്ന, എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് കരുതുന്നത്. അത് കോമഡിയായാലും സീരിയസായാലും നെഗറ്റീവായാലും. ഇടയ്ക്ക് ദഹിനി എന്ന ഹിന്ദി ചിത്രം ചെയ്തിരുന്നു.

placeholder
ശ്രുതി ജയൻ, ​ദഹിനി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/iam_sruthyjayan/

ഇമേജ് നോക്കാതെ അഭിനയിക്കും, പരീക്ഷണങ്ങള്‍ ഇഷ്ടം

തെലുങ്കില്‍ ഗോഡ്‌സ് ഓഫ് ധര്‍മപുരി എന്ന വെബ്‌സീരീസ് ചെയ്തിരുന്നു. സീ ഫൈവിലാണത് റിലീസ് ചെയ്തത്. സരോജ എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു അത്. ആദ്യത്തെ അഞ്ച് എപ്പിസോഡുകളില്‍ മധ്യവയസ്‌കയായാണ്‌ പ്രത്യക്ഷപ്പെട്ടത്. പിന്നീടുള്ള എപ്പിസോഡുകളിലാകട്ടെ 45 വയസിന് മുകളിലുള്ള ലുക്കിലും. ഹൈദരാബാദില്‍ കുറച്ച് സുഹൃത്തുക്കളുണ്ട്. രണ്ട് കഥാപാത്രങ്ങളും ചെയ്യാന്‍തക്ക ഒരാളെ നോക്കുകയായിരുന്നു അവര്‍. കുറേ പേരെ ഓഡിഷന്‍ നടത്തി അവസാനമാണ് എന്നിലേക്കെത്തിയത്. മേക്കപ്പ് ഓഡിഷന്‍വരെ ചെയ്തിരുന്നു. പിന്നെ ഞാന്‍ ഇമേജ് നോക്കി ചെയ്യുന്ന ഒരാളല്ല. അമ്പത് വയസുള്ള കഥാപാത്രം തന്നാലും ഞാന്‍ ചെയ്യും. പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. 

സിനിമയും വെബ്‌സീരീസും തമ്മില്‍

സിനിമയും വെബ്‌സീരീസും തമ്മില്‍ മേക്കിങ്ങില്‍ വലിയ വ്യത്യാസം തോന്നിയിട്ടില്ല. ഓ.ടി.ടിയില്‍ മികച്ച രീതിയില്‍ത്തന്നെയാണ് ചെയ്യുന്നത്. നല്ല ഗുണമേന്മയുള്ള അനുഭവം ലഭിക്കാനായി അത്രയും മികച്ച സാങ്കേതികസംവിധാനം തന്നെയാണ് വെബ്‌സീരീസ് നിര്‍മാണത്തില്‍ ഒരുക്കുന്നത്. വേതനമുള്‍പ്പെടെ പല കാര്യങ്ങളിലും വളരെ പ്രൊഫഷണലാണ്. ഇപ്പോള്‍ നാല് ഭാഷകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. കേരളത്തിലാണെങ്കില്‍ വീട്ടിലാണ് നില്‍ക്കുന്നത് എന്നൊരു തോന്നലുണ്ടാവും. അന്യഭാഷകളിലാണെങ്കില്‍ സൗകര്യങ്ങള്‍ കുറച്ചുകൂടിയുണ്ടാവും.

placeholder
​ഗോഡ്സ് ഓഫ് ധർമപുരി എന്ന വെബ്​​സീരീസിൽ ശ്രുതി ജയൻ | ഫോട്ടോ: screen grab

