1960കൾ മുതൽ രണ്ടു ദശകത്തിലേറെ സംവിധാനരംഗത്ത് വെന്നിക്കൊടിപാറിച്ച സംവിധായകനാണ് എ.ബി.രാജ്. കണ്ണൂർ ഡീലക്സ്, സംഭവാമി യുഗേയുഗേ, മറുനാട്ടിൽ ഒരുമലയാളി, സി.ഐ.ഡി. നസീർ തുടങ്ങി ഉദ്വോഗജനകമായ ഒരുപിടിചിത്രങ്ങൾ സമ്മാനിച്ച എ.ബി.രാജ് വിജയത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ സിനിമാജീവിതം അവസാനിപ്പിച്ച് സ്വന്തം തുരുത്തിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിലെ ആദ്യകാല ഹിറ്റ്‌മേക്കര്‍ മുന്‍പ്‌ മാതൃഭൂമിക്കായി അനുവദിച്ച അഭിമുഖത്തിൽ നിന്ന്

സിനിമയെ ഗൗരവമായി പഠിച്ച് സംവിധാനം തുടങ്ങിയ വ്യക്തിയാണ് എ.ബി.രാജ്,അക്കാലത്ത് അങ്ങനെയുള്ളവർ അധികമുണ്ടായിരുന്നില്ല അല്ലേ..

-സേലത്തു ജീവിച്ച കുട്ടിക്കാലമാണ് സിനിമയിലേക്കുള്ള പ്രവേശനപടി,സേലം മോഡേൺ തിയ്യറ്ററിൽ അപ്രന്റീസായി പ്രവേശിച്ചതോടെയാണ് സിനിമാ പഠനം തുടങ്ങുന്നത്. പ്രഗത്ഭനായ ടി.ആർ.സുന്ദരമായിരുന്നു ഗുരു. കെ.എസ്.സേതുമാധവനുൾപ്പെടെ പിന്നീട് പേരെടുത്ത നിരവധിപേർ അന്നവിടെ പഠനത്തിനായി എത്തിയിരുന്നു. ക്യാമറ പഠിക്കാനാണ് സുന്ദർസാറിനടുത്തു പോയതെങ്കിലും ശബ്ദവിന്യാസം, എഡിറ്റിങ്ങ്, ലാബ്ജോലികൾ, മേക്കപ്പ്-തുടങ്ങി സിനിമയുടെ എല്ലാവശങ്ങളെകുറിച്ചും അദ്ദേഹം ചിട്ടയായി പഠിപ്പിച്ചു. അവിടെനിന്നുനേടിയ അറിവുകൾ തന്നെയാണ് പിന്നീടുള്ള യാത്രക്ക് കരുത്തായതും.

സിംഹളചിത്രങ്ങളുടെ സംവിധായകനായി കഴിഞ്ഞ പത്തുവർഷത്തെക്കുറിച്ച്

1951-ലാണ് വഹാബ് കാശ്മീരിയെന്ന സുഹൃത്തിനൊപ്പം സിനിമചെയ്യാനായി ശ്രീലങ്കയിലേക്ക് പോകുന്നത്. വഹാബിന് നാട്ടിലെ സിനിമയിൽ അവസരം വന്നപ്പോൾ അയാൾ പിന്നീട് തിരിച്ചുപോന്നു, ഞാൻ സിലോൺ സിനിമയുടെ ഭാഗമായി തുടർന്നു. അവരുടെ സംസ്കാരവും ജീവിതരീതിയും പഠിച്ചെടുത്താണ് സംഹളചിത്രങ്ങളൊരുക്കിയത്. ചിത്രങ്ങളുടെ വിജയം ലങ്കയിൽ അനുകൂലമായ മണ്ണൊരുക്കുകയായിരുന്നു. പത്തുവർഷത്തിനുള്ളിൽ അവിടെ അറിയപ്പെടുന്ന സംവിധായകനായി. സിലോണിൽ നിയമങ്ങൾ മാറിമറിയുകയും തദ്ദേശിയർ മാത്രം സിനിമചെയ്താൽ മതിയെന്നു ഉത്തരവിറങ്ങിയപ്പോൾ തിരിച്ചുപോരുകയേ മർഗ്ഗമുണ്ടായിരുന്നുള്ളു. സിംഹള സിനിമയിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ നാട്ടിലേക്ക് എടുത്തെറിയുകയായിരുന്നു.

മലയാളസിനമയിലേക്കുള്ള രംഗപ്രവേശം

ശ്രീലങ്കയിൽ നിന്നു മടങ്ങിയെത്തിയകാലം ഒരൽപ്പം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു.എന്നാൽ സിംഹളസിനിമകളിലൂടെ സംവിധാനത്തിൽ നേടിയ അനുഭവസമ്പത്തു മദിരാശിയിലും ഗുണം ചെയ്തു. ക്യാമറമാൻ യു.രാജഗോപാലിലൂടെയാണ് കളിപ്പാവയെന്ന മലയാളചിത്രം സംവിധാനം ചെയ്യാൻ അവസരം ലഭിച്ചത്. സത്യൻ,തിക്കുറിശ്ശി, അടൂർഭാസി, വിജയനിർമ്മല, അംബിക, കവിയൂർപൊന്നമ്മ എന്നിവരെയെല്ലാം ചേർത്തുവച്ചായിരുന്നു തുടക്കം. 'കളിപ്പാവ' പുറത്തിറങ്ങാൻ വൈകിയപ്പോൾ അതിനുശേഷമൊരുക്കിയ കളിയല്ല കല്യാണം റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യം റിലീസ് ചെയ്ത എന്റെ ചിത്രം 1968-ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണമാണ്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 1971-ൽ നീതി, മറുനാട്ടിൽ ഒരുമലയാളി, 1972-ൽ സംഭവാമിയുഗേയുഗേ, നൃത്തശാല, 1973-ൽ ഫുട്ബോൾ ചാമ്പ്യൻ, പച്ചനോട്ടുകൾ, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, 1974-ൽ രഹസ്യരാത്രി, ഹണിമൂൺ തുടങ്ങി വിജയങ്ങൾ തുടർക്കഥകളായി വന്നുകൊണ്ടിരുന്നു.

നിർമ്മാതാക്കളുടെ വിശ്വസ്ത സംവിധായകൻ, വേഗതയുള്ള സംവിധായകൻ എ.ബിരാജിന് അക്കാലത്ത് വിശേഷണങ്ങൾ ഏറെ കൂട്ടുവന്നു.

നിർമാതാവിന്റെ കീശ കാലിയാക്കത്ത സിനിമകളായിരുന്നു എന്നും ചെയ്തത്. വലിയ പരീക്ഷണങ്ങളെല്ലാം നടത്തി തകർന്നടിഞ്ഞ നിർമാതാക്കളെല്ലാം മദ്രാസിലേക്ക് വീണ്ടുമെത്തിയാൽ ആദ്യ കാണുകയെന്നെയായിരുന്നു. നിർമാതാവിന് നഷ്ടമുണ്ടാകാതിരിക്കാൻ ഒരോ സിനിമയിലും ഞാൻ ശ്രദ്ധിച്ചു.അതുകൊണ്ടുതന്നെ പുറംനാടുകളിൽ പോയുള്ള അനാവശ്യ ഗാനരംഗങ്ങൾ ചിത്രീകരിക്കാനോ ചിലവേറിയരംഗങ്ങൾകുത്തിനിറക്കാനോ ശ്രമിച്ചിട്ടില്ല. മൂവ്വായിരവും അയ്യായിരവുമെല്ലാം പ്രതിഫലം പറ്റി അന്ന് സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രീകരണത്തിന്റെ വേഗത സെറ്റുകളിൽ തന്നെ ചർച്ചയാകുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. ദിവസം മൂന്നു ഷിഫ്റ്റുകളിലായി വരെ ചിത്രീകരണം നടന്നിട്ടുണ്ട്. നിർമാതാക്കളുടെ വിഷമം നേരിൽ കണ്ടായിരുന്നു പലചിത്രങ്ങളുടേയും വേഗതകൂടിയത്. 25,30 ദിവസങ്ങൾ കൊണ്ട് പലപ്പോഴും ചിത്രങ്ങൾ പൂർത്തിയാക്കുമായിരുന്നു. പ്രസാദം എന്ന ചിത്രം 13 ദിവസംകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

സിനിമാ സൗഹൃദങ്ങൾ വിജയങ്ങൾക്ക് കൂട്ടായിരുന്നോ.

സംവിധാനത്തിനപ്പുറത്ത് സിനിമക്കുള്ളിലുള്ളവരുമായി അമിത സൗഹൃദമുണ്ടായിരുന്നില്ല. പാക്കപ്പ് പറഞ്ഞുകഴിഞ്ഞാൽ സെറ്റിൽ നിന്നു തിരിക്കുന്നതായിരുന്നു രീതി. തിരക്കഥയ്ക്ക് എസ്.എൽ.പുരം സദാനന്ദൻ, ഗാനരചനക്ക് ശ്രീകുമാരൻ തമ്പി,സംഗീതത്തിന് ദക്ഷിണാമൂർത്തി എന്നൊരു ചേർച്ച അക്കാലത്ത് എന്റെ സിനിമകൾക്കുണ്ടായിരുന്നു. സിനിമയിൽ സംവിധായകന് സർവ്വാധിപത്യമുണ്ടായിരുന്ന കാലത്താണ് ഞാൻ പ്രവർത്തിച്ചത്. വിലയേറിയ താരങ്ങൾപോലും മുഖത്ത് ചായം തേച്ച് സെറ്റിൽ സംവിധായകന്റെ വിളിക്കായി കാത്തുനിൽക്കുന്നതിൽ പരിഭവം പറഞ്ഞിരുന്നില്ല.

സിനിമകൾ കാണുന്ന ശീലം ഇപ്പോഴുമുണ്ടോ.

-ശാരീരിക അവശതകളുണ്ട്, എങ്കിലും നല്ല സിനിമയെ കുറിച്ചറിഞ്ഞാൽ കാണാൻ ശ്രമിക്കും. മോഹൻലാലിന്റെ ദൃശ്യം അടുത്തകാലത്ത് കണ്ടതിലേറെ ഇഷ്ടപ്പെട്ട സിനിമയാണ്. മറ്റുള്ളവരൊരുക്കുന്ന മികച്ച സിനിമകൾ ആസ്വദിക്കുന്ന പ്രേക്ഷകൻ കൂടിയാണ് ഞാൻ. പി.എൻ.മേനോനെയോ രാമു കാര്യാട്ടിനേയോ പോലെ ഭാവനാ സമ്പന്നമായ സിനിമകളല്ല ഞാൻ ഒരുക്കിയത് കച്ചവട-വിനോദമൂല്യത്തിനാണ് പലപ്പോഴും ഊന്നൽ നൽകിയത്. ഇന്നസെന്റ് അഭിനയിച്ച ഗജകേസരിയോഗവും,മോഹൻലാലിന്റെ ഹിസ് ഹൈനസ് അബ്ദുള്ളയും, ഭരതനും പത്മരാജനുമെല്ലാമൊരുക്കിയ ചിത്രങ്ങളും എക്കാലത്തും പ്രിയപ്പെട്ടതാണ്. തെലുങ്ക്, തമിഴ് ചിത്രങ്ങളെ അനുകരിച്ചുള്ളമോശം രീതിയിലുള്ള സഞ്ചാരമാണ് മലയാള സിനിമയ്ക്കിന്ന് ദോഷം ചെയ്യുന്നത്.

എ.ബി.രാജ് സിനിമകളുടെ ചുവടുപിടിച്ച നിരവധിപേർ സിനിമയിൽ ചുവടുറപ്പിച്ചിട്ടുണ്ട്. ഹരിഹരൻ,ഐ.വി.ശശി എന്നിവരെല്ലാം അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. നൃത്തശാലയെന്ന ചിത്രത്തിലൂടെയാണ് ഇൻസെന്റ് എത്തുന്നത് സംവിധായകന്റെ മുന്നിൽ നാണംകുണുങ്ങിനിന്ന് അദ്ദേഹത്തിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. നടി സീമക്കും ചിത്രം നേട്ടമായി. മണിയൻപിള്ളരാജുവിന്റെ രണ്ടാമത്തെ ചിത്രം 'അവൾ ഒരു ദേവാലയം',ജഗതിയുടെ മൂന്നാമത്തെ ചിത്രമായ 'ഹലോ ഡാർലിങ്ങ'് എന്നിവയെല്ലാം അഭിനയജീവിതത്തിൽ അവർക്ക് നേട്ടം നൽകിയ ചിത്രങ്ങളാണ്.

(പുന:പ്രസിദ്ധീകരണം)

Content Highlights :a b raj veteran malayalam director passes away article interview