
1985 ജനുവരി ഒന്നാം തീയതി ആരംഭിച്ച മലയാളം ടെലിവിഷന്‍ പ്രക്ഷേപണത്തിന് 40 കൊല്ലം തികയുന്നു. മലയാളം ടെലിവിഷന്‍ പരിപാടികള്‍ മാസത്തിലൊരിക്കല്‍ മദ്രാസ് ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്ന് 1975 മുതല്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഇപ്പോള്‍, സാങ്കേതികവിദ്യയിലുണ്ടായ വമ്പിച്ച പരിണാമങ്ങളിലൂടെ തത്സമയം കണക്ടിവിറ്റി (connectivity) സാധ്യമാവുകയും നിരവധി ചാനലുകളിലൂടെ തത്സമയപ്രക്ഷേപണം നടക്കുകയും ചെയ്യുമ്പോള്‍ ഒരു പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുക എന്നതിന് വലിയ പുതുമയൊന്നുമില്ല. മലയാളം ടെലിവിഷന്‍ ചാനല്‍-ദൂരദര്‍ശന്‍ കേന്ദ്രം-തിരുവനന്തപുരത്തെ കുടപ്പനക്കുന്നില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങിയത് അക്കാലത്ത് ചരിത്രസംഭവമായിരുന്നു.
തിരുവനന്തപുരം, അഹമ്മദാബാദ്, ഗുവഹാട്ടി എന്നീ മൂന്ന് സംസ്ഥാനതലസ്ഥാനങ്ങളിലെ ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ നിന്ന് അതതുഭാഷകളില്‍ പ്രക്ഷേപം തുടങ്ങാനായിരുന്നു വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന്റെ പദ്ധതി. തിരുവനന്തപുരം കേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1982 ആദ്യം തന്നെ തുടങ്ങിയിരുന്നു. 1982 നവംബര്‍ 19 മുതല്‍ ഡിസംബര്‍ നാലുവരെ നീണ്ടുനിന്ന ഏഷ്യന്‍ ഗെയിംസ് പ്രക്ഷേപണകാലം തൊട്ട് തിരുവനന്തപുരത്ത് 25 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം സിഗ്നലുകള്‍ കിട്ടുന്ന ഒരു ശക്തി കുറഞ്ഞ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹി ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നുളള ഹിന്ദി പരിപാടികളായിരുന്നു റിലെ ചെയ്തിരുന്നത്.
മലയാളം പരിപാടികള്‍ക്കുവേണ്ടി കേരളാഗവണ്മെന്റും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും കേന്ദ്രസര്‍ക്കാരില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് 1984 ഒക്ടോബറില്‍ തിരുവനന്തപുരത്തെ സൗകര്യങ്ങള്‍ വിലയിരുത്തി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദിരാശി ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എന്നെ നിയോഗിച്ചത്.
1984 ഒക്ടോബര്‍ 31-ാം തീയതി ഞാന്‍ കുടപ്പനക്കുന്നിലെത്തുമ്പോള്‍ രണ്ടുമൂന്നുതവണ ഡല്‍ഹിയില്‍ നിന്ന് എന്നെ വിളിച്ചിരുന്നുവെന്നും എന്തോ അത്യാവശ്യമാണെന്നും സ്‌റ്റേഷന്‍ എന്‍ജിനീയര്‍ പി.ആര്‍.എസ് നായര്‍ അറിയിച്ചു. അപ്പോഴത്തേക്കും വീണ്ടും വിളി വന്നു. ദൂരദര്‍ശന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ശിവ് ശര്‍മ്മയായിരുന്നു വിളിച്ചത്. ഉടനെ തന്നെ മദിരാശിയിലേക്ക് മടങ്ങണമെന്നും അവിടെ അടിയന്തരമായി ചെയ്യേണ്ട ജോലിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുറച്ചുകഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചുപറഞ്ഞു: തിരുവനന്തപുരത്തു തന്നെ തുടരുക. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചുവെന്നാണ് അനൗദ്യോഗിക വാര്‍ത്തയെന്നും പിറ്റേ ദിവസം മുതല്‍ അവരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ടുളള പ്രമുഖരുടെ സന്ദേശങ്ങള്‍ തിരുവനന്തപുരത്തു ലഭ്യമായ വീഡിയോ ക്യാമറകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത്, അതിന്റെ ഉളളടക്കം സൂചിപ്പിക്കുന്ന ടേപ്പുകൾ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ആയി ക്വാറന്റീൻ എങ്ങനെയെങ്കിലും ഒഴിവാക്കി അയയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മദിരാശിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആദ്യം നല്കിയിരുന്ന അനുജ്ഞ മുഖ്യമന്ത്രി കരുണാകരനെ കാണാനായിരുന്നു. തിരുവനന്തപുരത്ത് ദൂരദര്‍ശന്‍ കേന്ദ്രം തുടങ്ങുന്ന തീയതിയെക്കുറിച്ച് ഒന്നും അദ്ദേഹത്തോട് സംസാരിക്കരുതെന്നും ഉപദേശമുണ്ടായിരുന്നു. ഞാന്‍ എത്തുമ്പോഴേക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് പോയിരുന്നു.
