
റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറച്ച സാഹചര്യത്തില്‍ വൈകാതെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയിലും പ്രതിഫലിച്ചേക്കാം. സ്ഥിര വരുമാനം ആശ്രയിച്ചുകഴിയുന്നവരെയാകും ഇത് പ്രധാനമായും ബാധിക്കുക. നിലവിലെ ഉയര്‍ന്ന നിരക്കില്‍ ദീര്‍ഘകാലത്തേക്ക് സ്ഥിര നിക്ഷേപമിട്ട് കൂടുതല്‍ ആദായം ഉറപ്പാക്കാം. ഉയര്‍ന്ന പലിശ നല്‍കുന്ന ചെറുകിട സമ്പാദ്യ പദ്ധതികളും പ്രയോജനപ്പെടുത്താം. അതോടൊപ്പം കടപ്പത്ര അധിഷ്ഠിത നിക്ഷേപ സാധ്യതകളും പരിഗണിക്കാം.
നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വ-മധ്യ കാലയളവുകളിലുള്ള ഡെറ്റ് ഫണ്ടുകള്‍, ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍ എന്നിവയാകും അനുയോജ്യം. ദീര്‍ഘകാല ഡെറ്റ് ഫണ്ടുകള്‍ അത്രതന്നെ ആകര്‍ഷകമല്ല. ക്രെഡിറ്റ് റിസ്‌കും കാലയളവ് റിസ്‌കും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ചെറുകിട സമ്പാദ്യ പദ്ധതികള്‍
- പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF): 7.1%
- സുകന്യ സമൃദ്ധി യോജന (SSY): 8.2%
- സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS): 8.2%
നികുതി ആനുകൂല്യം: 'പിപിഎഫ്, എസ്.എസ്.വൈ എന്നിവ നികുതിരഹിതമായതിനാല്‍ ഉയര്‍ന്ന ആദായം നല്‍കുന്നു.
പരിമിതികള്‍:
അത്യാവശ്യത്തിന് തിരകെയെടുക്കാന്‍ കഴിയാത്തതിനാല്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കാണ് അനുയോജ്യം.
സുകന്യ സമൃദ്ധി 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ്.
സീനിയര്‍ സിറ്റിസണ്‍ സ്‌കീം വിരമിച്ചവര്‍ക്കോ 60 വയസ്സിന് മുകളിലുള്ളവര്‍ക്കോ മാത്രമുള്ളതാണ്.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍
നിലവിലെ വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധതരം ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഏഴ് മുതല്‍ പത്ത് ശതമാനം വരെ ആദായം ഈ വിഭാഗങ്ങളിലെ ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാം.
ഹ്രസ്വ-മധ്യകാല ഡെറ്റ് ഫണ്ടുകള്‍
വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അധികം ബാധിക്കാത്തതിനാല്‍ വരുമാന സ്ഥിരത ഏറെക്കുറെ പ്രതീക്ഷിക്കാം. മീഡിയം ഡ്യൂറേഷന്‍ ഫണ്ടുകള്‍ ഒരു വര്‍ഷ കാലയളവില്‍ നല്‍കിയിട്ടുള്ളത് എട്ട് മുതല്‍ പത്ത് ശതമാനംവരെ ആദായമാണ്. നിലവിലെ ആദായം ഭാവിയില്‍ ലഭിക്കണമെന്നില്ലെന്ന കാര്യം പ്രത്യേക ശ്രദ്ധിക്കുക.
ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍
പലിശ നിരക്കിലെ ഏറ്റക്കുറിച്ചിലുകള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
ലിക്വിഡ്, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍
ക്രെഡിറ്റ് റിസ്‌ക് ഇല്ലെന്നുതന്നെ പറയാം. സേവിങ്‌സ് അക്കൗണ്ടിലെ പലിശയേക്കാള്‍ കൂടുതല്‍ പ്രതീക്ഷിക്കാം. ശരാശരി ഏഴ് ശതമാനം ആദായം ഒരു വര്‍ഷ കാലയളവില്‍ ഈ ഫണ്ടുകള്‍ നല്‍കിയതായി കാണുന്നു.
ആര്‍ബിട്രേജ് ഫണ്ടുകള്‍
കടപ്പത്ര ഫണ്ടുകളിലേതിന് സമാനമായ ആദായം നല്‍കുന്ന ഈ വിഭാഗം ഫണ്ടിന് ഇക്വിറ്റി നിക്ഷേപത്തിലെ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. ഉയര്‍ന്ന നികുതി സ്ലാബിലുള്ളവര്‍ക്ക് അനുയോജ്യം.
ഡെറ്റ് ഫണ്ടുകളിലെ നേട്ടം
ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ തിരികെയെടുക്കാന്‍ നിശ്ചിത കാലയളവ് വരെ കാത്തിരിക്കേണ്ടിവരും. കാലാവധിയെത്തുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ പിഴപ്പലശ ബാധകമാകും. എന്നാല്‍ ഡെറ്റ് ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ചില വിഭാഗങ്ങളിലെ ഫണ്ടുകള്‍ക്ക് മൂന്നു മാസംവരെ എക്‌സിറ്റ് ലോഡ് ഉണ്ടാകാം. നിക്ഷേപിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക. ഹ്രസ്വകാലയളവിലെ ഫണ്ടുകള്‍ക്ക് എക്‌സിറ്റ് ലോഡ് ഉണ്ടാകാറില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സാമ്പത്തിക ലക്ഷ്യങ്ങളുടെ കാലാവധിയും ഫണ്ടിന്റെ കാലയളവും പരിഗണിച്ചുകൊണ്ട് നിക്ഷേപം നടത്തുക. ആറ് മാസംവരെയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ലിക്വിഡ് ഫണ്ടുകള്‍ പരിഗണിക്കാം. മൂന്ന് വര്‍ഷംവരെയാണെങ്കില്‍ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളാകും അനുയോജ്യം. ഡെറ്റ് ഫണ്ടുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കില്‍ വിദഗ്ധ ഉപദേശത്തോടെ മാത്രം നിക്ഷേപം നടത്തുക.
Content Highlights: Interest rates are dropping. Discover smart investment options like small savings schemes & debt funds to ensure up to 10% returns and secure your financial future.
Published: 06 Dec 2025, 01:28 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented