പെട്ടെന്ന് കൂടുതല്‍ ലാഭം നേടാനുള്ള എളുപ്പവഴിയാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അതുകൊണ്ടുതന്നെ നഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കാതെ പുതിയ പരീക്ഷണങ്ങള്‍ക്കിറങ്ങാന്‍ ഓഹരി നിക്ഷേപകര്‍ക്ക് മടിയില്ല. കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കയ്യിലുള്ളത് നഷ്ടപ്പെടുത്താരിക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. എത്രത്തോളം റിസ്‌ക് എടുക്കാന്‍ കഴിയുമെന്ന് വിലയിരുത്തിയശേഷം പരീക്ഷണങ്ങള്‍ക്ക് ഇറങ്ങുന്നതാണ് ഉചിതം. അല്ലാത്തവര്‍ക്ക് നഷ്ടം താങ്ങാന്‍ കഴിയാതെവരുന്നു. നേട്ടത്തേക്കാള്‍ നഷ്ടംകുമിഞ്ഞുകൂടുന്നു.

To advertise here,

ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ വന്‍തോതില്‍ പണം മുടക്കുന്ന പ്രവണത കൂടിവരികയാണ്. മികച്ച നേട്ടസാധ്യത മുന്നില്‍ കണ്ടാണ് ഐപിഒയ്ക്ക് മുമ്പായി പ്രമുഖ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത്. നൈക, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ആദ്യകാല വിജയഗാഥകള്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയും ലിസ്റ്റിങില്‍ പെട്ടെന്ന് ലാഭമുണ്ടാക്കാമെന്ന മോഹവുമാണ് ഇതിന് പിന്നില്‍. സാമ്പത്തിക വിശകലനമോ വിദഗ്ധ കാഴ്ചപ്പാടോ അല്ല, അവസരം നഷ്ടപ്പെടുമോയെന്ന ഭയമാണ് (FOMO-Fear of Missing Out) ഈ ആവേശത്തിന് പിന്നില്‍. നൈക്കയുടെ ആദ്യകാല നിക്ഷേപകര്‍ നേരിട്ട പ്രതിസന്ധി പാഠം 152ല്‍ ചര്‍ച്ച ചെയ്തിരുന്നു.

ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ സാധാരണയില്‍ കൂടുതല്‍ നഷ്ടസാധ്യതയുണ്ട്. ഇടപാടുകള്‍ നടക്കുന്നത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ്. വില നിര്‍ണയത്തല്‍ സുതാര്യതയില്ല. അതുമാത്രമല്ല, കമ്പനി ലിസ്റ്റ് ചെയ്യുന്നതുവരെ ഓഹരികള്‍ വിറ്റ് പണമാക്കാന്‍ എളുപ്പവുമല്ല. പേടിഎം, നൈക തടങ്ങിയ കമ്പനികളുടെ ഐപിഒക്കുശേഷമുള്ള മോശം പ്രകടനം അതിന് ഉദാഹരണമാണ്. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി-എന്ന ലോട്ടറി മനോഭാവമാണ് പണംമുടക്കുന്ന റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളില്‍ വിശ്വസിച്ച് ഉയര്‍ന്ന വിലയ്ക്ക് ഓഹരികള്‍ വാങ്ങുകയാണ് പലരും. അതുകൊണ്ടുതന്നെ 'ഫോമ'യില്‍ കുടുങ്ങിയുള്ള തീരുമാനങ്ങളെ അതിജീവിക്കുക. കമ്പനിയുടെ അടിസ്ഥാനം, മൂല്യം, റിസ്‌ക് എന്നിവ വിലയിരുത്തിയശേഷം മാത്രം നിക്ഷേപ തീരുമാനമെടുക്കുക.

നൈകയ്ക്കും സൊമാറ്റോക്കും പിന്നാലെ ഈയിടെ വന്ന ലെന്‍സ്‌കാര്‍ട്ട്, ഗ്രോ, ഫിസിസ്‌ക് വാല തുടങ്ങിയവയുടെ ഓഹരികള്‍ക്കും ഗ്രേ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ആണുണ്ടായത്. ഫിന്‍ഫ്‌ളുവന്‍സര്‍മാരുടെയും വാട്‌സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് ഗ്രൂപ്പ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഈ പ്രവണതക്ക് പിന്തുണ നല്‍കി. ഇത്തരം നിക്ഷേപങ്ങള്‍ക്ക് പിന്നില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ വിലയിരുത്താം.

