തുടർച്ചയായി അഞ്ചാമത്തെ ആഴ്ചയും വിപണി നഷ്ടത്തിൽ. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ സെൻസെക്സ് 400 പോയിന്റിലധികം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയാകട്ടെ 23,700 എന്ന നിർണായക നിലവാരത്തിന് താഴെപ്പോകുകയും ചെയ്തു. ആഗോള വിപണിയിൽ ക്രൂഡ് വിലയിലുണ്ടായ വർധന, യു.എസ്. ഫെഡ് പലിശനിരക്ക് കൂട്ടിയേക്കുമെന്ന ആശങ്ക, ഐ.പി.ഒ. വിപണിയിലേക്ക് മൂലധനമൊഴുക്ക് കൂടുന്നത് എന്നിവയാണ് വിപണിക്ക് തിരിച്ചടിയായത്. പ്രതിരോധ മേഖല ഒഴികെയുള്ള പ്രധാന സെക്ടറുകൾ തകർച്ച നേരിട്ടു.

To advertise here,

 

മാറ്റം

(പോയിന്റിൽ)

ശതമാനം

നിലവാരം

സെൻസെക്സ്

-426.89

0.56%

75,705.92

നിഫ്റ്റി 50

-119.90

0.5%

23,659.25

പ്രധാന കാരണങ്ങൾ

ക്രൂഡ് ഓയിൽ വിലവർധന

പശ്ചിമേഷ്യൻ സംഘർഷം വർധിക്കാനുള്ള സാധ്യതകൾ ക്രൂഡ് ഓയിൽ വിലയെ സ്വാധീനിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 97 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. യു.എസ്. ആസ്തികളെ ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതാണ് ക്രൂഡ് വിപണിയെ സ്വാധീനിച്ചത്. ഇന്ത്യയുടെ ഇന്ധനാവശ്യത്തിന്റെ വലിയൊരു ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ, ആഗോള വിലവർധന രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയും വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വിപണിക്ക് തിരിച്ചടിയായി.

ആഗോള സാമ്പത്തിക ആശങ്കകൾ

യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്ന ഭീതി ഐ.ടി. ഓഹരികളിൽ വിറ്റൊഴിവാക്കൽ സമ്മർദത്തിന് കാരണമായി. വിദേശ നിക്ഷേപകർ മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഓഹരികളിൽനിന്ന് ലാഭമെടുക്കുന്നതും വിപണിയെ ബാധിച്ചു.

ഐ.പി.ഒ. വിപണി

നിലവിൽ വിപണിയിൽ ധാരാളം ഐ.പി.ഒ.കൾ വരുന്നത് ഓഹരി വിപണിയിലെ പണമൊഴുക്കിനെ ബാധിക്കുന്നുണ്ട്. നിക്ഷേപകർ പണം പുതിയ ഐ.പി.ഒ.കളിലേക്ക് മാറ്റുന്നത് നിലവിലുള്ള ഓഹരികളുടെ വിപണിമൂല്യത്തെ ബാധിക്കാനിടയാക്കുന്നു.

സെക്ടറൽ സൂചികകൾ

ഐ.ടി., റിയൽറ്റി: ഏറ്റവും കൂടുതൽ ഇടിവ് നേരിട്ട മേഖലകളാണിവ. നിഫ്റ്റി റിയൽറ്റി ഒരുശതമാനവും നിഫ്റ്റി ഐ.ടി. 0.70 ശതമാനവും താഴ്ന്നു. ടി.സി.എസ്., ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഐ.ടി. ഓഹരികൾ ഇടിവ് രേഖപ്പെടുത്തി.

ഓട്ടോമൊബൈൽ: ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസൂക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലധികം ഇടിഞ്ഞു.

ധനകാര്യ സേവനം: ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ശ്രീറാം ഫിനാൻസ് എന്നിവ നഷ്ടത്തിലായിരുന്നു.

പ്രതിരോധം: പ്രതിരോധ സേനകൾക്കായി 1.1 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കൽ നിർദേശങ്ങൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അംഗീകാരം നൽകിയത് നേട്ടമായി. ബി.ഇ.എൽ., ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഡാറ്റാ പാറ്റേൺസ് തുടങ്ങിയ ഓഹരികൾ രണ്ടുമുതൽ നാലുശതമാനംവരെ നേട്ടമുണ്ടാക്കി.

മെറ്റൽ: നിഫ്റ്റി മെറ്റൽ സൂചിക 0.40 ശതമാനം നേട്ടത്തിലാണ്.

വിപണി നിലവിൽ 'കരടികളുടെ' പിടിയിലാണ്. ആഗോള പ്രശ്നങ്ങളും ഐ.പി.ഒ. വിപണിയിലെ തിരക്കുമാണ് സമ്മർദം കൂട്ടുന്നത്. നിക്ഷേപകർ ജാഗ്രതയോടെ നീങ്ങണമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം വൻകിട ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കാമെന്നും വിദഗ്ധർ നിർദേശിക്കുന്നു.