ചില സിനിമകളുടെ വിധി അങ്ങനെയാണ്... തുടക്കത്തിൽ പ്രേക്ഷകർ ചവറ്റുകൂനയിലേക്ക് എറിയും. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ കുപ്പയിൽനിന്ന് പുറത്തെടുത്ത് തുടച്ച് അമ്യൂലനിധിപോലെ ആഘോഷിക്കും. അത്തരത്തിലൊരു ചിത്രമായിരുന്നു 1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രം- ദ ഷോഷാങ്ക് റിഡംപ്ഷൻ. 

To advertise here,

ചിത്രത്തിന്റെ 25-ാം വാർഷികദിനത്തിൽ ആരാധകർക്ക് നന്ദി പറയുകയാണ് നടൻ മോർ​ഗൻ ഫ്രീമാൻ. ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ സിനിമയെ ഇന്ന് ഏറ്റവും സ്നേഹിക്കപ്പെടുന്ന ചിത്രമാക്കി മാറ്റിയ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് അദ്ദേഹം. ചിത്രത്തിലെ തനിക്കേറ്റവും പ്രിയപ്പെട്ട ദൃശ്യങ്ങൾ പങ്കുവച്ചായിരുന്നു മോർ​ഗൻ ഫ്രീമാന്റെ കുറിപ്പ്.

സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്‌വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി  ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ്  ദ ഷോഷാങ്ക് റിഡംപ്ഷൻ.  20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോ​ഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും അനധികൃതമായി വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നയാളുമായ റെഡുമായി ഇയാൾ പരിചയം സ്ഥാപിക്കുന്നു. ആന്റിയും റെഡുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഇതിവൃത്തം. ആന്റിയായി ടിം റോബിൻസും റെഡായി മോർ​ഗൻ ഫ്രീമാനും വേഷമിട്ടു.

1994 ഒക്ടോബർ 15-ന് ദ ഷോഷാങ്ക് റിഡംപ്ഷൻ പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ തകർന്നടിയാനായിരുന്നു ചിത്രത്തിന്റെ നിയോ​ഗം. മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാകാത്ത ചെറിയ വരവ് മാത്രമാണ് ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് ലഭിച്ചത്. സ്റ്റീഫൻ സ്പിൽബെർ​ഗിന്റെ ജുറാസ്സിക് പാർക്കിനോടും ക്വെന്റിൻ ടാരന്റിനോയുടെ പൾപ്പ് ഫിക്ഷനോടും ഏറ്റു മുട്ടാനാകാതെ ദ ഷോഷാങ്ക് റിഡംപ്ഷൻ പരാജയപ്പെട്ടു. 

എന്നാൽ നിരൂപകർ ഈ ചിത്രത്തെ തള്ളിപ്പറഞ്ഞില്ല.അവരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളേത്തുടർന്ന് കേബിൾ ടെലിവിഷൻ‍, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി., ബ്ലൂ റേ തുടങ്ങിയ മാധ്യമങ്ങളിൽ ചിത്രം വൻപ്രചാരം നേടി. ഇന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ലോകമൊട്ടാകെ അം​ഗീകരിക്കപ്പെട്ട് ദേശഭാഷഭേദമില്ലാതെ നിരൂപകപ്രശംസയും നേടി  ദ ഷോഷാങ്ക് റിഡംപ്ഷൻ യാത്ര തുടരുന്നു. 

വാൽക്കഷ്ണം: സിനിമാപ്രേമിയാണോ നിങ്ങൾ? ആണെങ്കിൽ ഇതുവരെയും ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ ഇനി വെെകരുത്.

Content Highlights: 25 years of The Shawshank Redemption, Frank Darabont, Tim Robbins, Morgan Freeman