എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത ജാമ്യത്തിൽ വായ്പയെടുത്തവർ 4,262 കോടി രൂപയുടെ ബാധ്യത തീർക്കാൻ തയ്യാറായതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആകെ നൽകിയ 4,808 കോടി രൂപയിൽ 3,803 കോടി രൂപ ഇതിനകം തിരിച്ചടച്ചതായും ഓഫീസ് വ്യക്തമാക്കുന്നു.
22,006 കോടി രൂപയുടെ വായ്പക്കുടിശ്ശിക തീർക്കാൻ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്ന ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ (എൻ.സി.എൽ.ടി.) ഉത്തരവ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
വിവിധ വായ്പക്കാർക്കായി 22,000 കോടി രൂപയുടെ വ്യക്തിഗത ജാമ്യങ്ങളിലാണ് സുഭാഷ് ചന്ദ്ര ഒപ്പിട്ടിരിക്കുന്നത്. ഒരു സ്ഥാപനത്തിൽനിന്നും നേരിട്ട് വായ്പയെടുത്തിട്ടില്ലെന്നും വ്യക്തിഗത ജാമ്യക്കാരൻ മാത്രമാണ് താനെന്നുമാണ് സുഭാഷ് ചന്ദ്രയുടെ നിലപാട്.
വിദേശ ഫണ്ടുകൾ, ആഭ്യന്തര വായ്പക്കാർ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽനിന്നുള്ള ബാധ്യതകൾ തീർപ്പാക്കിവരികയാണെന്നും ഇതിനായി മതിയായ ആസ്തികളുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
| സ്ഥാപനം | കുടിശ്ശിക (കോടിയിൽ) | സുഭാഷ് ചന്ദ്രയുടെ ഓഫീസിന്റെ വിശദീകരണം |
|---|---|---|
| LIC ഹൗസിംഗ് | 1,322 | സെറ്റിൽമെന്റിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്; ഭാഗിക ഗ്യാരണ്ടി ലഭ്യമാണ്. |
| HDFC ബാങ്ക് | 775 | വ്യക്തിഗത ഗ്യാരണ്ടി ഇല്ലാത്ത അവകാശവാദങ്ങളാണെന്ന് പ്രസ്താവനയിൽ പറയുന്നു. |
| ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ | 729 | ഗ്യാരണ്ടി വിൽക്കാൻ വായ്പയെടുത്തയാൾ തയ്യാറായെങ്കിലും ബാങ്ക് തയ്യാറായില്ല; ഓഹരി വില കുറഞ്ഞത് ബാങ്കിന്റെ റിസ്കാണ്. |
| എഡൽവെയ്‌സ് | 565 | 500 കോടിയിലധികം ഗ്യാരണ്ടി ലഭ്യമായിരുന്നു; കേസ് DRT-യുടെ പരിഗണനയിലാണ്. |
| കാനറ ബാങ്ക് | 348 | യുഎസിലെ ആസ്തികൾക്ക് മേലുള്ള വായ്പയാണിത്. |
| ഇൻഡസ് ഇൻഡ് ബാങ്ക് | 240 | മതിയായ സുരക്ഷയുണ്ടായിട്ടും പണമാക്കി മാറ്റിയില്ല. |
| യൂണിയൻ ബാങ്ക് | 164 | ആവശ്യമായ ഗ്യാരണ്ടി ലഭ്യമാണ്. |
| RBL ബാങ്ക് | 119 | വലിയ വായ്പക്കാർക്കൊപ്പം സെറ്റിൽമെന്റ് വാഗ്ദാനം ചെയ്തെങ്കിലും ബാങ്ക് നിരസിച്ചു. |
ധനകാര്യ സ്ഥാപനങ്ങൾ സെക്യൂരിറ്റികൾ കൃത്യസമയത്ത് പണമാക്കി മാറ്റാത്തതാണ് വായ്പാ തുക തിരിച്ചുപിടിക്കുന്നതിന് തിരിച്ചടിയായതെന്ന് എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ ഓഫീസ് ആരോപിച്ചു. ഫ്രാങ്ക്‌ലിൻ ടെമ്പിൾട്ടൺ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ചില ബാങ്കുകളും മ്യൂച്വൽ ഫണ്ടുകളും ഉയർന്ന ലാഭം പ്രതീക്ഷിച്ച് സമയത്തിന് സെക്യൂരിറ്റികൾ വിറ്റഴിക്കാതെ കാത്തിരിക്കുകയായിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ സ്വന്തം വീഴ്ചമൂലമാണ് ആസ്തികളുടെ മൂല്യം കുറഞ്ഞതെന്നും അതിന്റെ ഉത്തരവാദിത്തം അവർക്ക് മാത്രമാണെന്നുമാണ് സുഭാഷ് ചന്ദ്രയുടെ നിലപാട്.
Content Highlights: Borrowers committed to repaying Rs 4,262 crore under Subhash Chandra's personal guarantee., Out of Rs 4,808 total, Rs 3,803 crore has already been repaid., Controversy surrounded the NCLT order regarding the Rs 22,006 crore loan dues., Financial institutions delayed liquidating securities, causing asset value reduction.
Published: 31 Aug 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented