മുംബൈ: ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ ആഘോഷവേദി റിലയൻസ് കുടുംബത്തിന്റെ പല തലമുറകളുടെ സംഗമവേദികൂടിയായി. മുകേഷ് അംബാനിയുടെ മാതാവ് കോകില ബെൻ മുതൽ ആകാശിന്റെയും ഇഷയുടെയും കുട്ടികൾവരെ വേദിയിൽ അണിനിരന്നു. ഐ.പി. ഒ. പ്രഖ്യാപനവേദിയിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും എത്തിയിരുന്നില്ല. എന്നാൽ എൻ.എസ്.ഇയിൽ നടന്ന ലിസ്റ്റിങ് ചടങ്ങുകൾക്ക് മുന്നിൽനിന്നു. ഒട്ടേറെ വികാരഭരിതമായ നിമിഷങ്ങൾക്കും വേദി സാക്ഷിയായി.

To advertise here,

ജിയോ പ്ലാറ്റ്ഫോംസ് ലിസ്റ്റിങ് ചടങ്ങിൽ സംസാരിക്കുന്നതിനായി ഇളയ മകൻ അനന്ത് അംബാനിയും മകൾ ഇഷ അംബാനിയും വേദിയിലെത്തിയപ്പോൾ സദസ്സിലിരുന്ന, മുകേഷ് അംബാനിയുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ഠമിടറി. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ഇഷ അംബാനി കുടുംബത്തിലെ സ്വകാര്യ സംഭാഷണങ്ങൾ ഓർത്തെടുത്തതാണ് മുകേഷിനെ വികാരഭരിതനാക്കിയത്.

ഏതാനും ദിവസംമുൻപ് അത്താഴത്തിനിടെ മുകേഷ് അംബാനി, 1977 -ൽ റിലയൻസ് ആദ്യമായി ഐ.പി. ഒ. നടത്തിയത് ഓർത്തെടുത്തിരുന്നു. മുകേഷ് അംബാനിക്ക് അന്ന് 20 വയസ്സായിരുന്നു. മുത്തച്ഛൻ ധീരുഭായ് അംബാനി റിലയൻസിനെ ആളുകൾക്കിടയിലേക്കെത്തിക്കുകയായിരുന്നു. ‘എന്റെ അച്ഛൻ, മുകേഷ് അംബാനി മറ്റുള്ളവർ കാണാത്ത ഭാവി മുന്നിൽകണ്ട് മുന്നേറി. മറ്റുള്ളവർ അസാധ്യമെന്നു വിളിച്ചത് ധൈര്യത്തോടെ പണിതുയർത്തി, അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ ദശലക്ഷക്കണക്കിനാളുകൾ പുതിയ സാധ്യതകളും ലക്ഷ്യങ്ങളും കണ്ടെത്തുന്നു. ഇഷ ഇതു പറഞ്ഞതോടെ മുകേഷിന്റെ കണ്ണുകൾ നിറയുകയായിരുന്നു. ഇഷ ദീദിയും ആകാശ് ഭായിയും ഞാനും നിങ്ങളുടെ മുന്നിൽ മൂന്നു ശരീരങ്ങളായാണ് നിൽക്കുന്നതെങ്കിലും ഒറ്റ മനസ്സാണ് ഞങ്ങൾക്കുള്ളതെന്ന് ഇളയ മകൻ അനന്ത് അംബാനി പറഞ്ഞപ്പോഴും മുകേഷിന്റെ കണ്ണുകൾ തുളുമ്പി. ആകാശ് അംബാനി, ഭാര്യ ശ്ലോക, മക്കളായ പൃഥ്വി, വേദ, ഇഷ അംബാനി, ഭർത്താവ് ആനന്ദ് പിരാമൾ, മക്കളായ കൃഷ്ണ പിരാമൾ, ആദ്യ പിരാമൾ, അനന്ത് അംബാനി, ഭാര്യ രാധിക എന്നിവർ വേദിയിലെത്തിയിരുന്നു.