കാടും മലയും കടലും കടന്ന് ആഘോഷപൂർവം മഴ വരികയാണ്. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ചാറ്റൽ മഴയുടെ നേർത്ത മർമ്മരം പതുക്കെ മേഘഗർജ്ജനമായി വളരുന്നു. മഴയുടെ ഈ ഭാവപ്പകർച്ച ഏതാനും വരികളിലൂടെ സിനിമയിൽ ആവിഷ്‌കരിക്കേണ്ട ഘട്ടം വന്നപ്പോൾ കാവാലത്തിന്റെ മനസ്സ് അറിയാതെ ഒരു രാഗം മൂളി- സാമന്തമലഹരി. പാടിപ്പതിഞ്ഞ കർണ്ണാടക സംഗീത രാഗമല്ല; ദേശാക്ഷി, പുറനീര്, ശ്രീകണ്ഠി, നളത്ത, മലഹരി, ഭൂപാളി, ഭൗളി, അന്തരി, അന്ധാരി, മാളവി എന്നിവ പോലെ ക്ഷേത്രത്തിലെ യാമങ്ങൾക്കും പൂജകൾക്കും അനുസരിച്ച് ആലപിക്കേണ്ട സോപാനസംഗീതരാഗം.

To advertise here,

സോപാന സംഗീതാചാര്യനായ തൃക്കാംപുറം കൃഷ്ണൻകുട്ടി മാരാർ ആ രാഗത്തിൽ 'നീലകണ്ഠ മനോഹരേ' എന്ന ത്യാണി (സ്തുതി) ഇടക്ക കൊട്ടി പാടിക്കേട്ടിട്ടുണ്ട് കാവാലം. അന്ന് തുടങ്ങിയതാണ് സാമന്തമലഹരിയോടുള്ള സ്‌നേഹം. എന്നെങ്കിലുമൊരിക്കൽ ആ രാഗത്തിൽ ഒരു ഗാനം സൃഷ്ടിക്കണമെന്ന മോഹം സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനുമായി പങ്കുവെച്ചിട്ടുമുണ്ട്. അവസരം ഒത്തുവന്നത് 'കുമ്മാട്ടി' (1979) യിലാണെന്ന് മാത്രം. 'കറുകറ കാർമുകിൽ കൊമ്പനാനപ്പുറത്തേറി' എന്ന ഗാനം രാധാകൃഷ്ണന് കവി ചൊല്ലിക്കൊടുത്തതുതന്നെ സാമന്തമലഹരിയിലാണ്. നാടൻ മട്ടിലുള്ള ആ ആലാപനത്തിൽനിന്ന് രാധാകൃഷ്ണൻ മനോഹരമായ ഒരു ഗാനശിൽപ്പം വാർത്തെടുക്കുന്നു. പശ്ചാത്തലത്തിൽ പേരിനൊരു ചിലമ്പിന്റെ നാദം മാത്രം.

'ഇതാണ് ഞാൻ ഉദ്ദേശിച്ച താളം. ഇതിലും മനോഹരമായി ഈ ഗാനം ചെയ്യാനാവില്ല', പാട്ട് കേട്ട് സംവിധായകൻ അരവിന്ദൻ പറഞ്ഞു. സ്വന്തം സിനിമകളിലെ പാട്ടുകളിൽ അരവിന്ദന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു കറുകറ കാർമുകിൽ. സുഹൃദ് സദസ്സുകളിൽ അദ്ദേഹം പതിവായി പാടിക്കേട്ടിരുന്ന ഗാനം.

തൈക്കാട്ടെ എം.ജി. രാധാകൃഷ്ണന്റെ വസതിയുടെ മുകൾത്തട്ടിലെ മുളകൊണ്ടുണ്ടാക്കിയ 'കൂത്തമ്പല'ത്തിൽ വെച്ചായിരുന്നു ഗാനസൃഷ്ടി. 'രാധാകൃഷ്ണൻ ചേട്ടനും കാവാലം ചേട്ടനും ചേർന്നാൽ നാടൻ പാട്ടിന്റെ വൈവിധ്യമാർന്ന ഒരു ലോകം തന്നെ നമുക്ക് തുറന്നുകിട്ടും', എം.ജി. രാധാകൃഷ്ണന്റെ പത്‌നി പദ്മജയുടെ ഓർമ്മ. 'സാഹിത്യ ബോധമുള്ള സംഗീതജ്ഞനാണ് ചേട്ടൻ. കാവാലമാകട്ടെ നല്ല സംഗീത ബോധവും താളബോധവും ഉള്ള കവിയും. ഫോക് സംഗീതമാണ് ഇരുവർക്കും ഇഷ്ടപ്പെട്ട തട്ടകം. പാടുന്ന ഓരോ ഈണത്തിലും കേൾക്കാം നാടൻ പാട്ടിന്റെ താളം'.

ചിലപ്പോഴൊക്കെ പദ്മജയുടെ അമ്മ അമ്മുക്കുട്ടിയമ്മയും ചേരും ഈ സംഗീതസംഗമത്തിൽ. കണ്ണൂർ ചിറക്കലിൽ ജനിച്ചുവളർന്ന അമ്മുക്കുട്ടി അമ്മക്ക് വടക്കേ മലബാറിലെ അനുഷ്ഠാന കലകളെ കുറിച്ച് ആഴത്തിൽ അറിവുണ്ട്. നാടൻ പാട്ടുകൾ മാത്രമല്ല പഴഞ്ചൊല്ലുകളും സമസ്യാപൂരണവുമൊക്കെ ഇഷ്ടമേഖലകൾ. 'അമ്മയുടെ അത്തരം അറിവുകൾ എത്രയോ പാട്ടുകളുടെ സൃഷ്ടിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട് രാധാകൃഷ്ണൻ ചേട്ടൻ. ഉദാഹരണത്തിന് ചെറുപ്പത്തിൽ കേട്ട് മനസ്സിൽ പതിഞ്ഞ ഒരു തോറ്റം പാട്ടിന്റെ ഓർമ്മയിൽ അമ്മ പാടിക്കൊടുത്തതാണ് ജികി ജികി തക്കം തെയ് തെയ് എന്ന വായ്ത്താരി. അത് കേട്ട് കാവാലവും ചേട്ടനും ഒരേ സ്വരത്തിൽ പറഞ്ഞു: കൊള്ളാം, അസ്സലായിരിക്കുന്നു. ഈ ചൊല്ല് കൂടി നമുക്ക് പാട്ടിൽ ചേർക്കണം. അങ്ങനെയാണ് കറുകറ കാർമുകിൽ എന്ന പാട്ടിനിടക്ക് ജികി ജികി തക്കം തെയ് തെയ് കടന്നുവന്നത്. ഇന്ന് ആ വരി ഇല്ലാതെ ആ പാട്ടിനെ കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല നമുക്ക്'.

'കറുകറ കാർമുകിൽ' എന്ന പാട്ടിനോടും സാമന്തമലഹരിയോടുമുള്ള സ്‌നേഹം തന്നെയാണ് പിൽക്കാലത്ത് `ദേവാസുര'ത്തിന് വേണ്ടി അതേ രാഗത്തിൽ `വന്ദേ മുകുന്ദ ഹരേ ജയ ശൗരേ' എന്ന അഷ്ടപദി മാതൃകയിലുള്ള ഗാനം ചിട്ടപ്പെടുത്താൻ എം.ജി. രാധാകൃഷ്ണന് പ്രചോദനമായതും. ഇതേ രാഗത്തിൽ ഒരു ചലച്ചിത്രേതര ഗാനം കൂടി സൃഷ്ടിച്ചിട്ടുണ്ട് രാധാകൃഷ്ണൻ. തരംഗിണി 1985-ൽ പുറത്തിറക്കിയ 'ഗ്രാമീണ ഗാനങ്ങൾ' (വാല്യം 2) എന്ന ആൽബത്തിലെ 'നിലാവ് നിളയിൽ നീരാടി' (ഗായിക: ആശാലത). കറുകറ കാർമുകിൽ ഉൾപ്പെടെ 'കുമ്മാട്ടി'യിലെ പാട്ടുകൾ എല്ലാം സിനിമയിലെ സന്ദർഭങ്ങൾക്ക് വേണ്ടി എഴുതിയതാണ് കാവാലം എന്നോർക്കുന്നു മകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാർ. ആണ്ടിയമ്പലമോന്തായത്തുമ്മേല്, ആരമ്പത്താരമ്പത്തീരമ്പത്ത്, മാനത്തെ മച്ചോളം തലയെടുത്ത്, മുത്തശ്ശിക്കഥയിലെ... പരമ്പരാഗത ഫോക് ഗാനങ്ങളാണെന്ന് കരുതി യഥാർഥ അവകാശികൾക്ക് ക്രെഡിറ്റ് പോലും നൽകാതെ ആ ഗാനങ്ങൾ പുനരാവിഷ്‌കരിക്കുന്നു പല ബാൻഡുകളും.

'കുമ്മാട്ടി'യിലെ സംഘഗാനങ്ങൾക്കും പശ്ചാത്തല ഗാനങ്ങൾക്കും ശബ്ദം പകർന്ന കുട്ടിപ്പാട്ടുകാരിൽ പിൽക്കാലത്ത് തെന്നിന്ത്യയുടെ വാനമ്പാടിയായി വളർന്ന കെ.എസ്. ചിത്രയും ഉണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകം. മഞ്ജു മേനോൻ, ആർ. ഉഷ, ജെ.പി. ആശ, അൽഫോൻസ, ജയലക്ഷ്മി, കല, രാധികാശേഖർ, കമല ലക്ഷ്മി, രതിറാണി, രാഗിണി, ഹരികൃഷ്ണൻ, ശ്യാമകൃഷ്ണൻ, രാജീവ്, ശ്യാമ തുടങ്ങിയവരായിരുന്നു മറ്റു ഗായകർ. ഗുരു ഗോപിനാഥ് നടനഗ്രാമത്തിലെ ഒരു മണ്ഡപത്തിൽ വെച്ചാണ് കുമ്മാട്ടിയിലെ പാട്ടുകൾ റെക്കോർഡ് ചെയ്തതെന്നാണ് ചിത്രയുടെ ഓർമ്മ. 'പ്രകൃതിയിൽനിന്നുള്ള സ്വാഭാവിക ശബ്ദങ്ങളും പാട്ടിൽ വേണം എന്നത് അരവിന്ദൻ സാറിന്റെ നിർബന്ധമായിരുന്നു. അതാണ് റെക്കോർഡിങ് പുറത്തുവെച്ചാക്കാൻ കാരണം'. വെറുമൊരു സംവിധായകൻ മാത്രമായിരുന്നില്ല അരവിന്ദൻ. ഹിന്ദുസ്ഥാനി ഉൾപ്പെടെയുള്ള സംഗീത ശാഖകളിൽ പ്രാവീണ്യമുള്ള ആളാണ്. സ്വന്തം സിനിമയിലെ സംഗീതം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് അതുകൊണ്ടു തന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്.

