എട്ടു വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന ജയകുമാറിന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പ്രതിമാസം മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കാനായി നീക്കിവെയ്ക്കാനും കഴിയും. വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി 15 വര്‍ഷം കൊണ്ട് 15 കോടി സമാഹരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അതിന് യോജിച്ച നിക്ഷേപ പദ്ധതി നിര്‍ദേശിക്കാമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

To advertise here,

നിലവിലുള്ള 50 ലക്ഷം രൂപ സ്ഥിര നിക്ഷേപമായിതന്നെ  നിലനിര്‍ത്താം. മാസംതോറും മൂന്നു ലക്ഷം രൂപ എസ്‌ഐപിയായി വ്യത്യസ്ത കാറ്റഗറികളിലുള്ള ഫണ്ടുകളില്‍ വീതിച്ച് നിക്ഷേപിക്കാം. നിക്ഷേപ അനുപാതം ക്രമീകരിക്കാനായി റിസ്‌ക് എടുക്കാനുള്ള കഴിവ് പരിശോധിക്കേണ്ടതുണ്ട്. അതിന് അനുസൃതമായാണ് വ്യത്യസ്ത കാറ്റഗറികളിലെ ഫണ്ടുകളില്‍ എത്ര തുക വീതം നിക്ഷേപിക്കണമെന്ന് തീരുമാനിക്കാന്‍. 

നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പേ ഇക്കാര്യത്തില്‍ വ്യക്തത വേണം. അത് ചെയ്യാതിരുന്നാല്‍ പിന്നീട് നിക്ഷേപത്തില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടാകും. ഉദാഹരണത്തിന്, യാഥാസ്ഥിതിക നിക്ഷേപകനാണെങ്കില്‍ ലാര്‍ജ് ക്യാപ് ഫണ്ടുകളിലാണ് കൂടുതല്‍ തുക വകയിരുത്തേണ്ടത്. മിതമായ രീതിയില്‍ റിസ്‌ക് എടുക്കാന്‍ കഴിവുണ്ടെങ്കില്‍ ഫ്‌ളക്‌സി ക്യാപും പരിഗണിക്കാം. കൂടുതല്‍ റിസ്‌ക് എടുക്കാന്‍ കഴിവുള്ളവര്‍ക്കാകട്ടെ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളിലും നിക്ഷേപം ക്രമീകരിക്കാം. റിസ്‌കിന്റെ അടിസ്ഥാനത്തില്‍ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് ഓരോ ഫണ്ടുകളിലും എത്ര ശതമാനം നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത് വളരെ പ്രധാനമാണ്. 

ചുരുങ്ങിയത് 12ശതമാനം വാര്‍ഷിക ആദായം കണക്കാക്കിയാല്‍, പ്രതിമാസം മൂന്നു ലക്ഷം രൂപയുടെ 15 വര്‍ഷത്തെ നിക്ഷേപത്തില്‍നിന്ന് 15 കോടി രൂപ സമാഹരിക്കാന്‍ കഴിയും. 5.4 കോടി രൂപയാകും ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക. നേട്ടമായി 9.7 കോടി രൂപയും ലഭിക്കും. നിക്ഷേപത്തിന് 15ശതമാനം ആദായം ലഭിച്ചാല്‍ 20.3 കോടി രൂപയും ലഭിക്കും. നേട്ടമാകട്ടെ 15 കോടി രൂപയുമാണ്.