
ഡെറിവേറ്റീവ് വ്യാപാരം നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടനെ പ്രാബല്യത്തിലാകും. ഊഹക്കച്ചവടത്തിലൂടെ വര്‍ഷംതോറും 50,000 കോടിയിലേറെ രൂപയുടെ നഷ്ടം ചെറുകിട നിക്ഷേപകര്‍ക്കുണ്ടാകുന്നുണ്ടെന്നാണ് സെബിയുടെ വിലയിരുത്തല്‍.
ജൂലായില്‍ പുറത്തുവിട്ട കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ സെബി നിര്‍ദേശിച്ച ഏഴ് മാനദണ്ഡങ്ങളില്‍ ചെറിയ മാറ്റങ്ങളോടെയാകും പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. വ്യവയാസയ പങ്കാളികളില്‍നിന്ന് ലഭിച്ച പ്രതികരണം അനുസരിച്ചാകും ബോര്‍ഡ് യോഗത്തിന് മുമ്പായി വ്യവസ്ഥകളില്‍ മാറ്റം വരുത്തുക.
ആറായിരത്തിലധികം സ്ഥാപനങ്ങളില്‍നിന്നാണ് പ്രതികരണങ്ങള്‍ ലഭിച്ചത്. പൊതുജനങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളും തേടിയിരുന്നു. ഇതെല്ലാം പരിശോധിച്ചുവരികയാണെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും സെബി മേധാവി ബാധബി പുരി ബുച്ച് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ഘട്ടംഘട്ടമായിട്ടായിരിക്കും നിര്‍ദേശങ്ങള്‍ നടപ്പാക്കുക. ഇടപാടുകാരുടെ യോഗ്യതാ മാനദണ്ഡവും പരിഷ്‌കരിക്കും. പ്രതിവാര ഓപ്ഷന്‍ കരാറുകള്‍ ഒരു എക്‌സ്‌ചേഞ്ചിന് ഒരു ഇന്‍ഡക്‌സില്‍ പരിമിതപ്പെടുത്തുക, ചുരുങ്ങിയ കരാര്‍ തുക അഞ്ച് ലക്ഷം രൂപയില്‍നിന്ന് 15-20 ലക്ഷം രൂപയായി ഉയര്‍ത്തുക തുടങ്ങിയവ നിര്‍ദേങ്ങളിലുണ്ട്. കരാര്‍ നിലവില്‍വന്ന് ആറു മാസത്തിന് ശേഷം ഇത് വീണ്ടും വര്‍ധിപ്പിക്കും.
സെബിയുടെ നിര്‍ദേശങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരമായിട്ടുണ്ടെങ്കിലും ചില കാര്യങ്ങളില്‍ എക്‌സ്‌ചേഞ്ചുകള്‍ ആശങ്ക അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിദിന ടേണോവര്‍ 400 ലക്ഷം കോടി രൂപ കവിയുകയും ചെറുകിട നിക്ഷേപകര്‍ക്ക് കാര്യമായ നഷ്ടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ക്കിടെയാണ് സെബിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.
നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ എന്‍എസ്ഇയുടെയും ബിഎസ്ഇയുടെയും ലാഭത്തില്‍ കുറവുണ്ടാകും. അതേസമയം, ഇക്കാര്യത്തില്‍ സെബിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എന്‍എസ്ഇയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെബിയുടെ നിര്‍ദേശ പ്രകാരം എക്‌സ്‌ചേഞ്ചുകള്‍ ഓപ്ഷന്‍ സെഗ്മെന്റിലെ ഓഫറുകള്‍ കുറയ്‌ക്കേണ്ടിവരും. ആഴ്ചതോറുമുള്ള കരാറുകള്‍ക്ക് ഒരൊറ്റ ബെഞ്ച്മാര്‍ക്ക് നിശ്ചയിക്കേണ്ടിവരും. നിലവില്‍ ആഴ്ചയിലെ ഓരോ ദിവസവും ഒരോ സൂചിക അടിസ്ഥാനമാക്കിയുള്ളതാണ്. ഊഹക്കച്ചവടത്തെ പ്രോത്സാപ്പിക്കുന്നതായതിനാലാണ് സെബി ഇതില്‍ മാറ്റം നിര്‍ദേശിക്കുന്നത്.
വ്യക്തികള്‍ക്കും പ്രൊപ്പ്രൈറ്റര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും 2024 സാമ്പത്തിക വര്‍ഷം ശരാശരി 51,689 കോടി രൂപയുടെ സഞ്ചിത നഷ്ടമുണ്ടായതായാണ് സെബിയുടെ കണക്ക്.
Content Highlights: Sebi may notify tighter F&O norms soon
Published: 05 Sept 2024, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented