വ്യക്തിഗത ഇടപാടുകള്ക്ക് ബാധകമാകില്ല

മുംബൈ: 2,000 രൂപയിൽ കൂടുതൽ വരുന്ന യു.പി.ഐ. പണമിടപാടുകൾക്ക് വ്യാപാരി കമ്മിഷൻ (മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് - എം.ഡി.ആർ.) ഈടാക്കുന്നതിന് തീരുമാനമായി. ഇത്തരം ഇടപാടുകളിൽ 0.40 ശതമാനമാണ് എം.ഡി.ആർ. ആയി ഈടാക്കുകയെന്ന് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. അതായത് 100 രൂപയ്ക്ക് 40 പൈസ വീതം. ഒക്ടോബർ 15 മുതൽ ഇതു പ്രാബല്യത്തിലാകും.
റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം പോലുള്ള പ്രത്യേക വിഭാഗത്തിൽപ്പെട്ട വ്യാപാരികളിൽനിന്ന് 2,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് അഞ്ചു രൂപയായിരിക്കും എം.ഡി.ആർ. ഇനത്തിൽ ഈടാക്കുക. 2,000 രൂപയിൽ കൂടുതൽ വരുന്ന, വ്യാപാരികൾക്ക് വ്യക്തികൾ നൽകുന്ന ഇടപാടുകൾക്ക് 0.40 ശതമാനമാണ് എം.ഡി.ആർ. നിരക്ക്. ഇതിനു പരിധിയുണ്ട്. ഒറ്റ ഇടപാടിൽ പരമാവധി 300 രൂപവരെമാത്രമേ എം.ഡി.ആർ. ഈടാക്കാവൂ. അതായത്, 75,000 രൂപയിൽ കൂടുതലുള്ള വ്യാപാര ഇടപാടുകളിൽ എം.ഡി.ആർ. നിരക്ക് 300 രൂപയായിരിക്കും.
ഉപഭോക്താക്കളെ ബാധിക്കില്ല
എല്ലാ വ്യാപാര ഇടപാടുകളിലും ഇതു ബാധകമായിരിക്കില്ല. യു.പി.ഐ.യിലെ 95 ശതമാനം ഇടപാടുകളും ഇതിന്റെ പരിധിക്കുപുറത്തായിരിക്കുമെന്ന് എൻ.പി.സി.ഐ. വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് നിലവിലുള്ളതുപോലെത്തന്നെ സൗജന്യമായി യു.പി.ഐ. ഇടപാടുകൾ നടത്താം. വ്യക്തിഗത ഇടപാടുകളിലും വ്യക്തികൾ വ്യാപാരികൾക്കു നൽകുന്ന 2,000 രൂപ വരെയുള്ള ഇടപാടുകൾക്കും എം.ഡി.ആർ. ബാധകമല്ല. ചെറു വ്യാപാരികൾ പേഴ്‌സൺ ടു പേഴ്‌സൺ മർച്ചന്റ് എന്ന ഗണത്തിലാണ് വരിക. ഇവർക്കും എം.ഡി.ആർ. ബാധകമാകില്ല. മാസം ഒരു ലക്ഷം രൂപവരെ യു.പി.ഐ. ക്യു.ആർ. കോഡ് വഴി അക്കൗണ്ടിലേക്ക് സ്വീകരിക്കുന്ന ചെറുകിട കച്ചവടക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അസംഘടിത മേഖലയിൽ യു.പി.ഐ. സ്വീകാര്യത നിലനിർത്തുന്നതിനും വിപുലമാക്കുന്നതിനും ലക്ഷ്യമിട്ടാണിത്.
