കേരളം ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ വീഗാലാൻഡ് ഡിവലപ്പേഴ്‌സ് ഓഹരി വിപണിയിലേക്ക്. വ്യാഴാഴ്ച ആരംഭിക്കുന്ന പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) 15വരെ നീളും. പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാൻഡ് 130-140 രൂപയാണ്. ചുരുങ്ങിയത് 107 ഓഹരികൾക്കായി അപേക്ഷിക്കാം. മൊത്തം 1.50 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. 210 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ബുധനാഴ്ച ആരംഭിക്കും. 16-ന് ഓഹരികളുടെ അലോട്ട്‌മെന്റ് പൂർത്തിയാക്കി, 18-ന് ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും ലിസ്റ്റ് ചെയ്യും. കേരളത്തിൽനിന്ന് ഒരു റിയൽ എസ്റ്റേറ്റ് ഡിവലപ്പർ കമ്പനി ആദ്യമായാണ് ഐ.പി.ഒ.യുമായി എത്തുന്നത്.

To advertise here,

നിലവിലുള്ള ഓഹരിയുടമകൾ ഓഹരികൾ വിൽക്കുന്ന ‘ഓഫർ ഫോർ സെയിൽ’ (ഒ.എഫ്.എസ്.) ഇല്ല. പൂർണമായും പുതിയ ഓഹരികൾ മാത്രമേയുള്ളൂ. അതിനാൽ, ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുക പൂർണമായും കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാകും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കെ. ചിറ്റിലപ്പിള്ളി ട്രസ്റ്റുമാണ് കമ്പനിയുടെ പ്രമോട്ടർമാർ. ജീവനക്കാരിൽ ചിലർക്കും ഓഹരി പങ്കാളിത്തമുണ്ട്. സിൻഡിക്കേറ്റ് ബാങ്ക് മുൻ ചെയർമാൻ ജോർജ് ജോസഫാണ് വീഗാലാൻഡ് ഡിവലപ്പേഴ്‌സിന്റെ ചെയർമാൻ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വൈസ് ചെയർമാനും.

ഏതാണ്ട് ഒന്നരപതിറ്റാണ്ടുകൊണ്ട് 10 പാർപ്പിട സമുച്ചയങ്ങൾ വിജയകരമായി പൂർത്തിയാക്കിയ വീഗാലാൻഡ് ഡിവലപ്പേഴ്‌സ് നിലവിൽ 12 പ്രോജക്ടുകളിലായി 987 ഭവനങ്ങളുടെ നിർമാണം നിർവഹിക്കുകയാണ്. മൂന്ന് പദ്ധതികൾകൂടി ഉടൻ ആരംഭിക്കും. 250.98 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാനം. റേറ്റിങ് ഏജൻസിയായ ‘ഇക്ര’യുടെ 2025 ഡിസംബറിലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന റിയൽ എസ്റ്റേറ്റ് ഡിവലപ്പറാണ് വീഗാലാൻഡ്.

വിശ്വാസ്യതയുടെ പര്യായമാണ് മലയാളിക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 1977-ൽ ‘വി-ഗാർഡ്’ എന്ന പേരിൽ സ്റ്റെബിലൈസർ വിപണിയിലെത്തിച്ചുകൊണ്ട് ബിസിനസ് രംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം, സംരംഭകജീവിതത്തിന്റെ അൻപതാം വർഷത്തിലേക്ക് കടക്കുകയാണ്. 2008-ലായിരുന്നു വി-ഗാർഡിന്റെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.). വി-ഗാർഡിന്റെ വിപണിമൂല്യം ഇപ്പോൾ 15,000 കോടി രൂപയുടെ അടുത്താണ്.

രണ്ടായിരത്തിൽ ‘വീഗാലാൻഡ് അമ്യൂസ്‌മെന്റ് പാർക്ക്’ തുടങ്ങിക്കൊണ്ട് പുതിയ മേഖലയിലേക്കുകൂടി ചുവടുവെച്ചു. പിന്നീട് ഇതിന്റെ പേര് ‘വണ്ടർല ഹോളിഡെയ്‌സ്’ എന്നാക്കിമാറ്റി. 2014-ൽ വണ്ടർലയുടെ ഐ.പി.ഒ.യും വിജയകരമായി നടത്തി. പന്ത്രണ്ട് വർഷങ്ങൾക്കുശേഷം ഇപ്പോഴിതാ വീഗാലാൻഡ് ഡിവലപ്പേഴ്‌സിന്റെ ഐ.പി.ഒ.യുമായി അദ്ദേഹം എത്തുകയാണ്, കേരളത്തിൽനിന്ന് ഒരു വ്യവസായസംരംഭകന്റെ നേതൃത്വത്തിൽ മൂന്നാമത്തെ ഐ.പി.ഒ. എന്ന അപൂർവ നേട്ടവുമായി.

ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമായ സംരംഭങ്ങൾ?

വി-ഗാർഡ് തുടങ്ങി രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങുന്നത്. വിദേശയാത്രകളിൽ കണ്ട അമ്യൂസ്‌മെന്റ് പാർക്കുകൾ നമ്മുടെ നാട്ടിലും വേണമെന്ന ആഗ്രഹമായിരുന്നു അതിനു പിന്നിൽ. രണ്ട് കമ്പനികളുടെയും നേതൃസ്ഥാനം മക്കളെ ഏൽപ്പിച്ച് റിട്ടയർ ചെയ്തപ്പോഴാണ് ‘വീഗാലാൻഡ് ഹോംസ്’ എന്ന ആശയം രൂപപ്പെട്ടത്. കൊച്ചിയിലെയും ബെംഗളൂരുവിലെയും അമ്യൂസ്‌മെന്റ് പാർക്കുകളുടെ നിർമാണം, വി-ഗാർഡിന്റെ കൊച്ചിയിലെ ആസ്ഥാനത്തിന്റെയും ഏതാനും ഫാക്ടറികളുടെയും നിർമാണം എന്നിവയിലൂടെ സിവിൽ എൻജിനിയറിങ്ങിൽ താത്പര്യം തോന്നിയിരുന്നു. അങ്ങനെ, കൊച്ചിയിൽ വാഴക്കാലയിൽ ഒരു പാർപ്പിട സമുച്ചയവുമായിട്ടായിരുന്നു ‘വീഗാലാൻഡ് ഡിവലപ്പേഴ്‌സി’ന്റെ തുടക്കം. പിന്നീട് രണ്ട് പ്രോജക്ടുകളായി, 10 പ്രോജക്ടുകളായി. ഇപ്പോൾ 12 പ്രോജക്ടുകളിലായി 987 ഫ്ളാറ്റുകളുടെ നിർമാണം പുരോഗമിക്കുന്നു. മൂന്ന് പ്രോജക്ടുകൾകൂടി ഉടൻ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

റിയൽ എസ്റ്റേറ്റ് രംഗം തിരഞ്ഞെടുക്കാൻ കാരണം?

വളരെ ക്രൗഡഡ് ആയിട്ടുള്ള ഒരു മേഖലയാണ് റിയൽ എസ്റ്റേറ്റ്. അവിടെ ഉത്തരവാദിത്വത്തോടെ മികച്ചനിലയിൽ സമയബന്ധിതമായി ഫ്ളാറ്റുകൾ നിർമിച്ചുനൽകുന്ന ഒരു റെസ്പോൺസിബിൾ ബിൽഡറിന് െസ്പയ്‌സ് ഉണ്ടെന്ന് തോന്നി. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിലവിൽവരുന്നതിന് മുൻപുതന്നെ ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഫ്ളാറ്റുകൾ നിർമിച്ചുനൽകാൻ വീഗാലാൻഡ് തുടക്കത്തിൽത്തന്നെ ശ്രദ്ധിച്ചു.

വിശ്വാസ്യതയായിരുന്നോ, നിലവാരമായിരുന്നോ കരുത്ത്?

ക്വാളിറ്റി പ്രധാനമാണ്. അതുപോലെതന്നെ പ്രധാനമാണ് വിൽപ്പനാനന്തര സേവനവും. ആയിരം രൂപയുടെയോ, രണ്ടായിരം രൂപയുടെയോ ഉത്പന്നമല്ല ഫ്ളാറ്റുകൾ. ഓരോ കുടുംബവും ജീവിതകാലംകൊണ്ടുണ്ടാക്കുന്ന സമ്പാദ്യവും വായ്പയും ഒക്കെക്കൊണ്ടാണ് വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നത്. അപ്പോൾ ഉത്തരവാദിത്വം കൂടുതലാണ്. സ്ട്രക്ചറിന് അഞ്ചുവർഷത്തെ വാറന്റി വീഗാലാൻഡ് നൽകുന്നുണ്ട്.

ഏത് സെക്ടറാണ് വീഗാലാൻഡ് ഫോക്കസ് ചെയ്യുന്നത്?

മിഡ്-പ്രീമിയം, പ്രീമിയം, അൾട്രാ പ്രീമിയം ശ്രേണികളിലുള്ള അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളാണ് വീഗാലാൻഡിന്റേത്. ഒന്നരക്കോടി രൂപ മുതൽ രണ്ടരക്കോടി രൂപ വരെയാണ് ശരാശരി വില.

മറ്റു സംസ്ഥാനങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടോ? കേരളത്തിൽ തന്നെ വലിയ അവസരമാണ് ഈ രംഗത്തുള്ളത്. അതിനാൽ, തത്കാലം ഈ വിപണിയിൽ ഫോക്കസ് ചെയ്യാനാണ് പദ്ധതി.

വി-ഗാർഡ്, വണ്ടർല, ഇപ്പോൾ വീഗാലാൻഡ് ഡിവലപ്പേഴ്‌സ്. ഇനി വി-സ്റ്റാറിന്റെ ഐ.പി.ഒ.കൂടി പ്രതീക്ഷിക്കാമോ? അത് ഷീല(ഭാര്യ)യാണ് പറയേണ്ടത്. ഓരോ ബിസിനസും ഓരോരുത്തരാണ് നോക്കുന്നത്. വി-ഗാർഡിന് മിഥുൻ ചിറ്റിലപ്പിള്ളിയും വണ്ടർലയ്ക്ക് അരുൺ ചിറ്റിലപ്പിള്ളിയും വി-സ്റ്റാറിന് ഷീല കൊച്ചൗസേപ്പുമാണ് നേതൃത്വം നൽകുന്നത്.