ചെറുതാണെങ്കിലും കാഴ്ചക്കാരിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിക്കുന്ന കഥാപാത്രങ്ങൾ. കലാഭവൻ ഹനീഫിനെ അടയാളപ്പെടുത്താൻ അധികം വാക്കുകൾ വേണ്ട. യഥാർത്ഥ പേരിനേക്കാളും ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെട്ട കലാകാരനായിരുന്നു ഹനീഫ്. 23 വർഷം നീണ്ട അഭിനയജീവിതത്തിൽ സിനിമകളും സീരിയലുകളുമുണ്ട് ഹനീഫിന്റെ അക്കൗണ്ടിൽ.

To advertise here,

സ്കൂൾകാലം മുതലേ ജീവിതത്തിനൊപ്പം മിമിക്രിയുണ്ടായിരുന്നു ഹനീഫിന്റെ കൂട്ടിന്. സിനിമയിലെ എണ്ണംപറഞ്ഞ പല താരങ്ങളുടേയും സിനിമാജീവിതത്തിന് തുടക്കംകുറിച്ച കൊച്ചിൻ കലാഭവനായിരുന്നു ഹനീഫിനും അടിത്തറ പാകിയത്. നെടുമുടി വേണുവിന്റെയും രാഘവന്റേയും ശബ്ദങ്ങളായിരുന്നു ഹനീഫിന്റെ മാസ്റ്റർപീസുകൾ.

placeholder
വിനോദയാത്ര എന്ന ചിത്രത്തിൽ കലാഭവൻ ഹനീഫും ദിലീപും | ഫോട്ടോ: www.facebook.com/kalabhavanhaneef

1990-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറി. സന്ദേശം, ​ഗോഡ്ഫാദർ, കാസർകോട് കാദർഭായ്, മിമിക്സ് പരേഡ്, വിസ്മയം, തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, പാണ്ടിപ്പട, പച്ചക്കുതിര, ഛോട്ടാ മുംബൈ, ചട്ടമ്പിനാട്, ഉസ്താദ് ഹോട്ടൽ, സൗണ്ട് തോമ, അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ തുടങ്ങി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. മിന്നുകെട്ട്, നാദസ്വരം എന്നീ ടെലിവിഷൻ പരമ്പരകളിലും സാന്നിധ്യമായി.

placeholder
തുറുപ്പു​ഗുലാൻ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കും ഹരിശ്രീ അശോകനുമൊപ്പം ഹനീഫ് | ഫോട്ടോ: www.facebook.com/kalabhavanhaneef

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഹനീഫിലെ കൊമേഡിയനെ പ്രേക്ഷകർ അറിഞ്ഞ് അം​ഗീകരിച്ച ചിത്രമായിരുന്നു താഹ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ 'ഈ പറക്കുംതളിക'. ചിത്രത്തിൽ നായകനായ ഉണ്ണിക്കൃഷ്ണനും സുന്ദരേശനും അണിയിച്ചൊരുക്കിയിറക്കുന്ന മണവാളനെ അതിലും മികച്ചതായി വേറൊരു നടനും അവതരിപ്പിക്കില്ലെന്നത് സംശയമില്ലാത്ത കാര്യം. ഹിറ്റ്ലർ സ്റ്റൈലിലുള്ള മീശയും വെച്ചുനിൽക്കുന്ന മണവാളനെ 'നോക്കി ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ' എന്നുള്ള സംഭാഷണവും തിയേറ്ററുകളിൽ ചിരി പടർത്തി.

കലാഭവൻ ഹനീഫിന്റെ മറ്റൊരു വ്യത്യസ്തമായ മുഖം കണ്ടത് 2005-ൽ പുറത്തിറങ്ങിയ 'പാണ്ടിപ്പട'യിലാണ്. ദിലീപിനെ നായകനാക്കി റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച ഭാസി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ചിമ്പുവിനെയായിരുന്നു ഹനീഫ് അവതരിപ്പിച്ചത്. നിങ്ങൾ അന്വേഷിച്ചുവന്ന ഭാസി ഇവിടെയില്ല എന്നുപറയുന്ന കഥാപാത്രവും സിനിമാശാലകളിൽ ചിരിക്ക് വഴിയൊരുക്കി.

കലാഭവൻ ഹനീഫ് എന്ന നടനെ സോഷ്യൽ മീഡിയാ ട്രോളന്മാരുടെ ശ്രദ്ധാകേന്ദ്രമാക്കിയ ചിത്രമായിരുന്നു 2016-ൽ നാദിർഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷൻ'. നാട്ടുകാർ കളിയാക്കുന്നതു കാരണം ശശി എന്ന പേരുമാറ്റി പകരം സോമൻ എന്നാക്കിയ കട്ടപ്പനക്കാരന്റെ വേഷം ഇന്നും ഹനീഫിനെ ട്രോളന്മാരുടെ പ്രിയങ്കരനാക്കി. സലിം കുമാറുമൊന്നിച്ചുള്ള ഹനീഫിന്റെ രം​ഗത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയാ ആക്ഷേപഹാസ്യത്തിലെ ജനപ്രിയ മീം ആയി മാറി.

'തെങ്കാശിപ്പട്ടണ'ത്തിലെ വരൻ, 'അമർ അക്ബർ അന്തോണി'യിലെ തട്ടുകടക്കാരൻ, 'ഉസ്താദ് ഹോട്ടലി'ലെ സാമു, 'സൗണ്ട് തോമ'യിലെ ചായക്കടക്കാരൻ, 'ദൃശ്യ'ത്തിൽ ജോർജ് കുട്ടി പരിചയപ്പെടുന്ന സിനിമാ പ്രൊജക്റ്റർ ഓപ്പറേറ്റർ തുടങ്ങി ചെറുതെങ്കിലും ഹനീഫ് എന്ന കലാകാരനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളുടെ പട്ടിക നീളുകയാണ്. ഈ കഥാപാത്രങ്ങളിലൂടെ ഹനീഫും ഹനീഫിന്റെ തമാശകളും അനശ്വരമായി തുടരും.