സംവിധായകൻ അറ്റ്‌ലിയും അല്ലു അർജുനും ഒന്നിക്കുന്ന അടുത്ത ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമാണ് 'രാക്ക' (Raaka). ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ഇന്ത്യൻ സിനിമാ ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ഹോളിവുഡ് താരം വിൽ സ്മിത്ത് എത്തിയേക്കും എന്ന റിപ്പോർട്ടുകൾ പ്രേക്ഷകരെ ആവേശംകൊള്ളിക്കുകയാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. 700 കോടിയിലധികം രൂപയാണ് രാക്കയുടെ ബജറ്റ്.

To advertise here,

അല്ലു അർജുൻ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി വിൽ സ്മിത്തുമായി ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിൽ വിൽ സ്മിത്ത് ധരിക്കേണ്ട കോസ്റ്റ്യൂംസ് അണിയറപ്രവർത്തകർ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ തന്നെ താരം ചിത്രത്തിന്റെ നിർമ്മാതാക്കളുമായി ചർച്ചയിലായിരുന്നു.

വിൽ സ്മിത്തിന്റെ സമയ ലഭ്യതയ്ക്ക് അനുസരിച്ച് അദ്ദേഹത്തിന്റെ ഭാഗങ്ങൾ ചിത്രീകരിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ചിത്രത്തിന്റെ വരാനിരിക്കുന്ന ഒരു പ്രധാന വിദേശ ഷെഡ്യൂളിൽ വിൽ സ്മിത്ത് പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരത്തിന്റെ ഡേറ്റുകൾ ക്രമീകരിക്കുന്നതിന് അനുസരിച്ചായിരിക്കും വിദേശ ചിത്രീകരണത്തിന്റെ കൃത്യമായ സ്ഥലം നിശ്ചയിക്കുക. വിദേശ ഷെഡ്യൂളിലേക്ക് കടക്കാനും വിൽ സ്മിത്തിനെ അണിനിരത്താനും കഴിഞ്ഞതിലുള്ള വലിയ ആവേശം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കിടയിലുണ്ട്.

നേരത്തെ 'AA22xA6' എന്ന താൽക്കാലിക പേരിട്ടിരുന്ന ഈ ചിത്രം ഏപ്രിൽ 8-ന് അല്ലു അർജുന്റെ 44-ാം ജന്മദിനത്തോടനുബന്ധിച്ചാണ് 'രാക്ക' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തത്. ഇതോടൊപ്പം പുറത്തുവിട്ട അല്ലു അർജുന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആരാധകരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. തല മൊട്ടയടിച്ച ലുക്കിലുള്ള അല്ലു അർജുന്റെ മുഖത്തിന്റെ ഒരു ഭാഗം കൂർത്ത നഖങ്ങളുള്ള, ചെന്നായയുടേത് പോലുള്ള ഒരു കൈകൊണ്ട് മൂടിനിൽക്കുന്ന രീതിയിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദീപിക പദുകോണിന് പുറമെ രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൾ ഠാക്കൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ദീപിക പദുകോണിന്റെ കഥാപാത്രം അതീവ നിർണായകമാണെന്ന് അണിയറപ്രവർത്തകർ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വമ്പൻ താരനിരയും ഹോളിവുഡ് സാന്നിധ്യവും സംവിധായകൻ ആറ്റ്‌ലിയുടെ മേക്കിംഗും ഒന്നിക്കുന്നതിലൂടെ 'രാക്ക' ഒരു വലിയ കാഴ്ചാനുഭവമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.