തടവറയുടെ ഏകാന്തതയിൽ നിന്ന് ഒരു നാൾ അപ്രതീക്ഷിതമായി വന്നണഞ്ഞ ഇൻലൻഡിലെ കുനുകുനുത്ത അക്ഷരങ്ങൾ ഓർമ്മയുണ്ട്; അവക്കിടയിൽ അലസമായി കോറിയിട്ട മഞ്ജു വാര്യരുടെ രേഖാചിത്രവും. കത്തെഴുതിയത് മോഷണക്കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയുന്ന ഒരാൾ. രാത്രി എട്ടുമണിക്കുള്ള എഫ്എം പരിപാടിയിൽ "എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു" എന്ന പാട്ട് വെച്ചുതരണം- അതായിരുന്നു ആവശ്യം. സെൻട്രൽ ജയിലിൽ രാത്രി എട്ട് മുതൽ പതിനൊന്ന് വരെ എഫ്എം റേഡിയോ വെച്ചുകേൾപ്പിക്കുന്ന പതിവുണ്ടായിരുന്നത്രേ അന്ന്. "ആഴ്ച്ചകളായി ആ പാട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ." - കത്തിൽ അയാൾ എഴുതി. "എനിക്കിവിടെ കൂട്ടുകാർ ആരുമില്ല. വല്ലാത്ത ഏകാന്തതയാണ്. നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കട്ടെ?"

To advertise here,

എന്തിന് നിരാശപ്പെടുത്തണം? പാട്ട് വെച്ചുകേൾപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. പിറ്റേന്നു രാത്രിയിലെ പ്ലേലിസ്റ്റിൽ തന്നെ "എത്രയോ ജന്മമായ്" ഉൾപ്പെടുത്തി. അപ്രതീക്ഷിതമായി തന്റെ ഇഷ്ടഗാനം കാതിൽ ഒഴുകിയെത്തുമ്പോഴത്തെ അയാളുടെ ആഹ്ളാദം ഊഹിക്കാമായിരുന്നു എനിക്ക്. അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന ഒരാൾക്ക് "സമ്മർ ഇൻ ബത്‌ലഹേ"മിലെ ആ പ്രണയഗാനത്തോടുള്ള തീവ്രസ്നേഹത്തിനു പിന്നിൽ എന്തായിരിക്കാം? എഴുത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരവും നൽകിയിരുന്നു നമ്മുടെ കഥാപുരുഷൻ.

"താങ്കൾക്ക് തമാശയായി തോന്നാം. ഈ പാട്ട് എപ്പോൾ കേട്ടാലും ആ സിനിമയിലെ മഞ്ജുവാര്യരുടെ മുഖമാണ് എനിക്ക് ഓർമ്മവരിക. വല്ലാത്തൊരിഷ്ടമുണ്ടായിരുന്നു അവരോട്. ഒരു പക്ഷേ ജീവിതത്തിൽ ഞാൻ ഏറ്റവുമധികം സ്നേഹിച്ച, വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെൺകുട്ടിക്കും അതേ ഛായ ആയിരുന്നതുകൊണ്ടാവാം. പക്ഷേ വിധി നമുക്ക് വേണ്ടി കരുതിവെക്കുന്ന കെണികൾ ആരറിഞ്ഞു? ഗതികേട് കൊണ്ട് ഒരുനാൾ മോഷ്ടാവായി മാറിയവനാണ് ഞാൻ. മറ്റെല്ലായിടത്തുമെന്ന പോലെ ആ മേഖലയിലും തോൽക്കാനായിരുന്നു യോഗം. ജീവിതം അതോടെ മാറിമറിഞ്ഞു. മാനം പോയി. ആകെയുള്ള പിടിവള്ളിയായിരുന്ന പ്രണയവും തകർന്നു. അവൾ മറ്റാരെയോ കല്യാണം കഴിച്ചിരിക്കാം. അതോ എന്നെ കാത്തിരിക്കുന്നുണ്ടാകുമോ? അറിയില്ല. കാത്തിരുന്നെങ്കിൽ എന്ന് തീവ്രമായി മോഹിക്കാറുണ്ട്. ഒഎൻവി സാർ എഴുതിയ പോലെ വെറുതെ മോഹിക്കാൻ മോഹം. ഇപ്പോഴും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ആ പ്രതീക്ഷയാണ് ...."

സഫലമാകുമോ ഇല്ലയോ എന്നറിയാത്ത ആ പ്രതീക്ഷയുടെ സുഗന്ധമുണ്ടത്രേ "എത്രയോ ജന്മമായ്" എന്ന പാട്ടിൽ. പ്രത്യേകിച്ച് ചരണത്തിലെ "മായുന്ന സന്ധ്യേ നിന്നെ തേടി ഈറൻ നിലാവിൻ പരാഗം, എന്നെന്നും ഈ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമായ് നിന്നേയും കാത്തു ഞാൻ നിൽക്കവേ" എന്ന ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ. "ഈ ലോകത്ത് ആർക്കെങ്കിലും എന്നെ മനസ്സിലാക്കാൻ കഴിയുമെങ്കിൽ അത് അവൾക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നു ഞാൻ. "- കത്തിൽ അയാൾ എഴുതി.

തീർന്നില്ല. ഇനിയുമുണ്ട് ഇതേ ഗാനവുമായി ബന്ധപ്പെട്ട് സമാനമായ സ്വകാര്യ അനുഭവങ്ങൾ. സിനിമയിലെ ഏതെങ്കിലുമൊരു കഥാസന്ദർഭത്തിന് പൊലിമ കൂട്ടാൻ വേണ്ടി ക്ലിപ്‌ത സമയത്തിനുള്ളിൽ, പലവിധ പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് പിറന്നുവീഴുന്ന ഗാനം സാധാരണ മനുഷ്യന്റെ മനസ്സിനെ, ജീവിതത്തെ തന്നെ, എത്ര ആഴത്തിൽ സ്വാധീനിക്കുന്നു എന്നതിന്റെ നേർസാക്ഷ്യങ്ങൾ. പാടി റെക്കോർഡ് ചെയ്യുമ്പോൾ "എത്രയോ ജന്മമായ്'' ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്നോ കാലത്തിനപ്പുറത്തേക്ക് വളരുമെന്നോ പ്രതീക്ഷിച്ചിട്ടില്ല ശ്രീനിവാസിനൊപ്പം ആ ഗാനം പാടിയ സുജാത. സിനിമ പുറത്തിറങ്ങിയപ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് പടത്തിലെ മറ്റു പാട്ടുകളാണ്. ശീർഷകഗാനമായതുകൊണ്ട് "എത്രയോ ജന്മമായ്'' ടെലിവിഷനിൽ വരാൻ യാതൊരു സാധ്യതയില്ല. സ്വാഭാവികമായും ഗാനം എളുപ്പത്തിൽ വിസ്മരിക്കപ്പെടാം.

പക്ഷേ സംഭവിച്ചത് മറിച്ചാണ്. പുറത്തിറങ്ങി ഇത്ര കാലത്തിന് ശേഷവും മലയാളികൾ നെഞ്ചോട് ചേർത്ത് പിടിക്കുന്നു ആ ഗാനത്തെ; എത്രയോ ജന്മമായി തേടിനടന്ന് കൈവന്ന കൂട്ടുകാരനെ അല്ലെങ്കിൽ കൂട്ടുകാരിയെ പോലെ. ഏറ്റവും പുതിയ തലമുറയിലെ കുട്ടികളുടെ പ്ലേലിസ്റ്റിൽ പോലുമുണ്ട് ആ ഗാനം. വാലന്റീൻസ് ദിനത്തിൽ ഇന്നും ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന പ്രണയസന്ദേശങ്ങളിൽ ഒന്ന് ഈ പാട്ടിന്റെ പല്ലവിയായിരിക്കും. എല്ലാ പ്രണയികളുടെയും ആത്മാവിഷ്കാരമാണല്ലോ അത്.

