
ആദായ നികുതി ഇളവ് നേടാനുള്ള നിക്ഷേപ പദ്ധതികള്‍ക്കായുള്ള അന്വേഷണമാണ് അഖിലിനെ ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ടുകളിലേയ്‌ക്കെത്തിച്ചത്. പി.പി.എഫില്‍ നിക്ഷേപമുണ്ടെങ്കിലും 75,000 രൂപയ്ക്കുള്ള നിക്ഷേപം കൂടി അദ്ദേഹത്തിന് കണ്ടെത്തേണ്ടതുണ്ടായിരുന്നു.
മാര്‍ച്ച് 31ന് മുമ്പ് നിക്ഷേപം നടത്തിയാലാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി ആനുകൂല്യം നേടാന്‍ കഴിയുക. വിപണി അധിഷ്ഠിത പദ്ധതികളില്‍ ഇതുവരെ നിക്ഷേപിച്ചിട്ടില്ലാത്തതിനാല്‍, ബാക്കിയുള്ള തുക ടാക്‌സ് സേവിങ് ഫണ്ടില്‍തന്നെ വകയിരുത്താന്‍ അഖില്‍ തീരുമാനിച്ചു. നികുതിയിളവ് നേടുന്നതിനോടൊപ്പം ഇരട്ടയക്ക ആദായം നേടാനുള്ള സാധ്യതയും പ്രയോജനപ്പെടുത്താമല്ലോ.
ഈ വിഭാഗത്തിലെ ഉയര്‍ന്ന ആദായം നല്‍കിയ ഫണ്ടില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ 10,000 രൂപവീതം മാസംതോറും നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 13,59,436 രൂപയാകുമായിരുന്നു. വാര്‍ഷിക റിട്ടേണ്‍ ആകട്ടെ 34.4 ശതമാനവും.
ഇ.എല്‍.എസ്.എസ്
ഓഹരികളില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം. ടാക്‌സ് സേവിങ് ഫണ്ട് എന്നും അറിയപ്പെടുന്നു. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതി ആനുകൂല്യം ലഭിക്കുക. പഴയ നികുതി വ്യവസ്ഥ പിന്തുടരുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിര്‍ബന്ധിത നിക്ഷേപ കാലയളവ് ഏറ്റവും കുറഞ്ഞ പദ്ധതിയാണിതെന്ന പ്രത്യേകതയുമുണ്ട്.
പ്രവര്‍ത്തന രീതി
ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുടെതിന് സമാനമാണ് ടാക്‌സ് സേവിങ് ഫണ്ടുകളുടെയും നിക്ഷേപരീതി. വന്‍കിട-ഇടത്തരം-ചെറുകിട ഓഹരികളില്‍ നിശ്ചിത ശതമാനമെന്ന മാനദണ്ഡമില്ലാതെ നിക്ഷേപം നടത്താന്‍ ഇ.എല്‍.എസ്.എസ് ഫണ്ടുകള്‍ക്ക് കഴിയും. ഫള്ക്‌സി ക്യാപ് ഫണ്ടുകളുടെ നിക്ഷേപരീതിയും ഇതുപോലെതന്നെയാണ്. ഒറ്റത്തവണയായോ എസ്‌ഐപിയായോ നിക്ഷേപം നടത്താം. 500 രൂപയാണ് കുറഞ്ഞ നിക്ഷേപം.
സവിശേഷത
കുറഞ്ഞ നിര്‍ബന്ധിത നിക്ഷേപ കാലയള(ലോക്ക് ഇന്‍ പിരിഡ്)വാണ് ടാക്‌സ് സേവിങ് ഫണ്ടുകളുടെ പ്രത്യേകത. ടാക്‌സ് സേവിങ് ബാങ്ക് എഫ്ഡി, നാഷണല്‍ സേവിങ്‌സ് സ്‌കീം പോലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് അഞ്ചു വര്‍ഷമാണ് കാലയളവ്. പി.പി.എഫിനാകട്ടെ 15 വര്‍ഷവും. വിപണി അധിഷ്ഠിതമായതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത ഇ.എല്‍.എസ്.എസിനുണ്ട്.
നികുതി ബാധ്യത
ടാക്‌സ് സേവിങ് ഫണ്ടിലെ മൂലധന നേട്ടത്തിന് ഓഹരി അധിഷ്ഠിത പദ്ധതികള്‍ക്കുളള നികുതിതന്നെയാണ് ബാധകം. സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതിയില്ല. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനം നികുതി നല്‍കണം.
ലക്ഷ്യങ്ങളോട് ചേര്‍ക്കാം
നിക്ഷേപ കാലയളവ് പിന്നിട്ടാല്‍ നിക്ഷേപം തിരിച്ചെടുക്കണമെന്ന് നിര്‍ബന്ധമില്ല. അഞ്ചോ ഏഴോ വര്‍ഷം നിക്ഷേപം നിലനിര്‍ത്താനായാല്‍ മികച്ച നേട്ടം പദ്ധതിയില്‍നിന്ന് പ്രതീക്ഷിക്കാം. സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നിക്ഷേപം നടത്തുന്നതാകും ഉചിതം. ഇക്വിറ്റി ഫണ്ടുകളില്‍ പൊതുവായി പറയുന്നതുപോലെ 12 ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം.
ഇ.എല്‍.എല്‍.എസ് കാറ്റഗറിയിലെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഉയര്‍ന്ന എസ്.ഐ.പി ആദായം 26.52 ശതമാനമാണ്. ഈ ഫണ്ട് അഞ്ചുവര്‍ഷക്കാലയളവില്‍ 33.4 ശതമാനവും ഏഴുവര്‍ഷക്കാലയളവില്‍ 28.56 ശതമാനവും റിട്ടേണ്‍ നല്‍കിയതായി കാണുന്നു. വിപണി അധിഷ്ഠിത പദ്ധതിയായിതിനാല്‍ കഴിഞ്ഞ കാലത്തെ നേട്ടം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ലെന്നകാര്യം പ്രത്യേക ശ്രദ്ധിക്കുക. വിദഗ്ധ ഉപദേശത്തോടെ മാത്രം നിക്ഷേപം നടത്തുക.
antonycdavis@gmail.com
Content Highlights: Top performing tax saving funds
Published: 21 Dec 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented