'’ഇന്നും കണ്ണപ്പനുണ്ണിയിലെ ആ ഗാനരംഗം നടുക്കത്തോടെയല്ലാതെ കാണാനാവില്ല.''-നസീർ പറഞ്ഞു.

അഭിനയിച്ചു തഴക്കവും പഴക്കവുമുള്ള പാമ്പുകളാണെന്ന് ക്യാമറാമാൻ. 'അതുകൊണ്ടെന്ത് കാര്യം? പാമ്പിനറിയില്ലല്ലോ സംഭവം സിനിമയാണെന്നും പാടുന്നത് യേശുദാസ് ആണെന്നും അഭിനയിക്കുന്നത് പ്രേംനസീറാണെന്നും.'-നസീർ സാറിന്റെ ചോദ്യം.
'കണ്ണപ്പനുണ്ണി''യിലെ 'ആയിരം ഫണമെഴും ആദിശേഷരേ' (പി ഭാസ്‌കരൻ-കെ രാഘവൻ) എന്ന ഗാനരംഗത്തിന്റെ ചിത്രീകരണം ഓർത്തെടുക്കുകയായിരുന്നു നിത്യഹരിതനായകൻ. അത്രയും കഷ്ടപ്പെട്ട് അഭിനയിച്ച പാട്ടുസീനുകൾ അധികമില്ല നസീറിന്റെ ഓർമയിൽ. യേശുദാസിന്റെ ഗന്ധർവനാദത്തെക്കാൾ ആ ഗാനം ഓർമ്മയിൽ അവശേഷിപ്പിക്കുന്നത് മൂർഖൻ പാമ്പുകളുടെ സീൽക്കാര ശബ്ദമാണെന്ന് പറഞ്ഞിട്ടുണ്ട് നസീർ സാർ; സ്വതഃസിദ്ധമായ നർമ്മബോധത്തോടെ.
അഭിനയിച്ച് അനശ്വരമാക്കിയ ഗാനരംഗങ്ങളുടെ രസകരമായ ഓർമ്മകൾ അവസാന ചിത്രമായ 'ധ്വനി''യുടെ ഷൂട്ടിങ് ലൊക്കേഷനിലിരുന്ന് പങ്കുവെക്കുകയായിരുന്നു പ്രേംനസീർ. ഒരുപക്ഷേ, നസീർ സാറിന്റെ അച്ചടിച്ചുവന്ന അവസാന അഭിമുഖം.
'ഇന്നും കണ്ണപ്പനുണ്ണിയിലെ ആ ഗാനരംഗം നടുക്കത്തോടെയല്ലാതെ കാണാനാവില്ല.''-നസീർ പറഞ്ഞു. ഒരു പറ്റം വിഷസർപ്പങ്ങൾക്കിടയിലിരുന്ന് നായകൻ മകുടിയൂതി പാടേണ്ട പാട്ടാണ്. സഹനടന്മാർ ആരെന്നറിഞ്ഞപ്പോഴേ വിവർണ്ണമായി വടക്കൻപാട്ടിലെ വീരനായകന്റെ മുഖം. പടത്തിന്റെ ഔദ്യോഗിക സംവിധായകൻ കുഞ്ചാക്കോ ആണെങ്കിലും സംവിധാനമേൽനോട്ടം പതിവുപോലെ വിൻസന്റ് മാസ്റ്റർക്കാണ്. 'വിഷപ്പല്ല് പറിച്ചു കളഞ്ഞ നിരുപദ്രവികളായ പാമ്പുകളാണ് എന്ന് വിൻസന്റ് മാസ്റ്റർ ആണയിട്ട് പറഞ്ഞിട്ടും എന്റെ പേടി കുറഞ്ഞില്ല. നിരവധി പടങ്ങളിൽ അഭിനയിച്ചു പരിചയമുള്ള പാമ്പുകളാണത്രെ. അതുകൊണ്ട് എന്ത് ഗുണം? പാമ്പിനറിയില്ലല്ലോ പാടുന്നത് യേശുദാസാണെന്നും അഭിനയിക്കുന്നത് പ്രേംനസീറാണെന്നും.''-നസീർ പൊട്ടിച്ചിരിക്കുന്നു. ആദ്യമാദ്യം അഭിനയിക്കില്ലെന്ന് വാശി പിടിച്ചെങ്കിലും ഒടുവിൽ വിൻസന്റ് മാസ്റ്ററുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങുക തന്നെ ചെയ്തു അദ്ദേഹം. അടിമുടി പ്രൊഫഷണലാണല്ലോ നസീർ.
പ്രാണഭയം ഉള്ളതിനാൽ അങ്ങേയറ്റം കരുതലോടെയായിരുന്നു അഭിനയം. പാട്ടിനൊത്ത് ചുണ്ടനക്കുന്നതോടൊപ്പം പാമ്പുകളുടെ ചെറിയ ചലനങ്ങൾ പോലും ഇടംകണ്ണിട്ട് ശ്രദ്ധിക്കുകയും വേണം. 'ഷൂട്ടിംഗ് പാതി പിന്നിട്ടപ്പോഴാണ് അതിൽ ഒരുത്തൻ പതുക്കെ എന്റെ കാൽമുട്ട് ലക്ഷ്യമാക്കി വരുന്നത് കണ്ടത്. ഞെട്ടിപ്പോയി. പാട്ടിനും പാമ്പിനുമിടയ്ക്ക് കുടുങ്ങിപ്പോയ പോലുള്ള അനുഭവം. മൂർഖൻ മുട്ടിന്മേൽ കയറി ഇഴഞ്ഞു തുടങ്ങിയപ്പോഴേ വിൻസന്റ് മാസ്റ്റർ കട്ട് പറഞ്ഞുള്ളൂ. അപ്പോഴത്തെ എന്റെ ഭാവം കണ്ട് സ്വതേ ഗൗരവക്കാരനായ അദ്ദേഹം പോലും ചിരിച്ചു പോയിട്ടുണ്ടാകും. ഭാഗ്യത്തിന് അടുത്ത ഷോട്ടിൽ പാമ്പുകളെ കുറച്ച് അകലെ നിർത്താൻ സമ്മതിച്ചു മാസ്റ്റർ. എങ്കിലും ആ സീൻ ഇന്ന് കാണുമ്പോഴും എന്റെ മുഖത്തെ ഭയപ്പാട് നിങ്ങൾ ശ്രദ്ധിക്കാതിരിക്കില്ല.''-പ്രേംനസീർ.
അതിനു രണ്ടു വർഷം മുൻപ് നീലപ്പൊന്മാൻ എന്ന ഉദയാ ചിത്രം മുണ്ടക്കയത്തിനു സമീപം ഒരു എസ്റ്റേറ്റിൽ ചിത്രീകരിച്ചപ്പോഴും വിഷപ്പാമ്പുകളുമായി ഇടപെടേണ്ടി വന്നിരുന്നു നസീറിന്. സർപ്പവിഷം ശേഖരിക്കുന്ന റഷ്യൻ ശാസ്ത്രജ്ഞൻ ഇവാനോവ് ആയി അഭിനയിക്കേ കയ്യിൽ കട്ടിയുള്ള ഗ്ലൗസ് അണിഞ്ഞിരുന്നതിനാൽ അന്നതത്ര പ്രശ്‌നമായി തോന്നിയില്ല. എന്നാൽ 'കണ്ണപ്പനുണ്ണി''യിലെ പാട്ട് അഭിനയിച്ചു തീർന്നപ്പോഴേക്കും പേടിച്ച് വിയർപ്പിൽ കുളിച്ചിരുന്നു താനെന്ന് നസീർ.
Content Highlights: Prem Nazir shares his terrifying experience shooting with live cobras for the song 'Aayiram Phanamuzhum Aadhiseshare'., Insights into the professional dedication of Prem Nazir despite his deep fear of snakes., Behind-the-scenes details from the set of Kannappanunni directed by Kunchacko and Vincent Master., Comparison with his previous experience acting as a scientist in Neelapponman.
Published: 25 Apr 2026, 09:27 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented