കൊച്ചി: പ്രമുഖ മലയാളി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കേരളം ആസ്ഥാനമായ വീഗാലാൻഡ് ഡിവലപ്പേഴ്സ് 210 കോടി രൂപ സമാഹരണലക്ഷ്യവുമായി പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) നടത്തുന്നു. സെപ്റ്റംബർ 10-ന് തുടങ്ങുന്ന ഐ.പി.ഒ. 15 വരെ നീളും. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ഒൻപതിനാണ്.

To advertise here,

പത്തുരൂപ മുഖവിലയുള്ള ഓഹരികളുടെ വില നിലവാരം 130-140 രൂപയാണ്. മൊത്തം 1.50 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. 107 ഓഹരികളാണ് ചുരുങ്ങിയ ബിഡ് സൈസ്. പൂർണമായും പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക വികസന പ്രവർത്തനങ്ങൾക്കായാവും ചെലവഴിക്കുക. കമ്പനിയുടെ നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കാനും ഭൂമി വാങ്ങാനും മറ്റ് പൊതു ആവശ്യങ്ങൾക്കുമായാണ് തുക വിനിയോഗിക്കുക.

കേരളം ആസ്ഥാനമായുള്ള വി-ഗാർഡ് ഗ്രൂപ്പിൽനിന്നുള്ള മൂന്നാമത്തെ ഐ.പി.ഒ. ആണ് ഇതെന്ന പ്രത്യേകതയുണ്ട്. ഗ്രൂപ്പിനുകീഴിലെ വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർലാ ഹോളിഡേയ്സ് എന്നിവ ഇതിനോടകം ഐ.പി.ഒ. നടത്തി ഓഹരിവിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽനിന്ന് ഒരു റിയൽ എസ്റ്റേറ്റ് ഡിവലപ്പർ കമ്പനി ആദ്യമായി ഐ.പി. ഒ.യുമായി എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.

റേറ്റിങ് ഏജൻസിയായ 'ഇക്ര'യുടെ 2025 ഡിസംബറിലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന റിയൽ എസ്റ്റേറ്റ് ഡിവലപ്പറാണ് വീഗാലാൻഡ്. കൊച്ചി ആസ്ഥാനമായി 2012-ൽ തുടങ്ങിയ വീഗാലാൻഡ് ഡിവലപ്പേഴ്സ് ഇതിനോടകം 10 പാർപ്പിടസമുച്ചയങ്ങൾ പൂർത്തിയാക്കി. ഇതിലൂടെ 11.05 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലായി മൊത്തം 692 ഭവനങ്ങളാണ് വിറ്റഴിച്ചത്. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നിലവിൽ 12 പ്രോജക്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 18.57 ലക്ഷം ചതുരശ്രയടിയാണ് ഇവയുടെ മൊത്തം വിസ്തൃതി. മൊത്തം 987 ഭവനങ്ങളാണ് ഇതിലുള്ളത്. മൂന്ന് പദ്ധതികൾ കൂടി ഉടൻ അവതരിപ്പിക്കും. മിഡ്-പ്രീമിയം, പ്രീമിയം, അൾട്രാ പ്രീമിയം ശ്രേണികളിലുള്ള അപ്പാർട്ട്മെന്റ് പ്രോജക്ടുകളാണ് കമ്പനി പ്രധാനമായും നിർമിക്കുന്നത്.

250.98 കോടി രൂപയാണ് 2025-26 സാമ്പത്തികവർഷത്തെ വരുമാനം. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കെ. ചിറ്റിലപ്പിള്ളി ട്രസ്റ്റുമാണ് കമ്പനിയുടെ പ്രമോട്ടർമാർ.