ദൂരദര്‍ശന്‍ കേന്ദ്രം തുടങ്ങുന്നതിന്റെ മുന്നോടിയായി പുതിയ നാല് ലോ ബാന്‍ഡ് വീഡിയോ ക്യാമറ യൂണിറ്റുകളും രണ്ട് 16 എംഎം ഫിലിം ക്യാമറകളും തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഏഴ് പ്രൊഡ്യൂസര്‍മാരെയും അഞ്ച് പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരെയും ബോംബെ ദൂരദര്‍ശന്റെ ഭാഗമായി നിയമിക്കുകയും ഹ്രസ്വകാല പരിശീലനത്തിന് ശേഷം തിരുവനന്തപുരത്ത് നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യയിലെ മറ്റ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരായ ക്യാമറാമെന്‍മാരും റെക്കോര്‍ഡിസ്റ്റുകളും ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളും ഞാനെത്തുമ്പോള്‍ ഉണ്ടായിരുന്നു. ഇരിക്കാന്‍ പോലുമുളള സൗകര്യങ്ങളില്ലാതെ അവര്‍ റിലെ കേന്ദ്രത്തില്‍ വന്ന് അലഞ്ഞുതിരിയുകയായിരുന്നു. ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ഓഫീസ് ബ്ലോക്കിന്റെ പണിതീര്‍ന്നിരുന്നതിനാല്‍ ടാഗോര്‍ തീയേറ്ററില്‍ പ്രവര്‍ത്തിച്ചിരുന്ന റിലെ സെന്ററിന്റെ പ്രവര്‍ത്തനം കുടപ്പനക്കുന്നിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
അവിടെയെത്തുമ്പോള്‍ ആദ്യം കാണുന്നത് കെട്ടിടത്തിന്റെ പ്രവേശനകവാടത്തിന്റെ പടിക്കുമേലെയിരുന്ന് വര്‍ത്തമാനം പറയുന്ന രണ്ട് ചെറുപ്പക്കാരെയാണ്. ഓഫീസ് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് യാതൊരറിവുമില്ലാത്ത രണ്ടുപേര്‍. ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ഏറ്റവും പ്രധാനമായ സ്റ്റുഡിയോയുടെ പണി എങ്ങുമെത്തിയിട്ടില്ല. കെട്ടിടസമുച്ചയത്തിന്റെ ഭാഗമായ ട്രാന്‍സ്മിറ്ററിന്റെ ജോലി ഭാഗികമായി തീര്‍ന്നിരുന്നു. ജലന്തര്‍ ദൂരദര്‍ശനില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചിരുന്ന ഒബി (ഔട്ട്‌സൈഡ് ബ്രോഡ്കാസ്റ്റിംഗ് ) വാന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മദിരാശിയില്‍ നിന്നും മറ്റ് ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ നിന്നും വന്ന എഞ്ചിനീയര്‍മാര്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഒബി വാന്‍ ഒരു മിനി സ്റ്റുഡിയോ ആണ്: സാധാരണയായി കായികമേളകളും അതുപോലെയുളള മറ്റ് പുറംവാതില്‍ പരിപാടികളും റെക്കോര്‍ഡ് ചെയ്യുന്നതിനുളള സംവിധാനം. ജലന്തറില്‍ നിന്ന് കൊണ്ടുവന്ന ഒബി വാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാത്രം റെക്കോര്‍ഡ് ചെയ്യാന്‍ കെല്പുളളതാണ്. അതുപോലും പഴക്കം കൊണ്ട് ജലന്തര്‍ കേന്ദ്രം ഉപേക്ഷിച്ചതാണ് തിരുവനന്തപുരത്തെത്തിച്ചിരിക്കുന്നത്.
അഡീഷനല്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശമനുസരിച്ച് ഉടനെ തന്നെ റെക്കോര്‍ഡിംഗ് നടത്താനുളള ശ്രമങ്ങള്‍ തുടങ്ങി. സ്ഥലംമാറ്റമായി വന്ന മിടുക്കരായ അനുഭവസമ്പത്തുളള ക്യാമറമെന്‍ എഞ്ചിനീയര്‍മാരുടെ സഹായത്തോടെ റെക്കോര്‍ഡിംഗിനുളള ഒരുക്കങ്ങള്‍ ചെയ്തു. അന്നത്തെ പ്രതിപക്ഷനേതാവ് ഇ.കെ.നായനാരെയാണ് ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. തിരുവനന്തപുരത്ത് ദൂരദര്‍ശന്റെ പേരില്‍ ആരോ കബളിപ്പിച്ച് വിളിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ സെക്രട്ടറി മുരളീധരന്‍ ആദ്യം കരുതിയത്. വിളി യഥാര്‍ത്ഥമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ പാടുപെട്ടു. പിറ്റേദിവസം നായനാര്‍ വന്നു. ആ റെക്കോര്‍ഡിംഗ് എന്നുമോര്‍ക്കുന്നതാണ്. അനുശോചന സന്ദേശം തീരുമ്പോള്‍ നായനാര്‍ പൊട്ടിക്കരഞ്ഞത് ഞങ്ങളുടെയെല്ലാം ഉളളില്‍ തട്ടി. അത്രയും ആത്മാര്‍ത്ഥമായ മറ്റൊരു അനുശോചനസന്ദേശം ഞാന്‍ കേട്ടിട്ടില്ല. മറ്റ് പല പ്രമുഖരുടെയും അനുശോചനസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഡല്‍ഹിയിലേക്ക് മൂന്ന് നാല് ദിവസത്തോളം അയച്ചുകൊണ്ടിരുന്നു. ശിവ് ശര്‍മ്മ എന്നെ വിളിച്ച് സന്തോഷം അറിയിച്ചു. അദ്ദേഹത്തിന്റെ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ്, ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടി, കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം തുടങ്ങിയവയിലൊക്കെ ഉത്തരവാദപ്പെട്ട ചുമതലകള്‍ക്കായി എന്നെ അദ്ദേഹം മദിരാശിയില്‍ നിന്ന് വിളിപ്പിച്ചിരുന്നു.
അനുശോചനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ എന്നെ ഏല്പിച്ച ചുമതല നിറവേറ്റാന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രി മടങ്ങിയെത്തിയ ഉടനെ ക്ലിഫ് ഹൗസിലെത്തി അദ്ദേഹത്തെ കണ്ടു. ഒരു പുതിയ ടെലിവിഷന്‍ കേന്ദ്രം തുടങ്ങുന്നതിനുവേണ്ട സൗകര്യങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. സന്ദര്‍ശകരെയെല്ലാം ഒഴിവാക്കി ഏകദേശം ഒന്നര മണിക്കൂറോളം അദ്ദേഹം പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകേട്ടു. കുടപ്പനക്കുന്ന്, നഗരത്തില്‍ നിന്നകലെ ബാലികേറാമലയാണ്. 150 ഓളം വരുന്ന ഉദ്യോഗസ്ഥര്‍ക്ക് അവിടെ ജോലിക്കെത്താന്‍ യാതൊരു മാര്‍ഗ്ഗവുമില്ല, വൈദ്യുതി, വെള്ളം തുടങ്ങിയ അസൗകര്യങ്ങളൊക്കെ ശ്രദ്ധയില്‍പ്പെടുത്തി. കൂടെ ഭക്ഷണം കഴിക്കുമ്പോള്‍ പറഞ്ഞു,''സംസ്ഥാന ഗവണ്മെന്റിന് കഴിയാവുന്ന സകലസൗകര്യങ്ങളും ഞാന്‍ ചെയ്തുതരാം. ഏത് കാര്യത്തിനും എന്നെ എപ്പോഴും കാണാം, കാബിനറ്റ് മീറ്റിംഗ് നടക്കുമ്പോള്‍ പോലും. കുഞ്ഞികൃഷ്ണന്‍ എനിക്ക് വാക്കുതരണം, പുതുവര്‍ഷപ്പുലരിയില്‍ സമ്മാനമായി ടെലിവിഷന്‍ മലയാളത്തില്‍ കാണാന്‍ കഴിയണം.'' ഊണ് കഴിക്കുന്നതിനിടയില്‍ തന്നെ അദ്ദേഹം സെക്രട്ടറിയായിരുന്ന സി.പി.നായരെ വിളിച്ച് വേണ്ട സര്‍വ്വ സഹായങ്ങളും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ വകുപ്പുകള്‍ക്കും നല്‍കണമെന്നും അറിയിച്ചു. നിശ്ചിതമായി മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. ഡല്‍ഹിയിലെ മേലുദ്യോഗസ്ഥന്മാരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അറിയിക്കാമെന്ന് പറഞ്ഞു.
സ്റ്റേഷന്‍ എഞ്ചിനീയര്‍ പി.ആര്‍.ശങ്കരന്‍ നായരും ടെലിവിഷന്‍ എഞ്ചിനീയര്‍ എന്‍.സി.പിളളയുമായും ഞാന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഞങ്ങള്‍ മൂന്നുപേര്‍ക്കും മലയാളം ടെലിവിഷന്‍ പരിപാടി കഴിയുന്നത്ര വേഗത്തില്‍ തുടങ്ങണമെന്ന അഭിപ്രായൈക്യം ശക്തം! പക്ഷേ, വൈതരണികള്‍ ഒട്ടേറെ. ഇരുന്ന് ജോലി ചെയ്യാനുളള മേശയും കസേരയുമില്ല. ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കേണ്ടവര്‍ക്കും ഇരിപ്പിടങ്ങളില്ല. റിലേ സെന്ററിന് അടിയന്തരഘട്ടങ്ങളില്‍ ചെലവഴിക്കാനുളള തുക 10,000 രൂപ മാത്രം. അത് ചെലവാക്കി ബില്ലുകള്‍ മദിരാശിയിലെ അക്കൗണ്ട്‌സ് ഓഫീസര്‍ക്കയച്ചാലേ അടുത്ത തുക കിട്ടുകയുള്ളു. ഏതായാലും ലക്ഷ്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നതിനാല്‍, സാഹസത്തിനൊരുങ്ങാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. രണ്ട് ഓഫീസ് മേശകള്‍ വാങ്ങാന്‍ വില പതിനായിരത്തിലൊതുക്കാന്‍ ഓരോ ഭാഗങ്ങള്‍ക്കായി ക്വട്ടേഷന്‍ ലഭ്യമാക്കി. എക്‌സ്-സര്‍വ്വീസ്‌മെന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് രണ്ട് മേശകള്‍ വാങ്ങി. ഉദ്യോഗസ്ഥന്മാര്‍ക്കായി കേരള സംസ്ഥാന വ്യവസായവകുപ്പിന്റെ സിഡ്‌കോ എന്ന സ്ഥാപനത്തില്‍ കടമായി ഫര്‍ണിച്ചറും വാങ്ങി. ആകാശവാണിയില്‍ നിന്ന് സഹായം ലഭിക്കേണ്ടതായിരുന്നു. പക്ഷേ, അന്നത്തെ സ്റ്റേഷന്‍ ഡയറക്ടര്‍ക്ക് ദൂരദര്‍ശനോട് ഒട്ടും ആഭിമുഖ്യമുണ്ടായിരുന്നില്ല -ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്ന നിയന്ത്രണാധികാരമുണ്ടായിട്ടും! വളരെ അത്യാവശ്യമായ സ്‌റ്റേഷനറിയും മറ്റും റിലെ സെന്ററിന്റെ ബഡ്ജറ്റില്‍ നിന്നു കടമായി വാങ്ങി.
കെട്ടിടസമുച്ചയത്തിലെ പ്രധാന സ്റ്റുഡിയോവിലേക്ക് റെക്കോര്‍ഡിങ്ങിനുവേണ്ട സെറ്റുകള്‍ നിര്‍മിക്കുന്ന ഒരു ഷെഡ്ഡിന്റെ പണിപൂര്‍ത്തിയായിരുന്നു. അത് ഒരു ചെറിയ താത്ക്കാലിക സ്റ്റുഡിയോ ആക്കി മാറ്റാമെന്നും അതിന്നുവേണ്ട സെറ്റുകള്‍ക്കായി ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയോടുകൂടി ഒരു ഷെഡ് ഉണ്ടാക്കാമെന്നും, ഒബി വാന്‍ ലഭ്യമായ വീഡിയോ ക്യാമറകളുമായി ബന്ധിപ്പിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമാക്കാമെന്നും ഏകദേശം ധാരണയിലെത്തി. ഞങ്ങള്‍ മൂന്നുപേരും ഒപ്പിട്ട നിര്‍ദ്ദേശം അനുമതിക്കായി ഡയറക്ടര്‍ ജനറലിനയച്ചു.
1985 ജനുവരി 1-ാം തീയതി തന്നെ തിരുവനന്തപുരത്തുനിന്ന് മലയാളം ടെലിവിഷന്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്തുതുടങ്ങാനുളള അനുമതിയാണ് ആവശ്യപ്പെട്ടിരുന്നത്. സാധാരണഗതിയില്‍ ഒരു പുതിയ ടെലിവിഷന്‍ കേന്ദ്രം തുടങ്ങുമ്പോള്‍, സാങ്കേതിക സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്കുളള പരിപാടികള്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത്, എഡിറ്റ് ചെയ്ത് (16 എംഎം ഫിലിമായിരുന്നു ആദ്യകാലങ്ങളില്‍ 1982 ഓഗസ്റ്റ് മുതലാണ് വീഡിയോ ക്യാമറകള്‍ ഉപയോഗിച്ചുതുടങ്ങിയത്) പ്രക്ഷേപണത്തിന് തയ്യാറാക്കി വെക്കുകയാണ് പതിവ്. ഞങ്ങളുടെ നിര്‍ദ്ദേശം കിട്ടി പരിശോധിച്ചശേഷം ശിവ് ശര്‍മ്മ എന്നെ ഫോണില്‍ മദിരാശിയിലേക്ക് വിളിച്ചു. 15 ദിവസത്തെ ടൂര്‍ കഴിഞ്ഞ് ഞാന്‍ മദിരാശിയിലേക്ക് മടങ്ങിയിരുന്നു. വിളിച്ചപ്പോള്‍ പറഞ്ഞു: ''കുഞ്ഞികൃഷ്ണന്‍, ടെലിവിഷന്‍ ഒരിക്കലും വിശപ്പ് മാറാത്ത രാക്ഷസനാണ് അറിയാമല്ലോ. ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇടയ്ക്ക് വെച്ച് നിര്‍ത്താനോ തിരിഞ്ഞുനോക്കാനോ കഴിയില്ല. എന്തെങ്കിലും കുഴപ്പം വന്നാല്‍ ആദ്യം ഉരുളുന്നത് നിങ്ങളുടെ തലയായിരിക്കും. ഒന്നുകൂടി ആലോചിക്കുക.'' എന്നെ സ്ഥിതിഗതികള്‍ വിലയിരുത്താനനയ്ക്കുമ്പോള്‍ ഡയറക്ടറായി നിയമിക്കുമെന്ന് ഉറപ്പില്ലെന്ന് ഡല്‍ഹിയില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഞാന്‍ വീണ്ടും തിരുവനന്തപുരത്തെത്തി. സാങ്കേതികജോലികള്‍ പുരോഗമിക്കുന്നുണ്ട്. പക്ഷേ, പ്രക്ഷേപണം ചെയ്യേണ്ട പരിപാടികളെക്കുറിച്ച് പ്രാഥമികമായ തയ്യാറെടുപ്പുകള്‍ പോലുമായിട്ടില്ല. നിയമിക്കപ്പെട്ടിരുന്ന ഏഴ് പ്രൊഡ്യൂസര്‍മാരോടും അവരുടെ സഹായികളോടും അവരുടെ പ്രതിഭ പ്രകടമാക്കാനുളള അവസരമാണെന്നും, ഒരു മണിക്കൂര്‍ നിത്യേന മലയാളം പരിപാടികള്‍ എന്തായിരിക്കണമെന്നും ചര്‍ച്ച ചെയ്തിരുന്നു. ഹ്രസ്വമായ ടെലിവിഷന്‍ ട്രെയിനിംഗ് കാലത്തല്ലാതെ അവരോ മറ്റുള്ള ഉദ്യോഗസ്ഥരോ ടെലിവിഷന്‍ കണ്ടിട്ടുണ്ടോ എന്നുപോലും സംശയമായിരുന്നു. അവരുടെ ആശയങ്ങള്‍ പങ്കുവച്ചു. ഗവണ്മെന്റ് നിബന്ധനകള്‍ക്ക് അനുസൃതമായി വിജ്ഞാനം, വിനോദം, വിദ്യാഭ്യാസം എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ക്കനുസൃതമായിരിക്കണം പരിപാടികള്‍.
പരിപാടികള്‍ അവതരിപ്പിക്കുന്ന ആങ്കര്‍, കോംപിയര്‍, അവതാരകന്‍, വാര്‍ത്താവായനക്കാര്‍ തുടങ്ങിയവരാണ് ടെലിവിഷന്റെ 'മുഖങ്ങള്‍'. അവര്‍ക്ക് ക്യാമറയില്‍ കൂടി കാണുമ്പോള്‍ ചന്തമുളള മുഖവും പ്രക്ഷേപണയോഗ്യമായ ശബ്ദവും വേണം. മാത്രവുമല്ല, തെറ്റ് കൂടാതെ മലയാളപദങ്ങള്‍ ഉച്ചരിക്കാന്‍ കഴിയുന്ന ഭാഷാശുദ്ധിയും ശബ്ദവിന്യാസവും സ്വരസംക്രമവും പ്രകടിപ്പിക്കാന്‍ കഴിയണം. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പാനലില്‍ നിന്നാണ് താത്ക്കാലിക ജോലികള്‍ക്ക് (മാസത്തില്‍ ആറു ദിവസത്തില്‍ കൂടാതെ) വിളിക്കേണ്ടത്. അതിനുളള അപേക്ഷകള്‍ വാങ്ങാനുളള ക്യൂ കണ്ട് ഞെട്ടിപ്പോയി. ആയിരക്കണക്കിന് യുവതീയുവാക്കള്‍. അവര്‍ കരുതിയത് സ്ഥിരം ജോലിയാണെന്നായിരുന്നു. അവരില്‍ നിന്ന് ഏതാനും പേരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുകയെന്നത് പ്രൊഡ്യൂസര്‍മാര്‍ക്കെല്ലാം ഒരു ഭഗീരഥപ്രയത്‌നം തന്നെയായിരുന്നു. അവരെയെല്ലാം ഓഡീഷന്‍ ചെയ്ത് ഏതാനും പേരെ തിരഞ്ഞെടുക്കുന്നതും വലിയ സാഹസമായിരുന്നു. അവരെല്ലാം പിന്നീട് മലയാളം ടെലിവിഷന്‍ താരങ്ങളായി. ആദ്യകാലങ്ങളില്‍ ചമയങ്ങളിലും വസ്ത്രധാരണരീതികളിലും പ്രകടനത്തിലും അവര്‍ക്ക് ഡല്‍ഹി റിലെയില്‍ കണ്ടു പരിചയിച്ച അവതാരകരുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. തുടക്കത്തിലെ അനുഭവപരിചയം ഇല്ലാത്തതും ലൈറ്റിങ്ങും പ്രശ്‌നമായിരുന്നു.
പ്രൊഡ്യൂസര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മദിരാശിയില്‍ നിന്ന് (എനിക്ക് അവിടത്തെ ജോലിയുമുണ്ടായിരുന്നു) ഫിക്‌സഡ് പോയിന്റ് ചാര്‍ട്ട് (നിശ്ചിത സമയത്തെ പരിപാടികളെക്കുറിച്ചുളള ചാര്‍ട്ട് ) ഡല്‍ഹിക്കയച്ചു. സാങ്കേതികസൗകര്യങ്ങള്‍ പരിമിതമായതിനാല്‍ അഭിമുഖങ്ങള്‍ ധാരാളമുണ്ടായിരുന്നു, ടെലിവിഷനില്‍ 'സംസാരിക്കുന്ന തലകള്‍' കുറയ്ക്കണമെന്നായിരുന്നു അക്കാലത്തെ നിയതമായ ധാരണ. ചാര്‍ട്ട് അംഗീകരിച്ചുകൊണ്ട് മദിരാശിയിലേക്ക് എനിക്ക് ടെലക്‌സ് സന്ദേശമയച്ചു. ജനുവരി ഒന്ന് എന്ന ഉദ്ഘാടനതീയതി മാര്‍ച്ച്-ഏപ്രിലിലേക്ക് മാറ്റുന്ന കാര്യം കണക്കിലെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടെങ്കിലും, ഞാന്‍ ജനുവരി ഒന്നില്‍ ഉറച്ചുനിന്നു. അത് സമ്മതിക്കപ്പെട്ടു. പക്ഷേ, മലയാളിയുടെ മനസ് നന്നായി അറിയാവുന്ന എനിക്ക് വാര്‍ത്തകളില്ലെങ്കില്‍ ടെലിവിഷന്‍ കേരളത്തില്‍ ഒരു ഫലപ്രദമായ മാധ്യമമാവുകയില്ലെന്നറിയാമായിരുന്നു. അതിനാല്‍ അക്കാര്യം ഞാന്‍ ശക്തമായി ഉന്നയിച്ചു. ഇരിക്കാനിടം കിട്ടുമ്പോള്‍ കാലുനീട്ടാന്‍ സ്ഥലം തേടുകയാണെല്ലോ എന്ന് കളിയാക്കിയെങ്കിലും നിത്യേന പത്ത് മിനിറ്റ് ദൈര്‍ഘ്യമുളള മലയാളം വാര്‍ത്താ ബുള്ളറ്റിന്‍ അനുവദിക്കപ്പെട്ടു.
ഏറ്റവും ഒടുവിലാണ് ഒരു ന്യൂസ് എഡിറ്ററെയും രണ്ട് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍മാരെയും നിയമിക്കുന്നത്. പക്ഷേ, വാര്‍ത്തകളുടെ ലഭ്യത ടെലിപ്രിന്ററുകളിലൂടെയാണ്. ടെലിപ്രിന്ററുകള്‍ സ്ഥാപിക്കാനുളള കേബിളുകള്‍ കുടപ്പനക്കുന്നുവരെ നീട്ടാന്‍ കഴിയില്ല! അക്കാലത്തെ ടെലിഗ്രാഫ് മേലധികാരികളെ (ടെലികോം വകുപ്പ് നിലവില്‍ വന്നിട്ടില്ല) കണ്ട് സമ്മര്‍ദ്ദം ചെലുത്തി. മലയാളികളായതിനാല്‍ അവര്‍ക്കും മലയാളം ടെലിവിഷനില്‍ താല്പര്യമുണ്ട്. അവര്‍ രാവും പകലും ജോലിചെയ്താണ് പിറ്റിഐ, യുഎന്‍ഐ എന്നീ വാര്‍ത്താ ഏജന്‍സികളുടെ ടെലിപ്രിന്റര്‍, ടെലക്‌സ് കേബിളുകള്‍ സ്ഥാപിച്ചത്.
