2025ൽ 70 ശതമാനം നേട്ടമാണ് സ്വർണം നൽകിയത്. എന്നാൽ അതിനെ കടത്തിവെട്ടുന്ന നേട്ടം വെള്ളിക്ക് നേടാനായി. അതായത് സ്വർണത്തേക്കാൾ ഇരട്ടിയിലേറെ നേട്ടം. 1979ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനം. ഈ വർഷം മാത്രം വെള്ളി നൽകിയത് 150 ശതമാനത്തിലേറെ ആദായം. വ്യാവസായിക ആവശ്യത്തിലെ വർധന, ഹരിത സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, സുരക്ഷിത നിക്ഷേപം എന്നിവ വെള്ളിക്ക് അനുകൂല സാഹചര്യമൊരുക്കി. അതോടൊപ്പം അനുകൂലമായ സാമ്പത്തിക നയങ്ങളും ലഭ്യതക്കുറവും മികച്ച ഉയരം കുറിക്കാൻ സഹായിച്ചു.

To advertise here,

വ്യാവസായിക ആവശ്യം

ഖനനം ചെയ്യുന്ന വെള്ളിയിൽ 50 ശതമാനവും വ്യാവസായിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. സ്വർണമാകട്ടെ 10 ശതമാനത്തിൽ താഴെയും. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ, ഇ.വി, പവർഗ്രിഡ് തുടങ്ങിയ മേഖലകളിൽ വെള്ളിയുടെ ഉപയോഗം വർധിച്ചുവരികയാണ്. 2023ലെ കണക്കുപ്രകാരം വെള്ളിയുടെ വ്യവസായിക ആവശ്യം 11 ശതമാനം വർധിച്ച് 65.44 കോടി ഔൺസിലെത്തി. 2024ൽ 10 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്.

ഹരിത സമ്പദ്‌വ്യവസ്ഥ

സൗരോർജ പാനലുകൾ, പവർ ഗ്രിഡ് നിർമാണം, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ ഹരിത സാങ്കേതികവിദ്യകളിൽ വെള്ളിയുടെ പങ്ക് വർധിച്ചത് ഡിമാൻഡ് ഉയർത്തി. 2023-ൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ മേഖലയിലെ ആവശ്യത്തിൽ 20 ശതമാനമാണ് വർധനവുണ്ടായത്. തുടർന്നുള്ള വർഷങ്ങളിലും സമാനമായി ആവശ്യകതയിൽ കുതിപ്പുണ്ടായി.

സുരക്ഷിത നിക്ഷേപം

പണപ്പെരുപ്പത്തിനും വിപണി അനിശ്ചിതത്വങ്ങൾക്കും എതിരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വെള്ളിക്ക് ആവശ്യക്കാരേറി.

വിതരണത്തിലെ കുറവും സാമ്പത്തിക നയങ്ങളും വെള്ളിയുടെ വിതരണത്തിൽ നിലനിൽക്കുന്ന കുറവും ഘടനാപരമായ കമ്മി (structural deficit)യും വിലയെ സ്വാധീനിച്ചു. യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറച്ചതും ചൈനയുടെ ഉത്തേജക പാക്കേജുകളും വിലയേറിയ ലോഹങ്ങൾക്ക് അനുകൂലമായി. കേന്ദ്ര ബാങ്കുകൾ വെള്ളി വാങ്ങുന്നതും ഇടിഎഫുകളിലേക്കുള്ള നിക്ഷേപ പ്രവാഹവും വില വർധനവിന് പിന്തുണ നൽകി.

നിക്ഷേപ സാധ്യത

വ്യാവസായിക ആവശ്യത്തിലെ വർധന വെള്ളിക്ക് അനുകൂലമാണെങ്കിലും 2025ലുണ്ടായ വളർച്ച 2026ൽ ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. തുടർന്നങ്ങോട്ടുള്ള മുന്നേറ്റം സാവധാനത്തിലായേക്കാം. ഇടക്കിടെ തിരുത്തലുകളും പ്രതീക്ഷിക്കാം.

മറ്റ് അമൂല്യ ലോഹങ്ങൾക്കെന്ന പോലെ വെള്ളി വിലയിലും ചാഞ്ചാട്ടങ്ങളുണ്ടായിട്ടുണ്ട്. 1980 ജനുവരിയിൽ 48 ഡോളറായിരുന്ന വെള്ളി വില 1982 ഏപ്രിലിൽ ആറ് ഡോളറായി ഇടിഞ്ഞു. 2011ലെ 49 ഡോളർ എന്ന റെക്കോഡ് ഉയരത്തിൽനിന്ന് 2019 അവസാനത്തോടെ 60 ശതമാനം ഇടിവ് രേഖപ്പെടുത്തി 14 ഡോളറിലെത്തി. അതായത് 1987ൽ ഒരു കിലോ വെള്ളി വാങ്ങിയയാൾ 2008ൽ വിറ്റാൽ യാതൊരു ആദായവും ലഭിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഉയർന്ന നേട്ടങ്ങൾക്ക് പിന്നാലെ പായാതെ, ചിട്ടയുള്ള സമീപനം സ്വീകരിക്കുന്നതാകും ഉചിതം. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് ഭാഗികമായി ലാഭമെടുക്കുകയും വിലകുറയുമ്പോൾ വീണ്ടും നിക്ഷേപിക്കുകയും ചെയ്യാം. മൊത്തം പോർട്ട്‌ഫോളിയോയുടെ ഭാഗമായി വെള്ളികൂടി ഉൾപ്പെടുത്താം.

നിക്ഷേപം: ഇടിഎഫിന്റെ വഴി

വെള്ളിയിൽ നിക്ഷേപിക്കാനുള്ള മികച്ച മാർഗമാണ് സിൽവർ ഇടിഎഫുകൾ. ഈ വർഷം 150 ശതമാനത്തിലധികം നേട്ടമാണ് ഇടിഎഫുകൾ നിക്ഷേപകർക്ക് സമ്മാനിച്ചത്. വിപണിയിലുള്ള 12 വെള്ളി ഇടിഎഫുകളിൽ പത്തും 150 ശതമാനത്തിന് മുകളിൽ ആദായം നൽകി. നാലെണ്ണം 155 ശതമാനത്തിന് മുകളിലെത്തി.

 

എന്തുകൊണ്ട് ഇടിഎഫ്?

  • ലോഹ രൂപത്തിൽ വാങ്ങി സൂക്ഷിക്കുന്നതിനേക്കാൾ എളുപ്പവും സുരക്ഷിതവുമാണ് ഇടിഎഫുകൾ.
  • ഇടപാടിനുള്ള ചെലവ് കുറവാണ്. അതോടൊപ്പം എളുപ്പത്തിൽ പണമാക്കിമാറ്റാനും കഴിയും.
  • ഒരു യൂണിറ്റ് മുതൽ ചെറിയ അളവിൽ വാങ്ങാനുള്ള അവസരം.

സിൽവർ ഇടിഎഫിനെക്കുറിച്ച് കൂടുതൽ അറിയാം

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ വഴി ഇടപാട് നടത്തുന്നവയാണ് സിൽവർ ഇടിഎഫുകൾ(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ). സ്വർണത്തെ പോലെതന്നെ വെള്ളിയിലും നിക്ഷേപം നടത്താൻ ഇതിലൂടെ കഴിയും.

ഇടിഎഫ് ലിസ്റ്റ്ചെയ്യുന്ന സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് സമയത്ത് വില പ്രദർശിപ്പിക്കും. യൂണിറ്റ് വില എൻഎവിയോട് അടുത്തുന്നെ ട്രേഡ് ചെയ്യുന്നുണ്ടോയെന്ന് വിലയിരുത്തി അതിനനുസരിച്ച് വാങ്ങാനുംവിൽക്കാനും നിക്ഷേപകന് അതിലൂടെ കഴിയും.

അളവുകോൽ(ബെഞ്ച്മാർക്ക്)

ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ നിശ്ചയിച്ച മാനദണ്ഡപ്രകാരമുളള, 99.9ശതമാനം പരിശുദ്ധിയുള്ള 30 കിലോഗ്രാമിന്റെ ബാറുകളിലാണ് ഫണ്ട് ഹൗസുകൾ നിക്ഷേപിക്കുക. അസോസിയേഷന്റെ ഓരോദിവസത്തെയും നിലവാരത്തിന് അനുസൃതമായിട്ടായിരിക്കും വിലയിലെ നീക്കം. അറ്റ ആസ്തിയുടെ 95ശതമാനവും വെള്ളിയിലാകും നിക്ഷേപിക്കുക.

വ്യതിചലന സാധ്യത(ട്രാക്കിങ് എറർ)

വെള്ളിക്കട്ടിയുടെ ആദായത്തിന് അനുസൃതമായി വരുമാനമുണ്ടാക്കുകയാണ് സിൽവർ ഇടിഎഫിന്റെ ലക്ഷ്യം. 'ട്രാക്കിങ് എറർ' രണ്ടുശതമാനംവരെയാകാമെന്ന് ഫണ്ട് ഹൗസുകൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ബെഞ്ച്മാർക്കിന്റെയും ഇടിഎഫിന്റെയും ആദായത്തിലെ വ്യതിയാനമാണ് 'ട്രാക്കിങ് എറർ'.

ചെലവ് അനുപാതം

ഫണ്ട് ഹൗസുകൾക്ക് ഈടാക്കാൻ കഴിയുന്ന ചെലവിന്റെകാര്യത്തിൽ മ്യൂച്വൽ ഫണ്ടുകൾക്കുള്ള വ്യവസ്ഥകളാകും ബാധകമാകുക. ഏതൊരു ഇടിഎഫിനെയുംപോലെ സ്‌കീമിന്റെ മൊത്തം ആസ്തിയുടെ ഒരുശതമാനത്തിൽകൂടരുതെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്.

പണമാക്കൽ

മറ്റേത് ഇടിഎഫിനെയുംപോലെ സിൽവർ ഇടിഎഫിന്റെ യൂണിറ്റുകളും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. വ്യാപരത്തിന്റെ തോതനുസരിച്ചായിരിക്കും പണലഭ്യത ഉറപ്പാക്കാൻ കഴിയുക.

മൂല്യമേറിയ ലോഹങ്ങളുടെ കുതിപ്പിന് പിന്നിൽ സുരക്ഷിത നിക്ഷേപത്തിനായുള്ള ഡിമാൻഡും പണനയ ഇളവുകളിലെ പ്രതീക്ഷയുമാണ്. അതോടൊപ്പം വ്യാവസായിക ആവശ്യകതയും ലഭ്യതയിലെ കുറവും വെള്ളിക്ക് അനുകൂലമാകുന്നു. ഇപ്പോഴത്തെ സാഹചര്യം തുടരുമെങ്കിലും 2025ലെ ആദായം പ്രതീക്ഷിക്കേണ്ടതില്ല. 25-30 ശതമാനം നേട്ടം ലഭിച്ചാൽതന്നെ ആകർഷകമാണ്. അതുകൊണ്ടുതന്നെ വൈവിധ്യവത്കരണത്തിനുള്ള വെള്ളിയുടെ സാധ്യത നിക്ഷേപകർ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.