മ്പദ്‌വ്യവസ്ഥ 7.8 ശതമാനം എന്ന കരുത്തുറ്റ വളർച്ചാ നിരക്ക് കൈവരിച്ചിട്ടും ഓഹരി വിപണിയിൽ അനിശ്ചിതത്വം നിഴലിക്കുന്നത് എന്തുകൊണ്ടാണ്? സാമ്പത്തിക കണക്കുകൾ ആവേശമുണർത്തുമ്പോഴും നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്ന ഈ വൈരുദ്ധ്യം വിപണിയുടെ സങ്കീർണമായ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. വളർച്ചാ കണക്കുകളിൽ ഒതുക്കാതെ ആഗോള മാക്രോ ഇക്കണോമിക് ഘടകങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാം. സാമ്പത്തിക വളർച്ചയുടെ ശുഭസൂചനകൾക്കിടയിലും ആഗോള പലിശ നിരക്കുകളും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വിപണിയുടെ ഗതിനിർണയിക്കുന്ന ഘടകങ്ങളായി മാറിയിരിക്കുന്നു. കണക്കുകൾക്കപ്പുറം വിപണിയിലെ ഈ 'വാല്യൂവേഷൻ കംപ്രഷനും' (Valuation Compression) വരാനിരിക്കുന്ന വെല്ലുവിളികളും മനസ്സിലാക്കേണ്ടതുണ്ട്.

To advertise here,

ജിഡിപി വളർച്ചയും വിപണിയും

റിസർവ് ബാങ്ക് പ്രവചിച്ച ഏഴു ശതമാനത്തെക്കാൾ കൂടുതൽ (7.8 ശതമാനം) വളർച്ച ഒന്നാം പാദത്തിൽ നേടാനായി. 8.2 ശതമാനത്തിലെത്തിയ ഉത്പന്നങ്ങളുടെ മൊത്തം മൂല്യവർധനവും (GVA), പണപ്പെരുപ്പം ഉൾപ്പെടെയുള്ള 10.3 ശതമാനത്തിന്റെ നോമിനൽ ജിഡിപി (Nominal GDP) വളർച്ചയുമാണ് ശ്രദ്ധിക്കേണ്ടത്. വ്യാവസായിക ഉത്പാദന മേഖല 9.2 ശതമാനവും, ഐടി, ധനകാര്യം, റിയൽ എസ്റ്റേറ്റ് മേഖലകൾ 12 ശതമാനത്തിലധികവും വളർച്ച കൈവരിച്ചിട്ടുണ്ട്.

ഇത്രയേറെ അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും വിപണിയിൽ മന്ദഗതി പ്രകടമാണ്. സെൻസെക്‌സ് ഈ വർഷം ഇതുവരെ (YTD) 10.25 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3.66 ശതമാനം വീണ്ടെടുക്കൽ നടത്തിയിട്ടുണ്ട്. നിലവിൽ വിപണിയുടെ പി/ഇ (P/E) അനുപാതം 17.9 ആണ്, ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 10 ശതമാനം താഴെയാണ്. എന്നിരുന്നാലും, നിഫ്റ്റി കമ്പനികളുടെ ഇപിഎസ് (EPS) വളർച്ച 13 ശതമാനം മുതൽ 19 ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്നത് പ്രതീക്ഷ നൽകുന്നു.

ക്രൂഡ് ഓയിൽ സമ്മർദം

വിപണിയുടെ പ്രകടനം ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നത് ആശങ്കാജനകമാണ്. ഈ വിലവർധന ഒക്ടോബറിലെ പണനയ അവലോകന യോഗത്തിൽ അതുവരെ സ്വീകരിച്ച 'നിക്ഷ്പക്ഷ' നിലപാട് മാറ്റാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചേക്കാം.

കറന്റ് അക്കൗണ്ട് കമ്മി: എണ്ണവിലയിൽ ഉണ്ടാകുന്ന ഓരോ 10 ഡോളർ വർധനവും ജിഡിപിയുടെ 0.35 ശതമാനം എന്ന തോതിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടുന്നു.

പണപ്പെരുപ്പം: പണപ്പെരുപ്പത്തിൽ 0.2% മുതൽ 0.3% വരെ വർധനവുണ്ടാകുന്നു.

നയപരമായ മാറ്റം: ബ്രെന്റ് ക്രൂഡ് വില തുടർച്ചയായി മൂന്ന് മാസം ഉയർന്ന നിലവാരത്തിൽ തുടർന്നാൽ ഇന്ത്യയുടെ എല്ലാ സാമ്പത്തിക കണക്കുകൂട്ടലുകളെയും അട്ടിമറിക്കും.

കടപ്പത്ര ആദായം നിർണായകം

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത നിലനിൽക്കുന്നതും ബോണ്ട് യീൽഡ് ഉയരുന്നതും വിദേശ നിക്ഷേപകർ (FIIs) വളരുന്ന വിപണികളിൽ നിന്ന് പണം പിൻവലിക്കാൻ കാരണമാകുന്നു. അനിശ്ചിതത്വത്തിന്റെ സമയത്ത് സുരക്ഷിത നിക്ഷേപം തേടി മൂലധനം അമേരിക്കൻ വിപണിയിലേക്ക് മടങ്ങുന്നത് ഇന്ത്യൻ ഓഹരി വിപണിയിൽ സമ്മർദം ചെലുത്തുന്നുണ്ട്.

എങ്കിലും, രൂപയുടെ മൂല്യം വലിയ തകർച്ചയില്ലാതെ പിടിച്ചുനിൽക്കുന്നത് ശ്രദ്ധേയമാണ്. വിദേശ കറൻസി ഇതര പ്രവാസി നിക്ഷേപ (FCNR-B) അക്കൗണ്ടുകളിലേക്കുള്ള ഡോളർ ഒഴുക്കും റിസർവ് ബാങ്കിന്റെ കൃത്യസമയത്തുള്ള ഇടപെടലുമാണ് രൂപയെ ആഗോള പ്രതിസന്ധിയിലും ഒരു പരിധിവരെ സംരക്ഷിച്ചത്.

സെക്ടറുകളെ എപ്രകാരം ബാധിക്കും?

പ്രതിസന്ധി: പെയിന്റ്, ടയർ കമ്പനികൾക്ക് ക്രൂഡ് ഓയിൽ പ്രധാന അസംസ്‌കൃത വസ്തുവായതിനാൽ എണ്ണവില വർധന ഇവരുടെ ലാഭത്തെ ബാധിക്കും. വ്യോമയാന മേഖലയും എണ്ണ വിതരണ കമ്പനികളും വലിയ വെല്ലുവിളി നേരിടും.

നേട്ടം: എണ്ണ പര്യവേക്ഷണം നടത്തുന്ന കമ്പനികൾക്കും ക്രൂഡ് ഓയിൽ ഉത്പാദകർക്കും അനുകൂലമാണ്.

മിഡ്ക്യാപ്, സ്‌മോൾക്യാപ്: അവസരങ്ങളും മുന്നറിയിപ്പും

വിപണി മൊത്തത്തിൽ ചാഞ്ചാട്ടത്തിലാണെങ്കിലും ഗുണമേന്മയുള്ള മിഡ്ക്യാപ്, സ്‌മോൾക്യാപ് ഓഹരികൾ മികച്ച പ്രകടനം തുടരുന്നു. 2025-26 കാലയളവിലെ ഏകീകരണത്തിന് ശേഷമുള്ള വരുമാന വളർച്ച (Earnings Growth) ഇത്തരം ഓഹരികൾക്ക് കരുത്തേകുന്നുണ്ട്. അതേസമയം, ജാഗ്രതപുലർത്തുകയും വേണം. കഴിഞ്ഞ വെള്ളിയാഴ്ച സ്‌മോൾക്യാപ് സൂചികകൾ സർവകാല ഉയരത്തിലെത്തിയത് വിപണിയിലെ അമിതാവേശത്തെ സൂചിപ്പിക്കുന്നു. അതിനാൽ, വില താഴ്ന്നുനിൽക്കുന്ന സമയത്ത് മികച്ച അടിസ്ഥാനമുള്ള ഓഹരികൾ മാത്രം തിരഞ്ഞെടുക്കുന്ന 'ക്വാളിറ്റി ഫസ്റ്റ്' സമീപനമാണ് ഇപ്പോൾ വേണ്ടത്. ആഭ്യന്തര സാമ്പത്തിക വളർച്ചാ കണക്കുകളേക്കാൾ വരും നാളുകളിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലയുമായിരിക്കും വിപണിയുടെ ഗതി നിശ്ചയിക്കുക.