ചെറുകിടവ്യാപാരികൾക്കിടയിൽ യു.പി.ഐ. സംവിധാനം വ്യാപകമാക്കുന്നതിന് പ്രത്യേക ഫണ്ടിനും നിർദേശമുണ്ട്. ടിയർ 3, ചെറു വിപണികളിൽ യു.പി.ഐ. പേമെന്റ് സൗകര്യം വിപുലമാക്കുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കുക. ഇതുവഴി ചെറു വ്യാപാരികളുടെ സമൂഹത്തെ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിലെത്തിക്കുന്നത് പ്രോത്സാഹനം നൽകാനും ലക്ഷ്യമിടുന്നു.
| വിഭാഗം | എം.ഡി.ആർ. ബാധകമാണോ? |
|---|---|
| വ്യക്തിഗത ഇടപാടുകൾ (P2P) | ഇല്ല |
| 2,000 രൂപ വരെയുള്ള വ്യാപാര ഇടപാടുകൾ | ഇല്ല |
| ചെറുകിട വ്യാപാരികൾ (മാസം 1 ലക്ഷം വരെ സ്വീകരിക്കുന്നവർ) | ഇല്ല |
| 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾ | അതെ |
എം.ഡി.ആർ. നടപ്പാക്കുന്നതിനു മുന്നോടിയായി 2,000 രൂപയിൽ താഴെയുള്ള യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ബാധകമാകില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം തിങ്കളാഴ്ച വിജ്ഞാപനമിറക്കിയിരുന്നു. നാഷണൽ പേമെന്റ് കോർപ്പറേഷനു കീഴിലുള്ള യു.പി.ഐ. സർവീസസ് സ്റ്റിയറിങ് കമ്മിറ്റിയാണ് എം.ഡി.ആർ. ഈടാക്കുന്നതിൽ മാർഗനിർദേശങ്ങൾക്കു രൂപം നൽകിയിരിക്കുന്നത്. യു.പി.ഐ. പ്ലാറ്റ്‌ഫോം ചട്ടങ്ങളിൽ തീരുമാനമെടുക്കുന്ന അംഗീകൃതസമിതിയാണ് യു.പി.ഐ. സ്റ്റിയറിങ് കമ്മിറ്റി. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യബാങ്കുകൾ, സ്‌മോൾ ഫിനാൻസ് ബാങ്ക്, യു.പി.ഐ. ആപ്പുകൾ, വ്യവസായ സംഘടനകളായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ, പേമെന്റ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയടക്കം 22 അംഗങ്ങളാണ് ഇതിലുൾപ്പെടുന്നത്.
2019 അവസാനം വരെ യു.പി.ഐ. ഇടപാടുകൾക്ക് എം.ഡി.ആർ. ഈടാക്കിയിരുന്നു. പിന്നീടിതു പൂർണമായി ഒഴിവാക്കി. ഇതു തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരുന്നു. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾക്ക് നിലവിൽ എം.ഡി.ആർ. ഈടാക്കുന്നുണ്ട്. ഡെബിറ്റ് കാർഡിന് 0.80 ശതമാനംമുതൽ 0.90 ശതമാനംവരെയും ക്രെഡിറ്റ് കാർഡുകൾക്ക് 2.50 ശതമാനം വരെയുമാണ് എം.ഡി.ആർ. ഇനത്തിൽ ഈടാക്കുന്നത്. ഇതിനെക്കാൾ കുറഞ്ഞ നിരക്കാണ് ഇപ്പോൾ യു.പി.ഐ.ക്കായി നടപ്പാക്കുന്നത്.
താരതമ്യം: നിലവിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് ഈടാക്കുന്ന നിരക്കിനേക്കാൾ കുറഞ്ഞ നിരക്കാണ് യു.പി.ഐ.ക്കായി നിശ്ചയിച്ചിരിക്കുന്നത്:
- ഡെബിറ്റ് കാർഡ്: 0.80% - 0.90%
- ക്രെഡിറ്റ് കാർഡ്: 2.50% വരെ
- യു.പി.ഐ. (പുതിയ നിരക്ക്): 0.40%
Content Highlights: 0.40% MDR applies to merchant UPI transactions exceeding Rs 2,000 starting October 15., Individual peer-to-peer transactions and transactions under Rs 2,000 remain completely free for users., Small merchants receiving up to Rs 1 lakh monthly via QR code are exempt from MDR., Special categories like railways, insurance, and fuel have a flat Rs 5 MDR for transactions above Rs 2,000.
Published: 16 Sept 2026, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented