'കടൽ രം​ഗം പശ്ചാത്തല സം​ഗീതത്തോടെ കണ്ടുകഴിഞ്ഞതും ജൂഡ് കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു'


By നോബിൻ പോൾ \ അഞ്ജയ് ദാസ്. എൻ.ടി

5 min read
Read later
Print
Share

2018 എന്ന ചിത്രത്തിന് സം​ഗീതവും പശ്ചാത്തലസം​ഗീതവുമൊരുക്കിയ നോബിൻ പോൾ മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുന്നു.

2018-ന്റെ സം​ഗീതസംവിധായകൻ നോബിൻ പോൾ | ഫോട്ടോ: www.instagram.com/nobinpaul/

നൂറു കോടി കളക്ഷൻ എന്ന മാന്ത്രികസംഖ്യയും കടന്ന് കുതിക്കുകയാണ് ജൂഡ് ആന്തണി ജോസഫ് ചിത്രം '2018'. ഹൗസ്ഫുൾ ഷോകളും എണ്ണമറ്റ നൈറ്റ് ഷോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്കും കണക്കുകൂട്ടലുകൾക്കും വഴിമരുന്നിടുമ്പോൾ ഇതെല്ലാം കണ്ടും മനസിലാക്കിയും അളവറ്റ് സന്തോഷിക്കുകയാണ് '2018'-ന്റെ സം​ഗീതസംവിധായകൻ നോബിൻ പോൾ. നിരവധി സൂപ്പർ ഹിറ്റ് കന്നഡ സിനിമകൾക്കുവേണ്ടി സം​ഗീതസംവിധാനം നിർവഹിച്ചിട്ടുണ്ടെങ്കിലും '2018' നോബിന്റെ ആദ്യ മലയാള സിനിമയാണ്. അതിന് കാരണമായതാകട്ടെ നോബിന്റെ കഴിഞ്ഞ ചിത്രമായ '777 ചാർലി'യും. ഹിറ്റാവുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ഈ രീതിയിലുള്ള വരവേല്പ് '2018'-ന് കിട്ടുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചില്ലെന്ന് പറയുകയാണ് ഈ കോട്ടയം കളത്തിപ്പടിക്കാരൻ.

'777 ചാർലി' വഴി വന്ന '2018'

മലയാളപടം ചെയ്യണമെന്ന ആഗ്രഹംകൊണ്ട് കുറേ ശ്രമിച്ചതാണ്. അങ്ങനെയൊരവസരം കിട്ടിയിട്ടില്ലായിരുന്നു. '777 ചാർലി' വഴിയാണ് എന്റെ ഭാഷയിൽ ഒരു പടം ചെയ്യാൻ അവസരം കിട്ടിയത്. '777 ചാർലി'യുടെ തൊട്ടുപിറകേ വന്ന ചിത്രമാണ് '2018'. '2018' ഇത്രയും വലിയ ചിത്രമായതുകൊണ്ട് പല ചിത്രങ്ങളും വേണ്ടെന്നുവച്ചു. കൂടാതെ ഒരു സമയം ഒരു ചിത്രം മാത്രമേ ഞാൻ ചെയ്യാറുള്ളൂ.

ജൂഡ് ആന്തണിയുടെ വിളി വരുന്നു

'777 ചാർലി'യുടെ ട്രെയിലർ റിലീസ് ആയപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു മെസേജ് വന്നു. ജൂഡ് ആന്തണിയായിരുന്നു അത്. ബ്രോ നമ്പർ ഒന്ന് തരാമോ എന്നായിരുന്നു ആ സന്ദേശം. നമ്പർ അയച്ച ഉടൻ തന്നെ അദ്ദേഹം വിളിച്ചു. ജൂഡ് ചെയ്ത 'ഓം ശാന്തി ഓശാന' എന്റെ ഇഷ്ട സിനിമകളിലൊന്നാണ്. ഹായ് സാർ എന്നെല്ലാം അഭിസംബോധന ചെയ്തപ്പോൾ അങ്ങനെയൊന്നും വിളിക്കണ്ട അളിയാ എന്നാണ് ജൂഡ് പ്രതികരിച്ചത്. പിന്നെ കുറച്ചുനേരം സംസാരിച്ചു. '777 ചാർലി'യുടെ ട്രെയ്‌ലറിനെക്കുറിച്ചും അതിൽ വരുന്ന വൈകാരികമായ ഒരു രംഗത്തേക്കുറിച്ചുമെല്ലാം സംസാരിച്ചു. ഒപ്പം ആ സിനിമ ഉറപ്പായും കാണുമെന്നും വിളിക്കുമെന്നും പറഞ്ഞു.

മനസിൽ ആ​ഗ്രഹിച്ചത് കണ്ടതുപോലെ ജൂഡിന്റെ ഓഫർ

'777 ചാർലി' കണ്ടിട്ട് വിളിക്കാമെന്ന വാക്ക് ജൂഡ് പാലിച്ചു. കാണണമെന്ന് പറഞ്ഞു. '777 ചാർലി'യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഞാൻ ആ സമയത്ത് കൊച്ചിയിലുണ്ടായിരുന്നു. ഞാനീ വിവരം പറഞ്ഞപ്പോൾ '2018'-ന്റെ ഷൂട്ടിങ് കൊച്ചിയിൽ നടക്കുന്നുണ്ടെന്നും അവിടെവച്ച് കാണാമെന്നും എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ പടത്തിന്റെ സെറ്റിൽപോയി. അന്ന് ഈ ചിത്രത്തിന് വേറൊരു പേരായിരുന്നു. ഞാൻ ചെല്ലുമ്പോൾ ലാൽ സാറുള്ള രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. അവിടെവെച്ച് ജൂഡ് ആ സിനിമയുടെ കുറച്ച് ദൃശ്യങ്ങൾ കാണിച്ചു. ഞാൻ അതിശയപ്പെട്ടുപോയി. ഈ പടത്തിന്റെ ഭാഗമാവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. പിന്നെ വിചാരിച്ചു, ഷൂട്ടിങ് തുടങ്ങിയ പടമല്ലേ, ചാൻസുണ്ടാവില്ല എന്ന്. അവിടെവെച്ചുതന്നെ ജൂഡ് ചോദിച്ചു ഈ പടവുമായി സഹകരിക്കാൻ തയ്യാറാണോ എന്ന്. ഉടനടി സമ്മതിച്ചു. കാരണം എനിക്ക് മലയാളത്തിൽ ഇതിൽപ്പരം ഒരു തുടക്കം കിട്ടാനില്ല.

സൗണ്ട് ഡിസൈനർ വിഷ്ണു ​ഗോവിന്ദിനും സംവിധായകൻ ജൂഡിനുമൊപ്പം നോബിൻ | ഫോട്ടോ: instagram.com/nobinpaul/

'2018'-ലേക്ക് വന്നപ്പോൾ കന്നഡയിൽ അഞ്ച്‌ പടം വേണ്ടെന്നുവെച്ചു

'2018'-നെ സംബന്ധിച്ചിടത്തോളം ആക്ടിങ്ങും മേക്കിങ്ങും എല്ലാം പൊളിയല്ലേ? '2018'-ലേക്ക് വന്നപ്പോൾ കന്നഡയിൽ അഞ്ച്‌ പടം വേണ്ടെന്നുവെച്ചു. ടീസറൊക്കെയിറങ്ങിയ ശേഷം ജനുവരിയിലാണ് റീ റെക്കോർഡിങ്ങിനുള്ള പ്രോഡക്റ്റ് കിട്ടുന്നത്. ആദ്യതവണ പടം കണ്ടപ്പോൾത്തന്നെ ഞാൻ ജൂഡിനെ വിളിച്ച് ഈ സംഭവം ഹിറ്റാണെന്ന് പറഞ്ഞിരുന്നു. ഓം ശാന്തി ഓശാന, സാറാസ് ഒക്കെ ചെയ്ത ജൂഡേ അല്ല '2018'-ൽ. ഇതിൽ പുള്ളി പ്രശാന്ത് നീലിന്റെ അപ്പനായിട്ടുവരും. ആ രീതിയിലുള്ള സാധനമാണ് ചെയ്തുവെച്ചിരിക്കുന്നത്. പുള്ളിയെ അന്ന് വിളിച്ച അതേ ആശ്ചര്യം ഇപ്പോഴുമുണ്ട്. ഒരു ഹിറ്റ് പടത്തിന് പാട്ട് ചെയ്യുന്ന രീതിയിലാണ് ഞാൻ തുടങ്ങിയത്. പക്ഷേ കാണാൻ വരുന്നവർ ടിക്കറ്റ് കിട്ടാതെ മടങ്ങുകയും ഇത്രയും നൈറ്റ് ഷോകളുടെ എണ്ണമൊന്നും തീരെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഹിറ്റാവുമെന്ന് 100 ശതമാനവും ഉറപ്പായിരുന്നു. ചിത്രത്തിന്റെ വൈകാരികത നന്നായി ഏറ്റിട്ടുണ്ട്. സാധാരണക്കാരായ ആളുകൾ സിനിമയുടെ ഓരോ വിഭാഗത്തേയും എടുത്തുപറയുക എന്നത് വലിയ കാര്യമാണ്. കാരണം സിനിമാ രംഗത്തുള്ളവർ പറയുന്നതും അങ്ങനെയല്ലാത്തവർ പറയുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ.

