ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ പത്ത് വര്‍ഷത്തിനിടെയുണ്ടായ വര്‍ധന മൂന്നിരട്ടി. 905.6 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തിയെന്ന് യുബിഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യുഎസിനും ചൈനക്കും പിന്നില്‍.
2023ലെ 637.1 ബില്യണ്‍ ഡോളറില്‍നിന്നാണ് 42 ശതമാനം വര്‍ധനവുണ്ടായത്. ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും യുബിഎസിന്റെ ബില്യണയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുടുംബ ബിസിനസുകളുടെ മുന്നേറ്റവും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി. 123 ശതമാനമാണ് വര്‍ധന. ഫാര്‍മ, എഡ്യുടെക്, ഫിന്‍ടെക് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളാണ് ഇതിന് പിന്നിലെന്നാണ് യുബിഎസിന്റെ റിപ്പോര്‍ട്ട്.
ലോകത്തൊട്ടാകെയുള്ള ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ ഒരു വര്‍ഷത്തിനിടെ 17 ശതമാനമാണ് വര്‍ധനവുണ്ടായത്. എണ്ണമാകട്ടെ 2,544ല്‍നിന്ന് 2,682ലെത്തുകയും ചെയ്തു. ആസ്തി 12 ലക്ഷം കോടി ഡോളറില്‍നിന്ന് 14 ലക്ഷം കോടി ഡോളറായി.
യുഎസിലെ ശതകോടീശ്വരന്മാരുടെ എണ്ണം 751ല്‍നിന്ന് 835 ആയി ഉയര്‍ന്നു. അവരുടെ മൊത്തം ആസ്തി 4.06 ലക്ഷം കോടി ഡോളറില്‍നിന്ന് 5.8 ലക്ഷം കോടി ഡോളറായി. ചൈനയിലാകട്ടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ശതകോടീശ്വരന്മാരുടെ എണ്ണം 520 ല്‍നിന്ന് 427 ആയി. സമ്പത്താകട്ടെ 1.8 ലക്ഷം കോടി ഡോളറില്‍നിന്ന് 1.4 ലക്ഷം കോടി ഡോളറായി കുറയുകുയം ചെയ്തു. 2021ല്‍ യുബിഎസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൈനയില്‍ 626 ശതകോടീശ്വരന്മാരുണ്ടായിരുന്നു.
റിലയല്‍ എസ്റ്റേറ്റ് വിപണികളിലെ നഷ്ടവും ചില സമ്പന്നരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് ആസ്തിയില്‍ കുറവുണ്ടാക്കിയതെന്ന് യുബിഎസ് വെല്‍ത്ത് മാനേജുമെന്റിലെ സ്ട്രാറ്റജിക് ക്ലയന്റ്സ് മേധാവി ബെഞ്ചമിന്‍ കവല്ലി പറയുന്നു.
പടിഞ്ഞാറന്‍ യൂറോപ്പില്‍ ബ്രിട്ടനെ മറികടന്ന് സ്വിറ്റ്സര്‍ലാന്‍ഡ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രണ്ടാമത്തെ രാജ്യമായി. 10ല്‍നിന്ന് 85 ആയാണ് കൂടിയത്. ഫ്രാന്‍സില്‍ 12 പേര് വര്‍ധിച്ച് 46 ആയി. ഇറ്റലിയിലാകട്ടെ ആറ് പേര് കൂടി 62ഉം സ്പെയിനില്‍ മൂന്നു പേര് കൂടി 27 ആയും ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: India`s billionaire wealth tripled in a decade, reaching $905.6B,making it the 3rd largest globally.
Published: 07 Dec 2024, 10:36 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented