എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരികള്‍കൂടി ഏറ്റെടുക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. നവംബര്‍ ഒന്നുവരെയായിരിക്കും കാലയളവ്.

നിലവില്‍ 468 രൂപ വിലയുള്ള എന്‍ഡിടിവിയുടെ 1.67 കോടി ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ഓഹരിയൊന്നിന് നിശ്ചയിച്ചിരിക്കുന്ന വില 294 രൂപയാണ്. 

To advertise here,

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് സെപ്റ്റംബര്‍ ഏഴിന് നല്‍കിയ ഡ്രാഫ്റ്റ് ലെറ്ററിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ജെഎം ഫിനാന്‍ഷ്യലാണ് ഓപ്പണ്‍ ഓഫര്‍ കൈകാര്യംചെയ്യുന്നത്. 

294 രൂപ പ്രകാരം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് 492.81 കോടി രൂപയാണ് ചെലവഴിക്കേണ്ടിവരിക. എന്‍ഡിടിവിയുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഹരി വിലയില്‍ കുതിപ്പുണ്ടായി. ഒരുമാസത്തിനിടെ 90ശതമാനവും കലണ്ടര്‍വര്‍ഷത്തില്‍ 330ശതമാനവുമാണ് ഓഹരി വില ഉയര്‍ന്നത്.

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സില്‍ 99.99ശതമാനം ഓഹരികള്‍ കൈവശംവെച്ചിരുന്ന വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിനെ സ്വന്തമാക്കാനുള്ള പദ്ധതി അദാനി ഗ്രൂപ്പ് ഓഗസ്റ്റ് 23നാണ് പ്രഖ്യാപിച്ചത്. 

403.85 കോടി രൂപയുടെ വായ്പയ്ക്ക് പകരമായാണ് വിശ്വപ്രധാന്‍ ലിമിറ്റഡ് എന്‍ഡിടിവിയുടെ 29.18ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ തുകയ്ക്കുപകരം ആര്‍ആര്‍പിആറിലെ 99.9ശതമാനം ഓഹരികളും സ്വന്തമാക്കാനുള്ള അവകാശം നേരത്തെ നേടിയിരുന്നു. വിശ്വപ്രധാന്‍ ഏറ്റെടുത്തതിലൂടെ എന്‍ഡിടിവി സ്വന്തമാക്കാന്‍ അദാനി ഉപയോഗിച്ചത് ഈ സാധ്യതയാണ്.