പണമാക്കല്‍ എളുപ്പമല്ല

ലിസ്റ്റ് ചെയ്ത ഓഹരികളെ പോലെ അണ്‍ലിസ്റ്റഡ് ഓഹരികള്‍ എളുപ്പത്തില്‍ വിറ്റ് പണം തിരികെയെടുക്കാന്‍ കഴിയില്ല. വാങ്ങുന്നയാളെ കണ്ടെത്താനായില്ലെങ്കില്‍ നിക്ഷേപം വളരെക്കാലം കൈവശം സൂക്ഷിക്കേണ്ടിവരും. കമ്പനി ലിസ്റ്റ് ചെയ്തില്ലെങ്കില്‍ നിക്ഷേപം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

നിയന്ത്രണങ്ങളില്ല

ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വ്യാപാരം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെയല്ല. മറിച്ച് ബ്രോക്കര്‍മാര്‍ വഴിയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ ആണ് നടക്കുന്നത്. വിലയാകട്ടെ സ്വകാര്യമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനാല്‍ സുതാര്യത തെല്ലുമില്ല.

വിലിയിലെ അസ്ഥിരത

കമ്പനിയുടെ അടിസ്ഥാന സാമ്പത്തിക ഘടകങ്ങളേക്കാള്‍ വിപണിയിലെ മാനസികാവസ്ഥയാണ് ഓഹരികളുടെ വില നിര്‍ണയിക്കുന്നത്. ഡിമാന്‍ഡ്-സപ്ലൈ, ജീവനക്കാരുടെ ഓഹരി വിഹിതം (ESOP) വില്‍ക്കല്‍, ഐപിഒയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ എന്നിവയാണ് വിലയെ സ്വാധീനിക്കുക. വില അമിതമാകാന്‍ ഇതിടയാക്കുന്നു.

മുന്നറിയിപ്പുകള്‍

നിയന്ത്രണങ്ങളില്ലാത്ത പ്രീ-ഐപിഒ ഇടപാടുകള്‍ക്കെതിരെ സെബി (SEBI) ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിസ്റ്റിങ്, ഡെലിവറി, ന്യായമായ മൂല്യനിര്‍ണയം എന്നിവയില്‍ ഇത്തരം ഇടപാടുകള്‍ക്ക് ബന്ധമില്ലെന്നും നിക്ഷേപ സുരക്ഷ കുറവാണെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.

ഐപിഒകളുടെ പ്രകടനം

സമീപകാല ഐപിഒകള്‍ പരിശോധിച്ചാല്‍ ഇത്തരം ഓഹരി ഇടപാടുകള്‍ എല്ലായ്‌പ്പോഴും മികച്ച ലാഭം നല്‍കിയിട്ടില്ലെന്ന് കാണാം.

 

അൺലിസ്റ്റഡ് മാർക്കറ്റ് വില (തിയ്യതി)

ഇഷ്യൂ വില (₹)

ലിസ്റ്റിംഗ് വില (₹)

ലിസ്റ്റിംഗിലെ നേട്ടം/നഷ്ടം

2025 നവംബർ 19-ലെ വില (₹)

പേടിഎം

2,400 (ഒക്ടോ. 1, 2021)

2,150

1,955

-9% കിഴിവ്

1,275.20

നൈക

ലഭ്യമല്ല

1,125

2,001

~77.9% പ്രീമിയം

266.60*

പോളിസിബസാർ 

ലഭ്യമല്ല

980

1,150

17.35% പ്രീമിയം

1,798.40

ലെൻസ്കാർട്ട് 

515 (നവം. 1, 2025)

402

390 (BSE)

-2.98% കിഴിവ്

409.30

ഗ്രോ

125 (നവം. 1, 2025)

100

114 (BSE)

14% പ്രീമിയം

169.90

*2022 നവംബര്‍ 10ന് നൈകയുടെ ഒരു ഓഹരിക്ക് അഞ്ച് ഓഹരി ബോണസായി ലഭിച്ചു. ഓഹരി മൂല്യത്തില്‍ അതിന് ആനുപാതികമായി കുറവുണ്ടായിട്ടുണ്ട്.

പേടിഎം: 2021ലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായി പേടിഎം ലിസ്റ്റിങ്. വിപണിയിലെത്തും മുമ്പ് ഉയര്‍ന്ന വിലയുണ്ടായിട്ടും ഇഷ്യു വിലയേക്കാള്‍ ഒമ്പത് ശതമാനം കിഴിവിലാണ് ലിസ്റ്റ് ചെയ്തത്. ഓഹരിയില്‍ പ്പോഴും ഇഷ്യു വിലയ്ക്ക് താഴെയാണ് വ്യാപാരം നടക്കുന്നത്.

നൈക: ഉയര്‍ന്ന വിലയില്‍ ലിസ്റ്റ് ചെയ്‌തെങ്കിലും ഓഹരി വിലയില്‍ പിന്നീട് തിരുത്തലുണ്ടായി.

ലെന്‍സ്‌കാര്‍ട്ട്: ലിസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 108 രൂപയില്‍നിന്ന് പൂജ്യമായി. വിപണിയിലെ അനിശ്ചിതത്വത്തിന് ഉദാഹരണമാണിത്. ഇഷ്യു വിലയേക്കാള്‍ താഴ്ന്ന നിലവാരത്തിലായിരുന്നു ഓഹരി ലിസ്റ്റ് ചെയ്തത്.

ഗ്രോ: ഇഷ്യു വിലയേക്കാല്‍ 14 ശതമാനം പ്രീമിയത്തില്‍ ലസ്റ്റ് ചെയ്തു. പിന്നീടുള്ള വ്യാപാര ദിനങ്ങളില്‍ ഓഹരി വില ഉയര്‍ന്നതോടെ നിക്ഷേപകര്‍ നേട്ടമുണ്ടാക്കി.

വില ഉയരുന്നത് ഇങ്ങനെ:

ഐപിഒ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ തന്നെ അനൗദ്യോഗിക വിപണിയില്‍ ചില സ്റ്റാര്‍ട്ടപ്പുകളുടെ ഓഹരി വില 20 മുതല്‍ 50 ശതമാനംവരെ കുതിക്കാറുണ്ട്. ഐപിഒയ്ക്ക് മുമ്പ് ഉയര്‍ന്ന മൂല്യത്തിലായിരിക്കും ഓഹരി വില. പല പ്രമുഖ കമ്പനികളുടെയും ഐപിഒകള്‍ താഴ്ന്ന നിലവാരത്തിലായിരിക്കും വരിക. ഇത് പിന്നീട് നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കുന്നു.

ചെറുകിട നിക്ഷേപകര്‍ വിപണിയിലേയ്ക്ക് പ്രവേശിക്കുമ്പോഴേക്കും ആദ്യകാല നിക്ഷേപകര്‍ ലാഭമെടുത്ത് പുറത്തുപോയിട്ടുണ്ടാകും. റീട്ടെയിലുകാര്‍ പലപ്പോഴും ഉയര്‍ന്ന നിലവാരത്തിലാണ് നിക്ഷേപം നടത്തുന്നത്.

എങ്ങനെ മറികടക്കാം

അടിസ്ഥാനങ്ങള്‍ക്ക് ഊന്നല്‍: ലിസ്റ്റിങ് നേട്ടങ്ങള്‍ക്കോ പെട്ടെന്നുള്ള ലാഭത്തിനോ പിന്നാലേ പോകാതെ കമ്പനിയുടെ മൂല്യം, സാമ്പത്തികം, അടിസ്ഥാന ഘടകങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുക.

ഫോമോയുടെ പ്രേരണയാല്‍ തീരുമാനമെടുക്കരുത്. അടിസ്ഥാനം എപ്പോഴും നിലനില്‍ക്കും ഫോമോ ക്ഷണികമാണ്.

നിക്ഷേപ തീരുമാനം എടുക്കുംമുമ്പ് കമ്പനിയുടെ ഔദ്യോഗിക ഐപിഒ രേഖകള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കുമായി കാത്തിരിക്കുക. സോഷ്യല്‍ മീഡിയയിലോ മറ്റോ ഇതൊരു മികച്ച സാധ്യതയാണെന്ന് പറയുമ്പോള്‍ വസ്തുതകള്‍ പരിശോധിച്ചുമാത്രം മുന്നോട്ടുപോകുക.

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം ഇത്തരം നിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുക. പോര്‍ട്‌ഫോളിയോയുടെ ചെറിയൊരു ഭാഗംമാത്രം ഉയര്‍ന്ന റിസ്‌കുള്ള ആസ്തികള്‍ക്കായി നീക്കിവെയ്ക്കുക.

പ്രധാന പദങ്ങളും നിര്‍വചനവും

പദം (Term)

നിർവചനം (Definition)

ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ (Unlisted Shares)

അംഗീകൃത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ (BSE, NSE) വ്യാപാരത്തിനായി ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഓഹരികൾ. ഇവ ഓവർ-ദി-കൗണ്ടർ (OTC) മാർക്കറ്റുകളിലൂടെയോ ബ്രോക്കർമാർ വഴിയോ ആണ് സാധാരണയായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്.

ഐപിഒ (IPO)

സ്വകാര്യ കമ്പനി ആദ്യമായി പൊതുജനങ്ങൾക്ക് ഓഹരികൾ വിൽക്കുന്ന പ്രക്രിയ. ഇതിലൂടെ കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നു.

ഫോമോ (FOMO - Fear Of Missing Out)

മറ്റുള്ളവർക്ക് ലഭിക്കുന്ന മികച്ച അവസരം തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം. പെട്ടെന്ന്‌ ലാഭം നേടാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന ഭയം മൂലം പലരും ലിസ്റ്റ് ചെയ്യുംമുമ്പെ  നിക്ഷേപം നടത്തുന്നു. ഇവിടത്തെ സാഹചര്യത്തില്‍ ഇതാണ് പ്രസക്തം.

ഗ്രേ മാർക്കറ്റ് (Grey Market)

ഒരു കമ്പനി ഐപിഒ വഴി ഔദ്യോഗികമായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് അനൗദ്യോഗിക വ്യാപാരം നടക്കുന്ന വിപണി.

ലിക്വിഡിറ്റി റിസ്ക് (Liquidity Risk)

ഒരു ആസ്തി (ഉദാഹരണത്തിന്, ഓഹരി) വിപണി വിലയെ കാര്യമായി ബാധിക്കാതെ വേഗത്തിൽ പണമാക്കി മാറ്റാൻ കഴിയാത്ത അപകടസാധ്യത. ലിസ്റ്റ് ചെയ്യാത്ത ഓഹരികൾക്ക് ഇത് വളരെ കൂടുതലാണ്.

മൂല്യനിർണ്ണയം (Valuation)

ഒരു കമ്പനിയുടെയോ അതിന്റെ ഓഹരികളുടെയോ സാമ്പത്തിക മൂല്യം കണക്കാക്കുന്ന പ്രക്രിയ. ലിസ്റ്റ് ചെയ്യാത്ത ഓഹരികളിൽ ഇത് പലപ്പോഴും അടിസ്ഥാനപരമായ ഘടകങ്ങളേക്കാൾ ഊഹങ്ങളെ ആശ്രയിച്ചിരിക്കും.

ഇഷ്യൂ വില (Issue Price)

ഐപിഒ സമയത്ത് ഒരു കമ്പനി അതിന്റെ ഓഹരികൾ നിക്ഷേപകർക്ക് വിൽക്കുന്ന നിശ്ചിത വില.

ലിസ്റ്റിങ് നേട്ടം (Listing Gains)

ഇഷ്യൂ വിലയേക്കാൾ ഉയർന്ന വിലയിൽ ഓഹരി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമ്പോൾ നിക്ഷേപകന് ലഭിക്കുന്ന ലാഭം.

സെബി (SEBI - Securities and Exchange Board of India)

ഇന്ത്യയിലെ സെക്യൂരിറ്റീസ്, കമ്മോഡിറ്റി മാർക്കറ്റുകളുടെ റെഗുലേറ്ററി ബോഡി. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ഇസോപ്പുകൾ (ESOPs - Employee Stock Ownership Plans)

കമ്പനിയിലെ ജീവനക്കാർക്ക് ഓഹരികൾ നൽകുന്ന  ആനുകൂല്യ പദ്ധതി. ഇങ്ങനെ ലഭിച്ച ഓഹരികള്‍ ജീവനക്കാർക്ക്  ലിസ്റ്റ് ചെയ്യാത്ത വിപണിയിൽ വിൽക്കാൻ കഴിയും.