നിറയെ കാവ്യഗീതികളാണ് ലെനിൻ രാജേന്ദ്രൻ സിനിമകളിൽ. പാട്ടും കവിതയും പ്രണയഭരിതരായി ആശ്ലേഷിച്ചുനിൽക്കുന്ന അപൂർവ്വസുന്ദര ഗാനശില്പങ്ങൾ. അവയിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ....?
"ബുദ്ധിമുട്ടാണ്." - ലെനിൻ പറയും. "ഓരോ ഗാനവും ഒരുപാട് ഓർമ്മകൾ കൂടിയാണെനിക്ക്. ആ ഗാനങ്ങളെ ഒഴിച്ചുനിർത്തി ആ സിനിമകളെക്കുറിച്ച് ഓർക്കാൻ പോലുമാവില്ല."
എങ്കിലും പെട്ടെന്നൊരു ഗാനം ചോദിച്ചാൽ ഓർമ്മയിൽ വരുന്നത് "പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു" ആണെന്ന് ലെനിൻ. "ചില്ലി"ലെ എല്ലാ പാട്ടുകളും സംഗീതാസ്വാദകർ ഏറ്റെടുത്തവയാണെങ്കിലും പോക്കുവെയിലിനോടൊരു പ്രത്യേക സ്നേഹമുണ്ട്. ഇന്നും വിടാതെ പിന്തുടരുന്ന വരികളും സംഗീതവുമാണതിന്റെ.
അതിനുമൊക്കെ അപ്പുറത്ത് ആ പാട്ട് ഓർമ്മയിൽ അവശേഷിപ്പിക്കുന്ന ഹൃദയഹാരിയായ ഒരു ചിത്രമുണ്ട്: ചെന്നൈ പാംഗ്രൂ ഹോട്ടലിലെ മുറിയിൽ ഹാർമോണിയം വായിച്ചുകൊണ്ട് സ്വന്തം ഈണത്തിൽ ആ ഗാനം ആദ്യമായി പാടിക്കേൾപ്പിക്കുന്ന എം.ബി. ശ്രീനിവാസന്റെ ചിത്രം. പ്രത്യേക ആംഗ്യവിക്ഷേപങ്ങളോടെയാണ് അദ്ദേഹം പാടുക. ശബ്ദം അത്ര മുഗ്ദമധുരം എന്നൊന്നും പറഞ്ഞുകൂടാ. തെല്ലു പരുക്കനാണ്. പക്ഷെ ആലാപനത്തിൽ വന്നു നിറയുന്ന വൈവിധ്യമാർന്ന ഭാവങ്ങൾ.... അവ അതേപടി ഒപ്പിയെടുത്ത് റെക്കോർഡിംഗിൽ പുനരാവിഷ്കരിക്കുക പാട്ടുകാരെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു എന്നും.
പിന്നെ ഒഎൻവിയുടെ വരികൾ. "വളരെ കുറച്ചു വാക്കുകൾകൊണ്ട് എത്ര അനായാസമാണ് പ്രണയസുരഭിലമായ ഒരു അന്തരീക്ഷം അദ്ദേഹം സൃഷ്ടിക്കുന്നത്: പ്രാവിണകൾ കുറുകുന്ന കോവിലിൽ വെച്ചോ പാവലിന് നീർ പകരും തൊടിയിൽ വച്ചോ, ആദ്യം അന്നാദ്യം ഞാൻ കണ്ടു നിന്നെ, പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം.... യേശുദാസ് അസാധ്യമായി പാടിയ പാട്ടാണ്. ഞാൻ കണ്ടു നിന്നെ എന്ന വരിക്ക് അദ്ദേഹം പകർന്നുനൽകുന്ന ഭാവം ശ്രദ്ധിച്ചാൽ മതി."
ഗാനത്തിന്റെ റെക്കോർഡിങ് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ലെനിൻ. "ബേസ് ഗിറ്റാറിൽ ബസന്തിന്റെ പ്രകടനം എടുത്തുപറയണം. പ്ലക്കിംഗിലൂടെ ബസന്ത് സൃഷ്ടിച്ച ശബ്ദവൈവിധ്യം കൂടി ചേർന്നതാണ് ആ പാട്ടിന്റെ സൗന്ദര്യം. ആ നാദശകലങ്ങളില്ലാതെ ആ പാട്ടുമില്ല. സിത്താർ, സാരംഗി, ദിൽറുബ, സന്തൂർ തുടങ്ങിയ ഉപകരണങ്ങൾ സുലഭമായി ഗാനങ്ങളുടെ പിന്നണിയിൽ ഉപയോഗിച്ചിരുന്നു എംബിഎസ്.
ഓരോ വാദ്യോപകരങ്ങളും ഗാനങ്ങളിൽ പ്രയോഗിക്കുന്നതിൽ സ്വതഃസിദ്ധമായ ശൈലിയുണ്ട് അദ്ദേഹത്തിന്. മറ്റു ഗാനങ്ങളിൽ കേൾക്കുന്ന തബലയുടെ ടോൺ അല്ല എംബിഎസ്സിന്റെ പാട്ടുകളിൽ കേൾക്കുക. വരികളെ ഒരിക്കലും വാദ്യവിന്യാസം കൊണ്ട് നിഷ്പ്രഭമാക്കരുത് എന്ന നിർബന്ധവുമുണ്ട് അദ്ദേഹത്തിന്."
സംഗീതത്തേയും ജീവിതത്തെയും വേറിട്ടുകണ്ടില്ല. എം.ബി. ശ്രീനിവാസൻ. ഒരർഥത്തിൽ രണ്ടും പരസ്പരപൂരകങ്ങളായിരുന്നു അദ്ദേഹത്തിന്. നാടോടിസംഗീത ശാഖകളോടുള്ള കൂറും കവിതയോടുള്ള പ്രണയവും വിപ്ലവാവേശവും മനുഷ്യസ്നേഹവും മധുപാനാസക്തിയും എല്ലാം ഇഴചേർന്നു കിടന്ന ആ അപൂർവ വ്യക്തിത്വത്തിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ ആകർഷിക്കപ്പെട്ടവരിൽ ഒരാളായിരുന്നു ലെനിൻ രാജേന്ദ്രൻ. ഇടതുപക്ഷ ആശയങ്ങളോടുള്ള ആഭിമുഖ്യവും വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനുള്ള മോഹവും ആ ബന്ധം അരക്കിട്ടുറപ്പിച്ചിരിക്കാം.
"ആദ്യമായി അദ്ദേഹത്തെ കാണാൻ ചെന്നത് ഓർമ്മയുണ്ട്. 1973 ലോ 74 ലോ ആയിരിക്കണം. അന്ന് കോളേജ് വിദ്യാർഥിയാണ് ഞാൻ. എസ്എഫ്ഐയുടെയും ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും സജീവ പ്രവർത്തകനും. ജനശക്തി ഫിലിംസ് എന്ന പ്രസ്ഥാനം രൂപം കൊണ്ടിട്ടേയുള്ളൂ. അതിനൊരു മുദ്രാഗാനം വേണം. ഒഎൻവിയുടെ വരികളുമായി ചെന്നൈയിലെ വീട്ടിൽ ചെന്ന് എംബിഎസ്സിനെ കണ്ടത് നല്ലൊരു അനുഭവമായിരുന്നു. ജി ശക്തിധരനോടൊപ്പമായിരുന്നു ആ യാത്ര.''- ലെനിന്റെ ഓർമ്മ. ആദ്യ സംഗമത്തിൽ തന്നെ ആ വ്യക്തിത്വത്തിന്റെ കാന്തികശക്തിയിലേക്ക് മറ്റു പലരെയും പോലെ താനറിയാതെ തന്നെ ആകർഷിക്കപ്പെട്ടു ലെനിൻ. "ഞൊടിയിടയിൽ ആരെയും സുഹൃത്തുക്കളാക്കാനുള്ള കഴിവുണ്ട് എംബിഎസ്സിന്. പ്രായമോ ആൺ പെൺ ഭേദമോ ഒന്നും അവിടെ പ്രശ്നമല്ല. ആരെയും തുല്യരായിക്കണ്ടേ സംസാരിക്കൂ. അങ്ങനെയൊരാളെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ലല്ലോ നമുക്ക്.''
എംബിഎസ്സിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഈണങ്ങൾ പലതും തന്റെ ചിത്രങ്ങളിലാണ് മലയാളികൾ കേൾക്കാൻ പോകുന്നതെന്ന ചിന്ത ലെനിന്റെ വിദൂരസ്വപ്നങ്ങളിൽ പോലുമില്ല അന്ന്. വേനൽ, ചില്ല്, സ്വാതി തിരുനാൾ ... ഈ മൂന്ന് ലെനിൻ ചിത്രങ്ങളിലെ പാട്ടുകൾ ഒഴിച്ചുനിർത്തി എം ബി എസ്സിന്റെ സംഗീതലോകത്തെ വിലയിരുത്താനാകുമോ നമുക്ക്?
കെജി ജോർജിന്റെ "ഉൾക്കടൽ'' കാലത്തായിരുന്നു എംബിഎസുമായുള്ള ലെനിന്റെ അടുത്ത കൂടിക്കാഴ്ച. സഹസംവിധായകനെന്ന നിലയിൽ ലെനിൻ സിനിമയിൽ സജീവമായിക്കൊണ്ടിരുന്ന ഘട്ടം. ബുദ്ധിജീവികളുടെയും സാഹിത്യാസ്വാദകരുടെയും സ്ഥിരം താവളമാണ് അന്ന് തിരുവനന്തപുരത്തെ "നികുഞ്ജം''. ഉൾക്കടലിന്റെ ഗാനസംബന്ധമായ ചർച്ചകൾ അവിടെ പുരോഗമിക്കുമ്പോൾ നിശ്ശബ്ദനായ കേൾവിക്കാരനായി ലെനിനുമുണ്ടാവും ഒപ്പം. "എംബി എസ്സിന് പുറമെ കെജി ജോർജിനെയും ജോർജ്ജ് ഓണക്കൂറിനെയുമൊക്കെ കാണാം അവിടെ. മാറിനിന്നു വീക്ഷിക്കുമ്പോൾ രസകരമാണ് എം ബി എസ്സിന്റെ ഗാനസൃഷ്‌ടിയുടെ ഓരോ ഘട്ടവും.
"ഉൾക്കടൽ" പുറത്തിറങ്ങി രണ്ടു വർഷം കഴിഞ്ഞാണ് ലെനിന്റെ ആദ്യചിത്രമായ "വേനലി''ന്റെ വരവ്. അരങ്ങേറ്റ സിനിമയിൽ എം ബി എസ് ആയിരിക്കണം സംഗീത സംവിധായകൻ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു ലെനിൻ. "ഗൗരവമാർന്ന സിനിമാപരീക്ഷണങ്ങളോടൊപ്പം പതിവായി കേട്ടുവന്നിരുന്ന പേരാണ് എംബിഎസ്സിന്റേത്. അടൂരിന്റെ സ്വയംവരം, എംടിയുടെ നിർമാല്യം, ജിഎസ് പണിക്കരുടെ ഏകാകിനി.. ഇവയിലൊക്കെ പശ്ചാത്തല സംഗീതസംവിധായകൻ എം ബി എസ്സായിരുന്നു. ഇക്കൂട്ടത്തിൽ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത് നിർമ്മാല്യം തന്നെ. രാഘവൻ മാസ്റ്ററുടെ ഗാനങ്ങളുടെ ഈണം സവിശേഷമായ രീതിയിൽ പശ്ചാത്തലസംഗീതത്തിൽ സമന്വയിപ്പിച്ചുകൊണ്ട് ആ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു എംബിഎസ്.
ഒരുപക്ഷേ മൗനത്തിന്റെ ശക്തി ആദ്യമായി മലയാളി പ്രേക്ഷകനെ അനുഭവിപ്പിച്ച സംഗീതസംവിധായകൻ എംബിഎസ്സാവണം. ശബ്ദബഹുലമല്ലാത്ത, മനസ്സിനെ സ്പർശിക്കുന്ന സംഗീതമാണ് എന്റെ സിനിമകളിൽ ഉണ്ടായിരിക്കേണ്ടതെന്ന് നേരത്തെ നിശ്‌ചയിച്ചിരുന്നു. അതുകൊണ്ടു `വേനൽ' തുടങ്ങുമ്പോൾ എംബിഎസ്സിനെ സമീപിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.''
വേനൽ കഴിഞ്ഞു "ചില്ല്.' ഇത്തവണയും സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസൻ തന്നെ. പക്ഷെ ഗാനരചയിതാവായി കാവാലത്തിന് പകരം ഒഎൻവി വന്നു. "ചില്ലിന്റെ കഥയും പശ്ചാത്തലവും വേനലിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. കാൽപ്പനികസ്വാഭാവമുള്ള ഇതിവൃത്തമാണ്. അതുകൊണ്ടുതന്നെ കാവ്യാത്മകവുമാവണം അത്. അത്തരം ഗാനങ്ങൾ എഴുതാൻ ഒ എൻ വിയോളം കഴിവുള്ളവർ ഇല്ല എന്നുതന്നെ പറയാം.
മാത്രമല്ല എംബിഎസ്സുമായി അദ്ദേഹത്തിന് സവിശേഷമായ ഒരു ആത്മബന്ധമുണ്ട് താനും.'' വേനലിലെ "നീ തന്നെ ജീവിതം സന്ധ്യേ'' എന്ന കവിതയുടെ അസാമാന്യജനപ്രീതി നൽകിയ പ്രോത്സാഹനത്തിലാകണം, രണ്ടു പ്രശസ്ത കവികളുടെ രചനകൾ കൂടി പുതിയ സിനിമയിൽ ഉൾപ്പെടുത്തി ലെനിൻ. ഇടശ്ശേരിയുടെ പൂതപ്പാട്ടും അയ്യപ്പപ്പണിക്കരുടെ മണ്ണും. ബാലചന്ദ്രൻ ചുള്ളിക്കാടാണ് പൂതപ്പാട്ട് ആലപിച്ചത്. പണിക്കരുടെ കവിത വേണു നാഗവള്ളിയും.
ചില്ലിലെ പാട്ടുകളിൽ ഏറ്റവുമാദ്യം ജനങ്ങൾ ഏറ്റെടുത്തത് "ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം". പാട്ടും കവിതയും തമ്മിലുള്ള അതിർരേഖകൾ മായ്ച്ചുകളഞ്ഞ രണ്ടു ഗാനങ്ങൾ കൂടിയുണ്ടായിരുന്നു ചില്ലിൽ: ചൈത്രം ചായം ചാലിച്ചു, പോക്കുവെയിൽ പൊന്നുരുകി. മൂന്നും കാലത്തെ അതിജീവിച്ച കാവ്യഗീതികൾ. എംബിഎസ് ആദ്യം യാത്രയായി; പിന്നാലെ ഒഎൻവിയും ലെനിനും. "പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം" എന്ന് വീണ്ടും വീണ്ടും മന്ത്രിക്കുന്നു മനസ്സ്.
Content Highlights: Explores the deep creative synergy between composer M.B. Sreenivasan and filmmaker Lenin Rajendran., Highlights the making of iconic songs from the movie 'Chillu', including 'Pokkuveyil Ponnuruki'., Discusses M.B. Sreenivasan's unique instrumentation and his ability to blend poetry with melody., Reflects on the personal connection and ideological shared history between the two legends.
Published: 09 Mar 2026, 05:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented