ഓർമ്മപ്പൂക്കൾ
---------------------------------
സംഗീതത്തിൽ നന്മയും സ്നേഹവും പരസ്പരമുള്ള ആദരവും കലർന്നിരുന്ന കാലത്തുനിന്ന് ഇതാ ഒരപൂർവ സമാഗമത്തിന്റെ ഹൃദയസ്പർശിയായ ഓർമ്മ.

To advertise here,

എം എസ് വിശ്വനാഥനും ജി ദേവരാജനുമാണ് ഈ കഥയിലെ നായകർ. തൃശൂരിലെ ഒരു വിവാഹച്ചടങ്ങിൽ വെച്ച്, ദീർഘകാലത്തിന് ശേഷം കണ്ടുമുട്ടിയതായിരുന്നു ഇതിഹാസതുല്യരായ ആ സംഗീത സംവിധായകർ. തലകുനിച്ചു തൊഴുതു നിന്ന എം എസ് വിക്ക് മുന്നിൽ, അദ്ദേഹത്തിന്റെ ആരാധകനായി മാറി ദേവരാജൻ മാസ്റ്റർ പറയുന്നു: ``ഇന്നലെ രാത്രിയും കേട്ടു `എങ്ക വീട്ടു പിള്ളൈ'യിലെ ``മലര്ക്ക് തെൻട്രൽ'' എന്ന പാട്ട്. കണ്ണു നിറഞ്ഞു പോയി. ഞാൻ ഈശ്വരവിശ്വാസിയൊന്നുമല്ല. പക്ഷേ നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ ഈശ്വരൻ ഉണ്ടെന്നു തോന്നും; ആ കാലുകളിൽ നമസ്കരിക്കണമെന്നും..''

എന്തു മറുപടി പറയണമെന്ന് അറിയാതെ വികാരാധീനനായി നിന്നു, മെല്ലിശൈ മന്നൻ . പിന്നെ, ഇടറിയ സ്വരത്തിൽ ചുറ്റും നിന്നവരെ നോക്കി പറഞ്ഞു: ``എന്തിനാ പത്മശ്രീയും പത്മവിഭൂഷണും ഒക്കെ? ഇതിലും വലിയ ഒരു അവാർഡ് ഉണ്ടോ?'' അപൂർവമായി മാത്രം മുഖത്ത് വിരിയുന്ന പുഞ്ചിരിയുതിർത്തു കൊണ്ട് ദേവരാജൻ മാസ്റ്റർ അതിന് നൽകിയ മറുപടി ഓർമ്മയുണ്ട്: ``എനിക്ക് തരാമെന്ന് പറഞ്ഞതാ പത്മശ്രീ. വേണ്ടെന്ന് ഞാനും പറഞ്ഞു. നിങ്ങൾക്കൊന്നും കിട്ടാത്ത പത്മശ്രീ എനിക്കെന്തിനാ..''

മാഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ സ്നേഹോഷ്മളത മുഴുവൻ ഉണ്ടായിരുന്നു ആ വാക്കുകളിൽ. ആയുസ്സ് മുഴുവൻ സിനിമക്കും സംഗീതത്തിനും സമർപ്പിച്ച രണ്ടു മഹാപ്രതിഭകളുടെ സംഗമത്തിന് സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ അസുലഭ സൗഭാഗ്യങ്ങളിൽ ഒന്ന്.

Content Highlights : MS Viswanathan Devarajan Maaster ravi Menon Paattuvazhiyorathu