ജീവിതത്തിലെടുത്ത റിസ്‌ക്‌ സിനിമയായിരിക്കാം

വീട്ടിലൊന്നും സമ്മതിക്കാതെ ഒരുപാട് പോരാടിയാണ് ആദ്യ സിനിമ ചെയ്തത്. പിന്നെ അച്ഛന്റെയും സഹോദരന്റെയും മരണം. സിനിമ എന്നത് സുരക്ഷിതമായ മേഖലയാണോ? എന്ന് തുടങ്ങി പലപ്പോഴും വേണോ വേണ്ടയോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഒരെണ്ണം ചെയ്ത് ഇടവേളയെടുക്കാം എന്ന് വിചാരിച്ചിരിക്കുമ്പോഴായിരിക്കും വളരെനല്ല അവസരങ്ങള്‍ വരുന്നത്. അപ്പോള്‍ വീണ്ടും മുന്നോട്ടുപോകാനുള്ള ഊര്‍ജം ലഭിക്കും. വേണ്ടത്ര പിന്തുണയില്ലാതിരുന്ന സമയമൊക്കെ മാറി കാലം തിരിഞ്ഞുവരുന്നൊരു സമയമാണിത്. ഒരു തീരുമാനമെടുത്താല്‍ ഞാനതില്‍ ഉറച്ചുനില്‍ക്കും. ആര് എന്ത് പറഞ്ഞാലും അതില്‍ നിന്ന് മാറ്റമുണ്ടാവില്ല. എന്റെ ശരിയാണ് എനിക്കെന്നും ശരി. ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും വലിയ റിസ്‌ക് സ്വന്തം കുടുംബത്തെ പറഞ്ഞുമനസിലാക്കി ഈ മേഖലയിലേക്ക് വന്നതാണ്. ഭയങ്കരമായി ബുദ്ധിമുട്ടി. ക്ലാസിക്കല്‍ ഡാന്‍സറാണ്. അതില്‍ നിന്ന് വിഭിന്നമായ മേഖലയിലേക്കാണ് വന്നത്. സിനിമ ചെയ്യുന്നതല്ല ബുദ്ധിമുട്ട്. മറിച്ച് കുറച്ചുനാള്‍ ഞാനിവിടെയുണ്ടാകും എന്ന് തീരുമാനമെടുക്കാന്‍ കുറച്ച് സമയമെടുത്തു. അങ്കമാലി ഡയറീസ് ചെയ്യുമ്പോഴും വേണോ വേണ്ടയോ എന്ന ചിന്തയായിരുന്നു. സിനിമ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പല സാഹചര്യങ്ങള്‍ വന്നപ്പോഴും ചിന്തിച്ചിരുന്നു. പക്ഷേ ഒരു പോയിന്റില്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് തോന്നുന്നത് കോവിഡ് സമയത്താണെന്നാണ്.

ഒരു സിനിമ ചെയ്ത് നിര്‍ത്താനായിരുന്നു പ്ലാന്‍

സിനിമയില്‍ അഭിനയിക്കണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരും സമ്മതിച്ചിരുന്നില്ല. സമ്മര്‍ദം ചെലുത്തി വീട്ടില്‍ നിന്നിറങ്ങിവന്ന് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. അച്ഛനോട് എന്റെ ആഗ്രഹം പറഞ്ഞിരുന്നു. പിന്നെ അങ്കമാലി ഡയറീസിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയാണ് എല്ലാം മൊത്തത്തില്‍ മാറ്റിമറിച്ചത്. പുള്ളിയുടെ ക്രാഫ്റ്റ് കണ്ടപ്പോള്‍ കുറച്ചുകൂടി അറിയണമെന്ന് തോന്നി. ക്ലൈമാക്‌സിലെ സിംഗിള്‍ ഷോട്ട് സീന്‍ എടുക്കുമ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. നമ്മളിത് നേരിട്ട് അനുഭവിക്കുകയാണല്ലോ. സിനിമയുടെ മാജിക്ക് മനസിലാവുന്നത് അങ്ങനെയാണ്. ഒന്നില്‍ നിര്‍ത്താന്‍ വിചാരിച്ചിട്ട് ഇപ്പോള്‍ മുപ്പതോളം കഥാപാത്രങ്ങളായി.

placeholder

വെല്ലുവിളിയായ ഗോഡ്‌സ് ഓഫ് ധര്‍മപുരി

മാനസികമായി വളരെ തയ്യാറെടുപ്പുകള്‍ നടത്തി ചെയ്തതായിരുന്നു ഗോഡ്‌സ് ഓഫ് ധര്‍മപുരി എന്ന വെബ്‌സീരീസ്. ദഹിനി എന്ന ചിത്രവും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ദുര്‍മന്ത്രവാദത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു അത്. ദുര്‍മന്ത്രവാദിനി എന്നരോപിച്ച് ഒരു ഗ്രാമം മുഴുവന്‍ പല്ലവി എന്ന പെണ്‍കുട്ടിക്കെതിരേ തിരിയുന്നതാണ് പ്രമേയം. അതിന്റെ ചിത്രീകരണത്തിനിടെ കാലില്‍ പറ്റിയ മുറിവ് ഇപ്പോഴുമുണ്ട്. ഒറീസയിലെ വൈദ്യുതി പോലുമില്ലാത്ത ജുഗല്‍ എന്ന സ്ഥലത്തായിരുന്നു ലൊക്കേഷന്‍. പതിനഞ്ച് ദിവസം രാത്രിയാണ് ഷൂട്ട്. ശാരീരികവും മാനസികവുമായി നന്നായി കഷ്ടപ്പെട്ടു. ചിത്രീകരണം കഴിഞ്ഞിട്ടും രണ്ട് മൂന്ന് ദിവസം അതിന്റെ ഒരു പ്രയാസം ഉണ്ടായിരുന്നു. ഓടുന്ന സീനെടുത്തുകൊണ്ടിരിക്കേ ഏതാനും തവണ വീണ് പരിക്കുപറ്റിയിരുന്നു. അതിന്റെ ഭാഗമായി കുറുക്കന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഫിസിയോ തെറാപ്പിക്ക് പോകുമായിരുന്നു. അതുകൊണ്ട് ഈ പടത്തിലെ ചില രംഗങ്ങളില്‍ കാലില്‍ കെട്ടുണ്ട്.

തീരുമാനങ്ങള്‍ സ്വയമെടുക്കുന്നയാള്‍

ജീവിതത്തില്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ ആരോടും ചോദിക്കാറില്ല. എല്ലാം സ്വയം തീരുമാനിക്കുന്നതാണ്. കൊറോണ ധവാന്‍ എന്ന ചിത്രത്തില്‍ ഒരു ലിപ് ലോക്ക് സീനുണ്ടായിരുന്നു. ആ സമയത്ത് ഒരു ചിന്താക്കുഴപ്പം അനുഭവപ്പെട്ടിരുന്നു. പിന്നെ എന്ത് തീരുമാനമെടുക്കുന്നതിന് മുമ്പ് ഞാന്‍ സ്വയം ഇരുന്ന് ഒന്ന് ആലോചിക്കും. എന്റെയൊരു സ്വഭാവം ആണ്. ശരിയെന്ന് തോന്നുകയാണെങ്കില്‍ ചെയ്യും. നേരത്തേ വെബ്‌സീരീസില്‍ കുറച്ച് ബോള്‍ഡായ രംഗമുണ്ടായിരുന്നു. പിന്നില്‍ നിന്നുള്ള ഷോട്ടായിരുന്നു. സിനിമയാണ്, പ്രൊഫഷനാണ് അഭിനേതാക്കള്‍ അങ്ങനെ ചെയ്യണം. എങ്കിലും വലിയ ആശയക്കുഴപ്പം വന്നാല്‍ വിളിക്കുന്ന ഒന്നോ രണ്ടോ പേരുണ്ട്. അവര്‍ എന്റെ ഗുരുസ്ഥാനത്ത് കാണുന്ന സിനിമയില്‍ അല്ലാത്ത വ്യക്തിത്വങ്ങളാണ്.

placeholder

ഡാന്‍സ് പഠനം, ചിട്ടപ്പെടുത്തല്‍

കലാക്ഷേത്രയില്‍ നിന്ന് വന്നതാണ്. പക്ഷേ എന്റേതായിട്ടുള്ള ക്ലാസുകള്‍ ഞാനെടുക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളുണ്ട്. കൂടുതലും ഓണ്‍ലൈനായാണ് പഠിപ്പിക്കുന്നത്. നേരിട്ടുവരുന്നതുമുണ്ട്. പരിപാടികള്‍ക്ക് പരിശീലനം നല്‍കിവരികയാണ്. കാലിന് വയ്യാത്തതിനാല്‍ ഞാന്‍ കുറച്ച് പിന്നോട്ട് നില്‍ക്കുകയാണ്. തീയേറ്റര്‍ മിക്‌സായ ഡാന്‍സ് പ്രൊഡക്ഷന്‍സ് ചെയ്യാറുണ്ട്. രണ്ട് മീഡിയമാണെങ്കിലും കല തന്നെയാണല്ലോ.

ചെന്നൈ കലാക്ഷേത്രയിലെ അനുഭവങ്ങള്‍

കലാക്ഷേത്രയും സിനിമയും രണ്ടറ്റത്ത് നില്‍ക്കുന്നവയാണ്. അവിടെ ഗുരുകുല സമ്പ്രദായം പോലെയായിരുന്നു. ടി.വിയില്ല, ഫോണില്ല, ന്യൂസ് പേപ്പറുണ്ട്. സിനിമയില്‍ വന്നതേ യാദൃച്ഛികമാണ്. കലാക്ഷേത്രയിലെ നൃത്തപഠനത്തിനിടയ്ക്ക് അഭിനയിച്ചുകൊണ്ടായിരുന്നു നടപ്പ്. എപ്പോഴും ഏതെങ്കിലും പാട്ടുവെച്ചിട്ടോ ഒക്കെ എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കും. നൂറേക്കറിലാണ് കലാക്ഷേത്ര. ഞാന്‍ മുന്നില്‍ നിന്ന് അഭിനയിക്കാത്ത പുല്ലും മരങ്ങളുമില്ല. അഭിനയിക്കാനുള്ള ആഗ്രഹം ചെറുപ്പത്തിലേയുണ്ട്. കലാക്ഷേത്രയിലെത്തിയപ്പോള്‍ പിന്നെയും കൂടി. വീട്ടില്‍പ്പറയാനുള്ള പേടികൊണ്ട് അന്നൊന്നും പറഞ്ഞില്ല എന്നുമാത്രം. വല്ലപ്പോഴും ലോക ക്ലാസിക് ചിത്രങ്ങള്‍ മാത്രം കാണിക്കും. 'ലഗാന്‍' ഒക്കെ അങ്ങനെ കണ്ടതാണ്. പിന്നെ ചലച്ചിത്രമേളകള്‍ക്കും പോകും. പഠനത്തില്‍ തീയേറ്ററും ഭാഗമായതുകൊണ്ട് തീയേറ്റര്‍ സംബന്ധിച്ചുള്ള ചില സിനിമകള്‍ കാണിക്കാറുണ്ട്. ടീച്ചര്‍മാര്‍ക്കൊപ്പം നാന്‍ കടവുള്‍ എന്ന ചിത്രം തീയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. പി.ജി ചെയ്യുന്ന സമയത്ത് രണ്ടാം ശനിയും ഞായറുമാണ് പുറത്തുപോകാനാവുക. ഈ ദിവസങ്ങളില്‍ ചിലപ്പോള്‍ അച്ഛനമ്മമാര്‍ വരും അല്ലെങ്കില്‍ പുറത്തുപോയി സിനിമകാണും. തമിഴ്‌സിനിമയാണ് കാണാന്‍ സാധിക്കുക. പി.ജി കഴിഞ്ഞതിന് ശേഷവും സിനിമ കാണുന്നത് കുറവായിരുന്നു. പത്താംതരം കഴിഞ്ഞതോടെ ടി.വി കാണുന്നത് നിന്നു. ഇപ്പോഴും ടി.വി കാണുന്നത് വളരെ കുറവാണ്. തിയേറ്ററില്‍ പോയി സിനിമ കാണുന്നതാണ് ഇഷ്ടം. എങ്കിലും ഓ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഉള്ളതുകൊണ്ട് പഠിക്കുന്നതിന്റെയും അപ്‌ഡേറ്റഡ് ആവുന്നതിന്റെയും ഭാഗമായി സിനിമ കാണും.

placeholder

നൃത്തം എന്ന ചികിത്സാരീതി

എന്റെ പണ്ടത്തെ യൂട്യൂബ് തുറന്നാല്‍ കാണാനാവുക മുഴുവന്‍ ക്ലാസിക്കല്‍ ഡാന്‍സായിരിക്കും. എന്റെ ലോകം എന്നുപറഞ്ഞാല്‍ കുറേ കൃതികള്‍ കേള്‍ക്കുക, കംപോസ് ചെയ്യുക. ഡാന്‍സ് കോറിയോഗ്രഫി ചെയ്യുക എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണ്ടും ക്ലാസിക് സിനിമകള്‍ കാണാനിഷ്ടമായിരുന്നു. കോവിഡിന്റെ സമയത്ത് സിനിമകളും ക്ലാസുകളും ഒരേപോലെയുണ്ടായിരുന്നു. എട്ടുമുതല്‍ പത്തുവരെ മണിക്കൂറൊക്കെ ക്ലാസെടുക്കുമായിരുന്നു. ചികിത്സ എന്ന പോലെ നൃത്തപരിശീലനം നല്‍കുന്നുണ്ട്. നൃത്തത്തിലെ ചലനങ്ങളാണ് ഇതില്‍ പഠിപ്പിക്കുന്നത്. എങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാം തുടങ്ങിയ കാര്യങ്ങള്‍കൂടിയുണ്ട്. നൃത്തത്തിലൂടെ സമൂഹത്തിനും നാളെ എന്തെങ്കിലുമൊക്കെ കൊടുക്കണമല്ലോ. കല കാരണം, പ്രത്യേകിച്ച് ഭരതനാട്യം പരിശീലിക്കുന്നതുവഴി പല നേട്ടങ്ങളും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. തലച്ചോറില്‍ ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞുകൊടുത്താലല്ലേ ആളുകള്‍ക്ക് ഇതേക്കുറിച്ച് ധാരണയുണ്ടാവൂ. അല്ലെങ്കില്‍ സമൂഹത്തില്‍ ഈ തലമുറ നിന്നുപോവും. ഞാന്‍ തെറാപ്പി ചെയ്തതില്‍ കോമാ സ്‌റ്റേജ് കഴിഞ്ഞുവന്ന ഒരു മോളുണ്ടായിരുന്നു. ഇടതുഭാഗം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഭരതനാട്യം പഠിപ്പിക്കണമെന്ന് ഒരു ആയുര്‍വേദ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. അങ്ങനെയാണ് ഡാന്‍സ് ഒരു ചികിത്സയായി നടത്താനാവുമെന്ന് മനസിലായത്. ഒന്നരവര്‍ഷം കൊണ്ട് ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ഡാന്‍സ് തെറാപ്പി സെന്റര്‍ തുടങ്ങണമെന്ന് ആഗ്രഹം

ഡാന്‍സ് തെറാപ്പി പഠിക്കണമെന്ന് വലിയ ആഗ്രഹമാണ്. കാരണം ഇന്ത്യയില്‍ ഇതറിയാവുന്ന മാസ്റ്റര്‍മാര്‍ വളരെ കുറവാണ്. യു.കെയിലും യു.എസ്.എയിലുമുണ്ട്. സിനിമയില്‍ കുറച്ചുകൂടി നിലയുറപ്പിച്ചിട്ട് ഒരു വര്‍ഷമൊക്കെ മാറിനിന്നിട്ട് പഠിക്കും. എന്തായാലും സിനിമയും നൃത്തവും എല്ലാം കല തന്നെയാണല്ലോ. ഇത് രണ്ട് സമന്വയിപ്പിച്ച് എന്തെങ്കിലുമൊക്കെ ചെയ്യണം. പത്തുവര്‍ഷത്തിന് ശേഷം അങ്ങനെയൊരു സ്ഥാപനം തുടങ്ങിയിരിക്കും. വലിയ മാജിക് സംഭവിക്കാവുന്ന മേഖലയാണ് ഡാന്‍സ് തെറാപ്പി. എനിക്കൊരു സഹോദരനുണ്ടായിരുന്നു, മരിച്ചുപോയി. സെറിബ്രല്‍ പാള്‍സിയുള്ള കുട്ടിയായിരുന്നു. സത്യം പറഞ്ഞാല്‍ അതാണ് ഇതിന്റെയെല്ലാം തുടക്കം. കിടപ്പിലായിരുന്നെങ്കിലും പാട്ടും നൃത്തവുമെല്ലാം നന്നായി ആസ്വദിച്ചിരുന്നു. ഇത്തരം കുട്ടികളില്‍ താളവും സംഗീതവും നല്ല സ്വാധീനം ചെലുത്തും. സഹോദരന്റെ മരണശേഷം സേവനം എന്ന നിലയില്‍ ഒരു സ്ഥാപനത്തില്‍ ഡാന്‍സ് തെറാപ്പിസ്റ്റായി പോയിരുന്നു. വലിയൊരു സ്ഥാപനം ആയിരുന്നു. എന്റെ സേവനം അവര്‍ മുതലെടുക്കുന്നുവെന്ന് തോന്നിയപ്പോള്‍ അവിടെ പോവുന്നത് നിര്‍ത്തി. ഇപ്പോള്‍ ഞാനൊരു കുട്ടിയെ പഠിപ്പിക്കാന്‍ പോവുകയാണ്. ഓട്ടിസ്റ്റിക് ആയ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ നര്‍ത്തകിയാണ്. ആ കുട്ടിക്കുള്ള പരിശീലനം അടുത്തമാസം തുടങ്ങും. അധ്യാപികയും ശിഷ്യയും തമ്മിലുള്ള ധാരണയിലാണ് ഇതെല്ലാം നടക്കുന്നത്. ഭരതനാട്യം മാത്രമല്ല തെറാപ്പിയില്‍ ഫലവത്താകുക. ഞാന്‍ ഭരതനാട്യത്തിലാണ് ഊന്നല്‍ കൊടുക്കുന്നത് എന്നേയുള്ളൂ.

തെലുങ്കില്‍ വെബ്‌സീരീസും സിനിമയും, മലയാളത്തില്‍ രണ്ടുചിത്രങ്ങള്‍

എന്റെ കരിയറില്‍ തിരക്കുണ്ടാവുന്നത് ഇപ്പോഴാണ് വന്നത്. കൊറോണ ധവാന്‍ ഉടന്‍ റിലീസാവും. പിന്നാലെ മഹാറാണി എന്ന സിനിമയെത്തും. നാഗചൈതന്യ പ്രധാനവേഷത്തിലെത്തുന്ന ദൂത എന്ന തെലുങ്ക് വെബ്‌സീരീസ്, പിന്നെയൊരു തെലുങ്ക് സിനിമ ഒക്കെ വരുന്നുണ്ട്. കഴിഞ്ഞവര്‍ഷമാണ് കുറച്ച് നല്ല പ്രോജക്റ്റുകള്‍ ചെയ്തത്. അതിന്റെ റിസള്‍ട്ട് കിട്ടാന്‍പോകുന്നത് ഈ വര്‍ഷമാണ്.