തലേന്ന് രാത്രി അമ്മ യാത്രയായി എന്ന് പറയാനാണ് അപ്പു വിളിച്ചത്; കർണ്ണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന വയനാടൻ ഗ്രാമത്തിൽ നിന്ന്.  പ്രതീക്ഷിച്ച വാർത്ത തന്നെ. ദീർഘകാലമായി രോഗശയ്യയിലായിരുന്നല്ലോ അപ്പുവിന്റെ എൺപതുകാരിയായ അമ്മ. എന്നിട്ടും ഒരു നിമിഷം ഞെട്ടി. സ്നേഹോഷ്മളമായ `മോനേ' വിളികളുടെയും പാട്ടുപാടിക്കേൾപ്പിക്കലിന്റെയും ഓർമ്മകളിൽ മുഴുകി ഒന്നും മിണ്ടാതെ നിന്നപ്പോൾ  ഫോണിന്റെ മറുതലയ്ക്കൽ നേർത്ത ഗദ്ഗദം. കരച്ചിലിലൂടെ അപ്പുവിന്റെ വാക്കുകൾ ചിതറിവീഴുന്നു: ``എങ്കിലും ഒരു സന്തോഷം ഉണ്ട് സാർ.  അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാൻ പറ്റി. കിലുകിൽ പമ്പരം എന്ന പാട്ട് കേട്ടുകൊണ്ടാണ് അമ്മ കണ്ണടച്ചത്.  സാറിനും അറിയാമല്ലോ അമ്മയ്ക്ക് ആ പാട്ടിനോടുള്ള സ്നേഹം..''

To advertise here,

ശരിയാണ്. എത്രയോ തവണ ആ പാട്ടിനെ കുറിച്ച് സംസാരിച്ചിരിക്കുന്നു ഞങ്ങൾ. നീലാംബരി രാഗത്തിന്റെ സത്ത് പിഴിഞ്ഞെടുത്ത് എം ജി ശ്രീകുമാറിന് വേണ്ടി ബിച്ചു തിരുമലയുടെ വരികളിൽ നിന്ന് എസ് പി വെങ്കടേഷ് സൃഷ്ടിച്ച താരാട്ട്. ഓർമ്മകൾ ചൊൽപ്പടിക്ക് നിൽക്കാത്ത കാലത്തുപോലും, ആ പാട്ട് പാടിക്കേൾപ്പിക്കുമ്പോൾ വികാരാധീനയാകും കുഞ്ഞമ്മ എന്ന് പേരുള്ള ആ അമ്മ. ``മോനേ നിത്യവും ഒറങ്ങാൻ പോവുമ്പോ ഞാനിത് വെക്കും. മരിക്കുമ്പോ ഈ പാട്ടും കൊണ്ട് സ്ഥലം വിടണം എന്നാന്റെ ആഗ്രഹം..'' ഒരിക്കൽ വിളിച്ചപ്പോൾ അവർ പറഞ്ഞു. 

തമാശയ്ക്ക് ഒരു കുറുമ്പുചോദ്യം: ``അപ്പോപ്പിന്നെ ബാക്കിയുള്ളോരൊക്കെ എന്തുചെയ്യും? ഇവിടെ ജീവിച്ചിരിക്കുന്ന മനുഷ്യന്മാർക്ക്  കേൾക്കണ്ടേ ആ  പാട്ട്? അങ്ങനെ കൊണ്ടുപോവാൻ പറ്റുമോ?'' --മറുതലയ്ക്കൽ മൗനം. മൗനത്തിനൊടുവിൽ ആത്മഗതം പോലെ അപ്പുവിന്റെ അമ്മ പറയുന്നു: ``ന്നാ പിന്നെ ഇടക്കുള്ള ആ മൂളലും ചാഞ്ചക്കം എന്നുള്ള വരിയും കൊണ്ടോവാം. ന്തൊരു ഭംഗിയാ ആ വരിക്ക്. എപ്പോഴെങ്കിലും മോൻ വിളിക്ക്യാണെങ്കിൽ വെങ്കടേഷ് സാറിനോടും എം ജി ശ്രീകുമാറിനോടും പറയണം ട്ടോ.''വർഷങ്ങൾക്ക് മുൻപാണ് കുഞ്ഞമ്മ ആദ്യം വിളിച്ചത്. മാതൃഭൂമിയിലെ ``പാട്ടെഴുത്തി''ൽ എസ് പി വെങ്കടേഷിനെ കുറിച്ചെഴുതിയ ലേഖനം വായിച്ച്. ആവേശഭരിതമായിരുന്നു ശബ്ദം: ``സാർ, എന്തൊരത്ഭുതം. എനിക്കിഷ്ടമുള്ള പാട്ടുകളെ കുറിച്ചൊക്കെ സാർ എഴുതിയിരിക്കുന്നു. എല്ലാം വെങ്കടേഷ് മാഷിന്റേതാണ് എന്നത് എനിക്കൊരു പുതിയ അറിവ്. മൂപ്പര് മലയാളി അല്ലാ എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.'' ആദ്യ സംഭാഷണത്തിനിടെ കുഞ്ഞമ്മ അവരുടെ ഇഷ്ടഗാനങ്ങൾ പാടിക്കേൾപ്പിച്ചപ്പോൾ വിസ്മയത്തോടെ  ഒരു കാര്യം ശ്രദ്ധിച്ചു ഞാൻ: എല്ലാം വെങ്കടേഷിന് വേണ്ടി ശ്രീകുമാർ പാടിയ പാട്ടുകൾ: കുഞ്ഞിക്കിളിയേ കൂടെവിടെ (ഇന്ദ്രജാലം), അളകാപുരിയിൽ അഴകിൻ വനിയിൽ, ശരറാന്തൽ പൊന്നും പൂവും, മാണിക്യക്കുയിലേ നീ, ആതിരവരവായി (തുടർക്കഥ), കിലുകിൽ പമ്പരം, മീന വേനലിൽ (കിലുക്കം), കുഞ്ഞുപാവയ്ക്കിന്നല്ലോ, ദൂരെ ദൂരെ (നാടോടി),  ചിങ്കാരകിന്നാരം, നിലാവേ മായുമോ (മിന്നാരം)....

``എന്താ കുഞ്ഞമ്മച്ചേച്ചീ ഈ പാട്ടൊക്കെ ഇഷ്ടാവാൻ കാരണം?'' -- ചോദിക്കാതിരിക്കാനായില്ല. മറുപടി ഒരു മറുചോദ്യമായിരുന്നു: ``നിക്കിപ്പോ എത്ര വയസ്സായി എന്നറിയോ മോന്?'' ഉത്തരവും പിന്നാലെ വന്നു: ``അറുപത്തെട്ട്. ഈ പാട്ടുകളൊക്കെ കേൾക്കുമ്പോ അതീന്ന് ഒരു മുപ്പതെങ്കിലും കൊറയും. ശരിക്കും ചെറുപ്പാവും. അതെന്താ അതിന്റെ ചെപ്പടിവിദ്യ എന്നറിയില്ല. മോൻ കാണുമ്പോ വെങ്കടേഷിനോടും എം ജി ശ്രീകുമാറിനോടും ചോദിച്ചുനോക്കണം. എം ജി അത് പാടിക്കേൾക്കുമ്പോൾ എനിക്ക് വേണ്ടി മാത്രമാണ് അയാള് പാടുന്നതെന്ന് തോന്നും. പ്രത്യേകിച്ച് താളം പോയ നിന്നിൽ മേയും നോവുമായ്, താനേ വീണുറങ്ങൂ തെന്നൽ കന്യകേ എന്ന ഭാഗമൊക്കെ....'' 

അത്ഭുതം തോന്നിയില്ല. പാട്ടുകളോട് ഓരോ മനുഷ്യനുമുള്ള തീവ്രമായ ഹൃദയബന്ധത്തെ ഒരു കള്ളിയിലും പെടുത്താൻ പറ്റില്ലെന്ന് ഇത്ര കാലത്തെ ``പാട്ടെഴുത്തു'' ജീവിതം പഠിപ്പിച്ചുതന്നിട്ടുണ്ട്. യുക്തമായ വിശദീകരണങ്ങൾ പോലുമുണ്ടാവില്ല അത്തരം ബന്ധങ്ങൾക്ക്. ``എല്ലാം  മനസ്സിന്റെ കളിയാണ് മാഷേ'' എന്ന് മരിച്ചുപോയ പ്രിയസുഹൃത്ത്  ഹരി കൂടെക്കൂടെ പറയാറുള്ളത് ഓർമ്മവന്നു, കുഞ്ഞമ്മയുടെ വാക്കുകൾ കേട്ടപ്പോൾ. 

പിന്നെയും വിളിച്ചുകൊണ്ടിരുന്നു കുഞ്ഞമ്മ. മാസത്തിൽ ഒരിക്കൽ എന്ന തോതിൽ. അപൂർവമായാണെങ്കിലും ഇടയ്ക്ക് കുടുംബ ജീവിതത്തെ കുറിച്ചും സംസാരിക്കും അവർ. തേയിലത്തോട്ടത്തിൽ മേസ്തിരിയായിരുന്ന ഭർത്താവ് റോഡപകടത്തിൽ മരിച്ചിട്ട് വർഷം മൂന്നാകുന്നു. മക്കൾ നാലുപേർ. നാലും ആൺകുട്ടികൾ. മൂത്ത മൂന്ന് പേർ വിവാഹിതർ. ഇളയവനായ അപ്പുവിനോടാണ് തനിക്ക് ഏറെ അടുപ്പം എന്ന് പറയുമായിരുന്നു അവർ. ``പാട്ടിനോട് കൊറച്ചെങ്കിലും സ്നേഹം അവനേയുള്ളൂ സാറേ.'' മറ്റു മക്കളെക്കുറിച്ചൊന്നും സംസാരിക്കാൻ അവർ താൽപ്പര്യം പ്രകടിപ്പിച്ചു കേട്ടില്ല.  

ഇടക്കെപ്പോഴോ കുഞ്ഞമ്മയുടെ ഫോൺവിളി നിലയ്ക്കുന്നു. എട്ടൊമ്പത്  മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ പന്തികേട്. പതിവുപോലെ പാട്ടുകൾ പാടുന്നുണ്ട്. പക്ഷേ എന്നെ വിളിക്കുന്നത് വെങ്കടേഷ് സാർ എന്ന്. അമ്മയുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി സംസാരിച്ച അപ്പുവാണ് കാര്യം പറഞ്ഞത്: ``അമ്മടെ  ഓർമ്മ വലിയ പ്രശ്നമായിട്ടുണ്ട് സാർ. എന്തൊക്കെയോ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ആരോഗ്യവും പോരാ. എപ്പോഴും കിടപ്പു തന്നെയാണ്. ഫോണിൽ സാറിന്റെ നമ്പർ എടുത്ത് സ്വയം വിളിച്ചതാണ്. പക്ഷേ ഇഷ്ടമുള്ള പാട്ടുകളൊക്കെ തെറ്റാതെ പാടും. കിലുക്കത്തിലെ പാട്ട് വെച്ചുകൊടുത്തില്ലെങ്കിൽ അന്ന് ഒറക്കം ഇല്ല..''
അപ്പുവിൽ നിന്നാണ് വേദനിപ്പിക്കുന്ന മറ്റു ചില വിവരങ്ങളും അറിഞ്ഞത്. മക്കളിൽ മൂത്ത മൂന്നുപേരും താമസം മാറ്റിയിരിക്കുന്നു. ആർക്കും അമ്മയെ നോക്കാൻ വയ്യ. ചികിത്സക്കുള്ള പണവും കൊടുക്കാറില്ല; ഭേദപ്പെട്ട ജോലികൾ ഉണ്ടായിട്ടുപോലും. ``അമ്മക്ക് ഓർമ്മയുള്ള കാലത്തും ഏട്ടന്മാരുമായി എന്നും പ്രശ്നമായിരുന്നു. അവർക്കും അവരുടെ ഭാര്യമാർക്കും അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല. ശരിക്കും അമ്മ ഒരു പാവമാണ്. കുട്ടികളെപ്പോലെയാണ് ചിലപ്പോ സംസാരം. പ്രവൃത്തികളും. കുറുമ്പൊക്കെ ഉണ്ട്. പെരുമാറ്റം കണ്ടാൽ ചെലപ്പോ ദേഷ്യം വരും. ന്നാലും ഇനിയിപ്പോ നമ്മൾ അതൊക്കെ വകവെച്ചുകൊടുക്കണ്ടേ സാർ? നമ്മക്ക് വേണ്ടി ജീവിച്ച ആളല്ലേ?'' -- എന്ത് മറുപടി പറയാൻ? കിലുകിൽ പമ്പരം എന്ന താരാട്ട് ഈ മകനുവേണ്ടിയല്ലേ അമ്മ പാടുന്നത് എന്ന് തോന്നി അപ്പോൾ.

``നമ്മളുണ്ടാക്കിയ പാട്ടുകൾ നമ്മൾ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ആളുകളെ സ്വാധീനിക്കുന്നു എന്നറിയുമ്പോൾ സന്തോഷം.''-- എസ് പി വെങ്കടേഷിന്റെ വാക്കുകൾ ഓർമ്മവരുന്നു. ``വെറും പത്തുമിനിറ്റിലാണ് കിലുകിൽ പമ്പരത്തിന്റെ ട്യൂൺ ഉണ്ടായത്. ചെന്നൈ പാംഗ്രൂവ് ഹോട്ടലിലിരുന്ന് താരാട്ടിന്റെ മൂഡിൽ അൽപ്പം വാത്സല്യവും  പ്രണയവുമൊക്കെ  കലർന്ന ഒരു പാട്ട് വേണം എന്ന് പ്രിയദർശൻ പറഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിൽ വന്ന ഒരീണം ഗിറ്റാറിൽ വായിച്ചുകൊടുക്കുകയായിരുന്നു ഞാൻ. പിറ്റേന്ന് കാലത്ത് റെക്കോർഡ് ചെയ്യണ്ട പാട്ടാണ്.  റെക്കോർഡിംഗിന് തൊട്ടു മുൻപ് എ വി എം സ്റ്റുഡിയോയിൽ എത്തിയ ബിച്ചു അവിടെവെച്ചുതന്നെ നിമിഷങ്ങൾക്കകം പാട്ടെഴുതുന്നു. ശ്രീകുമാർ അത് അതിഗംഭീരമായി പാടുന്നു. സിനിമയിൽ അത് പ്രിയനും എസ് കുമാറും ചേർന്ന് മനോഹരമായി ചിത്രീകരിക്കുന്നു... ഇന്നും ആ പാട്ടിനെ കുറിച്ച് മലയാളികൾ നല്ലത് പറഞ്ഞുകേൾക്കാറുണ്ട്. സന്തോഷമുള്ള കാര്യം.''

പാട്ടുകേട്ട് അഗാധമായ സുഷുപ്തിയിലേക്ക് വഴുതിവീഴുന്ന അപ്പുവിന്റെ അമ്മയുടെ മുഖം സങ്കൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ.  താരാട്ടിന്റെ സുഖദമായ താളത്തിനൊത്ത് പതുക്കെ അടയുന്നു ആ മിഴികൾ.  നിർവചിക്കാനാവാത്ത ഒരു ശാന്തത കളിയാടുന്നു മുഖത്ത്. ജീവനുതുല്യം സ്നേഹിച്ച, നെഞ്ചോട് ചേർത്തുപിടിച്ച പാട്ടിന്റെ വിരൽത്തുമ്പിൽ പിടിച്ച് പതുക്കെ നടന്നുമറയുകയാണ് അവർ; ഈ ലോകത്തുനിന്നുതന്നെ....
``ഭാഗ്യമരണമായിരുന്നു സാർ. നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത മരണം...'' എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം അപ്പു മന്ത്രിക്കുന്നു.
--രവിമേനോൻ

Content Highlights : Kilukkam Movie Song Kilukil Pambaram MG Sreekumar Bichu Thirumala S.p. Venkitesh