ഫോട്ടോ: അരുൺ പയ്യടിമീത്തൽ| മാതൃഭൂമി
നൈകയുടെ ചരിത്രം എപ്പോഴും ആവർത്തിക്കണമെന്നില്ല. അഹമ്മദാബാദ് ഐഐഎമ്മിലെ പൂർവ വിദ്യാർഥിയായ ഫാൽഗുനി നായർ രചിച്ചത് വിപണിയിലെ അപൂർവനേട്ടത്തിന്റെ കഥയാണ്. കൊട്ടക് മഹീന്ദ്ര കാപ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞ് അമ്പതാംവയസ്സിലാണ് നൈകയ്ക്ക് തുടക്കമിടുന്നത്. സൗന്ദര്യവർധക ഉത്പന്നങ്ങളിൽ കേന്ദ്രീകരിച്ച സ്റ്റാർട്ടപ്പ് ഒമ്പതുവർഷത്തിനുശേഷം ഐപിഒയുമായി വിപണിയിലെത്തി വിജയക്കൊടി പാറിച്ചു. ലിസ്റ്റിങ് ദിവസംതന്നെ ഓഹരി വില 89ശതമാനം കുതിച്ചതോടെ ഫാൽഗുനിയുടെ ആസ്തി 650 കോടി ഡോള(48,750 കോടി രൂപ)റായി. നിക്ഷേപകന്റെ കീശയിലും കാശ് നിറഞ്ഞു.
എന്നാൽ പേടിഎമ്മിന് സംഭവിച്ചത് മറ്റൊന്നാണ്. മൊബൈൽ റീച്ചാർജിനും മറ്റും അവസരമൊരുക്കി 2000ലാണ് വിജയ് ശേഖർ ശർമയുടെ നേതൃത്വത്തിൽ പേടിഎം(വണ്‍97 കമ്യൂണിക്കേഷൻസ് ലിമിറ്റഡ്)തുടങ്ങിയത്. ഇതുവരെയുള്ള പ്രവർത്തനചരിത്രത്തിൽ ഒരുകാലത്തും ലാഭമുണ്ടാക്കാത്ത കമ്പനി ഒരു ഓഹരിക്ക് വിലയിട്ടത് 2,150 രൂപയാണ്. ലിസ്റ്റ്‌ചെയ്ത ദിവസംതന്നെ ഓഹരി വില 1,564 രൂപയിലേയ്ക്ക് താഴ്ന്നു. പത്തുവർഷത്തിനിടെ, ഒരു ഓഹരി ലിസ്റ്റ് ചെയ്ത ദിവസംതന്നെ നേരിട്ട ഏറ്റവുംവലിയ തകർച്ചകളിലൊന്നാണിത്.
ഒരു സ്റ്റാർട്ടപ്പ് ഉണ്ടാക്കി, വിദേശ നിക്ഷേപകരെ ആകർഷിച്ച് വൻതോതിൽ നിക്ഷേപവും സമാഹരിച്ച് ഐപിഒയുമായെത്തി, ആവശ്യമുള്ള പണം ഓഫർ ഫോർ സെയിലിലൂടെ പിൻവലിച്ച് സ്വന്തംനില സുരക്ഷിതമാക്കുന്ന സാഹചര്യം വിപണിയിൽ കൂടിവരുന്നുണ്ടോ? ഓഹരി വിപണിയിൽ ഇങ്ങനെയൊക്കെയാണ്. സൂക്ഷിച്ചും കണ്ടും ഇടപെടേണ്ട ഇടം. പുതിയ റെക്കോഡുകൾ തിരുത്തി സൂചികകൾ കുതിക്കുമ്പോൾ ഐപിഒയുമായി കമ്പനികൾ ക്യൂ നിൽക്കും.
ഓഹരിയിൽനിന്ന് എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിന്തയുള്ളവർ കമ്പനിയുടെ മൂല്യമൊന്നും കണക്കിലെടുക്കാറില്ല. ലിസ്റ്റ്‌ചെയ്യുന്ന അന്നുതന്നെ വിറ്റ് ലാഭമെടുക്കാമെന്നാകും മോഹം. ഗ്രേമാർക്കറ്റ് പ്രീമിയമാകും നിക്ഷേപിക്കാനുള്ള മാനദണ്ഡം. അഞ്ചോ പത്തോ ഇരട്ടി അപേക്ഷകൾനേടി ഐപിഒ വൻവിജയമാക്കുകയെന്നതുമാത്രമാണ് കമ്പനികളുടെ ലക്ഷ്യം. ലിസ്റ്റിങ് കഴിഞ്ഞാൽ ആകാശത്തേക്ക് പറത്തിവിട്ട പട്ടംപോലെയാകും ഇത്തരം കമ്പനികളുടെ ഭാവി. വിപണിയിൽ ഗെയിമിന് പ്രസക്തിയില്ലെന്ന് മനസിലാക്കണം. അതുകൊണ്ടുതന്നെ ലിസ്റ്റിങ് ദിവസത്തെ നേട്ടമല്ല, ദീർഘകാലത്തെ ആദായമാണ് ലക്ഷ്യമിടേണ്ടത്. മികച്ച ഓഹരി പോർട്ട്‌ഫോളിയോ നിർമിക്കുകയാണ് നിക്ഷേപകന്റെ ലക്ഷ്യം. ഇതൊന്നും കണക്കിലെടുക്കാതെ വിപണിയിൽ കളിക്കാനിറങ്ങുന്നവരാണ് കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തുന്നത്.
ഐപിഒ മാനിയ
2021ൽ ഇതുവരെ 54 ഐപിഒകളാണ് നിക്ഷേപകർക്കുമുന്നിലെത്തിയത്. ഇവയിൽ 30 കമ്പനികൾ ലിസ്റ്റിങ് ദിവസംതന്നെ പത്തുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാക്കിയുള്ളവയിൽ പലതും നേരിയനേട്ടവും നഷ്ടവും നിക്ഷേപകന് നൽകി. വിപണിയിലെത്താൻ ഉദ്ദേശിച്ചിരുന്ന മികച്ച സ്വകാര്യ കമ്പനികളെല്ലാം ഇതിനകം ലിസ്റ്റുചെയ്തുവെന്ന് മനസിലാക്കുക. ഇനിയൊരു ഐപിഒക്ക് അപേക്ഷിക്കുംമുമ്പ് കമ്പനിയുടെ മൂല്യവും പ്രവർത്തനചരിത്രവും ബിസിനസ് മോഡലുംകൂടി പരിഗണിക്കുക.
മൂല്യനിർണയം
പെട്ടെന്ന് പണമുണ്ടാക്കണമെന്നാകും ബുൾ മാർക്കറ്റിൽ നിക്ഷേപകന്റെ മനോഭാവം. ഈ സാഹചര്യം നേട്ടമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ ഐപിഒയുമായെത്തുന്നത്. റീട്ടെയിൽ നിക്ഷേപകർക്ക് മികച്ച അവസരമല്ല ഐപിഒകൾ നൽകുന്നതെന്ന് ആദ്യമെ മനസിലാക്കണം. ഓഹരിയൊന്നിന് വില നിശ്ചയിക്കുമ്പോൾ കമ്പനിയുടെ യഥാർഥമൂല്യമല്ല, എത്രതുക സമാഹരിക്കാൻ കഴിയുമെന്നാണ് കമ്പനികൾ ആലോചിക്കുന്നത്.
ഐപിഒയുമായെത്തുന്ന കമ്പനികളുടെ മൂല്യനിർണയം റീട്ടെയിൽ നിക്ഷേപകർ കാര്യമാക്കാറില്ലെന്നതാണ് യാഥാർഥ്യം. ലിസ്റ്റ് ചെയ്യുമ്പോൾ വിറ്റ് മികച്ച ലാഭംനേടുകയെന്നുമാത്രമാകും നിക്ഷേപകന്റെ മനസിൽ. എല്ലാ ഐപിഒകളും മികച്ചനേട്ടം ഉണ്ടാക്കുന്നില്ലെന്ന് ഓർക്കുക. കനത്ത നഷ്ടത്തിലേക്ക് പതിച്ച നിരവധി കമ്പനികൾ മുന്നിലുണ്ട്. പേടിഎമ്മിന്റെകാര്യമെടുക്കാം. 18,300 കോടി രൂപയുടെ ഐപിഒയിൽ 8,300 കോടി രൂപക്കുമാത്രമാണ് പുതിയ ഓഹരികൾ അനുവദിച്ചത്. പ്രൊമോട്ടർമാരും പ്രൈവറ്റി ഇക്വിറ്റി നിക്ഷേപകർ ഉൾപ്പെടയുള്ളവർ ഓഫർ ഫോർ സെയിലിലൂടെ 10,000 കോടി രൂപ സ്വന്തമാക്കി കമ്പനിയിലെ ഓഹരി വിഹിതം കുറച്ചു. ഓഹരിയൊന്നിന് ഏറ്റവും മികച്ച വിലയിലാണ് അവർ നിക്ഷേപം പിൻവലിച്ചത്. പേടിഎം എംഡിയും സിഇഒയുമായ വിജയ്‌ശേഖർ ശർമ 18.73 ലക്ഷം ഓഹരികൾ കൈമാറി 402.70 കോടി പിൻവലിച്ചു. പ്രൊമോട്ടർമാർ, പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകർ, വൻകിട നിക്ഷേപ ബാങ്കുകൾ എന്നിവർ ചേർന്ന് കമ്പനിയെ 'നീറ്റിലിറക്കുമ്പോൾ' ഏറെ ആലോചിച്ചുമാത്രം കൂടെയാത്രക്കറിങ്ങുക.
പേടിഎമ്മിന് സമാനമായ ഇടിവാണ് പോളിസി ബസാറും നേരിട്ടത്. ലിസ്റ്റ്‌ചെയ്ത് രണ്ടുദിവസത്തിനുള്ളിൽ 40ശതമാനമാണ് പേടിഎമ്മിന്റെ ഓഹരി വില ഇടിഞ്ഞതെങ്കിൽ പോളിസി ബസാർ 18ശതമാനമാണ് തകർച്ചനേരിട്ടത്. സൊമാറ്റോയാണെങ്കിൽ(നാല് വ്യാപരദിനങ്ങളിലായി) 16ശതമാനവും. എന്തുകൊണ്ട് ഈ സമാനത? അല്പമൊന്ന് ചിന്തിച്ചാൽ എളുപ്പത്തിൽ ഉത്തരം ലഭിക്കും. സ്റ്റാർട്ടപ്പുകളായിവന്ന് രാജ്യത്തെ ശ്രദ്ധാകേന്ദ്രമായ കമ്പനികളാണിവയെങ്കിലും ഇതുവരെ നഷ്ടത്തിൽനിന്ന് കരയറാനായിട്ടില്ലെന്നതാണ് വാസ്തവം. സമീപഭാവിയിലൊന്നും ലാഭമുണ്ടാക്കാനുള്ള സാധ്യതയുമില്ലെന്നതാണ് ഈ കമ്പനികളുടെ ബിസിനസ് മോഡൽ ഉയർത്തിക്കാണിക്കുന്നത്. ഭാവിയുടെ ബിസിനസുകളായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സ്റ്റാർട്ടപ്പുകൾ വിപണിയിലെത്തിയത്.
ഐപിഒ മികച്ച അവസരമാണോ?
അല്ലെന്ന് പറയേണ്ടിവരും. മികച്ച പ്രവർത്തന ചരിത്രവും ശക്തമായ സാമ്പത്തിക അടിത്തറയുമുള്ള കമ്പനികൾപോലും വിപണിയിലെത്തുമ്പോൾ പ്രൊമോട്ടർമാക്കും മറ്റ് നിക്ഷേപകർക്കും അനുകൂലമായ രീതിയിലാകും മൂല്യനിർണയം നടത്തിയിട്ടുണ്ടാകുക. ഐപിഒ കമ്പോളത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ നിക്ഷേപ ബാങ്കർമാർ ഉൾപ്പടെ വൻസന്നാഹംതന്നെ കാത്തിരിപ്പുണ്ട്. അഞ്ചും പത്തും ഇരട്ടി അപേക്ഷകൾവരെ ഐപിഒക്കായി അവർ സമാഹരിച്ചുനൽകും. പ്രാരംഭ വില്പനയുടെ കോലാഹലങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ ന്യായവിലയിൽ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കാൻ കഴിയുമെന്നതാണ് യാഥാർത്ഥ്യം. ഒരുവർഷത്തിനിടെതന്നെ 50ശതമാനത്തിലധികം വിലക്കിഴിവിൽവരെ ഓഹരികൾ സ്വന്തമാക്കാൻ അവസരമുണ്ടായേക്കാം.
ഒരു കമ്പനിയുടെ ഐപിഒയിൽ നിക്ഷേപിക്കാൻ കഴിഞ്ഞില്ലല്ലോയെന്ന കുറ്റബോധമുണ്ടാകരുത്. ദീർഘകാലയളവിൽ മികച്ച ആദായമുണ്ടാക്കുന്നതിന് നിരവധി മാർഗങ്ങൾ മുന്നിലുണ്ട്. അടുത്തയിടെ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരുവർഷം കാത്തിരുന്നാൽമതി. അപ്പോഴേക്കും ഓഹരിയിൽ രൂപപ്പെട്ട മുന്നേറ്റത്തിന് ശമാനമുണ്ടായിട്ടുണ്ടാകും. മികച്ച വിലയിൽ ഓഹരി സ്വന്തമാക്കാനും കഴിയും. ഐപിഒക്കായി കാത്തിരിക്കാതെ ചിട്ടയായി നിക്ഷേപം തുടരുകയെന്നതാണ് പ്രധാനം.
എസ്‌ഐപിതന്നെ പ്രധാനം
താൽക്കാലികമായി രൂപപ്പെടുന്ന ആദായ സാധ്യതകളെ അവഗണിച്ച് ചിട്ടയായുള്ള നിക്ഷേപരീതിയിൽ നിലനിൽക്കുക. ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ ഉള്ള എസ്‌ഐപിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക. പതിവായുള്ള നിക്ഷേപം താൽക്കാലിക നഷ്ടമകറ്റി ഭാവിയിൽ മികച്ച ആദായംനൽകും.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..