തൃശ്ശൂർ: സവാളവില വീണ്ടും കണ്ണുനനയ്ക്കുന്നു. കിലോ 28-30 രൂപയായിരുന്ന സവാളയ്ക്ക് കേരളത്തിൽ ഇപ്പോൾ 65-70 രൂപയാണ്. വലിപ്പം കൂടിയ സവാള കിട്ടാനുമില്ല. 55 മില്ലീമീറ്റർ ചുറ്റളവുള്ള ഉള്ളിക്കാണ് ഇവിടെ ഡിമാൻഡ്. വിപണിയിലെ ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ ഇടപെടൽ നടത്തുന്ന കേന്ദ്ര ഏജൻസിയായ നാഫെഡ് സംഭരിച്ചുവെച്ചിരിക്കുന്നതാകട്ടെ, 35 മില്ലി മീറ്ററോ അതിൽ താഴെയോ ഉള്ളതും. സവാള ഏറ്റവുമധികം ഉപയോഗിക്കുന്ന ഹോട്ടലുകാരും കാറ്ററിങ്ങുകാരും അത് എടുക്കാൻ മടിക്കുന്നു.

To advertise here,

രാജ്യത്ത് ഏറ്റവും കൂടുതൽ സവാള ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര ഇത്തവണ ഉത്പാദിപ്പിച്ചതിൽ അധികവും വലിപ്പംകുറഞ്ഞതാണ്. അത് സംഭരിക്കാൻ നാഫെഡ് മടിച്ചു. വിലയും കൂടുതലായിരുന്നു. സാധാരണ കിലോഗ്രാമിന് 10-12 രൂപയായിരുന്നെങ്കിൽ ഇത്തവണ 20-25 രൂപവരെ നൽകേണ്ടിവന്നു. അതിനാൽ ഇത്തവണ 40,000 ടൺ സവാളയേ നാഫെഡ് സംഭരിച്ചുള്ളു.

വിപണി ഇടപെടൽ നടത്തുന്ന മറ്റൊരു കേന്ദ്ര ഏജൻസിയായ നാഷണൽ കോ-ഓപ്പറേറ്റിവ് കൺസ്യൂമർ ഫെഡറേഷനും (എൻ.സി.സി.എഫ്.) ഇത്രതന്നെയേ സംഭരിച്ചുള്ളു. വിലകൂടുതലും ഗുണംകുറവും തന്നെയായിരുന്നു കാരണം. സാധാരണ രണ്ടുലക്ഷം ടണ്ണോ അതിൽ കൂടുതലോ സംഭരിക്കുന്നതാണ് രണ്ട് ഏജൻസികളും. അതായത്, വില ഇനിയും കൂടിയാലും രണ്ട് ഏജൻസികൾക്കും ഇടപെടാൻ പരിമിതിയുണ്ടാകും.

വില ഉയരുമ്പോൾ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് നാഫെഡ് കേരളത്തിൽ സവാള എത്തിക്കാറുണ്ട്. ഇത്തവണ 30 ടണ്ണിന്റെ ഒരു ലോഡ് മാത്രമേ എത്തിച്ചുള്ളു. അത് ഇസാഫ് ബാങ്കിന്റെ സബ്സിഡിയറിയായ സെഡാർ സൂപ്പർ മാർക്കറ്റുകാർ ബുക്ക് ചെയ്തപ്രകാരമാണ്. കിലോഗ്രാമിന് 35 രൂപ നിരക്കിൽ ഒരാൾക്ക് പരമാവധി രണ്ടുകിലോഗ്രാമേ നൽകാവൂ എന്ന വ്യവസ്ഥയിലാണ് ഇവർക്ക് നൽകിയിരിക്കുന്നത്. തൃശ്ശൂരിലും പരിസരത്തുമുള്ള പത്ത് സൂപ്പർമാർക്കറ്റുകൾ വഴി ഇവർ ഇത് വിൽപ്പന തുടങ്ങിയിട്ടുണ്ട്.

100 ടൺ സവാള എത്തിക്കും; കിലോ 35 രൂപ -മന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാനത്ത് 100 ടൺ സവാള സർക്കാർ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ ലഭ്യമാക്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

എൻ.സി.സി.എഫ്. വഴിയാണ് സവാള സംഭരിക്കുന്നത്. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി. സവാള മൊത്തവ്യാപാര വില 58 മുതൽ 80 വരെ ഉയർന്ന സാഹചര്യത്തിൽ മന്ത്രിമാരായ ടി. സിദ്ദിഖിന്റെയും അനൂപ് ജേക്കബിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.