വാടക നൽകാൻ പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഒരു കൊച്ചിൻ ബാച്ചിലറുടെ വരികൾ ഇന്ന് കേരളത്തിലെ യുവത ഇൻസ്റ്റഗ്രാമിൽ ഏറ്റുപാടുകയാണ്! വാഴ 2വിലെ അട ബൊമ്മലെ എന്ന മെഗാ ഹിറ്റിലൂടെ തരംഗമായി മാറിയ യുവ ലിറിസിസ്റ്റ് കാർത്തി തന്റെ അപ്രതീക്ഷിത സിനിമാ പ്രവേശനത്തെക്കുറിച്ചും പാട്ടുകൾക്ക് പിന്നിലെ രസകരമായ സീക്രട്ടുകളെക്കുറിച്ചും ക്ലബ് എഫ്എമ്മിൽ അഭിമുഖത്തിൽ പങ്കുവെച്ചു.

To advertise here,

സിനിമ സ്വപ്നം കണ്ട് കൊച്ചിയിലെത്തിയ കാർത്തി, തന്റെ ബാച്ചിലേഴ്സ് ലൈഫിൽ ഫ്ലാറ്റിലെ വാടക നൽകാൻ പണമില്ലാതെ കഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാട്ടെഴുത്തിലേക്ക് തിരിഞ്ഞതെന്ന് പറയുന്നു. ഒരു റിയാലിറ്റി ഷോയിലൂടെയാണ് കാർത്തി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. 

ഗാനങ്ങളിൽ പതിവ് ക്ലീഷേകൾ ഒഴിവാക്കി പുതുമ കൊണ്ടുവരാനാണ് താൻ എപ്പോഴും ശ്രമിക്കുന്നതെന്ന് കാർത്തി പറഞ്ഞു. അട ബൊമ്മലെ എന്ന ഗാനത്തിൽ ഹോളിവുഡ് ഗായിക ഡുവാലിപ്പയെയും സംവിധായകൻ ടാരന്റിനോയെയും പരാമർശിച്ചതിന് പിന്നിലും കൃത്യമായ കാരണങ്ങളുണ്ട്. ‘എന്റെ പഴയ ക്രഷായിരുന്നു ഡുവ ലിപ. സ്കൂൾ സമയത്തെ ക്രഷ്. അവരുടെ പാട്ടൊക്കെ കേട്ട് വലിയ ക്രേസ് തോന്നിയിരുന്നു. ആ സമയത്ത് ഡുവ ലിപയുടെ പാട്ടിന്റെ വരികളൊക്കെ എഴുതിയ വീഡിയോയൊക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ നൂറ് വീഡിയോകൾ ആയപ്പോൾ എല്ലാ വീഡിയോയും കോപിറൈറ്റടിച്ച് പോയി. വല്ലാത്ത വിഷമം തോന്നിയിരുന്നു. അന്ന് എനിക്ക് ഡുവ ലിപയോട് ദേഷ്യം തോന്നി. ഞാൻ എന്നിട്ട് മെസേജൊക്കെ അയച്ചിരുന്നു. എവിടെ എങ്കിലും എന്റെ വർക്കിൽ ഡുവ ലിപയെ ഭംഗിയായി അവതരിപ്പിയ്ക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ വന്നതാണ്,’ കാർത്തിക് പറഞ്ഞു.

ടെറസ്സിലിരുന്ന് എഴുതാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് കാർത്തി പറഞ്ഞു. ഗിരീഷ് പുത്തഞ്ചേരി, വിനായക് ശശികുമാർ എന്നിവരാണ് പ്രധാന ഇൻസ്പിരേഷനുകൾ. സ്കൂൾ കാലത്ത് പിക്കപ്പ് ലൈനുകൾ പറയുന്നതിലൂടെയും വീട്ടുകാരെയും നാട്ടുകാരെയും ട്രോളുന്നതിലൂടെയും കാർത്തി വൈറലായിരുന്നു. തന്റെ സഹോദരി പഠനത്തിൽ മിടുക്കിയായിരുന്നെന്നും അവർക്ക് സ്ട്രെസ്സ് കുറയ്ക്കാൻ തന്നെ ഉപയോഗിച്ചിരുന്നെന്നും തമാശയായി താരം ഓർത്തെടുത്തു.

'ആലപ്പുഴ ജിംഖാന' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും കാർത്തി ചുവടുവെച്ചു. സോഷ്യൽ മീഡിയ റീൽസുകൾ കണ്ട സംവിധായകൻ ഖാലിദ് റഹ്മാൻ താരത്തെ വിളിപ്പിക്കുകയായിരുന്നു. ചിത്രത്തിനായി 50 കിലോ ഭാരവുമായി ശാരീരികമായ ഏറെ കഷ്ടപ്പെട്ടതായും താരം പറഞ്ഞു. നസ്‌ലൻ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ഫൺ നിറഞ്ഞ ലൊക്കേഷൻ അനുഭവങ്ങളും  പങ്കുവെച്ചു. പുതിയ സിനിമാ പ്രോജക്റ്റുകൾ ചർച്ചയിലാണെന്നും കാർത്തി ക്ലബ് എഫ്എമ്മിനോട് പറഞ്ഞു.