1984 ഡിസംബര്‍ 10-ാം തീയതിയാണ് മദ്രാസ് ദൂരദര്‍ശനില്‍ നിന്ന് സ്ഥലംമാറ്റി തിരുവനന്തപുരത്തെ പുതിയ ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ഡയറക്ടറും ഓഫീസ് മേധാവിയുമായി ഞാന്‍ ചുമതലയേല്‍ക്കുന്നത്. ജനുവരി ഒന്നാം തീയതി പ്രക്ഷേപണം തുടങ്ങാന്‍ വെറും മൂന്നാഴ്ച. ഞാന്‍ സ്വമേധയാ ഏറ്റെടുത്ത വെല്ലുവിളി. പക്ഷേ, സഹപ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി ആ വെല്ലുവിളി നേരിടാന്‍ സഹകരിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് മലയാളത്തില്‍ തലക്കെട്ടുകള്‍ നല്കാന്‍ പ്രൊഡ്യൂസര്‍മാരുടെ ഭാഷാസ്വാധീനം സഹായകമായി. ഓരോ പരിപാടികള്‍ അവതരിപ്പിക്കുമ്പോഴും അതിന് വ്യതിരിക്തമായ, പ്രേക്ഷകര്‍ക്ക് മനസ്സിലാകാവുന്ന വിധത്തിലുളള ദൃശ്യ, ശ്രാവ്യ പശ്ചാത്തലമൊരുക്കുന്നത് പ്രധാന വസ്തുതയാണ്. തിരുവനന്തപുരത്തെ ചിത്രാഞ്ജലിയും അതുപോലുളള സ്ഥാപനങ്ങളും പ്രതിഭാധനരായ സംഗീതജ്ഞരും പിന്തുണ നല്‍കി.
ടാഗോര്‍ തിയേറ്ററില്‍ 1985 ജനുവരി ഒന്നിന് വര്‍ണശബളമായ ചടങ്ങില്‍ മുഖ്യമന്ത്രി കരുണാകരന്‍ ദൂരദര്‍ശന്‍-മലയാളം-ഉദ്ഘാടനം ചെയ്തു; കേരളത്തിന് കേന്ദ്രഗവണ്മെന്റിന്റെ പുതുവത്സര സമ്മാനമാണതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉദ്ഘാടനചടങ്ങുകള്‍ തത്സമയം പ്രക്ഷേപണം നടത്തിയിരുന്നു. ടാഗോര്‍ തിയേറ്റര്‍ നിറഞ്ഞുകവിഞ്ഞിരുന്നു; ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണപത്രങ്ങള്‍ തയ്യാറാക്കുന്നതും ക്ഷണിതാക്കളെ ഇരുത്തുന്നതുമൊക്കെ ചര്‍ച്ചാവിഷയങ്ങളായിരുന്നു. ഉദ്ഘാടനത്തിന് വേണ്ട ക്യാമറകള്‍ വിമാനമാര്‍ഗം ഡിസംബര്‍ 30ന് ബോംബെ ദൂരദര്‍ശനില്‍നിന്ന് എത്തിക്കുകയായിരുന്നു. കുടപ്പനക്കുന്നിലെ ട്രാന്‍സ്മിറ്ററിലേക്ക് ടാഗോര്‍ തിയേറ്ററില്‍ നിന്ന് സിഗ്നലുകള്‍ എത്തിക്കുന്ന മൈക്രോവേവ് ലിങ്ക് എത്തിച്ചത് മദ്രാസ് ദൂരദര്‍ശനില്‍ നിന്നായിരുന്നു. ഒട്ടേറെ വൈവിധ്യം നിറഞ്ഞ കലാപരിപാടികളുടെ അവതരണവേളകളില്‍ തിരഞ്ഞെടുക്കപ്പെട്ട അവതാരകര്‍ അവരുടെ പങ്ക് നിര്‍വഹിച്ചു.
ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പരിപാടികളുടെ ചുമതലയുളള ഏഴ് പ്രൊഡ്യൂസര്‍മാരില്‍ രണ്ടുപേര്‍ ആകാശവാണിയില്‍ നിന്നുളളവരായിരുന്നു. മറ്റുള്ളവര്‍ പുതുതായി ജോലിക്ക് വന്നവര്‍. ടെലിവിഷന്‍ പ്രക്ഷേപണത്തിന്റെ ഭാഗമായ ക്യൂ ഷീറ്റുകള്‍ തയ്യാറാക്കല്‍, പരിപാടികളുടെ ഏകോപനവും ആസൂത്രണവും തയ്യാറെടുപ്പുകളും ഓഫീസ് രീതികള്‍ എന്നിവയെക്കുറിച്ച് അവര്‍ക്ക് പരിചയമില്ലായിരുന്നു. അവരെ പരിശീലിപ്പിക്കാന്‍ മദിരാശിയില്‍ നിന്ന് രണ്ട് പ്രോഗ്രാം എക്‌സിക്യൂട്ടീവുകളെ വരുത്തി പരിശീലനം നല്‍കുകയായിരുന്നു. ആദ്യത്തെ ന്യൂസ് എഡിറ്ററായ ഇ.കെ.കൃഷ്ണന്‍ നായര്‍ ചുമതലയേക്കുന്നത് പ്രക്ഷേപണം തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ്. അതുവരെ ന്യൂസ് ബുള്ളറ്റിന്‍ തയ്യാറാക്കിയത് പ്രൊഡ്യൂസര്‍മാരായ ബൈജു ചന്ദ്രനും ചാമിയാരുമായിരുന്നു. ആദ്യത്തെ അവതാരക സുശീലാദേവിയും വാര്‍ത്താവായനക്കാരന്‍ കണ്ണനുമായിരുന്നു.
പ്രവര്‍ത്തം തുടങ്ങി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കടുത്ത ഒരു അച്ചടക്കലംഘനം നടന്നു. ബില്ലുകള്‍ മദിരാശിയിലേക്കയച്ച് അവിടെ നിന്ന് പാസാക്കി ചെക്കുകള്‍ വരികയായിരുന്നു, സ്വന്തമായി ചെക്കുകള്‍ തയ്യാറാക്കാനുളള അധികാരം കിട്ടുന്നതുവരെയുളള പതിവ്. ഒരു ഉദ്യോഗസ്ഥന്‍ തന്റെ ബില്‍ പാസ്സാക്കിക്കിട്ടുന്നതിലുള്ള കാലതാമസത്തില്‍ അരിശംപൂണ്ട് അത് കൈകാര്യം ചെയ്യുന്ന ഗുമസ്തനെ നൈമിഷികക്ഷോഭത്താല്‍ ചെകിടത്തടിച്ചു. അയാള്‍ പരാതിപ്പെട്ടു. കൃത്യം ചെയ്ത ആളെ അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് അയാളും കുടുംബവും താമസസ്ഥലത്തുവന്ന് (ഓഫീസില്‍ വരാന്‍ വിലക്കുളളതിനാല്‍) നിരുപാധികം മാപ്പ് പറഞ്ഞു. അച്ചടക്കനടപടികള്‍ കര്‍ശനമായിരിക്കുമെന്ന പാഠം മറ്റുളളവര്‍ക്കത് നല്‍കി. ആദ്യമാസത്തെ സംപ്രേഷണം കഴിയുമ്പോള്‍ ഒരു പ്രത്യേക കക്ഷിയില്‍പ്പെട്ട ആളുകളാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് എന്നും പ്രൊഡ്യൂസര്‍ ആ കക്ഷിക്കാരനാണെന്നും മന്ത്രിതലത്തില്‍ എനിക്ക് താക്കീത് തന്നു. ഗവണ്മെന്റിനെക്കുറിച്ചുളള പ്രക്ഷേപണനിയമസംഹിത ലംഘിക്കാതെയുളള വിമര്‍ശനങ്ങള്‍ അനുവദനീയമായതിനാല്‍ ഞാന്‍ അക്കാര്യം കണക്കിലെടുത്തില്ല. ക്രിയാത്മകമായ രീതിയില്‍, പരിപാടികള്‍ നിര്‍മ്മിക്കുമ്പോള്‍ തങ്ങളുടെ അഭിരുചി പ്രകടമാക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതുകൊണ്ടവര്‍, യുവത്വത്തിന്റെ ആവേശത്തോടെ മികച്ച ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിച്ചു.
തിരിഞ്ഞുനോക്കുമ്പോള്‍ മലയാളം ടെലിവിഷന് മികച്ചരീതിയില്‍, സമഗ്രമായ സംഭാവന നല്‍കാന്‍ കഴിഞ്ഞുവെന്നതില്‍, 40 കൊല്ലം കഴിയുമ്പോഴും, അഭിമാനമുണ്ട്. മലയാളം ടെലിവിഷനോടുളള പ്രതിബദ്ധത നിമിത്തം തിരുവനന്തപുരം കേന്ദ്രം പൂര്‍ണ്ണസജ്ജമാവുന്നതിന് മുമ്പേ, കൂടുതല്‍ വലിയ ഉത്തരവാദിത്വങ്ങളുമായി ബോംബെയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍, എന്നെ തുടരാന്‍ അനുവദിക്കണം എന്നപേക്ഷിച്ചത് ജോലിക്കാലത്തെ വലിയ തെറ്റായിപ്പോയി. അതില്‍ ഞാന്‍ ഇപ്പോഴും ദുഃഖിക്കുന്നു.
Content Highlights: Celebrating 40 years of Malayalam TV broadcasting. Discover the challenges and triumphs
Published: 01 Jan 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented