പുതിയ തൊഴിൽ നിയമം നടപ്പാക്കിയാൽ ബാധ്യത കൂടുമെന്ന് കമ്പനികൾ. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) എന്നിവയ്ക്കായി കൂടുതൽ തുക നീക്കിവെക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗ്രാൻഡ് തോൺടൺ ഭാരത് സർവേയിലാണ് കമ്പനികൾ ഇത്തരത്തിൽ പ്രതികരിച്ചത്.

To advertise here,

സർവേയിൽ പങ്കെടുത്ത പകുതിയോളം കമ്പനികളും ചെലവിൽ അഞ്ച് ശതമാനംവരെ വർധന പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, 12 ശതമാനത്തിലേറെ കമ്പനികൾ വർധന അഞ്ച് ശതമാനത്തിൽ കൂടുതലാകുമെന്നാണ് കണക്കാക്കുന്നത്.

പ്രതികരിച്ച കമ്പനികളിൽ 50.6 ശതമാനവും ലേബർ കോഡ് നടപ്പാക്കാൻ സജ്ജമാണെന്ന് പറഞ്ഞു. അതേസമയം, 54.3 ശതമാനം കമ്പനികൾ ബാധ്യത വിലയിരുത്തിയശേഷം മാത്രമാകും തീരുമാനമെടുക്കുക.

കോഡ് നടപ്പാക്കി ഒരു വർഷത്തിനുശേഷം നടത്തിയ സർവേ പ്രകാരം, കോഡ് നടപ്പാക്കുന്നത് വേഗത്തിലായിട്ടുണ്ട്. ബാധ്യത കണക്കാക്കൽ, നഷ്ടപരിഹാര അവലോകനം എന്നിവയുമായി കമ്പനികൾ മുന്നോട്ടുപോകുകയാണ്. നയങ്ങൾ, സംവിധാനങ്ങൾ, തൊഴിൽരീതികൾ എന്നിവയിലുടനീളം മാറ്റങ്ങൾ സ്ഥിരമായി ഉൾപ്പെടുത്തുന്നതിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സർവേ പറയുന്നു. നൂറു മുതൽ ആയിരത്തിലധികംവരെ ജീവനക്കാരുള്ള കമ്പനികളാണ് സർവേയിൽ പങ്കെടുത്തത്.