ഒക്ടോബര്‍ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് നഷ്ടത്തിന്റെ ദിനങ്ങളായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും തെളിഞ്ഞുകണ്ടെങ്കിലും മിക്കവാറും മങ്ങിയ ദിനങ്ങളാണ് പിന്നിട്ടത്. 5,000 പോയന്റിലേറെ നഷ്ടം സന്‍സെക്‌സിലുണ്ടായി. മിക്കവാറും നിക്ഷേപകര്‍ ആശങ്കയിലാകുക സ്വാഭാവികം. ഇനിയും കാത്തുനില്‍ക്കണോ? ഉള്ളതെല്ലാം കിട്ടിയ കാശിന് വിറ്റ് രക്ഷപ്പെടണോ? അങ്ങോളമിങ്ങോളം പരക്കുന്ന ഈഹോപോഹങ്ങളും വിശകലനങ്ങളും കേട്ട് ആശയക്കുഴപ്പത്തിലായി മനസമാധാനം നഷ്ടപ്പെട്ട സച്ചിന്‍ പോളിന്റെ ചോദ്യമാണിത്. കിട്ടിയ ലാഭമെല്ലാം ഇല്ലാതായി. ഇറക്കിയതുപോലും നഷ്ടമാകുമോയെന്ന ആശങ്ക. 

To advertise here,

തുടര്‍ച്ചയായി നാലു വര്‍ഷത്തോളം നേട്ടംകൊയ്ത നിക്ഷേപകരാണ് തകര്‍ച്ചയില്‍ പതറിയത്. പത്ത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഉത്സവ സീസണായ ഒക്ടോബറില്‍ വിപണി ഇത്രയും തിരുത്തല്‍ നേരിടുന്നത്. ഒക്ടോബറില്‍ മാത്രം നിഫ്റ്റിയിലുണ്ടായ ഇടിവ് ഏഴ് ശതമാനത്തോളമാണ്. 2014ന് ശേഷം ദീപാവലി കാലയളവില്‍ നാല് തവണ മാത്രമാണ് നഷ്ടമുണ്ടായിട്ടുള്ളത്. 2015ല്‍ 4.45 ശതമാനം ഇടിഞ്ഞതാണ് അതില്‍ ഏറ്റവും വലിയ ഇടിവ്.  2023ല്‍ 1.4 ശതമാനവും നഷ്ടംനേരിട്ടു. അതേസമയം, മഹമാരിയെ തുടര്‍ന്നുള്ള കനത്ത ഇടിവിന്റെ 2020-ാമാണ്ടിലെ ഒക്ടോബറില്‍ സംഭവിച്ചത് 6.8 ശതമാനം നേട്ടമാണ്. പത്ത് വര്‍ഷത്തിനിടെ ഒക്ടോബറിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റവുമതായിരുന്നു. നിക്ഷേപത്തിനുള്ള ശുഭകരമായ സമയമെന്ന ധാരണ നിലനില്‍ക്കുന്നതിനാല്‍ സാധാരണഗതിയില്‍ ദീപാവലി സമയത്ത് വിപണി അനുകൂലമായാണ് പ്രതികരിക്കാറുള്ളത്. 

വിദേശ നിക്ഷേപകര്‍ ഒരു ലക്ഷം കോടിയോളം രൂപ പിന്‍വലിച്ചതും കമ്പനികളുടെ മികച്ചതല്ലാത്ത പ്രവര്‍ത്തന ഫലങ്ങളുമാണ് ഇത്തവണത്തെ അനുകൂല തരംഗത്തെ നിര്‍വീര്യമാക്കിയത്. സമീപകാലയളവില്‍ വിപണിയിലെത്തിയ ചെറുകിട നിക്ഷേപകരില്‍ ഏറെപ്പേരുടെയും പോര്‍ട്‌ഫോളിയോ മൂല്യം ഇതോടെ ഇതാദ്യമായി നെഗറ്റവീലെത്തുകയും ചെയ്തു. 

റീട്ടെയില്‍ പങ്കാളിത്തം
ചെറുകിട നിക്ഷേപകരുടെ ഇടപെടലും മ്യൂച്വല്‍  ഫണ്ടുകളുടെ നിക്ഷേപ തന്ത്രങ്ങളുമാണ് തിരുത്തല്‍ ഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ മാസംവരെ വിപണിക്ക് കരുത്തായത്. വിദേശ നിക്ഷേപകര്‍ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വറ്റൊഴിഞ്ഞപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള വന്‍കിട ആഭ്യന്തര നിക്ഷേപകര്‍ 97,000 കോടി രൂപയുടെ നിക്ഷേപം നടത്തുകയും ചെയ്തു. അതോടെ ഇത്തവണ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അടിപതറി. ഇടിവ് നേരിട്ടാലും ഉടനെ തിരിച്ചുകയറുമെന്ന ആത്മവിശ്വാസം അസ്ഥാനത്തായി. മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലെ തകര്‍ച്ചയാണ് അതിന്റെ പ്രധാന കാരണം. ഉദാഹരണത്തിന്, പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പിയാഡ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 52 ശതമാനമാണ് ഇടിവ് നേരിട്ടത്. റീട്ടെയില്‍ നിക്ഷേപകരുടെ നിക്ഷേപ വിഹിതത്തില്‍ ഏറെയും ഈ വിഭാഗങ്ങളിലെ ഓഹരികളിലായിരുന്നു. ഹ്രസ്വകാലയളവില്‍ ഉയര്‍ന്ന നേട്ടം നല്‍കുന്ന ഓഹരികളുടെ പിന്നാലെ പോയതാണ് തിരിച്ചടിയായത്. 

മുന്നിലെ കടമ്പകള്‍
ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിയാകുന്നില്ല. വിദേശ നിക്ഷേപകരാകട്ടെ പുതിയ ലാവണങ്ങള്‍ തേടി ഇന്ത്യന്‍ വിപണിയില്‍നിന്ന് പാലായനം ചെയ്യുന്നത് തുടരുന്നു. ഉത്തേജന പാക്കേജുകളെ തുടര്‍ന്ന് ചൈനീസ് വിപണിയിലേക്ക് നിക്ഷേപകര്‍ കൂടുമാറുന്നു. സമീപ കാലയളവില്‍ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണിവയെല്ലാം. വിപണി കനത്ത ചാഞ്ചാട്ടം നേരിടുന്ന സാഹചര്യത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്കായി താഴെ പറയുന്ന നിക്ഷേപ തന്ത്രം പിന്തുടരാം. ഈ മുഹൂര്‍ത്ത വ്യാപാരത്തില്‍ അതിന് തുടക്കമിടാം. 

നിക്ഷേപം ബുള്ളറ്റ് പ്രൂഫ് ആക്കാം
ഓഹരി വിപണിയുടെ ഉള്ളിലിരിപ്പ് ഒരുകാലത്തും ആര്‍ക്കും പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ല. കാലാകാലങ്ങളില്‍ ഉചിതമായ തീരുമാനമെടുത്തവര്‍ വിപണിയെ അതിജീവിച്ച് മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനായി പ്രശസ്ത ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ വാക്കുകള്‍ ഓര്‍ക്കാം. എല്ലാവരും അത്യാഗ്രഹികളാകുമ്പോള്‍ ഭയപ്പെടുക. മറ്റുള്ളവര്‍ ഭയപ്പെടുമ്പോള്‍ അത്യാഗ്രഹികളാകുക. അതിനുള്ള സമയമാണിപ്പോള്‍. ഒരുകാര്യം മാത്രം ശ്രദ്ധിക്കുക. താരതമ്യേന താഴ്ന്ന മൂല്യത്തിലുള്ള മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക. 

ബ്ലൂ ചിപ്പിലേക്ക് മടങ്ങാം
ബ്ലൂചിപ്പ് ഓഹരികളിലേക്ക് മടങ്ങുന്നതാണ് അതിനുള്ള പ്രധാനമാര്‍ഗം. വിപണി മൂല്യം അടിസ്ഥാനത്തില്‍ മുന്‍നിരയിലുള്ള 100 കമ്പനികളാണ് ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വിവിധ സെക്ടറുകളിലെ മുന്‍നിര ഓഹരികളില്‍ നിക്ഷേപിക്കുന്നതിലൂടെ വൈവിധ്യവത്കരണത്തോടൊപ്പം സ്ഥിരതയുള്ള നേട്ടവും സ്വന്തമാക്കാം. മികച്ച സാമ്പത്തിക അടിത്തറയും പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തുമാണ് വന്‍കിട കമ്പനികളെ സ്ഥിരതയുള്ള വളര്‍ച്ച നല്‍കാന്‍ പ്രാപ്തമാക്കുന്നത്.

കാലത്തെ അതിജീവിക്കുന്ന മികച്ച ബിസിനസ് മാതൃക, വിപണി വിഹിതം, പ്രതിസന്ധികളിലും തടസ്സമില്ലാത്ത വിതരണ ശൃംഖല എന്നിവ ഈ കമ്പനികള്‍ക്ക് സ്വന്തമാണ്. മിഡ് ക്യാപ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ കുതിപ്പിന് ലാര്‍ജ് ക്യാപ് കമ്പനികളില്‍ സാധ്യതയില്ല, കുത്തനയെുള്ള വീഴ്ചക്കും. ലാര്‍ജ് ക്യാപ് വിഭാഗത്തിലെ മുന്‍നിര കമ്പനികളായ ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ പത്ത് വര്‍ഷത്തെ വളര്‍ച്ച പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ശരാശരി 17 ശതമാനമാണ് നിക്ഷേപകന് ഈ ഓഹരികള്‍ നല്‍കിയ ആദായം. 

വിതയ്ക്കാനിറങ്ങാം
ഇപ്പോള്‍ വിതയ്ക്കാനുള്ള സമയമാണ്. കൊയ്യാനുള്ളതല്ല. വിപണിയിലെ കാലാവസ്ഥക്കനുസരിച്ച് നിലമൊരുക്കി ഘട്ടംഘട്ടമായി വിത്തിടാം. പിന്നിടാന്‍ ഇനി ആഴ്ചകള്‍ മാത്രമെ ഉള്ളൂവെങ്കിലും 2024 വിപണിക്ക് അനുകൂലമായ വര്‍ഷമാകില്ല. അതുകൊണ്ടുതന്നെ മികച്ച ഓഹരികള്‍ വാങ്ങാനും സൂക്ഷിക്കാനും യോജിച്ച സമയമായിരിക്കുന്നു. 

മള്‍ട്ടി അസറ്റ് നിക്ഷേപ തന്ത്രം
ഉയര്‍ന്ന ആദായത്തോടൊപ്പം നീങ്ങാനായിരിക്കും ഏറെപ്പേര്‍ക്കും താത്പര്യം. അതുകൊണ്ടുതന്നെ വായ്പയെടുത്തുപോലും ഓഹരിയില്‍ നിക്ഷേപം നടത്തുന്നു. സ്ഥിര നിക്ഷേപത്തിന് പലിശ കുറവാണെന്ന കാരണത്താല്‍ എല്ലാ തുകയും ഓഹരിയില്‍ മുടക്കുകയും ചെയ്യും. മൊത്തം നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം വിഹിതം ഡെറ്റ് പദ്ധതികളിലും വേണം. വിപണിയുടെ അനിശ്ചിതത്വത്തിന്റെ കാലത്ത് കരുത്തുനല്‍കുക ഈ നിക്ഷേപമായിരിക്കും. അതുപോലെതന്നെയാണ് സ്വര്‍ണത്തിലെ വിഹിതവും അവഗണിക്കാനാവില്ല. മൊത്തം ആസ്തിയുടെ 10 ശതമാനമെങ്കിലും പ്രതിരോധ ആസ്തിയായ സ്വര്‍ണത്തില്‍ കരുതാം.

പണമായി കരുതിവെയ്ക്കാം
ഓഹരി വിപണി ഇടിയുമ്പോള്‍ മികച്ച രീതിയില്‍ ക്യാഷ് ഫ്ളോ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. ഓരോ ഇടിവിലും മികച്ച ഓഹരികള്‍ വാങ്ങാന്‍ ആവനാഴിയില്‍ പണമുണ്ടാകണം. അങ്ങനെയെങ്കില്‍ ബഫറ്റ് പറഞ്ഞതുപോലെ എല്ലാവരും ഭയപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അത്യാഗ്രഹികളാകാന്‍ കഴിയും. 

ബുള്‍ മാര്‍ക്കറ്റില്‍ അമിത ആത്മവിശ്വാസമാകും നിക്ഷേപകനെ മുന്നോട്ടുനയിക്കുക. തകര്‍ച്ചയുടെ സമയത്താകട്ടെ നിരാശയും. അനുകൂലമല്ലാത്ത സാഹചര്യം എപ്പോഴും പ്രതീക്ഷിക്കണം. അതുകൊണ്ടുതന്നെ വിപണിയിലെ കാലാവസ്ഥക്കനുസരിച്ച് ആസ്തി ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. അപതീക്ഷിത നേട്ടത്തില്‍നിന്നൊരു ഭാഗം ഇനിയും കുതിക്കാത്ത, കുതിക്കാന്‍ സാധ്യതയുള്ള സെക്ടറുകളിലെ ഓഹരികളിലേക്ക് മാറ്റുക. ഗുണമേന്മയുള്ള ഓഹരികള്‍ തിരഞ്ഞെടുക്കുക. പോര്‍ട്ഫോളിയോയിലെ ഒന്നോ രണ്ടോ ഓഹരികള്‍ മതി മൊത്തം നഷ്ടത്തെ മറികടക്കാന്‍. മിഡ്, സ്മോള്‍ ക്യാപ് വിഭാഗത്തിലെ ഗതിവേഗമുള്ള ഓഹരികളില്‍ നിക്ഷേപം നടത്താനുള്ള പ്രേരണ അതിജീവിക്കുക. നിശ്ചിത ശതമാനം തുക സ്ഥിര നിക്ഷേപ പദ്ധതികളിലും കരുതുക. 

antonycdavis@gmail.com