Also Read
Premium

'ദേഹം പൊട്ടി ചോരവന്നിട്ടും കൂസലില്ലാതെ ...

REVIEW

കേരളത്തിന്റെ യഥാർത്ഥ കഥ, അഭ്രപാളിയിലെ പുത്തൻ ...

പാട്ടുചെയ്യാൻ കിരൺ വിളിക്കുമ്പോൾ ഞങ്ങൾ ...

കടൽ രം​ഗവും ജൂഡ് തന്ന ഉമ്മയും

എനിക്ക് പരിപൂർണ സ്വാതന്ത്ര്യം തന്നിരുന്നു. എങ്ങനെയുള്ള സൗണ്ട് ഇതിൽ ഉൾപ്പെടുത്താം എന്ന് നോക്കാൻ ജൂഡ് പറഞ്ഞു. ഓർക്കസ്ട്രൽ പരിപാടിയാണ് ആദ്യം പ്ലാൻ ചെയ്തത്. സൗണ്ടിനും നല്ല പ്രാധാന്യമുള്ള സിനിമയാണ്. കടലിന്റേയും മഴയുടേയും ശബ്ദത്തിനും കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്കുമൊപ്പം പശ്ചാത്തലസംഗീതം കൂടി കയറി വരണം. അതിന് ഏറ്റവും അനുയോജ്യം ഓർക്കസ്ട്രൽ ചെയ്യുന്നതാണെന്ന് പറഞ്ഞപ്പോൾ ജൂഡും സമ്മതിച്ചു. സിനിമയുടെ തുടക്കത്തിൽ ഒരു കടൽ രംഗമുണ്ട്. അത് ചെയ്തുകഴിഞ്ഞ് ജൂഡിനെ കാണിച്ചപ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഇനി പടം എങ്ങനെ പോകണമെന്ന് അപ്പോഴെനിക്ക് മനസിലായി. ഓർക്കസ്ട്രലുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. മഴയുടെ ശബ്ദം ഉടനീളംവരുന്നതുകൊണ്ട് വേറെന്തുചെയ്താലും ഏൽക്കില്ല. സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് നന്നായി സഹായിച്ചു. പശ്ചാത്തലസംഗീതം ചെയ്യുന്ന സമയത്ത് വിഷ്ണു സൗണ്ട് അയച്ചുതരും. ആ ശബ്ദം ഇട്ട് അതിനൊപ്പമാണ് പശ്ചാത്തലസംഗീതം ചെയ്തത്. അതായത് സൗണ്ട് കേൾക്കുന്ന വിധത്തിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ് തയ്യാറാക്കിയത്.

കൂടുതൽ സമയമെടുത്തത് പശ്ചാത്തലസം​ഗീതം ചെയ്യാൻ

പശ്ചാത്തലസംഗീതം ചെയ്യാനാണ് കൂടുതൽ സമയമെടുത്തത്. പാട്ടിനുവേണ്ടി പാട്ട് എന്ന രീതിയിലല്ല ചെയ്തത്. പശ്ചാത്തലസംഗീതത്തിനൊപ്പം പോകുന്ന രീതിയിലുള്ളവയായിരുന്നു പാട്ടുകൾ. മൂന്ന് പാട്ടാണ് ഞാൻ ചെയ്തത്. ഒരു പാട്ട് വില്യം ഫ്രാൻസിസും. എന്റെ പാട്ടുകളുടെ ഇടയിൽ സംഭാഷണങ്ങളും വരുന്നുണ്ട്.

ഹെലികോപ്റ്റർ രം​ഗത്തിലെ പശ്ചാത്തലസം​ഗീതം

ഹെലികോപ്റ്റർ രക്ഷാപ്രവർത്തനരംഗത്തിൽ അമ്മയെ മുകളിൽ എത്തിക്കുന്നതുവരെ സൗണ്ടും മ്യൂസിക്കും ഇടകലർത്തിയാണ് ഉപയോഗിച്ചത്. ശബ്ദത്തിനും സംഗീതത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ട്. സൗണ്ടിന് ഒരുപടി മുകളിൽ പ്രാധാന്യം നൽകി. അതിനുശേഷം ടൊവിനോ കുട്ടിയെ മുകളിലേക്കെത്തിക്കുന്നതിനിടെ താഴേക്ക് പതിക്കുന്ന രംഗം മുതൽ സംഗീതത്തിനാണ് പ്രാമുഖ്യം. അതുകൊണ്ടാണ് അതേ രംഗത്തിലെ സല്യൂട്ട് നൽകുന്ന ഭാഗത്ത് തിയേറ്ററിൽ ഇത്രയും കയ്യടി വരാനുള്ള കാരണം. ഇപ്പോൾ ആളുകൾ തുടർച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നത് ക്ലൈമാക്‌സിലെ ആ പശ്ചാത്തലസംഗീതം എന്ന് പുറത്തുവിടുമെന്നാണ്.

'2018'-ലെ ഹെലികോപ്റ്റർ രം​ഗം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഹോളിവുഡ് ഫീലുണ്ടെന്ന് പറയുന്നത് കേൾക്കുമ്പോൾ സന്തോഷം

ഓർക്കസ്ട്രൽ ആയതുകൊണ്ട് എല്ലാ സംഗീതജ്ഞരും ആഗ്രഹിക്കുന്നത് വിദേശത്തുനിന്നുള്ളവരെക്കൊണ്ട് വായിപ്പിക്കുക എന്നതാണ്. അങ്ങനെ പദ്ധതിയിട്ടെങ്കിലും അതിനുള്ള സമയം ഇല്ലാത്തതിനാൽ എല്ലാം മലയാളികളെക്കൊണ്ടുതന്നെ വായിപ്പിച്ചു. ഹോളിവുഡ് ഫീലുണ്ടെന്ന് തിയേറ്ററിൽ ആളുകൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. '777 ചാർലി'യിൽ പ്രവർത്തിച്ച കലാകാരന്മാരുണ്ടായിരുന്നു. തിരുവനന്തപുരത്ത് സാവൻ എന്നൊക്കെ പറഞ്ഞ ഒരു ടീമുണ്ടായിരുന്നു. വലിയ പിന്തുണയാണ് അവർ നൽകിയത്. പുലർച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമാണ് ലൈവ് ചെയ്തുകൊണ്ടിരുന്നത്. ഞാൻ ബെംഗളൂരുവിലായിരുന്നു. ലൈവിലിരുന്ന് ഒരേസമയം റെക്കോർഡ് ചെയ്‌തെടുക്കുകയായിരുന്നു.

ഇത്രയും കാത്തിരുന്ന് കിട്ടിയ മലയാളസിനിമ ഗംഭീരമായി

കരയിപ്പിക്കുന്ന പടം മാത്രമേ ചെയ്യുകയുള്ളോ എന്നാണ് ആദ്യം ആളുകൾ ചോദിച്ചിരുന്നത്. പിന്നെ ഇപ്പോൾ ചോദിക്കുന്നത് 100 കോടി കളക്ഷൻ കിട്ടുന്ന പടം മാത്രമേ ചെയ്യുകയുള്ളോ എന്നാണ്. '777 ചാർലി' 150 കോടി ക്ലബിൽ കയറിയിരുന്നു. അടുത്ത പടം കുറച്ചധികം ബഡ്ജറ്റ് വരുന്ന പടമാണ്. പിന്നെ ഇങ്ങനെയൊക്കെ കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എന്തായാലും ഇത്രയും കാത്തിരുന്ന് കിട്ടിയ മലയാളസിനിമ ഗംഭീരമായി. കിട്ടിയ അവസരം നന്നായി ഉപയോഗിക്കാൻ പറ്റി എന്നുള്ള വിശ്വാസത്തിലാണിരിക്കുന്നത്.

എന്റെയും മകളുടേയും ആദ്യ മലയാളചിത്രം

എന്റെ മകൾ എസ്മ ഒരു പാട്ടു പാടിയിട്ടുണ്ട് '2018'-ൽ. ശരിക്ക് ആ ഭാഗത്ത് പശ്ചാത്തലസംഗീതം ചെയ്യാനായിരുന്നു ആലോചിച്ചത്. പിന്നെയാണ് ഒരു പാട്ട് അവിടെ കൊണ്ടുവന്നാലോ എന്ന് ചർച്ച ചെയ്തത്. പ്രതീക്ഷയെ സൂചിപ്പിക്കാൻ ഒരു കുട്ടിയെക്കൊണ്ട് പാടിക്കാം എന്ന് തോന്നി. ഈണമിട്ട ശേഷമാണ് പാട്ടെഴുതിയത്. ജോ പോളായിരുന്നു ഗാനരചയിതാവ്. ആദ്യം ഞാനൊന്ന് പാടി. കുട്ടികളുടെ ശബ്ദം നോക്കാൻ വെറുതേ മോളെക്കൊണ്ട് പാടിച്ചശേഷം ജൂഡിന് അയച്ചുകൊടുത്തു. എന്നെ ഞെട്ടിച്ചുകൊണ്ടാണ് ജൂഡിന്റെ മറുപടി വന്നത്. അടിപൊളിയായിട്ടുണ്ടെന്നും ഇത് തന്നെ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞ മറുപടിയുടെ രത്‌നച്ചുരുക്കം. അങ്ങനെ നോക്കുകയാണെങ്കിൽ എന്റെയും അവളുടേയും ആദ്യ മലയാളചിത്രമാണ് '2018'.

വീട്ടുകാർക്കും ഇത് അഭിമാനനിമിഷം

വീട്ടുകാരെല്ലാം ഭയങ്കര ഹാപ്പിയാണ്. കന്നഡ അവർക്ക് അത്ര പരിചയമില്ലല്ലോ. കന്നഡയിൽ എത്രയൊക്കെ ചെയ്താലും സംഗീത സംവിധായകനാണെന്ന് പറഞ്ഞാലും എന്നിട്ടെന്താ മലയാളത്തിൽ പടം ചെയ്യാത്തത് എന്ന് ചോദ്യം വരും. അങ്ങനെ മലയാളത്തിൽ ചെയ്ത് ആ പടം വലിയ ഹിറ്റും ആയപ്പോൾ എല്ലാവർക്കും അതൊരു അഭിമാന നിമിഷമായി.

അടുത്തത് കന്നഡ-മലയാളം ദ്വിഭാഷാ ചിത്രം

സിനിമ ഇറങ്ങിയ ദിവസം '777 ചാർലി'യുടെ സംവിധായകൻ കിരൺരാജ് വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. കിരണിന് '2018' നന്നായി ഇഷ്ടപ്പെട്ടു. ഈ സിനിമയിൽ പ്രവർത്തിച്ച പലരും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. കിരണിന്റെ പടമാണ് ഇനി ചെയ്യാൻ പോകുന്നത്. കന്നഡ-മലയാളം ദ്വിഭാഷ
സിനിമയായിരിക്കും. കന്നഡയിലേയും മലയാളത്തിലേയും വലിയ താരങ്ങളാണ് പ്രധാനവേഷങ്ങളിൽ. രണ്ട് ഭാഷകളിലും നായകന്മാർ വേറെ വേറെയായിരിക്കും. ജൂൺ മുതൽ അതിന്റെ ജോലികളിലേക്ക് കടക്കും. ഇപ്പോൾ '2018' കഴിഞ്ഞ് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ്.

Content Highlights: 2018 music director nobin paul interview, nobin paul songs, jude anthany joseph, tovino thomas

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Jun 4, 2023


vidyasagar

1 min

‘ജനപ്രിയമായ പല ഈണങ്ങളും മനസ്സിലേക്ക് താനേ ഒഴുകിയെത്തിയത്, പല പാട്ടുകളും നിമിഷനേരംകൊണ്ട് പിറന്നവ‘

May 28, 2023


Salman Khan death threat,  Lawrence Bishnoi, Letter threat,  Sidhu Moosewala assassination

3 min

സല്‍മാന്‍ ഖാന്‍ കേസ്; അന്ന് അഞ്ചു വയസ്സുമാത്രമുണ്ടായിരുന്ന ലോറന്‍സ് ബിഷ്‌ണോയിക്ക് എന്തുകൊണ്ടിത്ര പക?

Apr 11, 2023

Most Commented