മാന്ദ്യഭീതിയില്‍ ഐടി: കുറഞ്ഞ വിലയില്‍ ഏതൊക്കെ ഓഹരികളില്‍ നിക്ഷേപിക്കാം?


ഡോ.ആന്റണി സി.ഡേവിസ്മഹാമാരിക്കുപിന്നാലെവന്ന ഭൗമ രാഷ്ട്രീയ അനുശ്ചിതത്വവും പണപ്പെരുപ്പവും ആഗോളതലത്തില്‍ പ്രതിസന്ധിയുടെ വഴിതീര്‍ത്തു.

പാഠം 181

Photo: Gettyimages

ടി ഓഹരികള്‍ തിരഞ്ഞുപിടിച്ച് നിക്ഷേപം നടത്തിയിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ വിശാഖ് ഇപ്പോള്‍ ആശങ്കയിലാണ്. ആഗോളതലത്തില്‍ രൂപപ്പെടുന്ന മാന്ദ്യം ഈ മേഖലയെ ബാധിക്കുമോയെന്നാണ് അദ്ദേഹം ഉറ്റുനോക്കുന്നത്.

മഹാമാരിക്കുശേഷം വന്‍തോതില്‍ റിക്രൂട്ട് ചെയ്തിരുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ കുറച്ചൊന്ന് മടിക്കുന്നു. നല്‍കിയ വാഗ്ദാനംപോലും പാലിക്കാന്‍ മടിച്ചുനില്‍ക്കുകയാണ് സ്ഥാപനങ്ങള്‍. ഇന്‍ഫോസിസ് ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ക്യാമ്പസ് ഡ്രൈവില്‍ ഓഫര്‍ ലെറ്റര്‍ നല്‍കിയവരെപോലും എടുക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നു.

പലരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആശങ്ക പങ്കുവെച്ച് മാസങ്ങളായി കാത്തിരിക്കുകയാണ്. ഇന്‍ഫോസിസ് മാത്രമല്ല, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ എന്നിവിടങ്ങളില്‍നിന്ന് ഓഫര്‍ ലെറ്റര്‍ ലഭിച്ചവര്‍ക്കും ജോലിക്ക് ചേരാനുള്ള അറിയിപ്പൊന്നും ലഭിക്കുന്നില്ല.

ചെലവു ചുരുക്കി ലാഭം കൂട്ടാനുള്ള തയ്യാറെടുപ്പാണ് അണിയറയില്‍ നടക്കുന്നത്. ഇതെല്ലാം ആദ്യം മണത്തറിയുക ജീവനക്കാരാണല്ലോ. കോവിഡിനെതുടര്‍ന്ന് രൂപപ്പെട്ട 'ഐടി ബൂം' അവസാനിച്ചോ? സമസ്തമേഖലകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഐടി മാറിയതാണ് വന്‍മുന്നേറ്റത്തിനിടയാക്കിയത്. സകല ബിസിനസുകളും ഓണ്‍ലൈനായി. ഡിജിറ്റൈസേഷനും ക്ലൗഡിലേയ്ക്കുള്ള കൂടുമാറ്റവുമൊക്കെ രണ്ടുവര്‍ഷത്തിനിടെ ഐടിയില്‍ ആഹ്ലാദാരവം മുഴക്കി.

എന്‍.എസ്.ഇയിലെ ഏറ്റവും മോശം പ്രകടനമുള്ള സെക്ടറല്‍ സൂചികയായി ഐടി.

മഹാമാരിക്കുപിന്നാലെവന്ന ഭൗമ രാഷ്ട്രീയ അനുശ്ചിതത്വവും പണപ്പെരുപ്പവും ആഗോളതലത്തില്‍ പ്രതിസന്ധിയുടെ വഴിതീര്‍ത്തു. യുഎസിലെയും യൂറോപ്പിലെയും അടിക്കടിയുള്ള നിരക്കുയര്‍ത്തലും മാന്ദ്യഭീതിയും ഐടിക്ക് ഭീഷണിയായി. ഇതോടെ ഡിമാന്റിനെ ബാധിച്ചു. ഇന്ത്യന്‍ ഐടി സേവനങ്ങളുടെ പ്രധാന വിപണികളായ യുഎസിലും യൂറോപ്പിലും ഉരുണ്ടുകൂടിയ അനിശ്ചിതത്വം, റഷ്യ-യുക്രൈന്‍ സംഘര്‍ഷം, സാമ്പത്തിക ആശങ്കകള്‍ എല്ലാം ഇപ്പോഴും സജീവം. നടപ്പ് സാമ്പത്തികവര്‍ഷത്തെ അവസാന പാദംവരെ നിലനില്‍ക്കാനാണ് സാധ്യത.

കുതിച്ച് കിതിച്ച്
2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഐടി വ്യവസായം 15.5ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 4.5ലക്ഷം തൊഴിലവസരങ്ങളും പുതിയതായി ഉണ്ടായി. രണ്ടുവര്‍ഷത്തിനുശേഷം മാന്ദ്യഭീതി രാജ്യത്തെ ഐടി കമ്പനികളെ സാരമായിതന്നെ ബാധിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഓഹരി വിലകളിലെ ചാഞ്ചാട്ടം.

രാജ്യത്തെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കമ്പനികളുടെ 25 മുതല്‍ 65ശതമാനംവരെ വരുമാനവും യുഎസില്‍നിന്നാണ്.

ഒരുചുവട് മുന്നില്‍തന്നെ
മേഘാവൃതമാണെങ്കിലും നേട്ടത്തിന്റെ കാര്യത്തില്‍ ഒരുപിടി മുന്നിലാണ് രാജ്യത്തെ ഐടി കമ്പനികള്‍. ടിസിഎസും ഇന്‍ഫോസിസും വിപ്രോയുമൊക്കെ ദീര്‍ഘകാലയളവില്‍ വന്‍നേട്ടമാണ് നിക്ഷേപകര്‍ക്ക് ഇതിനകം നല്‍കിയത്. ഓഹരി വിലയിലെ കുതിപ്പുകൊണ്ടുമാത്രമല്ല, ബോണസ് ഓഹരിയും ലാഭവിഹിതവും നല്‍കി നിക്ഷേപകരുടെ സമ്പത്ത് പല മടങ്ങ് ഈ കമ്പനികള്‍ വര്‍ധിപ്പിച്ചു.

2000 മുതല്‍ അഞ്ചുതവണയാണ് ഇന്‍ഫോസിസ് ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചത്. 2004ല്‍ 3ഃ1 അനുപാതത്തിലും ബാക്കിയുള്ള നാല് തവണ 1ഃ1 അനുപാതത്തിലുമാണ് ബോണസ് ഓഹരികള്‍ അനുവദിച്ചത്. അതായത് 2000ന്റെ തുടക്കത്തില്‍ ഇന്‍ഫോസിസ് ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ആദായമാണ് നല്‍കിയത്. 2000ന്റെ തുടക്കത്തില്‍ ഓഹരിയൊന്നിന് 102 രൂപയായിരുന്നു വില. ഇതുപ്രകാരം ഒരു ലക്ഷം രൂപ ഇന്‍ഫോസിസിന്റെ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 10 കോടി രൂപയാകുമായിരുന്നു.

വിപ്രോയും
ബോണസ് ഓഹരികള്‍ നല്‍കുന്നതിന്റെ കാര്യത്തില്‍ വിപ്രോയും പിന്നിലല്ലായിരുന്നു. 2004 മുതല്‍ അഞ്ചു തവണയാണ് കമ്പനി ബോണസ് ഓഹരി പ്രഖ്യാപിച്ചത്. ഏറ്റവും ഒടുവില്‍ 2019 മാര്‍ച്ചില്‍ 1ഃ3 അനുപാതത്തിലായിരുന്നു നല്‍കിയത്. അതായത് ഓരോ മൂന്ന് ഓഹരികള്‍ക്കും ഒരു ഓഹരി വീതം അധികം ലഭിച്ചു. 2017ല്‍ 1ഃ1 അനുപാതത്തിലും 2010 ജൂണില്‍ 2ഃ3 അനുപാതത്തിലും 2005 ഓഗസ്റ്റില്‍ 1ഃ1 അനുപാതത്തിലും 2004 ജൂണില്‍ 2ഃ1 അനുപാതത്തിലും ബോണസ് ഓഹരികള്‍ നല്‍കി.

നിക്ഷേപത്തിന് പരിഗണിക്കാമോ?
യുഎസിലെയും യൂറോപ്പിലെയും മാന്ദ്യഭീതി കൂടുതല്‍ ബാധിച്ചത് രാജ്യത്തെ ഐടി കമ്പനികളെയാണ്. ഐടി സൂചിക ഏപ്രില്‍ തുടക്കം മുതല്‍ 25ശതമാനം ഇടിവ് നേരിട്ടു. അതുവരെ മുന്നേറ്റത്തില്‍ മികവു പുലര്‍ത്തിയ ഐടി ഓഹരികള്‍ക്കുമേല്‍ കാര്‍മേഘം മൂടിയിരിക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അഗ്രസീവായ നിരക്കുവര്‍ധനവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചപ്പോഴൊക്കെ സൂചിക ആടിയുലഞ്ഞു. അതുകൊണ്ടുതന്നെ മാന്ദ്യഭീതി ഒഴിയുംവരെ സൂചികയില്‍ അനിശ്ചിതത്വം നിലനിന്നേക്കാം, നടപ്പ് സാമ്പത്തികവര്‍ഷം നാലാം പാദംവരെ.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് നാലു ശതമാനത്തിന് മേലേയ്ക്ക് ഉയര്‍ത്തുമെന്ന് ഭയപ്പെടുന്നതിനാല്‍ 2023ന്റെ ആദ്യ പകുതിയില്‍ യുഎസില്‍ മാന്ദ്യം രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.

വാങ്ങാനുള്ള അവസരം
മാന്ദ്യ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലയളവില്‍ ഐടിയുടെ സാധ്യത അസ്തമിച്ചിട്ടില്ല. വരാനിരിക്കുന്നതേയുള്ളൂ. താല്‍ക്കാലികമായി രൂപപ്പെട്ട സാഹചര്യം നീങ്ങിയാല്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ അതികസമയം വേണ്ടിവരില്ല. മാന്ദ്യഭീതി വിപണിയില്‍നിന്ന് നീങ്ങിയാല്‍ മികച്ച മുന്നേറ്റം ഐടി ഓഹരികളിലുണ്ടാകും.

പ്രവര്‍ത്തനഫലങ്ങളില്‍ താഴ്ച അത്രയധികം പ്രകടമാകാതിരിക്കാന്‍ കമ്പനികളെടുക്കുന്ന മുന്‍കരുതലാണ് അപ്രഖ്യാപിത നിയമന നിരോധനമൊക്കെ. സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് അന്തരീക്ഷം മെച്ചപ്പെടുമെന്നകാര്യത്തില്‍ സംശയമില്ല.

താഴ്ന്ന നിലവാരത്തില്‍ ഘട്ടംഘട്ടമായി ഐടി ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. മൂന്നുവര്‍ഷമെങ്കിലും മുന്നില്‍ കണ്ട് നിക്ഷേപം നടത്തിയാല്‍ മികച്ച നേട്ടമുണ്ടാക്കാമെന്നകാര്യത്തില്‍ സംശയമില്ല. മുന്നേറ്റം നടത്തുന്ന മറ്റു സെക്ടറുകളിലെ കമ്പനികള്‍ക്കൊപ്പം കുറഞ്ഞ നിലവാരത്തില്‍ ലഭ്യമായ മികച്ച ഐടി കമ്പനികളുടെ ഓഹരികളും നിക്ഷേപത്തിനായി ഇപ്പോള്‍ പരിഗണിക്കാം.

antonycdavis@gmail.com

Content Highlights: Recession Fears, Crash: Can IT Stocks Be Invested Now


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented