വിരമിച്ച ശേഷം ലഭിച്ച ഗ്രാറ്റുവിറ്റി തുക മുഴുവൻ ഗണേഷ് സ്ഥിര നിക്ഷേപമായി ബാങ്കിൽ ഇട്ടു. പ്രതിമാസം ലഭിക്കുന്ന പലിശ കൊണ്ട് മരുന്നിനും മറ്റ് നിത്യചെലവുകൾക്കും വഴി കണ്ടെത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, ആദ്യത്തെ മാസത്തെ പലിശ അക്കൗണ്ടിൽ വന്നപ്പോൾ അദ്ദേഹം തലയിൽ കൈവെച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയൊരു തുക ബാങ്ക് 'ടിഡിഎസ്' (TDS) എന്ന പേരിൽ കുറച്ചിരിക്കുന്നു.

To advertise here,

പല നിക്ഷേപകരും പലിശ വരുമാനം മുഴുവനായും കൈയിൽ കിട്ടുമെന്ന് കരുതാറുണ്ട്. എന്നാൽ നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ഗണേഷിനെപ്പോലുള്ളവരുടെ സാമ്പത്തിക ആസൂത്രണത്തെ താളംതെറ്റിക്കും. ടിഡിഎസ് എന്നത് മുൻകൂർ ഈടാക്കുന്ന നികുതി മാത്രമല്ല, അത് നിങ്ങളുടെ പ്രതിമാസ പണലഭ്യതയെ (Cash Flow) നേരിട്ട് ബാധിക്കുന്ന ഘടകംകൂടിയാണ്. പെൻഷൻകാരനെ സംബന്ധിച്ച് 10 ശതമാനമോ 20 ശതമാനമോ കുറയുന്നത് അവരുടെ ജീവിതച്ചെലവിനെ ബാധിച്ചേക്കാം. ഈ തുക പിന്നീട് റീഫണ്ടായി ലഭിക്കുമെങ്കിലും, ഒരു വർഷത്തോളം ആ പണം സർക്കാരിന്റെ കൈവശം ഇരിക്കേണ്ടി വരുന്നത് നിക്ഷേപകന് നഷ്ടമാണ്.

ടിഡിഎസ് എന്നാൽ എന്താണെന്ന് നോക്കാം

ബാങ്കുകൾ പലിശ നൽകുന്നതിന് മുൻപായി നിശ്ചിത ശതമാനം നികുതി ഈടാക്കി സർക്കാരിലേക്ക് അടയ്ക്കുന്ന രീതിയാണ് ടിഡിഎസ് (Tax Deducted at Source). ആദായനികുതി നിയമം സെക്ഷൻ 194എ പ്രകാരമാണിത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം നികുതി പിരിവ് എളുപ്പമാക്കുക മാത്രമല്ല, നിക്ഷേപകർ വരുമാനം മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നീക്കം കൂടിയാണിത്.

നിക്ഷേപകനെ സംബന്ധിച്ച് ഇത് ഒരു സൗകര്യമാണെന്ന് തോന്നാമെങ്കിലും കൃത്യമായ ആസൂത്രണമില്ലെങ്കിൽ അനാവശ്യമായി പണം നികുതിയിനത്തിൽ പോകുന്ന സാഹചര്യം ഉണ്ടാകും. ടിഡിഎസ് എപ്പോൾ, എത്ര ശതമാനം ഈടാക്കുന്നു എന്ന് അറിയാം.

ടിഡിഎസ് നിരക്ക്

നിക്ഷേപകൻ ബാങ്കിൽ പാൻ (PAN) കാർഡ് വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് ടിഡിഎസ് നിരക്ക് തീരുമാനിക്കുന്നത്. ഒരു സാമ്പത്തിക വർഷം പലിശ വരുമാനം 50,000 രൂപ കടക്കുമ്പോഴാണ് ടിഡിഎസ് ബാധകമാകുന്നത്.

വിഭാഗം

ടി.ഡി.എസ് പരിധി (ഒരു വർഷം)

ടി.ഡി.എസ് നിരക്ക് (പാൻ ഉണ്ടെങ്കിൽ)

ടി.ഡി.എസ് നിരക്ക് (പാൻ ഇല്ലെങ്കിൽ)

60 വയസ്സിന് താഴെയുള്ളവർ

₹ 50,000

10%

20%

മുതിർന്ന പൗരന്മാർ (60+)

₹ 1,00,000

10%

20%

ശ്രദ്ധിക്കുക: പാൻ കാർഡ് നൽകാത്ത പക്ഷം നികുതി 20 ശതമാനമായി വർധിക്കുന്നത് നിക്ഷേപകനെ സംബന്ധിച്ച് വലിയൊരു നഷ്ടമാണ്. പലപ്പോഴും നിക്ഷേപകൻ യഥാർത്ഥത്തിൽ നൽകേണ്ട ടാക്‌സ് സ്ലാബിനേക്കാൾ ഉയർന്ന നിരക്കായിരിക്കും ഇത്. ഫലത്തിൽ, നിങ്ങളുടെ പണം റീഫണ്ട് കിട്ടുന്നത് വരെ സർക്കാരിന് നൽകുന്ന 'പലിശയില്ലാത്ത വായ്പ' ആയി ഇത് മാറുന്നു.

