'വീഗാലാൻഡ് ഡെവലപ്പേഴ്സി'ന്റെ ഐപിഒ (IPO) വിശേഷങ്ങളും, തന്റെ ബിസിനസ്സ് തത്വശാസ്ത്രങ്ങളും, ഹരിതാഭമായ നിർമ്മാണ രീതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്തെ ഐപിഒ അനുഭവങ്ങൾ, പ്രൊമോട്ടർമാർക്ക് 0% OFS നൽകുന്നതിന്റെ പിന്നിലെ ആത്മവിശ്വാസം, നാടൻ ചെടികൾ ഉൾപ്പെടുത്തിയുള്ള 'ബയോഫിലിക് ഡിസൈൻ' ശൈലി, ജീവനക്കാരെ ഓഹരി ഉടമകളാക്കുന്ന ബിസിനസ്സ് തത്ത്വങ്ങൾ എന്നിവയെക്കുറിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖം.

To advertise here,

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് വി-ഗാർഡിന്റെ ഐപിഒ വരുന്നത്. അന്ന് ലിസ്റ്റിംഗ് സമയത്ത് വിലയുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും വളരെ ആത്മവിശ്വാസത്തോടെയാണ് താങ്കൾ മുന്നോട്ട് പോയത്. ആ അനുഭവം ഇപ്പോൾ വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ ഐപിഒയിലേക്ക് പോകുമ്പോൾ എത്രത്തോളം സഹായിക്കുന്നുണ്ട്?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: തീർച്ചയായും, 2008-ലാണ് വി-ഗാർഡ് പബ്ലിക് ഇഷ്യൂവിലേക്ക് പോയത്. യഥാർത്ഥത്തിൽ 2007-ൽ ഐപിഒ പൂർത്തിയാക്കണം എന്ന് വിചാരിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് നീണ്ടുപോയി 2008 ഫെബ്രുവരിയിലായി. അപ്പോഴേക്കും ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയിരുന്നു. എന്നാൽ അപ്പോഴും വി-ഗാർഡിന്റെ ടേൺ ഓവറിലോ വളർച്ചയിലോ കുറവുണ്ടായിരുന്നില്ല, പ്രൊഡക്റ്റുകൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. പല മെർച്ചന്റ് ബാങ്കർമാരും ഐപിഒ നീട്ടിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും, ഫാക്ടറി നിർമ്മാണത്തിനും പ്രൊഡക്ഷനും ഫണ്ട് അത്യാവശ്യമായതിനാൽ ഞാൻ അതിന് തയ്യാറായില്ല. ലിസ്റ്റിംഗിന് ശേഷം ഷെയർ പ്രൈസ് താഴോട്ട് പോയെങ്കിലും പെട്ടെന്ന് തന്നെ തിരിച്ചു കയറി. നമ്മുടെ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരവും ഡിമാൻഡും സുതാര്യതയുമുണ്ടെങ്കിൽ എപ്പോഴും മാർക്കറ്റ് ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഗൾഫിലും അമേരിക്കയിലുമൊക്കെ സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് വീഗാലാൻ‍റ് ഡെവലപ്പേഴിസിന്റെ ഐപിഒയുമായി മുന്നോട്ട് പോകുന്നത് ശരിയായ തീരുമാനമാണോ എന്ന് ചോദിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: നമ്മൾ വലിയൊരു തുകയല്ല സമാഹരിക്കുന്നത്, ഏകദേശം 210 കോടി രൂപ മാത്രമാണ് പിരിക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ഈ പ്രതിസന്ധികളൊക്കെ ഈസിയായി കടന്നുപോകും. ഐപിഒ പല തവണ ഓവർ സബ്സ്ക്രൈബ് ചെയ്യപ്പെടണം എന്ന നിർബന്ധമൊന്നും എനിക്കില്ല, നമ്മുടെ ആവശ്യങ്ങൾ നടക്കണം. 15 വർഷം മുൻപ് ഒരു പ്രോജക്റ്റിൽ തുടങ്ങി, പിന്നീട് രണ്ട്, നാല് എന്നിങ്ങനെ പടിപടിയായി വളർന്ന് ഇപ്പോൾ പന്ത്രണ്ടോളം പ്രോജക്ടുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനിയും സാധ്യതകളുണ്ട്, അതിനായി പല സ്ഥലങ്ങളും കണ്ടുവെച്ചിട്ടുണ്ട്. ഇതൊരു ക്യാപിറ്റൽ ഇന്റൻസീവ് ബിസിനസ്സ് ആയതിനാൽ തുടക്കത്തിൽ വലിയ തുക ആവശ്യമുണ്ട്, അതിനാണ് ഈ ഐപിഒ.

ഈ ഐപിഒയിൽ പ്രൊമോട്ടർമാർക്ക് പൂജ്യം ശതമാനം ഒഎഫ്എസ് (0% OFS - Offer for Sale) ആണല്ലോ. പ്രൊമോട്ടർമാർ ലാഭമെടുക്കാതെ മുഴുവൻ ഫണ്ടും കമ്പനിയുടെ വളർച്ചയ്ക്കായി മാറ്റിവെക്കുന്നതിന് പിന്നിലെ താല്പര്യം എന്താണ്?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: മറ്റു ചില ഐപിഒകളെപ്പോലെ പ്രൊമോട്ടറുടെ ഷെയറുകൾ വിറ്റ് പണമാക്കേണ്ട ആവശ്യം നമുക്കില്ല. നമ്മൾ വളർത്തിയെടുത്ത സ്ഥാപനമാണിത്, ഇത് ഇനിയും വളരുമ്പോൾ അതിന്റെ ഗുണം നമുക്ക് തന്നെ കിട്ടുമല്ലോ. അതുകൊണ്ട് പ്രൊമോട്ടർമാർ ഷെയർ വിൽക്കുന്നില്ല, ഈ പണം മുഴുവൻ പുതിയ പ്രോജക്ടുകൾക്കായി മാത്രമാണ് ഉപയോഗിക്കുന്നത്.

60-ാം വയസ്സിൽ വിരമിച്ച് പുതിയ തലമുറയ്ക്ക് കാര്യങ്ങൾ കൈമാറിയ ശേഷം, 'I felt unemployed' എന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. പിന്നീട് 62-ാം വയസ്സിൽ വീഗാലാൻഡ് ഡെവലപ്പേഴ്സിലൂടെ ഒരു പുതിയ മേഖലയിലേക്ക് കടന്നുവന്നപ്പോൾ റിസ്ക് തോന്നിയിരുന്നോ?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വി-ഗാർഡ്, വണ്ടർലാ എന്നിവയുടെ സ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങി ചെയർമാൻ എമിരറ്റസ് ആയി തുടരുമ്പോൾ എനിക്ക് അവിടെ വലിയ റോളില്ലെന്ന് തോന്നി; കാര്യങ്ങളെല്ലാം മക്കളായ അരുണും മിഥുനും ഭംഗിയായി കൊണ്ടുപോകുന്നുണ്ടായിരുന്നു. വി-ഗാർഡിന്റെ കോർപ്പറേറ്റ് ഓഫീസും വണ്ടർലാ പാർക്കും നിർമ്മിച്ച സമയത്ത് ഞാൻ കൺസ്ട്രക്ഷൻ കാര്യങ്ങളിൽ ഒത്തിരി ഇടപെട്ടിരുന്നു. കെട്ടിടങ്ങളിൽ ധാരാളം ചെടികൾ വേണമെന്ന് ഞാൻ ആർക്കിടെക്റ്റിനോട് ആവശ്യപ്പെടുമായിരുന്നു. 10-20 വർഷം കഴിഞ്ഞാലും ഇത് നിലനിൽക്കുമോ എന്ന് അവർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ പ്രോപ്പർ ഡ്രിപ്പ് ഇറിഗേഷനും മെയിന്റനൻസും ഉണ്ടെങ്കിൽ ഇത് സാധ്യമാണെന്ന് ഞാൻ തെളിയിച്ചു. അതിന്റെ തെളിവാണ് ഇന്നും ഭംഗിയായി നിലനിൽക്കുന്ന വി-ഗാർഡിന്റെ കോർപ്പറേറ്റ് ഓഫീസ്.

നാട്ടിൻപുറത്ത് ജനിച്ചുവളർന്ന എനിക്ക്, കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പച്ചപ്പ് കൂടി ഉൾപ്പെടുത്തണം എന്ന ആശയമുണ്ടായിരുന്നു. അതിനെ ഒരു യുഎസ്പി ആക്കിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.

ഈ 'ബയോഫിലിക് ഡിസൈൻ' രീതിയിൽ ചെടികൾ ദീർഘകാലം നിലനിർത്താൻ എന്താണ് ചെയ്യുന്നത്?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: ഇതിലൊരു രഹസ്യമുണ്ട്; നമ്മൾ ഉപയോഗിക്കുന്നത് അന്തൂറിയം പോലുള്ള വിദേശ ചെടികളല്ല, മറിച്ച് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നാടൻ ചെടികളാണ്. അതുകൊണ്ട് മെയിന്റനൻസും കേടുപാടുകളും വളരെ കുറവാണ്. കെട്ടിടത്തിന്മേൽ നേരിട്ട് വെയിൽ അടിക്കാത്തതുകൊണ്ട് എസി ഉപയോഗവും പവർ കൺസംഷനും വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കുന്നുണ്ട്. ചുറ്റും വരാന്തയും അതിനുശേഷം റൂമുകളും നൽകുന്ന പഴയ നാട്ടിൻപുറത്തെ ശൈലി തന്നെയാണ് ഇതിന് പിന്നിൽ.

1980-കളിൽ തൊഴിലാളി സമരങ്ങൾ ശക്തമായിരുന്ന കാലത്ത് സ്ത്രീ സ്വയംസഹായ സംഘങ്ങൾക്ക് ഉത്പാദനം ഔട്ട്സോഴ്സ് ചെയ്തുകൊണ്ട് താങ്കൾ ഒരു വിപ്ലവകരമായ ബിസിനസ്സ് മോഡൽ കൊണ്ടുവന്നു. സമാനമായ രീതിയിലാണോ വീഗാലാൻഡ് ഡെവലപ്പേഴ്സിൽ തേർഡ് പാർട്ടി കൺസ്ട്രക്ഷൻ സബ് കോൺട്രാക്ട് നൽകുന്നത്?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: അതെ, ബിസിനസ്സിൽ എപ്പോഴും ഇന്നവേഷൻസ് വേണം. തൊഴിലാളി സമരം കാരണം ഉത്പാദനം തടസ്സപ്പെട്ടപ്പോൾ ജപ്പാനിലെ കോർപ്പറേറ്റുകൾ കുടിൽ വ്യവസായം പോലെ വീടുകളിൽ സബ് കോൺട്രാക്ട് നൽകി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രീതിയെക്കുറിച്ച് ഞാൻ വായിച്ചിരുന്നു. നമ്മളത് ചാരിറ്റബിൾ സൊസൈറ്റികളെ ഏൽപ്പിച്ച്, എൻജിനീയർമാരെയും സൂപ്പർവൈസർമാരെയും വിട്ട് അവരെ ട്രെയിൻ ചെയ്ത് ക്വാളിറ്റി ഉറപ്പാക്കി ഉത്പാദനം നടത്തി.

വീഗാലാൻഡ് ഡെവലപ്പേഴ്സിലും നമ്മൾ നേരിട്ട് ജോലിക്ക് വെക്കുന്ന ആളുകൾ കുറവാണ്. ഭൂരിഭാഗം പേരും എൻജിനീയർമാരും സൂപ്പർവൈസർമാരും മാർക്കറ്റിംഗ് വിഭാഗത്തിലുള്ളവരുമാണ്; ബാക്കി ജോലികൾ സബ് കോൺട്രാക്ട് നൽകുകയാണ് ചെയ്യുന്നത്. എന്നാൽ സബ് കോൺട്രാക്ട് നൽകുമ്പോൾ ഇരട്ടി ഉത്തരവാദിത്തമുണ്ട്. അവർ ലാഭം കൂട്ടാൻ ഇൻഫീരിയർ ക്വാളിറ്റി സാധനങ്ങൾ ഉപയോഗിക്കാതിരിക്കാൻ കൃത്യമായ പ്രൊസീജറുകൾ വേണം. റോ മെറ്റീരിയലുകൾ നൽകുന്നതും ക്വാളിറ്റി ചെക്ക് ചെയ്യുന്നതും നമ്മൾ നേരിട്ടാണ്.

കൊച്ചിയിലെ അമ്യൂസ്മെന്റ് പാർക്കായ 'വീഗാലാൻഡ്' പിന്നീട് 'വണ്ടർലാ' എന്ന് റീബ്രാൻഡ് ചെയ്തിരുന്നു. പിന്നീട് പുതിയ റിയൽ എസ്റ്റേറ്റ് സംരംഭത്തിന് 'വീഗാലാൻഡ് ഡെവലപ്പേഴ്സ്' എന്ന പേര് നൽകാൻ എന്താണ് കാരണം?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വി-ഗാർഡ് ഗ്രൂപ്പിൽ നിന്നുള്ള അമ്യൂസ്മെന്റ് പാർക്കിന് ആദ്യം 'വീഗാലാൻഡ്' എന്ന് പേരിട്ടത് ഞാൻ തന്നെയാണ്. പിന്നീട് ബാംഗ്ലൂരിൽ പാർക്ക് തുടങ്ങിയപ്പോൾ പേര് കൂടുതൽ ഭംഗിയാക്കാൻ ഒരു മത്സരം നടത്തി പലരിൽ നിന്നും അഭിപ്രായം തേടി. അങ്ങനെ വന്ന നിർദ്ദേശങ്ങളിൽ നിന്നാണ് 'വണ്ടർലാ' എന്ന പേര് തിരഞ്ഞെടുത്തത്. കൊച്ചിയിലെ പാർക്കിന്റെ പേരും വണ്ടർലാ എന്നാക്കി മാറ്റിയെങ്കിലും, ജനങ്ങൾ കുറെക്കാലം അതിനെ 'വീഗാലാൻഡ്' എന്ന് തന്നെയാണ് വിളിച്ചിരുന്നത്. അങ്ങനെ ഞങ്ങളുടെ ഫാമിലിയിൽ ബാക്കിവന്ന ആ ബ്രാൻഡ് നെയിം ഞാൻ ഈ പുതിയ സംരംഭത്തിനായി ഉപയോഗിക്കുകയായിരുന്നു.

ഐപിഒയ്ക്ക് മുൻപ് തന്നെ പഴയ മാനേജർമാർക്കും ജീവനക്കാർക്കും ഓഹരികൾ സമ്മാനമായി നൽകുന്ന ഒരു രീതി താങ്കൾക്കുണ്ട്. ഇത് എങ്ങനെയാണ് രൂപപ്പെട്ടത്?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: ഇത് വി-ഗാർഡിലും വണ്ടർലായിലും ഞാൻ പരീക്ഷിച്ച് വിജയിച്ച കാര്യമാണ്. പൂജ്യത്തിൽ നിന്ന് ഈ കമ്പനികളെ വളർത്തിയെടുക്കാൻ ടോപ്പ് ലെവൽ മാനേജർമാരും സൂപ്പർവൈസർമാരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരാളുടെ മാത്രം പ്രയത്നം കൊണ്ട് ഇതൊന്നും സാധ്യമല്ല. അതുകൊണ്ട് അവർക്കും ചെറിയൊരു ശതമാനം ഓഹരി നൽകി. കമ്പനി ലിസ്റ്റ് ചെയ്തപ്പോൾ അവരിൽ പലരും കോടീശ്വരന്മാരായി. ഒരാൾ മാത്രം വളർന്നാൽ പോരല്ലോ. ഇത് ജീവനക്കാരിൽ "ഇത് ഞങ്ങളുടെ കമ്പനിയാണ്" എന്ന ആത്മാർത്ഥതയും ഉത്തരവാദിത്തബോധവും വർദ്ധിപ്പിച്ചു. കൂടാതെ സീനിയർ മാനേജർമാർക്കായി ഇഎസ്ഒപി ഏർപ്പെടുത്തുന്നത് വഴി പ്രൊമോട്ടർമാരുടെ ഭാരം കുറയുമെന്നും ഞാൻ വിശ്വസിക്കുന്നു.

'പലരും വെള്ളി, ശനി ദിവസങ്ങൾക്കായി കാത്തിരിക്കുമ്പോൾ ഞാൻ കാത്തിരിക്കുന്നത് തിങ്കളാഴ്ചയ്ക്കാണ്' എന്ന് താങ്കൾ പറയാറുണ്ട്. ഈ വർക്ക് പാഷൻ പുതിയ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന സന്ദേശം എന്താണ്?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: എനിക്ക് ശനിയും ഞായറും വലിയ താല്പര്യമുള്ള ദിവസങ്ങളല്ല. ഞാൻ ആഘോഷങ്ങളിൽ പങ്കെടുക്കാറില്ല എന്നല്ല, എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കും. എങ്കിലും രണ്ടു ദിവസം ഓഫീസിൽ നിന്ന് മാറിനിന്ന് തിങ്കളാഴ്ച തിരികെ ഓഫീസിലേക്ക് വരുന്നത് എനിക്ക് വലിയ സന്തോഷമാണ്.

താങ്കളുടെ മനസ്സിൽ ഇനി പുതിയ എന്തെങ്കിലും സംരംഭങ്ങളെക്കുറിച്ചുള്ള ആശയങ്ങളുണ്ടോ?

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: എനിക്ക് ഇപ്പോൾ 76 വയസ്സായി, എന്റെ പ്രായത്തെ ബഹുമാനിക്കണമല്ലോ. ഈ ഫീൽഡിൽ വലിയ വൻകിട കമ്പനികൾ നിൽക്കുമ്പോൾ വീഗാലാൻഡ് ഡെവലപ്പേഴ്സ് ഇപ്പോഴും ചെറുതാണ്. ഇതിനെ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. അതുകൊണ്ട് കുറച്ചുകാലം കൂടി ഇതിന്റെയൊപ്പം തന്നെ നിൽക്കണം എന്നതുമാത്രമാണ് ഇപ്പോൾ മനസ്സിലുള്ള ഒരേയൊരു പ്ലാൻ.