Photo: Gettyimages
ആൽബർട്ട് ഐൻസ്റ്റീൽ ശാസ്ത്രജ്ഞൻമാത്രമായിരുന്നില്ല, ദീർഘവീക്ഷണമുള്ള സാമ്പത്തികവിദഗ്ധൻകൂടിയായിരുന്നു. അതിന് ഉദാഹരണമാണ് 'ലോകത്തിലെ എട്ടമാത്തെ അത്ഭുതമാണ് കൂട്ടുപലിശ' യെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം. ഇക്കാര്യം മനസിലാക്കുന്നവർ നേട്ടമുണ്ടാക്കുന്നു, അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിയുംവരുന്നു!
ഐൻസ്റ്റീന് പിന്നാലെ വന്നവരിൽ പലരും 'ലോകത്ത എട്ടാമത്ത അത്ഭുതം' ദർശിച്ചവരാണ്. അവരിൽ പ്രമുഖനാണ് ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റ്. ആത്മകഥയ്ക്കുപോലും അദ്ദേഹം പേര് നൽകിയത് കൂട്ടുപലിശയുടെ അത്ഭുതത്തോടുചേർത്തുവെച്ചാണ്. സ്‌നോബോൾ ഇഫക്ട്-എന്ന ശൈലിയെകടമെടുത്ത് 'ദി സ്‌നോബോൾ' എന്നാണ് അദ്ദേഹം പേരുനൽകിയത്. പലിശയ്ക്കുമേൽ പലിശ കുമിഞ്ഞുകൂടുന്നതിന്റെ മാന്ത്രികത നേരിട്ട് മനസിലാക്കിയ ഒരാളാണ് ബഫറ്റ്.

കൗമാരത്തിൽ പണംകൂട്ടിവെയ്ക്കാൻ പഠിച്ച അദ്ദേഹം 92വയസ്സിലെത്തിനിൽക്കുമ്പോഴും നിക്ഷേപിക്കുന്നതിന്റെകാര്യത്തിൽ ആരെക്കേളുംമുന്നിലാണ്. സമ്പാദ്യത്തെ മികച്ചരീതിയിൽ വളരാൻ അനുവദിച്ചതുകൊണ്ടാണ് ലോക കോടീശ്വരപട്ടികയിൽ ബഫറ്റ് മുൻനിരയിലെത്തിയത്.
ആൽബർട്ട് ഐൻസ്റ്റീനോ, വാറൻ ബഫറ്റോ ആകാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. ഭാവിയിൽ മികച്ച സമ്പാദ്യംകെട്ടിപ്പടുക്കാൻ ലക്ഷക്കണക്കിന് രൂപ ഇപ്പോൾ ആവശ്യമില്ലെന്ന പാഠമാണ് ഇവർനൽകുന്നത്. ചിട്ടയായി, ബുദ്ധിപൂർവം പ്രതിമാസം ചെറിയതുക നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും കോടീശ്വരനാകാം.
എത്രയുംനേരത്തെ
എത്രയുംനേരത്തെ തുടങ്ങാൻ കഴിയുന്നുവോ അത്രയും സമ്പാദ്യം സമാഹരിക്കാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് ബഫറ്റ്. പലിശക്കുമേലുള്ള പലിശയുടെ മാന്ത്രികത മനസിലാക്കാത്തതുകൊണ്ടാണ് പലരും ഭാവിയിലേയ്ക്കുവേണ്ടി കരുതിവെയ്ക്കാൻ വൈകുന്നത്. കൂട്ടുപലിശയുടെ ഈ മാന്ത്രികത മനസിലായില്ലെങ്കിൽ ഭാവിയിൽ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഐൻസ്റ്റീൻ പറഞ്ഞത് വെറുതെയല്ല.
കോവിഡ് വ്യാപനത്തെതുടർന്ന് റിസർവ് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയപ്പോൾ പലിശയ്ക്കുമേൽ പലിശ കൂടുമ്പോഴുണ്ടാകുന്ന വിപത്തിനെക്കുറിച്ച് വായ്പയെടുത്തവരും അല്ലാത്തവരും ബോധവാന്മാരായതാണ്. വായ്പയുടെകാര്യത്തിൽ, നഷ്ടത്തിന്മേൽ നഷ്ടമാണ് അതുണ്ടാക്കുന്നതെങ്കിൽ, നിക്ഷേപത്തിന്റെകാര്യത്തിൽ നേട്ടത്തിന്മേൽ നേട്ടമാണ് അതിന്റെ ഫലമെന്ന് അധികമാരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം.
കണക്കുകൾ തെളിയിക്കട്ടെ
ഒരു ലക്ഷംരൂപ 30വർഷത്തേയ്ക്ക് 10ശതമാനം വാർഷിക പലിശ നിരക്കിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ, ഓരോവർഷവും പലിശ തിരിച്ചെടുത്ത് ചെലവാക്കുകയാണെങ്കിൽ കൂട്ടുപലിശയുടെ നേട്ടംലഭിക്കില്ല. അതേസമയം, പലശ പിൻവലിക്കാതെ നിക്ഷേപതുകയോടൊപ്പം വളരാൻ അനുവദിച്ചാൽ നേട്ടം പതിന്മടങ്ങ് വർധിക്കും(പട്ടിക കാണുക).
Rs. 1 Lakh invested(10%) | |||||
Year | Simple Interest (10%) | Compound Interest (10%) | |||
1 | 1,10,000 | 1,10,000 | |||
2 | 1,20,000 | 1,21,000 | |||
3 | 1,30,000 | 1,33,100 | |||
4 | 1,40,000 | 1,46,410 | |||
5 | 1,50,000 | 1,61,051 | |||
20 | 3,00,000 | 6,72,749.99 | |||
25 | 3,50,000 | 10,83,470.59 | |||
30 | 4,00,000 | 17,44,940.23 | |||
രണ്ടുവ്യക്തികളുടെ നിക്ഷേപരീതി താരതമ്യംചെയ്യാം. 22-ാമത്തെ വയസ്സിലാണ് ജോണും ജോമിയും ജോലിചെയ്യാൻ തുടങ്ങിയത്. പ്രതിമാസം 500 രൂപവീതം 30വയസ്സുവരെ നിക്ഷേപിക്കാൻ ജോമി തീരുമാനിച്ചു. ജോണാകട്ടെ നിക്ഷേപിക്കാനൊന്നും മുതിർന്നില്ല, അതിന് ഇനിയും സമയമുണ്ടല്ലോയെന്ന് ചിന്തിച്ച് മുന്നോട്ടുപോയി.
52വയസ്സായപ്പോഴാണ് ഭാവിയിലേയ്ക്ക് കരുതിവെയ്‌ക്കേണ്ടതിന്റെ ആവശ്യകത ജോണിന് ബോധ്യമായത്. ജോമി 22 വയസ്സിലാണ് നിക്ഷേപം തുടങ്ങിയത്, ജോണാകട്ടെ 52-ാമത്തെ വയസ്സിലും. രണ്ടുപേരും പ്രതിമാസം 500 രൂപവീതം എട്ടുവർഷം നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇനി ഇവരുടെ സമ്പത്തിലേയ്ക്കുനോക്കാം.
8th Wonder of the World | |||||
Age* | Jomy | John | |||
23 | 6,098.40 | - | |||
24 | 12,379.75 | - | |||
25 | 18,849.54 | - | |||
26 | 25,513.43 | - | |||
27 | 32,377.23 | - | |||
28 | 39,446.95 | - | |||
29 | 46,728.75 | - | |||
30 | 54,229.02 | - | |||
31 | 55,855.89 | - | |||
32 | 57,531.56 | - | |||
33 | 59,257.51 | - | |||
34 | 61,035.24 | - | |||
35 | 62,866.29 | - | |||
36 | 64,752.28 | - | |||
37 | 66,694.85 | - | |||
38 | 68,695.70 | - | |||
39 | 70,756.57 | - | |||
40 | 72,879.26 | - | |||
41 | 75,065.64 | - | |||
42 | 77,317.61 | - | |||
43 | 79,637.14 | - | |||
44 | 82,026.25 | - | |||
45 | 84,487.04 | - | |||
46 | 87,021.65 | - | |||
47 | 89,632.30 | - | |||
48 | 92,321.27 | - | |||
49 | 95,090.91 | - | |||
50 | 97,943.64 | - | |||
51 | 100,881.94 | - | |||
52 | 103,908.40 | - | |||
53 | 107,025.66 | 6,098.40 | |||
54 | 110,236.43 | 12,379.75 | |||
55 | 113,543.52 | 18,849.54 | |||
56 | 116,949.82 | 25,513.43 | |||
57 | 120,458.32 | 32,377.23 | |||
58 | 124,072.07 | 39,446.95 | |||
59 | 127,794.23 | 46,728.75 | |||
60 | 131,628.06 | 54,229.02 | |||
*At End of Year |
നിക്ഷേപവും വിലക്കയറ്റവും
നിക്ഷേപത്തിന്റെകാര്യത്തിൽ വിലക്കയറ്റനിരക്ക് വളരെ പ്രധാനപ്പെട്ടതാണ്. പണപ്പെരുപ്പത്തേക്കാൾ ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചാൽമാത്രമെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നല്ലരീതിയിൽ പൂർത്തീകരിക്കാൻ കഴിയൂ. നിലവിലെ രാജ്യത്തെ ദീർഘകാല പണപ്പെരുപ്പം ശരാശരി ഏഴുശതമാനമാണ്. അതുകൊണ്ടുതന്നെ അതിൽകൂടുതൽ ആദായം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നെഗറ്റീവ് റിട്ടേണായിരിക്കും നിക്ഷേപത്തിൽനിന്ന് കണക്കുകൂട്ടാനാകുക. ഇതേക്കുറിച്ച് നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്.
അതുപ്രകാരം 10ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം യഥാർത്ഥത്തിൽ മൂന്നുശതമാനം മാത്രമാണെന്ന് മനസിലാക്കുക. ഇങ്ങനെ ലഭിക്കുന്ന മൂന്നുശതമാനം മൂലധനനേട്ടംമാത്രം കണക്കാക്കിയാണ് ജോമിയുടെയും ജോണിന്റെയും നിക്ഷേപവും അതിലെ നേട്ടവും കണക്കാക്കിയിട്ടുള്ളത്. അതായത് പണപ്പെരുപ്പം കഴിഞ്ഞുള്ള ആദായമാണ് ഇവിടെ വിലയിരുത്തിയിട്ടുള്ളതെന്നു ചുരുക്കം.
30വയസ്സുവരെ നിക്ഷേപം തുടർന്നശേഷം ആതുക നിലനിർത്തുകമാത്രമാണ് ജോമിചെയ്തത്. ജോണാകട്ടെ 52 വയസ്സുവരെ നിക്ഷേപമൊന്നുംനടത്തിയില്ല. അതിനുശേഷം ജോമിയെപോലെ 60വയസ്സുവരെ എട്ടുവർഷം 500 രൂപവീതം നിക്ഷേപിച്ചു. നേരത്തെ നിക്ഷേപം തുടങ്ങിയതിനാൽ കൂട്ടുപലിശയുടെ നേട്ടം പരമാവധി സ്വന്തമാക്കാൻ ജോമിക്കായി. അതായത് ജോണിനേക്കാൾ മൂന്നിരട്ടിയോളം ജോമിക്ക് സമ്പാദിക്കാനായി എന്നുചുരുക്കം.
സമ്പാദിക്കണോ-ചെലവുചെയ്യണോ?
ഉപഭോഗസംസ്‌ക്കാരം അത്രയധികം വേരോടിയ സമകാലികലോകത്ത് നിശ്ചയദാർഢ്യമുണ്ടെങ്കിലേ സമ്പാദ്യത്തിന്റെ വഴിതിരഞ്ഞേടുക്കാൻ കഴിയൂ. ഇപ്പോൾ വാങ്ങിക്കോളൂ, പണം പിന്നെതന്നാൽമതിയെന്നുപറഞ്ഞ് ലോകം നിങ്ങളെ പ്രലോഭിപ്പിക്കുമ്പോൾ അതിനെ മറികടക്കാൻ ആദ്യ അവബോധവും പിന്നെ നിശ്ചയദാർഢ്യവും മുന്നിൽ ലക്ഷ്യവുമുണ്ടായിരിക്കണം. ഐൻസ്റ്റീൻ പറഞ്ഞതുപോലെ സമ്പാദിക്കണോ-ചെലവുചെയ്യണോ-എന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് വ്യക്തികൾതന്നെയാണ്.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..