റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാതെ സുരക്ഷിത പദ്ധതികള്‍ തേടിപോകുന്നവര്‍ക്ക് യോജിച്ച മികച്ച നിക്ഷേപ പദ്ധതിയാണ് ബാങ്ക് എഫ്ഡി. എന്നിരുന്നാലും ഡെറ്റ് ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കുക.

To advertise here,

ആദായം, സുരക്ഷിതത്വം, നികുതി, പണമാക്കല്‍ എന്നിവയ്ക്കാണ് നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രത്യേകത സുരക്ഷിതത്വമാണ്. ഡെറ്റ് ഫണ്ടുകള്‍ക്കാകട്ടെ അതില്ല, എന്നാല്‍ നികുതി ആനുകൂല്യവും ഉയര്‍ന്ന നേട്ടസാധ്യതയുമുണ്ട്.

  • ആദ്യം സുരക്ഷിതത്വമാകട്ടെ

നിശ്ചിത ശതമാനം നേട്ടവും അതോടൊപ്പം സുരക്ഷിതത്വവും ഉറപ്പു നല്‍കുന്നതാണ് ബാങ്ക് നിക്ഷേപം. പുതിയ ബജറ്റില്‍ ബാങ്ക് നിക്ഷേപത്തിന്മേലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷം രൂപവരെയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 

മ്യൂച്വല്‍ ഫണ്ടിന്റെ ഡറ്റ് പദ്ധതികളാകട്ടെ വിപണിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നിനും ഉറപ്പൊന്നും നല്‍കാന്‍ കഴിയില്ല. ആദായത്തിലാകട്ടെ വ്യതിയാനവും വന്നേക്കാം. 

സെബിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഫണ്ട് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ മറ്റൊരുതരത്തിലുമുള്ള തട്ടിപ്പുകള്‍ക്ക് സാധ്യതകളില്ല. ഫണ്ടുകളുടെ നഷ്ടസാധ്യത സംബന്ധിച്ച് നിക്ഷേപകരെ വ്യക്തമായി അറിയിക്കണമെന്ന സെബിയുടെ നിര്‍ദേശം ഫണ്ടുകള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണ്.

നിക്ഷേപ കാലയളവിനനുസരിച്ച് വ്യത്യസ്ത ഫണ്ടുകളാണ് വിപണിയിലുള്ളത്. അതും സെബിയുടെ നിര്‍ദേശപ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്. വിപണിയിലുള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. അടുത്തയിടെ ഐഎല്‍ആന്റ്എഫ്എസ്, ഡിഎച്ച്എഫ്എല്‍ തുടങ്ങിയ കമ്പനികളുടെ തകര്‍ച്ചയും ഐഡിയ വൊഡാഫോണ്‍ കുടിശികയില്‍ വീഴ്ചവരുത്തിയതും ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ കാര്യമായി ബാധിച്ചിരുന്നു. 

  • നികുതി ബാധ്യത

ബാങ്ക് നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന ആദായം നിങ്ങളുടെ മൊത്തംവരുമാനത്തോടൊപ്പം ചേര്‍ത്ത് ആദായനികുതി നല്‍കാന്‍ ബാധ്യതയുണ്ട്. ലഭിക്കുന്ന പശിയില്‍നിന്ന് 10 ശതമാനം ഡിടിഎസ് കിഴിച്ചുള്ള തുകയാണ് നിങ്ങള്‍ക്ക് ബാങ്ക് നല്‍കുക. 

നിങ്ങളുടെ നികുതി സ്ലാബിനനുസരിച്ച് ബാക്കിയുള്ള തുകകൂടി നല്‍കേണ്ടിവരും. 30 ശതമാനം നികുതി സ്ലാബിലാണ് നിങ്ങള്‍വരുന്നതെങ്കില്‍ കാര്യമായ ആദായമൊന്നും ബാങ്ക് നിക്ഷേപത്തില്‍നിന്ന് പ്രതീക്ഷിക്കേണ്ട. 

മൂന്നുവര്‍ഷത്തില്‍താഴെമാത്രം(36 മാസം)കൈവശംവെച്ച് പണം പിന്‍വലിക്കുകയാണെങ്കില്‍ ഫണ്ട് നിക്ഷേപത്തിലും നികുതി ബാധ്യത ഇതുപോലെതന്നെയാണ്. ടിഡിഎസ് ബാധകമല്ലെന്നുമാത്രം. 

എന്നാല്‍ 36 മാസത്തിനുശേഷമാണ് ഫണ്ടിലെ നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിക്ക് ഇന്‍ക്‌സേഷന്‍ ബെനഫിറ്റ് ലഭിക്കും. അതായത് പണപ്പെരുപ്പ നിരക്കുകള്‍ കിഴിച്ചുള്ളതുകയ്ക്ക് നികുതി നല്‍കിയാല്‍ മിതയാകും. 

  • പണലഭ്യത

ഫണ്ടിലെ നിക്ഷേപം ഇന്ന് പിന്‍വലിച്ചാല്‍ അക്കൗണ്ടില്‍ നാളെ പണമെത്തും. പരമാവധി രണ്ടുദിവസമാണ് വേണ്ടിവരിക. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുകയുമാകാം. നിശ്ചിതകാലം കൈവശംവെച്ചിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല(ദീര്‍ഘകാലാവധിയുള്ള ഡെറ്റ് ഫണ്ടുകള്‍ക്ക് ഒരുവര്‍ഷംവരെ എക്‌സിറ്റ് ലോഡ് ബാധകമാണ്). 

എഫ്ഡിയും എപ്പോള്‍ വേണമെങ്കിലും ബാങ്കിലെത്തി തിരിച്ചെടുക്കാം. നിശ്ചിത കാലാവധിക്കുമുമ്പാണ് പണം പിന്‍വലിക്കുന്നതെങ്കില്‍ പിഴപ്പലിശ ബാധകമാണ്. 

  • ആദായം

ബാങ്ക് നിക്ഷേപത്തേക്കാള്‍ നേട്ടം സാധാരണയായി ഡെറ്റ് ഫണ്ടുകളില്‍നിന്ന് ലഭിക്കും. പലിശ നിരക്ക് താഴുന്നതിനനുസരിച്ച് ഡെറ്റ് ഫണ്ടില്‍നിന്നുള്ള ആദായം കൂടും. ആദായ നികുതിയില്‍ ഇളവുള്ളതിനാല്‍ ഈയിനത്തിലും നേട്ടമുണ്ടാക്കാം. 

കാലയളവിലും നിക്ഷേപ സ്വഭാവത്തിലും റിസ്‌കിലും വ്യത്യാസമുള്ള നിരവധി ഡെറ്റ് ഫണ്ടുകള്‍ വിപണിയിലുണ്ട്. അവ കണക്കിലെടുത്തൂവേണം ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താന്‍.  

antony@mpp.co.in

Which is better,  bank investment or a debt fund?