
മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പോര്‍ട്‌ഫോളിയോ മാനേജുമെന്റ് സേവനങ്ങള്‍(പിഎംഎസ്)ക്കുമിടയിലുളള പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ സെബി അവതരിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതലാണ് വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരിക.
സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് (എസ്‌ഐഎഫ്)എന്ന് പേരിട്ടിട്ടുള്ള പുതിയ പദ്ധതിയുടെ നിയന്ത്രണം പൂര്‍ണമായും സെബിക്കാണ്. മ്യൂച്വല്‍ ഫണ്ട് ഹൗസുകളാകും പദ്ധതി അവതരിപ്പിക്കുക.
മിനിമം നിക്ഷേപം
10 ലക്ഷം രൂപയാണ് എസ്‌ഐഎഫിലെ മിനിമം നിക്ഷേപം. കുറഞ്ഞ നിക്ഷേപ പരിധി നിലനിര്‍ത്തിക്കൊണ്ടുതന്നെ എസ്‌ഐപി(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍), എസ്ഡബ്ല്യുപി (സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍), എസ്ടിപി (സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍) തുടങ്ങിയ വ്യവസ്ഥാപിത പദ്ധതികള്‍ അവതരിപ്പിക്കാം. അപ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യം, 10 ലക്ഷം രൂപ നിലനിര്‍ത്തിയ ശേഷമാകണം ഈ പ്ലാനുകള്‍ പ്രാവര്‍ത്തികമാക്കാന്‍. എസ്‌ഐപിയാണെങ്കില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ച ശേഷം ഘട്ടംഘട്ടമായി കൂടുതല്‍ നിക്ഷേപിക്കാം. എസ്ഡബ്ല്യുപിയാണെങ്കില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക ഘട്ടംഘട്ടമായി പിന്‍വലിക്കാം. ഒറ്റയിടിക്ക് നിക്ഷേപം പൂര്‍ണമായും തിരികെയെടുക്കാനും അനുവദിക്കും.
പദ്ധതിക്കുള്ള യോഗ്യത
സെബിയില്‍ രജിസ്റ്റര്‍ ചെയ്ത മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ക്ക് പദ്ധതി തുടങ്ങാം. സ്ഥാപനം തുടങ്ങി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം. ഫണ്ട് ഹൗസ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എയുഎം) 10,000 കോടി രൂപയ്ക്ക് മുകളിലുമായിരിക്കണം. പത്ത് വര്‍ഷം പ്രവര്‍ത്ത പരിചയമുള്ള ചീഫ് ഇന്‍വെസ്റ്റുമെന്റ് ഓഫീസറെ(സിഐഒ)യും മുന്നൂവര്‍ഷമെങ്കിലും പരിചയമുള്ള ഫണ്ട് മാനേജരെയും നിയമിക്കണം. അയ്യായിരും കോടി രൂപയുടെ ഫണ്ട് കൈകാര്യം ചെയ്തുള്ള പരിചയം സിഐഒയ്ക്ക് നിര്‍ബന്ധമാണ്.
വ്യത്യസ്ത പദ്ധതികള്‍
വ്യത്യസ്ത കാറ്റഗറികളിലെ നിക്ഷേപങ്ങള്‍ക്കായി എസ്‌ഐഎഫ് അവതരിപ്പിക്കാം. ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് എന്നിങ്ങനെയുള്ള ഒന്നിലധികം നിക്ഷേപ തന്ത്രങ്ങള്‍ വാഗ്ദാനം ചെയ്യാം.
ഇക്വിറ്റി വിഭാഗത്തില്‍ മൂന്ന് നിക്ഷേപ രീതികള്‍ സ്വീകരിക്കാം.
ഇക്വിറ്റി ലോങ്-ഷോര്‍ട് ഫണ്ട്: 80 ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഡെറിവേറ്റീവ് ഉള്‍പ്പടെ ഓഹരി അനുബന്ധ നിക്ഷേപം 25 ശതമാനംവരെ അനുവദിക്കും.
ഇക്വിറ്റി എക്‌സ് ടോപ്പ് 100 ലോങ് ഷോര്‍ട് ഫണ്ട്: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ 100 ഓഹരികള്‍ ഒഴികെയുള്ളവയിലും ഓഹരി അനുബന്ധ പദ്ധതികളിലും കുറഞ്ഞത് 65 ശതമാനമെങ്കിലും നിക്ഷേപം ക്രമീകരിക്കണം.
സെക്ടര്‍ റൊട്ടേഷന്‍ ലോങ് ഷോര്‍ട് ഫണ്ട്: പരമാവധി നാല് സെക്ടറുകളിലെ ഓഹരികളില്‍ നിക്ഷേപം നടത്താം. 80 ശതമാനം നിക്ഷേപവും ഈ വിഭാഗത്തില്‍നിന്നാകണം. മറ്റ് ഓഹരി അനുബന്ധ നിക്ഷപ പരിധി 25 ശതമാനവുമായിരിക്കും.
ഡെറ്റ്, ഹൈബ്രിഡ് വിഭാഗങ്ങളില്‍ രണ്ട് വീതം നിക്ഷേപ പദ്ധതികള്‍ ക്രമീകരിക്കാം.
ഡെറ്റ് ലോങ് ഷോര്‍ട്ട് ഫണ്ട്, സെക്ടറല്‍ ഡെറ്റ് ലോങ് ഷോര്‍ട് ഫണ്ട്. സമാനമായ രീതി ഹൈബ്രിഡ് വിഭാഗത്തിലുമുണ്ടാകും. ഹൈബ്രിഡ് ലോങ് ഷോര്‍ട് ഫണ്ട്, ഹൈബ്രിഡ് സെക്ടറല്‍ ലോങ് ഷോര്‍ട് ഫണ്ട് എന്നിങ്ങനെ.
ഏതെങ്കിലും ഒരു ഇഷ്യുവിലെ കടപ്പത്രത്തില്‍ ഇപ്രകാരമാണ് നിക്ഷേപം ക്രമീകരിക്കേണ്ടത്. എന്‍എവിയുടെ 20 ശതമാനത്തില്‍ കൂടുതല്‍ തുക ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ പാടില്ല. എഎ-റേറ്റിങ് ഉള്ളവയില്‍ 16 ശതമാനനത്തില്‍ കൂടുതലും എ-റേറ്റിങ് ഉള്ളവയില്‍ 12 ശതമാനത്തില്‍ കൂടുതലും നിക്ഷേപം അനുവദിക്കില്ല.
അടിസ്ഥാന സൂചിക
മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്കുള്ളതു പോലെ ബെഞ്ച്മാര്‍ക്ക് ഇന്‍ഡക്‌സ് ഘടന എസ്‌ഐഎഫും പിന്തുടരും. ഓഹരി അധിഷ്ഠിത ഫണ്ടുകളാണെങ്കില്‍ ബിഎസ്ഇ സെന്‍സെക്‌സ്, എന്‍എസ്ഇ നിഫ്റ്റി, ബിഎസ്ഇ 100, ക്രിസില്‍ 500 തുടങ്ങിയ പ്രധാന സൂചികകളുമായി താരതമ്യം ചെയ്യണം. ഡെറ്റ് സ്‌കീമുകളിലും സമാനമായ രീതി ബാധകമാണ്.
പുതിയ ബ്രാന്‍ഡിങ്
മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് എസ്‌ഐഎഫിനെ വേര്‍തിരിക്കാന്‍ എഎംസികള്‍ പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിക്കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുമായുള്ള ആശയക്കുഴപ്പം മാറ്റാന്‍ പ്രത്യേക വെബ്‌സൈറ്റോ വെബ് പേജോ ഉണ്ടായിരിക്കണമെന്നും സെബി വ്യവസ്ഥ ചെയ്യുന്നു. അതായത് പതിവ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍നിന്ന് വേറിട്ട് പ്രത്യേക ബ്രാന്‍ഡ് നാമവും ലോഗോയും ഉണ്ടായിരിക്കണമെന്ന് ചരുക്കം.
നിക്ഷേപം നടത്താമോ?
ഏപ്രിലിന് ശേഷമാകും പുതിയ പദ്ധതി ഫണ്ട് ഹൗസുകള്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുക. ഒറ്റത്തവണ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് എസ്‌ഐഎഫ് അനുയോജ്യം. പിഎംഎസില്‍ നിക്ഷേപിക്കണമെങ്കില്‍ ചുരുങ്ങിയത് 50 ലക്ഷം രൂപ ആവശ്യമാണ്. അത്രയും തുക നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് എസ്‌ഐഎഫ് തിരഞ്ഞെടുക്കാം. സാധാരണ മ്യൂച്വല്‍ ഫണ്ടില്‍നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി റിസ്‌ക് എടുക്കാന്‍ കഴിയുന്നവര്‍ക്കാണ് പദ്ധതി അനുയോജ്യം. നിലവില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കൂടുതല്‍ തുക വകയിരുത്തണമെന്നുണ്ടെങ്കില്‍ പരിഗണിക്കാം. അല്ലാത്തവര്‍ക്ക് നിലവിലെ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം തുടര്‍ന്നുപോകാം.
പുതിയതായതിനാല്‍ എത്രത്തോളം മികവ് പദ്ധതിയില്‍നിന്ന് ലഭിക്കുമെന്ന് വിലയിരുത്താന്‍ കഴിയില്ല. മുന്‍ മാതൃകകളില്ലാത്തതിനാല്‍ കഴിഞ്ഞ കാല പ്രകടനം വിലയിരുത്താനുമാവില്ല. പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും നിരീക്ഷിക്കുക. അനുയോജ്യമെങ്കില്‍ നിക്ഷേപം നടത്തുകയെന്ന സമീപനമായിരിക്കും ഉചിതം.
നിക്ഷേപ ലോകത്ത് സുപ്രധാനമായ നാഴികക്കല്ലായാണ് പദ്ധതിയെക്കുറിച്ച് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിക്ഷേപ മേഖലയില്‍ പുതിയൊരു അധ്യായം കുറിക്കാന്‍ പദ്ധതിക്കാകുമെന്ന് എഡല്‍വീസ് മ്യൂച്വല്‍ ഫണ്ടിന്റെ സിഇഒ രാധിക ഗുപ്ത പ്രതികരിച്ചു. പരിചയ സമ്പന്നരായ ഫണ്ട് മാനേജര്‍മാര്‍ക്ക് ഏഴ് വിഭാഗങ്ങളിലായി നൂതന നിക്ഷേപ രീതികള്‍ വാഗ്ദാനം ചെയ്യാനുള്ള അവസരമാണ് പുതിയ പദ്ധതിയെന്ന് അവര്‍ വിലയിരുത്തുന്നു.
antonycdavis@gmail.com
Content Highlights: What does Sebi’s new asset class Specialized Investment Fund offer
Published: 01 Mar 2025, 01:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented