ണ്ട് തലമുറകളുടെ, രണ്ടു കാലഘട്ടങ്ങളുടെ കഥയാണിത്; അവയെ കൂട്ടിയിണക്കിയ ഒരു ഫോൺ കോളിന്റെയും. ആറു പതിറ്റാണ്ടോളം മുൻപ് ഗന്ധർവഗായകനൊപ്പം ആദ്യമായി ഗാനമേളാവേദി പങ്കിട്ട ഗായികമാരിൽ ഒരാളാണ് ഫോണിന്റെ ഒരറ്റത്ത്: രാധ കുപ്പുസ്വാമി. മറ്റേയറ്റത്താകട്ടെ ലോകമെങ്ങുമുള്ള നൂറുകണക്കിന് വേദികളിൽ യേശുദാസിനൊപ്പം പാടിയ മലയാളത്തിന്റെ വാനമ്പാടിയും: സാക്ഷാൽ കെ.എസ്. ചിത്ര. സംഗീതസ്മൃതികളിൽ അലിഞ്ഞു എൺപതുകാരിയും അറുപത്തിമൂന്നുകാരിയും ഹൃദയം കൊണ്ട് ഒന്നായി മാറുന്ന ഇന്ദ്രജാലം ആസ്വദിക്കുകയായിരുന്നു കേൾവിക്കാരനായ ഞാൻ.

To advertise here,

രാധയുടെ ഏറ്റവും വലിയ മോഹമായിരുന്നു ചിത്രയുമായി ഒരു കൂടിക്കാഴ്ച. കണ്ടാൽ മാത്രം പോരാ, കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുക്കുകയും വേണം. നേരിൽ കണ്ടില്ലെങ്കിലും സംസാരിക്കുകയെങ്കിലും ചെയ്യണമെന്ന രാധയുടെ ആഗ്രഹം പങ്കുവച്ചപ്പോൾ സന്തോഷത്തോടെ സമ്മതം മൂളി ചിത്ര. ഗ്രൂപ്പ് കോളിലൂടെ രാധയേയും ചിത്രയേയും ഒന്നിപ്പിക്കാൻ അവസരമൊരുങ്ങിയത് അങ്ങനെയാണ്. മധുരയിലായിരുന്നു രാധ; ചിത്ര ചെന്നൈയിലും. ചിരകാല മോഹം സാക്ഷാൽക്കരിക്കപ്പെടുന്നതിന്റെ നിർവൃതിയിൽ രാധ പലപ്പോഴും വികാരാധീനയായി. വാക്കുകൾ തൊണ്ടയിൽ തടഞ്ഞു. കരച്ചിലോളമെത്തി പലപ്പോഴും സംസാരം.

'സ്വന്തം മോളെപ്പോലെയാണ് എനിക്ക് ചിത്ര, എനിക്ക് മാത്രമല്ല എന്റെ ഭർത്താവിനും.' മനസ്സാന്നിധ്യം വീണ്ടുകിട്ടിയപ്പോൾ രാധ പറഞ്ഞു. 'പാട്ടിനോടൊക്കെ വിടവാങ്ങിയിട്ട് വർഷങ്ങളായി. ചിത്രയുടെ ശബ്ദമാണ് ഇന്ന് പാട്ടുലോകവുമായുള്ള എന്റെ ആകെയുള്ള ബന്ധം. വേദിയിൽനിന്ന് ചിത്ര പാടുന്നത് കാണുമ്പോൾ എന്റെ തന്നെ ഭൂതകാലം ഓർക്കും ഞാൻ. എന്നെങ്കിലും ചിത്രയെ നേരിൽ ചെന്ന് കാണണം. ജീവിതത്തിൽ അവശേഷിക്കുന്ന അപൂർവം മോഹങ്ങളിലൊന്ന്.' കോളേജധ്യാപകനായി വിരമിച്ച ഭർത്താവ് അന്തകൃഷ്ണനോടൊപ്പം മധുരയിൽ താമസിക്കുന്ന രാധ പറയുന്നു.

ഗാനമേള വേദികളിൽ സ്ത്രീസാന്നിധ്യം നാമമാത്രമായിരുന്ന 1960-കളുടെ രണ്ടാം പകുതിയിലാണ് രാധ കുപ്പുസ്വാമി യേശുദാസിനൊപ്പം ആദ്യമായി പാടുന്നത്. എത്ര പ്രശസ്ത ഗായകനാണെങ്കിലും പൊതുവേദിയിൽ പാടാൻ ഒരു പാട്ടുകാരിയെ സംഘടിപ്പിക്കുക എളുപ്പമായിരുന്നില്ല അന്ന്. യുഗ്മഗാനങ്ങൾ പാടാൻ സ്ത്രീശബ്ദത്തിൽ പാടുന്ന പുരുഷഗായകരായിരുന്നു പല ഗാനമേളാ സംഘങ്ങൾക്കും ആശ്രയം. കേരളമൊട്ടുക്കും അത്തരം സ്ത്രീശബ്ദ ഗായകർ ധാരാളം ഉണ്ടായിരുന്നുതാനും. ആ 'ശൂന്യത'യിലേക്കാണ് രാധ കുപ്പുസ്വാമിയേയും ഹേമലതയേയും (പിൽക്കാലത്ത് ഹേമ അസീസ്) പോലുള്ള പാട്ടുകാരികളുടെ കടന്നുവരവ്.

സിനിമയിൽ പാടി പേരെടുത്തു തുടങ്ങിയിരുന്നു അപ്പോഴേക്കും യേശുദാസ്. 'എറണാകുളം ടൗൺഹാളിലെ ഒരു പരിപാടിയിൽ ദാസേട്ടനൊപ്പം പാടാനുള്ള ക്ഷണവുമായി ദാസേട്ടന്റെ മാനേജർ പോൾ അച്ഛനെ കാണാനെത്തിയത് ഓർമ്മയുണ്ട് .'രാധ കുപ്പുസ്വാമിയുടെ വാക്കുകൾ. 'അന്ന് തൃപ്പൂണിത്തുറ സംഗീത കോളേജിൽ പഠിക്കുകയാണ് ഞാൻ. അച്ഛന് സന്തോഷമേയുണ്ടായിരുന്നുള്ളു സമ്മതം മൂളാൻ. മകളെ നല്ലൊരു പാട്ടുകാരിയായി കാണാനായിരുന്നല്ലോ അദ്ദേഹത്തിന്റെ മോഹം.' യേശുദാസുമൊത്തുള്ള ആദ്യ ഗാനമേളയുടെ മങ്ങിയ ഓർമ്മയേ രാധയുടെ മനസ്സിലുള്ളൂ. ‘കസേരയിൽ ഇരുന്നാണ് ഞങ്ങൾ പാടിയത്. ചില തമിഴ് ഡ്യൂയറ്റുകളും സ്ഥിരമായി പാടാറുള്ള ചില സോളോ ഗാനങ്ങളും പാടി; മഞ്ഞണിപ്പൂനിലാവ്, പ്രിയതമാ... ഒക്കെ ഓർമ്മയുണ്ട്.'

ശബ്ദത്തിലൂടെ മാത്രം അറിഞ്ഞിരുന്ന യേശുദാസിനെ നേരിൽ കാണാനും കേൾക്കാനുമായി ഒഴുകിയെത്തിയ സദസ്സ് അദ്ദേഹത്തിന്റെ ആലാപനം കേട്ട് വിസ്മൃതനേത്രരായി ഇരിക്കുന്ന ചിത്രം രാധ മറന്നിട്ടില്ല; അന്നത്തെ യേശുദാസിന്റെ യൗവ്വനയുക്തമായ ശബ്ദവും. നിറഞ്ഞ കൈയടിയോടെയാണ് ഗാനമേളയിലെ ഓരോ പാട്ടും ജനം സ്വീകരിച്ചത്. പിന്നീട് ഇരുപതോളം വേദികളിൽ യേശുദാസിനെ അനുഗമിച്ചിരിക്കും രാധ. തമിഴിലേയും മലയാളത്തിലേയും യുഗ്മഗാനങ്ങളാണ് അധികവും പാടിയിരുന്നത്. ഒരിക്കൽ അകലെയകലെ നീലാകാശം പാടിയത് ഓർമ്മയുണ്ട്.

പ്രശസ്തിയുടെ ഉത്തുംഗപഥങ്ങളിലേക്കുള്ള പ്രയാണം തുടങ്ങിയിരുന്നതേയുള്ളൂ യേശുദാസ്. ആറു പതിറ്റാണ്ടിനിടെ വേദിയിൽ സഹഗായികമാർ മാറിമാറി വന്നു. രാധ കുപ്പുസ്വാമിക്കു പുറമെ ഹേമലത, ശാന്ത, ജയമ്മ (യേശുദാസിന്റെ സഹോദരി), രാധ വിശ്വനാഥ് തുടങ്ങിയവരാണ് ആദ്യനാളുകളിൽ യേശുദാസിനൊപ്പം ഗാനമേളയിൽ പാടിയവർ. അതുകഴിഞ്ഞായിരുന്നു ബേബി സുജാതയുടെ വരവ്. തുടർന്ന് ചിത്ര, രാധിക തിലക്, ജെൻസി, ആശാലത. ഏറ്റവും പുതിയ തലമുറയിലെ ഗായികമാരിൽ എത്തിനിൽക്കുന്നു ആ നിര. 

യേശുദാസിനെ ആദ്യം തൊട്ടടുത്തു കണ്ടത് ഗായികയായ ചേച്ചി ബീനയോടൊപ്പം 'താറാവ്' (1981) എന്ന സിനിമയുടെ റെക്കോർഡിങ്ങിനു ചെന്നപ്പോഴാണെന്നോർക്കുന്നു ചിത്ര. 'തരംഗിണി സ്റ്റുഡിയോയോട് ചേർന്ന് ഒരു മിനി തിയേറ്ററുണ്ട് അന്ന്. അവിടെയിരുന്നാണ് സംഗീത സംവിധായകൻ കൂടിയായ ദാസേട്ടൻ ചേച്ചിയെ തക്കിട മുണ്ടൻ താറാവേ എന്ന പാട്ടു പഠിപ്പിച്ചത്. ഇടക്കെപ്പോഴോ ദാസേട്ടന്റെ അസിസ്റ്റന്റ് രാമസുബ്ബു സാർ ബീനയുടെ അനിയത്തി എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തിയപ്പോൾ വാത്സല്യത്തോടെ ദാസേട്ടൻ ചോദിച്ചു: ‘നിനക്കും പാടണ്ടേ?’ ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു.'

രണ്ടുമൂന്ന് വർഷം കൂടി കഴിഞ്ഞായിരുന്നു യേശുദാസുമൊത്തുള്ള ആദ്യഗാനമേള. അതിന് നിമിത്തമായത് സുജാതയും. എറണാകുളത്ത് ഭാരത് ടൂറിസ്റ്റ് ഹോമിനടുത്തുള്ള എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ പുതിയ ബട്ടൺ സെൽ പുറത്തിറക്കുന്നതിന്റെ ഭാഗമായി തോഷിബ ആനന്ദ് കമ്പനിക്കാർ സംഘടിപ്പിച്ച ഗാനമേളയിൽ ഗാനഗന്ധർവനൊപ്പം പാടേണ്ടിയിരുന്നത് സുജാതയാണ്. അപ്രതീക്ഷിതമായ ആരോഗ്യപ്രശ്‌നങ്ങൾ കാരണം അവസാനഘട്ടത്തിൽ പരിപാടിയിൽനിന്ന് സുജാത പിന്മാറുന്നു. പകരം പാടാൻ വന്നത് ചിത്ര. ഉച്ചത്തിൽ മിടിക്കുന്ന ഹൃദയവുമായി വേദിയിൽ ചെന്നു നിൽക്കുന്നു ചിത്ര. 'സ്വാഭാവികമായും ആവേശഭരിതമായിരുന്നു മനസ്സ്. എങ്കിലും അതിനകം തിരുവനന്തപുരത്തെ വിക്ടറി ക്ലബ്ബിന്റെയും ബ്ലൂബേർഡ്സിന്റെയും തണ്ടർബേർഡ്സിന്റെയും ഒക്കെ പരിപാടികളിൽ പാടിയിരുന്നതിനാൽ ഭയമൊന്നും തോന്നിയില്ല.' അതേ ഗാനമേളയിൽ ശ്രോതാവായി സുജാതയും ഉണ്ടായിരുന്നു എന്നോർക്കുന്നു ചിത്ര. തുടർന്ന് എത്രയെത്ര വേദികൾ. ലണ്ടനിലെ റോയൽ ആൽബർട്ട്‌സ് ഹാൾ ഉൾപ്പെടെ ലോകത്തെ മഹനീയ സംഗീതവേദികളിലെല്ലാം യേശുദാസിനൊപ്പം പാടിയിട്ടുണ്ട് ചിത്ര. പലതും അവിസ്മരണീയ അനുഭവങ്ങൾ.

രാധ കുപ്പുസ്വാമിക്ക് മറ്റൊരു അപൂർവ സൗഭാഗ്യം കൂടി വീണുകിട്ടി: ഗായക ചക്രവർത്തിയായ മുഹമ്മദ് റഫിക്കൊപ്പം വേദിയിൽ പാടാനുള്ള സുവർണ്ണാവസരം. ഇന്നോർക്കുമ്പോൾ എല്ലാം സ്വപ്നം പോലെ. പാലാ സെന്റ് തോമസ് കോളേജിലെ റഫിയുടെ ഗാനമേളയിൽ പാടാൻ 'ഐലൻഡ് രാധ' എന്നറിയപ്പെടുന്ന ഗായികയെ തേടി വെല്ലിങ്ടൺ ഐലൻഡിലെ രാധ കുപ്പുസ്വാമിയുടെ വീട്ടിലെത്തിയത് ഗായകന്റെ സെക്രട്ടറിയാണ്. റഫി സാഹിബ്ബിനൊപ്പം യുഗ്മഗാനം പാടാൻ ഹിന്ദി പാട്ടുകൾ പാടി ശീലമുള്ള ഒരു ഗായികയെ വേണം. ഇതേ ആവശ്യവുമായി കൊച്ചിയിലെ വേറെയും പാട്ടുകാരികളെ ബന്ധപ്പെട്ടിരുന്നു അദ്ദേഹം. റിഹേഴ്‌സലില്ലാതെ ലൈവ് ആയി പാടേണ്ടിവരുമെന്ന് അറിഞ്ഞപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു എല്ലാവരും. മാത്രമല്ല, അന്ന് സ്റ്റേജിൽ പാടുന്ന സ്ത്രീകളും കുറവാണല്ലോ. ക്ഷണം സ്വീകരിക്കാൻ ഭയമൊന്നും തോന്നിയില്ലെന്ന് രാധ. റഫി സാഹിബിനൊപ്പം വേദി പങ്കിടാൻ മോഹിക്കാത്ത ആരുണ്ട്?

സ്റ്റേജിൽവെച്ചാണ് ഇഷ്ടഗായകനെ രാധ കുപ്പുസ്വാമി ആദ്യം കാണുന്നത്; 1967 ജനുവരി 19-ന്. പാടേണ്ടത് 'താജ് മഹലി'ലെ പാട്ടാണെന്നറിയുന്നതും ആ നിമിഷങ്ങളിൽ തന്നെ. പരിഭ്രമമൊന്നും കൂടാതെ സ്റ്റേജിൽ അനുഗമിച്ചു രാധ. അന്ന് പാടിയ യുഗ്മഗാനങ്ങളിൽ 'ജോ വാദാ കിയാ' മാത്രമേ ഓർമ്മയിലുള്ളൂ. റഫി സാഹിബ് ആകെ ഏഴ് പാട്ട് പാടി. അഞ്ചു സോളോയും രണ്ടു ഡ്യൂയറ്റും. 'നാനും ഒരു പെണ്ണി'ൽ പി. സുശീല പാടിയ 'കണ്ണാ കരുമൈ നിറക്കണ്ണാ' ആയിരുന്നു ഗാനമേളവേദികളിൽ രാധയുടെ അക്കാലത്തെ ഹിറ്റ് ഗാനം. ആ പാട്ട് പാടാതെ സ്റ്റേജ് വിടാറില്ല രാധ. 

ജന്മം കൊണ്ട് തമിഴ്നാട്ടുകാരിയാണ് രാധ. സ്വദേശം മധുരക്കടുത്ത ശ്രീവില്ലിപുത്തൂർ. അച്ഛന് കൊച്ചിൻ പോർട്ട് ട്രസ്റ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതാണ് 1960-കളുടെ തുടക്കത്തിൽ എറണാകുളത്ത് വരാൻ കാരണം. തുറമുഖത്ത് വന്നടുക്കുന്ന കപ്പലുകളിലെ ചരക്കുകളുടെ കണക്കുകൾ രേഖപ്പെടുത്തിവെക്കുന്ന ജോലിയായിരുന്നു അച്ഛൻ കുപ്പുസ്വാമിക്ക്. താമസം വില്ലിംഗ്ടൺ ഐലൻഡിലെ ക്വാർട്ടേഴ്സിൽ. പഠിച്ചത് ഗവ. ഗേൾസ് സ്‌കൂളിലും. കുട്ടിക്കാലത്തേ നന്നായി പാടിയിരുന്നു രാധ. എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂവെങ്കിലും തൃപ്പൂണിത്തുറ സംഗീത കോളേജിൽ പ്രവേശനം ലഭിച്ചത് ആലാപനമികവിന്റെ പേരിലാണ്. എന്തുകൊണ്ട് സിനിമയിൽ അവസരം തേടിയില്ലെന്ന ചോദ്യത്തിന് വിടർന്ന ചിരിയാണ് മറുപടി. നല്ലൊരു ജോലിയും ജീവിതസാഹചര്യങ്ങളും ഉള്ളപ്പോൾ എന്തിന് സിനിമാലോകത്തെ അനിശ്ചിതത്വങ്ങളിലേക്ക് കാലെടുത്തുവെക്കണമെന്നു തോന്നി. ദക്ഷിണാമൂർത്തി സ്വാമിയും മലേഷ്യ വാസുദേവനുമൊക്കെ നൽകിയ ഉപദേശവും അതുതന്നെ. നിരാശയൊന്നുമില്ല. ഇപ്പോൾ പാട്ട് പാടാറില്ലെങ്കിലും കേൾക്കാറുണ്ട്. അധികവും ചിത്രയുടെ പാട്ടുകൾ.

'എന്തൊക്കെയോ പറയണമെന്നുണ്ട്. മനസ്സിൽ സ്വരുക്കൂട്ടി വെച്ചതൊന്നും ഓർമ്മവരുന്നില്ല.' ചിത്രയുമായുള്ള ഫോൺ സംഭാഷണത്തിനിടെ രാധ പറഞ്ഞു. 'ചിത്രയുടെ ശബ്ദം കേട്ടാണ് എന്നും ഉണരുന്നതും ഉറങ്ങുന്നതും. കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന പാട്ടിന്റെ ഒടുവിൽ ചിത്ര കൃഷ്ണനെ മനമുരുകി വിളിക്കുന്നത് കണ്ണീരടക്കാതെ കേട്ടുനിൽക്കാനാവില്ല.' രാധയുടെ ശബ്ദം വീണ്ടും ഇടറുന്നു. സ്വതഃസിദ്ധമായ ശൈലിയിൽ പ്രശംസാവചനങ്ങൾക്ക് മുന്നിൽ വിനയാന്വിതയാകുന്നു ചിത്ര. അധികം വൈകാതെ നേരിൽ കാണാമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് ഇരുഗായികമാരും സംഭാഷണം അവസാനിപ്പിച്ചപ്പോൾ ഒരു മഴ പെയ്ത് തോർന്നപോലെ. മരിക്കാത്ത ഓർമ്മകളുടെ സ്‌നേഹമഴ.