മുതിർന്നവർക്കുള്ള ഇളവുകൾ

60 വയസ്സിന് മുകളിലുള്ളവർക്ക് ആദായനികുതി നിയമപ്രകാരം ഇളവുകൾ ലഭ്യമാണ്. മുതിർന്ന പൗരന്മാർക്ക് ഒരു സാമ്പത്തിക വർഷം ലഭിക്കുന്ന പലിശ ഒരു ലക്ഷം രൂപ വരെ ടിഡിഎസ് പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

റിട്ടയർമെന്റ് ജീവിതത്തിൽ പലിശയെ മാത്രം ആശ്രയിക്കുന്നവർക്ക് ഈ ഒരു ലക്ഷം രൂപയുടെ പരിധി വലിയൊരു ആശ്വാസമാണ്. നികുതി പിടിക്കാതെ തന്നെ കൂടുതൽ പണം കൈവശം വെക്കാൻ സഹായിക്കുന്നു. എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കുക: ടിഡിഎസ് പിടിച്ചില്ല എന്നത് കൊണ്ട് വരുമാനം നികുതി രഹിതമാണെന്ന് അർത്ഥമില്ല. നിങ്ങളുടെ ആകെ വരുമാനം നികുതി സ്ലാബിന് മുകളിലാണെങ്കിൽ ഈ പലിശയ്ക്കും നികുതി നൽകേണ്ടി വരും.

ടിഡിഎസ് ഒഴിവാക്കാനുള്ള മാർഗങ്ങൾ

വാർഷിക വരുമാനം നികുതി നൽകേണ്ട പരിധിക്ക് താഴെയാണെങ്കിൽ (Taxable limit), പലിശയിൽ നിന്ന് ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാൻ ബാങ്കിൽ അപേക്ഷ നൽകാം.

  • ഫോം 15G: 60 വയസ്സിന് താഴെയുള്ളവർക്ക്.
  • ഫോം 15H: മുതിർന്ന പൗരന്മാർക്ക്.

ഫോം 121 (പുതിയ അപ്‌ഡേറ്റ്): 2026-ലെ പുതിയ നിയമ പ്രകാരം, 15G, 15H ഫോമുകൾക്ക് പകരമായോ അല്ലെങ്കിൽ അവ ഏകീകരിച്ചോ ഫോം 121 (Form 121) ആദായനികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപകർ ഏറ്റവും പുതിയ ഈ ഫോം ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടകാര്യങ്ങൾ:

  • ഈ ഫോമുകൾ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ബാങ്കിൽ സമർപ്പിക്കണം.
  • ആകെ വരുമാനം നികുതി പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സമർപ്പിക്കുക.
  • ഗണേഷ് കൃത്യസമയത്ത് ഫോം 15H അല്ലെങ്കിൽ പുതിയ ഫോം 121 സമർപ്പിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പലിശയിൽ നിന്ന് ബാങ്ക് പണം പിടിക്കില്ലായിരുന്നു.
  • സമർപ്പിക്കാൻ മറന്നുപോയാൽ, പിന്നീട് ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്ത് മാത്രമേ പണം തിരികെ ലഭിക്കൂ.

റിപ്പോർട്ടിംഗും നികുതി റിട്ടേണും

എഫ്ഡി പലിശ 'Income from Other Sources' (മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപായി ബാങ്ക് നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റ്, ഫോം 26എഎസ്. എഐഎസ് (Annual Information Statement), ടിഐഎസ് (Taxpayer Information Summary) എന്നിവയുമായി ഒത്തുനോക്കണം. ഇവയിലെ കണക്കുകൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്.

കാലാവധിക്ക് മുമ്പുള്ള പിൻവലിക്കൽ

  • അടിയന്തര ആവശ്യങ്ങൾക്കായി എഫ്ഡി കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ പലിശയിൽ കാര്യമായ കുറവുണ്ടാകും.
  • നിക്ഷേപം തുടങ്ങിയപ്പോൾ ലഭിക്കുമെന്ന് പറഞ്ഞ പലിശയല്ല ബാങ്ക് നൽകുക. പകരം, നിക്ഷേപം യഥാർത്ഥത്തിൽ ബാങ്കിൽ ഇട്ടിരുന്ന കാലയളവിനുള്ള പലിശ മാത്രമേ ലഭിക്കൂ (ഇത് സാധാരണയായി കുറവായിരിക്കും).
  • ആ കുറഞ്ഞ പലിശ നിരക്കിന്മേൽ ബാങ്ക് 0.5% മുതൽ 1% വരെ പിഴ ഈടാക്കുകയും ചെയ്യും. ഇത് മൊത്തം പലിശ വരുമാനത്തെയും അതുവഴി ടിഡിഎസ് കണക്കുകളെയും ബാധിക്കും. അതിനാൽ ഭാവിയിലെ പണത്തിന്റെ ആവശ്യം മുൻകൂട്ടി കണ്ട് മാത്രം നിക്ഷേപം ക്രമീകരിക്കുക.

എഫ്ഡി താരതമ്യേന സുരക്ഷിതമായ നിക്ഷേപ മാർഗമാണെങ്കിലും ടിഡിഎസ് വ്യവസ്ഥകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഗണേഷിന്റെ അനുഭവം ആവർത്തിക്കാതിരിക്കാൻ നിക്ഷേപകർ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക:

  • ബാങ്കിൽ പാൻ കാർഡ് വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  • മൊത്തം വരുമാനം നികുതി പരിധിക്ക് താഴെയാണെങ്കിൽ ഫോം 15G/15H അല്ലെങ്കിൽ പുതിയ ഫോം 121 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ നൽകുക.
  • റിട്ടേൺ ഫയൽ ചെയ്യുമ്പോൾ AIS, 26AS എന്നിവ കൃത്യമായി പരിശോധിച്ച് പലിശ വരുമാനം റിപ്പോർട്ട് ചെയ്യുക.

ഇതിലൂടെ അനാവശ്യ നികുതി ബാധ്യതകൾ ഒഴിവാക്കാനും നിങ്ങളുടെ അധ്വാനഫലം പൂർണമായി പ്രയോജനപ്പെടുത്താനും കഴിയും.