വിഖ്യാത നാഗസ്വരവിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരിലെ രാമുണ്ണിപ്പണിക്കരാണ് സിനിമയിലെ കുമ്മാട്ടി. കറുകറ കാർമുകിൽ എന്ന ഗാനരംഗത്ത് പാടി അഭിനയിച്ചതും രാമുണ്ണിപ്പണിക്കർ തന്നെ. കഥയിലെ കുമ്മാട്ടിയേക്കാൾ പ്രവചനാതീതമായ സ്വഭാവവിശേഷങ്ങളുള്ള വ്യക്തിയായിരുന്നു രാമുണ്ണിയെന്ന് കാവാലം പറഞ്ഞുകേട്ടിട്ടുണ്ട്. 'ഞങ്ങൾ തിരഞ്ഞുചെല്ലുമ്പോൾ ഓലകെട്ടിയമ്പലം എന്ന കുഗ്രാമത്തിൽ ഒരു ബാലെ സംവിധാനം ചെയ്യുന്ന തിരക്കിലാണ് രാമുണ്ണി. അരവിന്ദനെ കുറിച്ച് കേട്ടറിവ് പോലുമില്ല പുള്ളിക്ക്. സിനിമയുടെ കാര്യമാണെന്നു പറഞ്ഞപ്പോൾ രണ്ടു ദിവസം വിട്ടുതരാമെന്നു പറഞ്ഞു. വല്ല ബാലെയും ചിട്ടപ്പെടുത്താനാകും എന്നാണ് അദ്ദേഹം കരുതിയത്. അരവിന്ദന് ആകെ പരിഭ്രമമായി. ഇദ്ദേഹത്തെ എങ്ങനെ കുമ്മാട്ടിയാക്കി കൈകാര്യം ചെയ്യും? നിർമമൻ, സർവസംഗ പരിത്യാഗി. അവധൂതൻ. കലയിലെ ഒരു താന്തോന്നി. അദ്ദേഹത്തെ മേയ്ക്കാനുള്ള ചുമതല ഒടുവിൽ ഞാൻ തന്നെ ഏറ്റെടുത്തു: രാമുണ്ണീ, ഞങ്ങളുടെ കൂടെ വരണം. ജീവിതത്തിലെ രണ്ടു മാസം വിട്ടുതരണം. ഭാഗ്യത്തിന് രാമുണ്ണി മറുത്തൊന്നും പറഞ്ഞില്ല. ഒരു രസം കൂടിയുണ്ട്. ഞങ്ങൾ ഷൂട്ടിങ് നടക്കുന്ന ചീമേനി ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോൾ അവിടെ ഒരു കടയുടെ ഇറയത്തൊരു പടുവൃദ്ധ കുത്തിയിരിക്കുന്നു. മുഖം നിറയെ ജരയുടെ മടക്കുകൾ. അവയ്ക്കിടയിലൂടെ ഐശ്വര്യം നിറഞ്ഞ ഒരു ഭൂതകാലം എത്തിനോക്കുന്നു. അരവിന്ദൻ രണ്ടാമതൊന്നു ചിന്തിച്ചില്ല. അവരെ കുമ്മാട്ടിയിലെ മുത്തശ്ശിയാക്കി'. നാൽപ്പത് വർഷങ്ങൾക്കിപ്പുറവും കുമ്മാട്ടിയിലെ പാട്ടുകൾക്കൊപ്പം മനസ്സിൽ തെളിയുന്നു ആ മുഖങ്ങളെല്ലാം.

'കറുകറ കാർമുകിൽ കൊമ്പനാനപ്പുറത്തേറി' എന്ന് പാടുമ്പോൾ ശരിക്കും കൊമ്പനാനയായി മാറും കാവാലം. തുടം തുടം കുടം കുടം നീ വാർത്തേ എന്ന് പാടുമ്പോൾ കർക്കിടകത്തേവരാകും; മാനത്തൊരു മയിലാട്ടം എന്ന് പാടുമ്പോൾ പീലിവിടർത്തിയാടുന്ന മയിലാകും; ജികി ജികി തക്കം തെയ് തെയ് എന്ന് പാടുമ്പോൾ തിമിർത്തു പെയ്യുന്ന മഴയാകും... വിസ്മയകരമായ ആ പകർന്നാട്ടം കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട് തൃക്കണ്ണാപുരത്തെ `സോപാന'ത്തിന്റെ പൂമുഖത്ത്. മാതൃഭൂമി ന്യൂസ് ടെലിവിഷന് വേണ്ടി 'ചക്കരപ്പന്തൽ'' ചിത്രീകരിക്കാൻ ചെന്നപ്പോഴത്തെ അപൂർവ്വാനുഭവം. മ്യൂസിക് ബാൻഡുകളായ ബാൻഡുകൾ മുഴുവൻ 'കുമ്മാട്ടി'യിലെ ആ ഗാനം സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു കേട്ടിട്ടുണ്ടെങ്കിലും കാവാലത്തിന്റെ ആലാപനം പകർന്നുതന്ന അനുഭൂതിയുമായി താരതമ്യം പോലും അർഹിക്കുന്നില്ല ആ പ്രകടനങ്ങളൊന്നും.