മഞ്ജുവാര്യരെയും പ്രഭുവിനെയും നായികാനായകരാക്കി സിബി മലയിൽ സംവിധാനം ചെയ്യാനിരുന്ന "നൻപാ നൻപാ''എന്ന തമിഴ് ചിത്രത്തിന് വേണ്ടി അതിനും രണ്ടു മൂന്നു വർഷം മുൻപ് വിദ്യാസാഗർ സൃഷ്ടിച്ചതാണ് എത്രയോ ജന്മമായ് എന്ന പാട്ടിന്റെ ഒറിജിനൽ ട്യൂൺ. വൈരമുത്തുവിന്റെ മനോഹരമായ വരികൾ പിറകെ വന്നു - "ഭൂമിയേ ഭൂമിയേ പൂമഴൈ നാൻ തൂവവാ...'' ബംഗളൂരുവിൽ വെച്ചാണ് ആ ഈണം പിറന്നതെന്നോർക്കുന്നു വിദ്യാജി.

https://www.youtube.com/watch?v=QMl6Pr2cvys&list=RDQMl6Pr2cvys&start_radio=1

ഒരു ഗാനരംഗം മാത്രം ഷൂട്ട് ചെയ്ത ശേഷം "നൻപാ നൻപാ''എന്ന പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഗാനവും ഈണവും വിസ്മൃതിയിൽ മറഞ്ഞില്ല എന്നത് സംഗീതാസ്വാദകരുടെ സുകൃതം. അര്‍ജുനും മീനയും അഭിനയിച്ച സെങ്കോട്ടൈ (1996) എന്ന തമിഴ് ആക്ഷന്‍ ചിത്രത്തിൽ എസ്പിബിയുടെയും എസ്.ജാനകിയുടെയും ശബ്ദങ്ങളിൽ "ഭൂമിയേ ഭൂമിയേ'' ഇടം നേടുന്നു. അർഹിച്ച ശ്രദ്ധ നേടാതെ മറവിയിലൊടുങ്ങാനായിരുന്നു ആ പാട്ടിന്റെ യോഗം. പടം ബോക്‌സാഫീസിൽ അർഹിച്ച ശ്രദ്ധ നേടാതെ പോയത് തന്നെ പ്രധാന കാരണം.

പക്ഷേ സിബി മലയിലിന് എങ്ങനെ ആ ഈണം മറക്കാനാകും? "സമ്മർ ഇൻ ബത്‌ലഹേമി''ന്റെ (1998) കമ്പോസിംഗിനിടെ സിബിയാണ് പഴയ ഈണം മലയാളത്തിൽ പുനഃസൃഷ്ടിക്കാൻ വിദ്യാസാഗറിനോട് ആവശ്യപ്പെടുന്നത്. "അത്രയും ഇഷ്ടമായിരുന്നു സിബിസാറിന് ആ ട്യൂൺ.''- വിദ്യാസാഗർ ഓർക്കുന്നു. പഴയ ഈണം അപ്പടി ഉപയോഗിക്കുകയല്ല ഇത്തവണ വിദ്യാസാഗർ ചെയ്തത്. അതിന്റെ കെട്ടിലും മട്ടിലും ചില മാറ്റങ്ങൾ വരുത്തി. ഗിരീഷിന്റെ ലളിതസുന്ദരമായ വരികൾ കൂടി ചേർന്നപ്പോഴോ? മറ്റേതോ ആകാശങ്ങളിലേക്ക് പറന്നുയർന്നു അത്.

"അത്രമേൽ ഇഷ്ടമായ്' എന്ന രണ്ടേ രണ്ടു വാക്കുകളിൽ നിന്നാണ് ആ പാട്ടുണ്ടായതെന്ന് പറഞ്ഞിട്ടുണ്ട് ഗിരീഷ്. എത്രയോ ജന്മമായ് എന്ന തുടക്കം പോലും പിന്നീടാണ് വന്നത്. "കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം, മായുന്ന സന്ധ്യേ നിന്നെത്തേടി ഈറൻ നിലാവിൻ പരാഗം.... ''- ഈണമിട്ടെഴുതിയതാണ് ഈ വരികൾ എന്ന് വിശ്വസിക്കുക പ്രയാസം. "സെങ്കോട്ട''യിലെ തമിഴ് വേർഷൻ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ മലയാളം പതിപ്പ് എക്കാലത്തെയും വലിയ ഹിറ്റായി മാറി എന്നത് ചരിത്രനിയോഗം.

"എത്രയോ ജന്മമായ്'' എന്ന ഗാനത്തോട്‌ മലയാളികള്‍ക്കുള്ള സ്നേഹം ശ്രീനിവാസിനേയും സുജാതയേയും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പാട്ടിന്റെ തുടക്കത്തിലെ സംഗീതശകലങ്ങൾ കേള്‍ക്കുമ്പോഴേ ഇളകിമറിയാൻ തുടങ്ങും സദസ്സ്. "തിരൂർ തുഞ്ചൻ പറമ്പിലെ ഒരു പരിപാടിക്കിടെ ആ പാട്ടിന്റെ പല്ലവി ആവർത്തിച്ചു പാടേണ്ടി വന്നത് ഓർക്കുന്നു. നിറഞ്ഞ സദസ്സ് വരികൾ ആവേശപൂർവം ഏറ്റുപാടി. അത്തരമൊരനുഭവം അപൂർവമാണ് ഗാനമേളകളിൽ..''- സുജാതയുടെ ഓർമ്മ.

വിദ്യാസാഗറിന്റെ വര്‍ഷവല്ലകി സ്റ്റുഡിയോയില്‍ പാട്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍ എത്തിയത് ജലദോഷവുമായിട്ടായിരുന്നു എന്നോര്‍ക്കുന്നു ശ്രീനിവാസ്. "ആ അവസ്ഥയില്‍ ഒരു റൊമാന്റിക് മെലഡി പാടിയാല്‍ ശരിയാകുമോ എന്നായിരുന്നു എന്‍റെ സംശയം. സംശയിക്കേണ്ട, ആ ശബ്ദം തന്നെയാണ് എനിക്ക് വേണ്ടത് എന്നായി വിദ്യാസാഗര്‍. പിന്നീട് പാട്ട് റെക്കോര്‍ഡ്‌ ചെയ്തു കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ തീരുമാനം എത്ര ശരിയായിരുന്നു എന്ന് മനസ്സിലായത്‌. ''

പ്രണയഗാനങ്ങള്‍ പാടാന്‍ ജനിച്ച ഗായികയാണ് സുജാത എന്ന് തോന്നിയിട്ടുണ്ട്. വാക്കുകളില്‍, അക്ഷരങ്ങളില്‍, വെറുമൊരു മൂളലില്‍ പോലും പ്രണയം നിറച്ചുവെക്കുന്ന പാട്ടുകാരി. ഈ കാല്‍പനിക ഭാവം ഏറ്റവും പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകൻ വിദ്യാസാഗർ ആവണം. വിദ്യാജിയുടെ ഈണങ്ങളാണ് സുജാതയ്ക്ക് മികച്ച പിന്നണിഗായികക്കുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ നേടിക്കൊടുത്തത്. (പ്രണയമണിത്തൂവൽ, വരമഞ്ഞളാടിയ). സുജാതയുടെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലെല്ലാമുണ്ട് മെലഡിയുടെ വിദ്യാസ്പർശം. കാൽ നൂറ്റാണ്ടിന് ശേഷവും പ്രണയപൂർവം മലയാളിയുടെ കാതുകളിൽ മൂളിക്കൊണ്ടിരിക്കുന്നു സുജാത: "ഈ മഞ്ഞും എൻ മിഴിയിലെ മൗനവും എൻ മാറിൽ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നൂ ഞാൻ.... ''